PEOPLE

നമ്പൂതിരി എന്ന വര

പി സുധാകരൻ

കരുവാട്ട് മനയ്ക്കൽ വാസുദേവൻ നമ്പൂതിരി, Namboodiri എന്നുമാത്രമാണ് തന്റെ ചിത്രങ്ങളിൽ ഒപ്പിടുക പതിവ്. ചിലപ്പോൾ അത് ഒരു വൃത്തത്തിനുള്ളിൽ ഉള്ള N എന്ന അക്ഷരം മാത്രമാവും. അത് എന്തുതന്നെ ആയാലും, ആ പേര് കഴിഞ്ഞ കുറേ ദശകങ്ങളായി കേരളത്തിലെ സാഹിത്യ ചിത്രീകരണ മേഖലയിലെ ഒരു ശൈലിയുടെ പേരാണ്, വേറെ പര്യായമില്ലാത്ത പേര്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ പോലും അത് അങ്ങിനെ തന്നെ തുടരുകയും ചെയ്യും. കൈയൊപ്പില്ലാതെ തന്നെ വായിച്ചെടുക്കാവുന്ന ഒരു ശൈലിയാണ് മലയാളി വായനക്കാരിൽ നാല് തലമുറയ്ക്കെങ്കിലും സുപരിചിതനായ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങൾക്കുള്ളത്. കേരളത്തിലെ സാഹിത്യ വായനക്കാരിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു ചിത്രകാരൻ കാണില്ല. ഒരു പക്ഷെ ഇന്ത്യയിൽ തന്നെ മറ്റു മാതൃകകൾ ഇല്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

നമ്പൂതിരിയെപ്പോലെ ഇത്രയും മിനിമലിസ്റ്റിക്കായ രേഖകൾ കൊണ്ട് ഇത്രയേറെ സംവദിച്ച മറ്റൊരു ചിത്രകാരനും കാണില്ല. താൻ വരയ്ക്കുന്ന രൂപങ്ങളെ ആ പ്രതലത്തിലെ ബാക്കി ഇടങ്ങളിൽ നിന്നും വേർതിരിക്കാനുള്ള ഉപാധി മാത്രമായിരുന്നു നമ്പൂതിരിക്ക് തന്റെ രേഖകൾ. അവ എത്രമാത്രം നേരിയതാവുന്നോ അവയുടെ കരുത്ത് അത്രയും വർധിക്കും.

അമിതമായ വിശദാംശങ്ങളോ പശ്ചാത്തല വിവരണമോ ഭൂവിതാനങ്ങളോ ഇല്ലാതെ തന്നെ കഥാപാത്രങ്ങളെ അവരുടെ ജൈവികമായ ഭൂമികയിൽ പ്രതിഷ്ഠിക്കാൻ അദ്ദേഹത്തിനായി. വളരെ കുറഞ്ഞ വരകൾ, പക്ഷെ അതുമതി കാഴ്ചക്കാരിൽ ഒരു കാഴ്ചയുടെ സാന്നിധ്യം ഉറപ്പിക്കാൻ. മാത്രവുമല്ല അച്ചടിസാങ്കേതികവിദ്യ പുരോഗമിക്കാത്ത അക്കാലത്ത് ചിത്രങ്ങൾ ബ്ലോക്ക് പ്രിന്റിങ് ചെയ്യുമ്പോൾ ഷേഡുകൾ ഉപയോഗിക്കുക വലിയ ബുദ്ധിമുട്ടായിരുന്നുതാനും. ഇതും അക്കാലത്ത് രേഖാചിത്രകാരന്മാർക്ക് ഒരു പരിമിതി ആയിരുന്നു. പക്ഷെ സ്വന്തം വരകളുടെ കരുത്തുകൊണ്ട് നമ്പൂതിരി അടക്കമുള്ളവർ ആ പരിമിതിയെ മറികടന്നു.

