''മച്ചായി ഇപ്പോ ആരോടും സംസാരിക്കുന്നില്ലെന്നാ പറഞ്ഞത്. കുറേ ചാനലുകാര്‍ വിളിച്ചോണ്ടേ ഇരിക്കുന്നു. എല്ലാരോടും പറ്റില്ലാന്നാ പറഞ്ഞത്. നിങ്ങളെന്താ ചെയ്യാന്‍ വിചാരിക്കുന്നത്. എന്തായാലും ഇപ്പോ നടക്കത്തില്ല എന്നാ പറയുന്നത്,'' സഫിയത്ത് ഒരു സംശയവും ബാക്കി വെക്കാതെ പറഞ്ഞു. 'ആടുജീവിതം' സിനിമയാവുമ്പോള്‍, നജീബ് രണ്ട് വര്‍ഷം മരുഭൂമിയില്‍ അനുഭവിച്ച യാതനകള്‍ കൂടുതല്‍ പേരിലേക്ക് എത്താനൊരുങ്ങുമ്പോള്‍ യഥാര്‍ത്ഥ നജീബിനെ, ഷുക്കൂറിനെ കാണണം. അദ്ദേഹത്തിന്റെ ജീവിതം ഇപ്പോള്‍ എന്താണെന്ന് മനസ്സിലാക്കണം, ഷുക്കൂറിന്റെ നമ്പറിലേക്ക് വിളിക്കുമ്പോള്‍ ഇതായിരുന്നു ഉദ്ദേശം. ഷുക്കൂറിന്റെ ഭാര്യ സഫിയത്ത് ആണ് ഫോണെടുത്തത്. ''ഷുക്കൂറിനോട് ഒന്ന് സംസാരിക്കാന്‍ പറ്റുമോ?'' എന്തെങ്കിലും സാധ്യത തെളിഞ്ഞാലോ എന്ന പ്രതീക്ഷയില്‍ തിരികെ ചോദിച്ചു.
''മച്ചായി കിടന്നു. ഇന്നലെ വെളുപ്പിനെ രണ്ടേമുക്കാലിന് പോയതാ പണിക്ക്. വേറെ പണിയൊന്നും എടുക്കാന്‍ വയ്യാത്തകൊണ്ട് മീന്‍പിടിക്കാന്‍ പോണ ബോട്ടുകാരെ സഹായിക്കുന്ന പണിയാണ്. അവര് മീന്‍ വരുമ്പോള്‍ വിളിക്കും. രാത്രിയായാലും വെളുപ്പിനെയായാലും ചെല്ലണം. പക്ഷേ നിങ്ങടെ ആവശ്യം നടക്കില്ല. എന്നാലും ഇത്രേം ചോദിച്ചകൊണ്ട് ഞാന്‍ വേണമെങ്കില്‍ മച്ചായിയോട് ചോദിച്ചുനോക്കാം. നാളെ രാവിലെ ഒന്ന് വിളിക്ക്,'' സഫിയത്ത് മറുപടി നല്‍കി.
ആറാട്ടുപുഴ മംഗലത്തെത്തി ഷുക്കൂറിനെ ചോദിക്കുമ്പോള്‍, ' ആ, ആടുജീവിതം അല്ലേ, ദേ കുറച്ചങ്ങ് നീങ്ങിയാല്‍ അവിടെക്കാണും,' എന്ന് പറഞ്ഞു. കുറച്ചങ്ങ് നീങ്ങി പത്തിശ്ശേരി ആയപ്പോള്‍ വീണ്ടും അന്വേഷിച്ചു.' അയ്യോ, നജീബ്, ആടുജീവിതം, ഇല്ലേ പോണു. മുണ്ടുടുത്ത്..' കൈ ദൂരേക്ക് നീട്ടി ഒരാള്‍ പറഞ്ഞു.
ആ ഫോണ്‍ സംഭാഷണത്തില്‍ നിന്ന് തന്നെ യഥാര്‍ത്ഥ നായകന്റെ അലച്ചിലിനും ജീവിക്കാനായുള്ള ഓട്ടത്തിനും കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്ന് മനസ്സിലായി. പിറ്റേന്ന് രാവിലെ ആറരയായപ്പോള്‍ വീണ്ടും വിളിച്ചു. ''നടക്കത്തില്ല കേട്ടോ. ഞാനിന്നലെ പറഞ്ഞില്ലേ. അതേ, സിനിമക്കാര്‍ ആര്‍ക്കും ഇന്റര്‍വ്യൂ കൊടുക്കണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കും, മച്ചായിയും പറ്റത്തില്ല എന്നാ പറഞ്ഞത്. ഇന്നലെ വിളിച്ചപ്പഴേ ഞാന്‍ പറഞ്ഞതല്ലേ. നമുക്ക് പിന്നെ നോക്കാം. ജനുവരി 20ന് ബ്ലെസ്സി സാര്‍ വിളിപ്പിച്ചിട്ടുണ്ട്. വേണമെങ്കില്‍ അത് കഴിഞ്ഞ് ആലോചിക്കാം, ''തിരികെ ഒരു ഹലോ പോലും പറയാതെ നേരെ കാര്യങ്ങള്‍ പറഞ്ഞവസാനിപ്പിച്ചു സഫിയത്ത്.
പ്രതീക്ഷയെല്ലാം അവസാനിച്ചു. എന്നാലും ഒരുപക്ഷേ നേരില്‍കണ്ട് സംസാരിച്ചാല്‍ ഷുക്കൂര്‍ ചിലപ്പോള്‍ സംസാരിച്ചേക്കുമെന്ന് മുമ്പ് ഇദ്ദേഹത്തോട് സംസാരിച്ചിട്ടുള്ള ഒരു മാധ്യമസുഹൃത്ത് പറഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല. ആറാട്ടുപുഴ തീരദേശഗ്രാമമാണ്. തീരത്ത് മത്സ്യബന്ധനപ്പണികള്‍ നടക്കുന്ന കൂട്ടത്തിനിടയില്‍ ഷുക്കൂറിനെ കാണാന്‍ പറ്റിയേക്കും.
ആറാട്ടുപുഴ മംഗലത്തെത്തി ഷുക്കൂറിനെ ചോദിക്കുമ്പോള്‍, ' ആ, ആടുജീവിതം അല്ലേ, ദേ കുറച്ചങ്ങ് നീങ്ങിയാല്‍ അവിടെക്കാണും,' എന്ന് പറഞ്ഞു. കുറച്ചങ്ങ് നീങ്ങി പത്തിശ്ശേരി ആയപ്പോള്‍ വീണ്ടും അന്വേഷിച്ചു.' അയ്യോ, നജീബ്, ആടുജീവിതം, ഇല്ലേ പോണു. മുണ്ടുടുത്ത്..' കൈ ദൂരേക്ക് നീട്ടി ഒരാള്‍ പറഞ്ഞു.
വണ്ടിയുമായി നേരെ പതിയെ നടന്നുപോവുന്ന ഷുക്കൂറിനടുത്തേക്ക് എത്തി. റോഡിന്റെ മറുവശത്ത് നിന്നേ ഞങ്ങളെ സംശയത്തോടെ ഒരു നോട്ടം നോക്കി ഷുക്കൂര്‍. ഇറങ്ങിച്ചെന്ന് മുന്നില്‍ നിന്നപ്പോള്‍ ഷുക്കൂര്‍ എന്ന പേര് പോലും മറന്നുപോയി. 'നജീബ്ക്കയല്ലേ?'
'അതെ, ഇന്നലെ വിളിച്ചവരാണോ?' നേരെ വന്നു ചോദ്യം. 'ആരോടും സംസാരിക്കില്ലെന്ന് തീരുമാനിച്ചിരിക്കുവാണ്. പക്ഷേ നിങ്ങള്‍ വരും എന്ന് എനിക്ക് രാവിലെ മുതല്‍ തോന്നിയാരുന്നു. ഇതിന് വേണ്ടി മാത്രം വന്നതാണോ എറണാകുളത്ത് നിന്ന്?' തിരിച്ച് സംസാരിക്കാന്‍ പോലും ഇട നല്‍കാതെ നിര്‍ത്തി നിര്‍ത്തി ആലോചിച്ച് ഇങ്ങോട്ട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു ഷുക്കൂര്‍.