1925 സെപ്‌തംബർ 13ന്‌ പൊന്നാനി കരുവാട്ട് മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായി ജനിച്ച വാസുദേവൻ നമ്പൂതിരി തന്റെ കലായാത്ര ആരംഭിക്കുന്നത് മദിരാശിക്ക് വണ്ടികയറുന്നതോടെയാണ്. സ്കൂൾ വിദ്യാഭ്യാസത്തെക്കാളധികം സ്വന്തം വീട്ടിൽ നിന്നും ലഭിച്ച പ്രോത്സാഹനവും ലോകകലയെ ചെറുപ്പത്തിലേ അറിയാൻ ലഭിച്ച അവസരവുമാണ് നമ്പൂതിരിയെ മദിരാശിയിലേക്ക് എത്തിക്കുന്നതും ചിത്രകലയിലെ മദിരാശി പ്രസ്ഥാനത്തിലൂടെ സ്വന്തം ഐഡന്റിറ്റി രൂപപ്പെടുത്താൻ സഹായിക്കുന്നതും. മദിരാശിയിൽ കെസിഎസ് പണിക്കർക്കും റോയ് ചൗധരിക്കും കീഴിൽ ചിത്രകല പഠിച്ച് കേരളത്തിൽ മടങ്ങിയെത്തി 1960-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചിത്രകാരനായി തന്റെ കലാജീവിതം ആരംഭിക്കുമ്പോൾ, കേരളത്തിൽ സാഹിത്യ ചിത്രീകരണ സംസ്കാരം പറയത്തക്ക രീതിയിൽ ഒന്നും വികസിച്ചിട്ടില്ലായിരുന്നു.

മാതൃഭൂമിയിലെ അദ്ദേഹത്തിന്റെ മുൻഗാമികളായ എം വി ദേവനും എ എസ് നായരുമെല്ലാം ഈ രംഗത്ത് ഒരു മാറ്റം കൊണ്ടുവരാൻ അക്കാലത്ത് ശ്രമിച്ചിരുന്നു, സ്ഥാപനം അവർക്കതിനു പിന്തുണയും നൽകി. പക്ഷെ അതുവരെ ശീലിക്കാത്ത രീതികൾ അംഗീകരിക്കുക പൊതുസമൂഹത്തെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. പരമ്പരാഗത ശൈലികളെ നിരാകരിക്കുന്ന, അനുപാതങ്ങളെ തള്ളിക്കളയുന്ന ഇവരുടെ രീതികൾ തുടക്കത്തിലൊന്നും പലർക്കും സ്വീകാര്യമായില്ല താനും. പക്ഷെ കാലക്രമത്തിൽ വായനക്കാർ ഇവരെ അംഗീകരിക്കാൻ തുടങ്ങി. എ എസ് മനുഷ്യരോടൊപ്പം പ്രകൃതിയെക്കൂടി ചിത്രീകരിച്ചപ്പോൾ ദേവൻ കുറിയ മനുഷ്യരെ വരച്ചാണ് തന്റെ ഇടം ഉറപ്പാക്കിയത്. ദേവന്റെ ബഷീർ കഥാപാത്ര ചിത്രങ്ങൾ തന്നെ ഉദാഹരണം. പക്ഷെ നമ്പൂതിരി ദീർഘകായരായ മനുഷ്യരെയാണ് ചിത്രീകരിച്ചത്, ഭൂവിശാലതയൊന്നും അദ്ദേഹത്തെ അധികം ആകർഷിച്ചില്ല. മനുഷ്യനെ തൊട്ടുകിടക്കുന്ന ചില സൂചനകൾ മാത്രമായിരുന്നു ബാക്കിയെല്ലാം.

ദീർഘകായമായ രൂപങ്ങൾ വരയ്ക്കാൻ ഒരു കാരണം കുട്ടിക്കാലം തൊട്ടേ താൻ പോയിരുന്ന ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ ദാരുശില്പങ്ങൾ തന്നെയാണ്. അവയുടെ ഘടന അദ്ദേഹത്തെ ആകർഷിച്ചു എന്നുമാത്രമല്ല അത് ഉള്ളിൽ കിടക്കുകയും ചെയ്തു. പിന്നീട് മദിരാശിയിൽ പോയി കലാ വിദ്യാഭ്യാസം നേടിയപ്പോഴും മറ്റു സ്വാധീനങ്ങൾ തന്നിലേക്ക് കടന്നുവരാതെ തനതായ ഒരു ശൈലി രൂപപ്പെടുത്താൻ അദ്ദേഹത്തെ പ്രാപ്തനാക്കിയതും ഈ ഓർമ്മകളുടെ സ്വാധീനം തന്നെ. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിലുള്ള കരിങ്കൽ ശില്പങ്ങൾ പോലെയല്ല നമ്മുടെ ദാരുശില്പങ്ങൾ.

ശില്പങ്ങളുടെ ത്രിമാനത വരകളുടെ ദ്വിമാനതയിലേക്ക് കൊണ്ടുവരിക എന്നത് ഒരു ആർട്ടിസ്റ്റിനെ സംബന്ധിടത്തോളം വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുത്തു എന്നതാണ് നമ്പൂതിരിയുടെ സവിശേഷത. ശില്പി, പെയിന്റർ എന്നീ നിലകളിലെല്ലാം തന്റെ കലാപരമായ ഇടപെടലുകൾ നടത്തുമ്പോഴും രേഖാചിത്രങ്ങൾ തന്നെയാണ് എന്നും നമ്പൂതിരിയുടെ കരുത്തായി നിന്നത്. ഇത് അദ്ദേഹത്തിന്റെ പെയിന്റിങ്ങുകളിലും മെറ്റൽ റിലീഫുകളിലും പോലും കാണാനാവും. ശില്പങ്ങളിൽ നിന്നും ഉൾക്കൊണ്ട രേഖകളുടെ ത്രിമാന പ്രതീതി നിറഞ്ഞു നിൽക്കുന്നവയാണ് നമ്പൂതിരിയുടെ കലാലോകം, അതും ഷേഡുകളുടെ പിൻബലമില്ലാതെ. “രേഖാചിത്രങ്ങൾ എന്റെ ശക്തിയായിരുന്നു; മറ്റ് ഡ്രോയിംഗുകളിൽ നിന്ന് വ്യത്യസ്തമായി പരന്ന പ്രതലത്തിലുള്ള ഘടനകൾക്ക് ത്രിമാന സ്വഭാവം കൊണ്ടുവരാൻ ലൈനുകൾക്ക് കഴിയും. ഞാൻ കാര്യങ്ങളെ ഒരു ത്രിമാന ഫോർമാറ്റിൽ കാണുന്നു, കൂടുതലും എന്നെ ആകർഷിക്കുന്ന തരത്തിലുള്ള ചിത്രീകരണമാണിത്. അതിനോടൊപ്പം വന്ന ഏതൊരു ശൈലിയും കേവലം യാദൃശ്ചികം മാത്രമാണ്" എന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം തന്നെ പറയുകയുണ്ടായി.

മലയാള സാഹിത്യരംഗത്ത് പൊന്നാനി നിറഞ്ഞുനിന്നകാലത്താണ് നമ്പൂതിരി വളർന്നുവന്നത്. ഉറൂബ്, ഇടശ്ശേരി, അക്കിത്തം തുടങ്ങിയവരുമായുള്ള അടുത്ത ബന്ധവും വായനയുമെല്ലാം പിന്നീട് സാഹിത്യ ചിത്രീകരണം തന്റെ സർഗമേഖലയായി തിരഞ്ഞെടുക്കാൻ നമ്പൂതിരിയെ പ്രേരിപ്പിച്ച ഘടകങ്ങളാണ്

പ്രത്യക്ഷതലത്തിൽ അനുപാതം തെറ്റിക്കുമ്പോഴും ശരീരത്തിന്റെ അനാട്ടമി താൻ ഒരിക്കലും തെറ്റിക്കാറില്ല എന്ന് നമ്പൂതിരി എപ്പോഴും പറയാറുണ്ടായിരുന്നു. അനാട്ടമി നിലനിർത്തിക്കൊണ്ട് അനുപാതം തെറ്റിക്കുക എന്നത് കലയുടെ മർമ്മമറിഞ്ഞ ഒരാൾക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ്. അതുപോലെ തന്നെ, താൻ ഒരിക്കലും തന്നെ ഒരു സാഹിത്യ സൃഷ്ടിയെ വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടില്ല എന്നും അദ്ദേഹം ആവർത്തിച്ച് പറയും. വായനയിൽ തന്റെ ഉള്ളിൽ തട്ടിയ ആഖ്യാന സന്ദർഭത്തിന് ദൃശ്യാവിഷ്‌കാരം നടത്തുകയാണ് അദ്ദേഹം ചെയ്തത്. അതായത് ഒരു കഥയെ പുനരാവിഷ്കരിക്കുകയല്ല, മറിച്ച് ദൃശ്യങ്ങളിലൂടെ, കഥാപാത്ര വ്യാഖ്യാനത്തിലൂടെ, കഥയിലേക്ക് ഒരു ജാലകം തുറക്കുകയായിരുന്നു നമ്പൂതിരി. പുത്തൻ തലമുറ ഇല്ലസ്ട്രേറ്റർമാർ പലരും കൃതിയെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു എന്നും അത് വായനയെ ബാധിക്കുമെന്നും അദ്ദേഹം പലപ്പോഴും എടുത്തുപറഞ്ഞ കാര്യമാണ്.