'എന്തായാലും നമുക്കൊന്ന് സംസാരിക്കാം. ഇക്കയ്ക്ക് പറ്റുമെങ്കില്‍ മാത്രം വീഡിയോ ചെയ്താല്‍ മതി.' എന്ന് പറഞ്ഞപ്പോള്‍ വലിയ ചുവന്ന് കലങ്ങിയ ഉന്തിയ കണ്ണുകള്‍ എന്നെത്തന്നെ നോക്കിനിന്നു. 'പള്ളീല്‍ പോവുവാണ്.' ഒരു ഒഴിവുകഴിവ് പറഞ്ഞുനോക്കി. ' പോയിട്ട് വരൂ. ഞങ്ങള്‍ ഇവിടെ നില്‍ക്കാം.' മറുപടി കേട്ടപ്പോള്‍ നിറഞ്ഞൊന്ന് ചിരിച്ച്' എന്നാല്‍ നില്‍ക്ക്, പോയിട്ട് വരാം.' ഷുക്കൂര്‍ മറുപടി പറഞ്ഞു.
പള്ളി നിസ്‌ക്കാരം കഴിഞ്ഞ് പിരിയാന്‍ തുടങ്ങിയിട്ടും ഷുക്കൂറിനെ കാണാതായപ്പോള്‍ സംശയങ്ങള്‍ പലവഴിക്കായി. വേറെ വഴിക്ക് പോവുമോ? ഞങ്ങളെ ഒഴിവാക്കാന്‍ വയ്യാത്തകൊണ്ട് മുന്നില്‍ പെടാതെ മാറുമോ? കൂടെയുണ്ടായിരുന്ന ക്യാമറാപേഴ്‌സണ്‍ അശ്വനും വാഹനമോടിക്കുന്ന പ്രണവും ഇതേ സംശയങ്ങള്‍ തന്നെ പറഞ്ഞു. മിനിറ്റുകള്‍ കഴിയുന്തോറും സംശയത്തിന് ബലം കൂടി. ഒടുവില്‍ പള്ളിയുടെ മുന്നിലേക്ക് പോവാന്‍ തീരുമാനിച്ചു. അഞ്ച് മിനിറ്റ് അവിടെ കാത്ത് നിന്നപ്പോള്‍ ഷുക്കൂര്‍ ഇറങ്ങി വരുന്നു. ഞങ്ങള്‍ കാത്ത് നില്‍ക്കും എന്ന് മനസ്സില്‍ തോന്നിയിരിക്കണം. ഇറങ്ങിയയുടനെ രണ്ട് വശവും നോക്കി, ഞങ്ങളുടെ വണ്ടി കണ്ടപ്പോള്‍ ഒരു ചെറിയ ചിരി.
'ഞാന്‍ പെട്ടു അല്ലേ, ബാ, എന്തായാലും വീട്ടില്‍ പോവാം.' അവസാനം ഷുക്കൂര്‍ പറഞ്ഞപ്പോള്‍ നേരിയ ആശ്വാസം. വണ്ടിയില്‍ അദ്ദേഹത്തേയും കയറ്റി നേരെ വീട്ടിലേക്ക്. റോഡരുകില്‍ വണ്ടി നിര്‍ത്തി. 'ഇനി നടക്കണം, ഞങ്ങക്ക് വഴിയില്ല, വേരൊരു പറമ്പില്‍ കൂടിയാണ് പോവുന്നത്. അതാണ് ഒരു വിഷമം.'
വീട്ടിലെത്തിയതും 'സഫി, ഇതാരാ വന്നേക്കുന്നത് നോക്കിക്കേ, ഇന്നലെ നിന്നെ വിളിച്ചവരില്ലേ?' സഫിയത്ത് ഓടി വന്ന് ഞങ്ങള്‍ക്കായി കസേരകള്‍ ഒതുക്കി. 'കയറിയിരിക്ക്. വരണ്ടെന്ന് പറഞ്ഞിട്ടും വന്നല്ലേ?' സുന്ദരമായി ചിരിച്ചുകൊണ്ടാണ് അവരും സ്വാഗതം ചെയ്തത്. 'കഴിച്ചോ? ഇവിടെ കുറച്ച് ചോറുണ്ട് നമുക്കെല്ലാം കൂടി അത് പങ്കിട്ട് കഴിക്കാം.' വേണ്ട എന്ന് പറഞ്ഞപ്പോള്‍ 'അല്‍ഹംദുലില്ലാ, ഇപ്പോ നമുക്ക് കഴിക്കാനെങ്കിലും ഉണ്ടല്ലോ, സന്തോഷമാണ് ഞങ്ങക്ക്. മച്ചായി കിടന്ന് ഭക്ഷണം പോലും കിട്ടാതെ അനുഭവിച്ചതോര്‍ക്കുമ്പോള്‍ ഇപ്പോള്‍ കിട്ടുന്നതെല്ലാം മഹാഭാഗ്യമാണ്.' കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സഫിയത്ത് ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു.
'അകത്തിരുന്ന് സംസാരിക്കാം. എന്താ നിങ്ങക്ക് ചോദിക്കണ്ടത്? അതേ, ആളുകള്‍ പലരും എപ്പോഴും വിളിക്കും. അഡ്വക്കേറ്റുമാരെല്ലാം വിളിക്കും. എന്നിട്ട് റോയല്‍റ്റി കിട്ടാത്തതിന് കേസ് കൊടുക്കണം എന്നൊക്കെ പറയും. അത്തരം ചോദ്യങ്ങളൊന്നും ചോദിക്കല്ലേ. അത് ബെന്യാമീന്‍ സാറിനും ബ്ലെസ്സി സാറിനും ഒക്കെ ഒരു വിഷമമാവും. നമുക്ക് അങ്ങനെയൊന്നും ഇല്ല. ഇത് സാറ് കഥയാക്കിയത് കൊണ്ടല്ലേ എല്ലാവരും അറിഞ്ഞത്. ഇല്ലായിരുന്നെങ്കില്‍ എന്റെ കാര്യം ആരെങ്കിലും അറിയുമായിരുന്നോ?' താല്‍പര്യമില്ലാത്ത ഒരു കാര്യവും ചോദിക്കില്ല എന്ന് ഉറപ്പ് നല്‍കിയപ്പോ 'എന്നാ, എടുത്തോ..' എന്നായി.
'ഇപ്പോഴും എല്ലാം ഓര്‍മ്മവരും. രാത്രിയില്‍ കിടക്കുമ്പോള്‍ ഞെട്ടി എഴുന്നേല്‍ക്കും. എഴുന്നേറ്റ് കഴിയുമ്പോഴാണ് വീടാണെന്ന് മനസ്സിലാവുക. അന്ന് കിട്ടിയ അടി, തലവേദന ഇപ്പോഴും മാറിയിട്ടില്ല.' ഷുക്കൂര്‍ തന്റെ ക്രൂരമായ അനുഭവങ്ങളിലേക്ക് കടന്നു. ചില സമയം ആ കണ്ണുകള്‍ നിറഞ്ഞ് വന്നു.
'കാല് വേദന ആയതുകൊണ്ട് വേറെ പണിക്കൊന്നും പോവാന്‍ പറ്റുന്നില്ല. ഇത് നമ്മുടെ പ്രദേശത്ത് തന്നെയുള്ള ആളിന്റെ പൊങ്ങുവള്ളത്തില്‍ കിട്ടുന്ന മീന്‍ എടുത്ത് കൊടുക്കുന്ന പണിയാണ്. ഓരോ ദിവസവും മീനുള്ളത് പോലെ കാശുണ്ടാവും. ചിലപ്പോള്‍ 2000 വരെ കിട്ടും. ചില ദിവസം ഒന്നും ഉണ്ടാവില്ല. പക്ഷേ അങ്ങനെയൊക്കെ ജീവിച്ചുപോവുന്നു. കടങ്ങളുണ്ട്. മകന്‍ കഴിഞ്ഞയിടെ ഗള്‍ഫില്‍ പോയി. അവിടെ നിന്ന് അയച്ച് തരുന്ന തുച്ഛമായ ശമ്പളത്തില്‍ നിന്നാണ് കടം വീട്ടിക്കൊണ്ടിരിക്കുന്നത്. എനിക്ക് കിട്ടുന്ന പൈസ കൊണ്ട് ഇവിടുത്തെ കാര്യങ്ങള്‍ ഒരു വിധം കഴിഞ്ഞുപോവും.'