അതുപോലെ തന്നെ പല വസ്തുക്കളെയും അവയുടെ അസാന്നിധ്യം കൊണ്ടുപോലും ദ്യോതിപ്പിക്കാൻ കഴിഞ്ഞിരുന്നു എന്നതാണ് ഈ കലാകാരന്റെ സവിശേഷത. കസേരയിൽ ഇരിക്കുന്ന മനുഷ്യനെ വരയ്ക്കുമ്പോൾ പലപ്പോഴും കസേര വരയ്ക്കാതെ തന്നെ അതിന്റെ സാന്നിധ്യം കൊണ്ടുവരാൻ അദ്ദേഹത്തിനായി. അംഗവിന്യാസം, ഇരിപ്പിന്റെ രീതി എന്നിവയൊക്കെ മതി ചില കാര്യങ്ങൾ അനുഭവവേദ്യമാക്കാൻ. അതേസമയം, യാതൊരു തരത്തിലുള്ള അമൂർത്തതയും നമ്പൂതിരി തന്റെ ചിത്രങ്ങളിൽ കൊണ്ടുവന്നില്ല എന്നുമാത്രമല്ല, മനുഷ്യന്റെ സാമൂഹികമായ ചുററുപാടുകളും നരവംശശാസ്ത്രപരമായ സവിശേഷതകളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് തന്റെ കഥാപാത്ര സൃഷ്ടികളിൽ ആവിഷ്കരിക്കുകയും ചെയ്തു. കണ്ണുകൾ, ചിരി, ചുണ്ടുകളുടെ ഘടന ഇതൊക്കെ വളരെ സൂക്ഷ്മ തലത്തിലാണ് ഈ രേഖാചിത്രങ്ങളിൽ കടന്നുവന്നത്, പ്രത്യേകിച്ചും സ്ത്രീരൂപങ്ങളിൽ. അതുകൊണ്ടുകൂടിയാണ് നമ്പൂതിരിയുടെ വരകൾ സാഹിത്യകൃതികളുടെ ഭാഗമാകുമ്പോൾ തന്നെ അങ്ങിനെ മാത്രമാകാതെ സ്വതന്ത്രമായ അസ്തിത്വം കാത്തുസൂക്ഷിക്കുന്നതും അവയ്‌ക്കൊരു സിഗ്നേച്ചർ സ്വഭാവം കൈവരുന്നതും. കേരളസമൂഹത്തിന്റെ സാമൂഹ്യശാസ്ത്രപരമായ വൈവിധ്യം കൂടിയായിരുന്നു നമ്പൂതിരി തന്റെ രേഖകളിലൂടെ ആവിഷ്കരിച്ചത്.