'എല്ലാവരുടേം വിചാരം ഞങ്ങള്‍ കാശ് വാരിക്കൂട്ടുവാണെന്നാ. ഞങ്ങക്കല്ലേ അറിയാവൊള്ളൂ ഞങ്ങടെ കാര്യം. എല്ലാവരും വിചാരിക്കണത് ബുക്കും സിനിമയും ഒക്കെ ആയപ്പോള്‍ കുറേ കാശ് കിട്ടുമെന്നാ. പിന്നെ എപ്പോഴും ആരെങ്കിലും ആദരിക്കാനൊക്കെ വിളിക്കാറുണ്ട്. പക്ഷേ നമുക്ക് അതീന്നൊന്നും ഒന്നും ഇല്ല എന്ന് ആര്‍ക്കും അറിയില്ല. പക്ഷേ ഞങ്ങള്‍ക്ക് സന്തോഷം മാത്രമേയുള്ളൂ. ബന്യാമീന്‍ സാറ് ഒരാള്‍ ഉള്ളതുകൊണ്ടല്ലേ എന്നെ എല്ലാവരും അറിഞ്ഞത്. എത്ര സ്ഥലങ്ങളില്‍ പോയി. ഇപ്പോഴും ഒരാളെങ്കിലും വിളിക്കാത്ത ഒരു ദിവസം പോലുമില്ല. ആളുകള്‍ അന്വേഷിച്ച് എന്നെ കാണാന്‍ വരും. രണ്ട് തവണ കേരള ലോകസഭയില്‍ പങ്കെടുത്തു. ഇതെല്ലാം ആ ബുക്ക് തന്ന ഭാഗ്യങ്ങളാണ്. മകളുടെ കല്യാണത്തിന് ബെന്യാമീന്‍ സാറ് 50,000 രൂപയും ബ്ലെസ്സി സാറ് 10,000 രൂപയും തന്ന്. അത് വലിയ സഹായമായി. ഇനീപ്പോ സിനിമ വന്നാല്‍ എന്നെ കുറേക്കൂടി ആളുകള്‍ അറിയുമല്ലോ. സിനിമയിലാണ് ഇനി ഞങ്ങളുടെ പ്രതീക്ഷയും. എന്തെങ്കിലും മെച്ചം ഞങ്ങള്‍ക്കും ഉണ്ടാവും എന്നാണ് കരുതുന്നത്. അതേ ഉള്ളൂ ഒരു പ്രതീക്ഷ..' പിന്നേയും പറഞ്ഞു പലതും. ജീവിതത്തിലെ ഓരോ ഘട്ടങ്ങളും തരണം ചെയ്ത, ജീവിച്ച കഥകള്‍.
''ഈ വീട് സിആര്‍ഇസെഡില്‍ പെട്ട് കിടക്കുകയാണെന്ന് പറയുന്നു. ഇത് ഉണ്ടാക്കാനാ ബഹ്‌റൈനില്‍ പോയത്. അതും പോവുമോ എന്നാണ് ഇപ്പോ സംശയം. പഞ്ചായത്തീന്ന് കരമടക്കാന്‍ സമ്മതിക്കുന്നില്ല. ഇനി അത് നോക്കണം. പോയി സംസാരിക്കണം,'' സംസാരം കഴിഞ്ഞ് ഇറങ്ങുന്ന വഴി വീടിന് പുറത്തെത്തിയപ്പോള്‍ ഷുക്കൂര്‍ ഇങ്ങനെ പറഞ്ഞു.
ഇറങ്ങാനൊരുങ്ങുമ്പോള്‍ രണ്ട് പേര്‍ 'നജീബിനെ' കാണാന്‍ എത്തി. ഒരാള്‍ പോസ്റ്റ് ഓഫീസിലെ സ്റ്റാഫ് ആണ്. മറ്റേയാള്‍ കൊല്ലത്ത് നിന്ന് വരുകയാണ്. 'ഞാന്‍ പറഞ്ഞില്ലേ. ഇങ്ങനെ ആളുകള്‍ വന്നുകൊണ്ടിരിക്കും. നിങ്ങള്‍ പോവുമ്പോള്‍ ദേ, അടുത്ത ആളുകള്‍ വീട്ടിലേക്ക് കേറി വരുന്നു...' ചിരിച്ചുകൊണ്ട് ഷുക്കൂറും സഫിയത്തും പറഞ്ഞു. നോട്ടം പുതിയ അതിഥികളിലേക്ക് കൊടുത്ത് രണ്ട് പേരും അവരെ സ്വീകരിച്ചു. 'ബാ.. കേറിവാ...ചായകുടിച്ചിട്ട് പോവാം..' തിരിഞ്ഞ് നടക്കുമ്പോള്‍ ഷുക്കൂര്‍ അവരോട് സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നു.