മലയാള സാഹിത്യരംഗത്ത് പൊന്നാനി നിറഞ്ഞുനിന്നകാലത്താണ് നമ്പൂതിരി വളർന്നുവന്നത്. ഉറൂബ്, ഇടശ്ശേരി, അക്കിത്തം തുടങ്ങിയവരുമായുള്ള അടുത്ത ബന്ധവും വായനയുമെല്ലാം പിന്നീട് സാഹിത്യ ചിത്രീകരണം തന്റെ സർഗമേഖലയായി തിരഞ്ഞെടുക്കാൻ നമ്പൂതിരിയെ പ്രേരിപ്പിച്ച ഘടകങ്ങളാണ്. സാഹിത്യ ചിത്രീകരണ ലോകത്തിന് നമ്പൂതിരിയുടെ സംഭാവനകൾ ആഗോളതലത്തിൽ തന്നെ വിലയിരുത്തപ്പെടേണ്ടതാണ് എന്ന് പറഞ്ഞ, അന്തരിച്ച പ്രഗത്ഭ കലാകാരനായ യൂസഫ് അറയ്ക്കൽ അദ്ദേഹത്തെ നോർമൻ റോക്ക് വെല്ലിനോടാണ് ഒരിക്കൽ ഉപമിച്ചത്. രൂപങ്ങളെ കുറിച്ചുള്ള നമ്പൂതിരിയുടെ ധാരണ താരതമ്യങ്ങൾക്കും അപ്പുറമായിരുന്നു, മദിരാശിയിലെ പരിശീലനം അതിനു കൂടുതൽ കരുത്ത് പകരുകയും ചെയ്തു.

എംടിയുടെ രണ്ടാമൂഴത്തിനു രേഖാചിത്രങ്ങൾ വരയ്ക്കുമ്പോൾ ഒരു കാലത്തെയും ജീവിതത്തെയും പുരാണ കഥാപാത്രങ്ങളിലെ പച്ചയായ മനുഷ്യനെയുമെല്ലാം നമ്പൂതിരി ആവിഷ്കരിച്ച രീതി നിസ്തുലമായിരുന്നു. പൂർവകാല മാതൃകകളിൽ നിന്നല്ല അദ്ദേഹം ഈ കഥാപാത്രങ്ങൾക്ക് രൂപം നൽകിയത്. രണ്ടാമൂഴത്തിന് ചിത്രങ്ങളിലൂടെ ഒരു വ്യാഖ്യാനം ചമയ്ക്കുകയല്ല, മറിച്ച് കഥാപാത്രങ്ങളുടെ ഒരു ദൃശ്യലോകം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഒരുപക്ഷെ ഭീമനും ദ്രൗപതിയുമെല്ലാം രൂപങ്ങളായി നമ്മുടെ മനസ്സിൽ പതിഞ്ഞത് ഈ രേഖാചിത്രങ്ങളിലൂടെയാണ്. കലണ്ടർ ചിത്രങ്ങളിൽ നിന്നും ദൈവരൂപം മനസ്സിൽ പതിയുന്നതിൽ നിന്നും വ്യത്യസ്തമാണത്. ഇവിടെ മഹാഭാരതത്തിലെ ഭീമൻ എംടിയുടെ ഭീമനാവുകയും, എംടിയുടെ ഭീമൻ നമ്പൂതിരിയുടെ ഭീമനാവുകയും ചെയ്യുന്ന രസകരമായൊരു രൂപാന്തരം കൂടിയാണ് നമ്മൾ അനുഭവിച്ചത്.

നമ്പൂതിരിയുടെ ചിത്രങ്ങളെ കുറിച്ച് പറയുമ്പോൾ അദ്ദേഹം വരച്ച സ്ത്രീരൂപങ്ങളെ കുറിച്ച് പറയാതെ വയ്യ. നേരത്തെ പറഞ്ഞ നിരീക്ഷണപാടവവും ഉള്ളില്‍ കിടക്കുന്ന സൗന്ദര്യസങ്കല്പവും ഏറ്റവും വെളിപ്പെട്ടതും ഈ സ്ത്രീരൂപങ്ങളിലാണ്. ഒരു ചിത്രം കണ്ടപ്പോൾ 'ചിത്രത്തില്‍ കണ്ടത്ര കേമിയാണ് ചിന്നമ്മുവെങ്കില്‍ അവളുടെ കര്‍ത്താവായ എനിക്ക് അവകാശപ്പെട്ടതല്ലേ കുലട? അവളെ ഇങ്ങോട്ട് അയച്ചുതരുമോ?' എന്ന് വി കെ എൻ എഴുതിയതിനെ കുറിച്ച് നമ്പൂതിരി തന്നെ ഒരിക്കൽ പറയുകയുണ്ടായി. പക്ഷെ വി കെ എന്നിന്റെ ഈ വാക്കുകളിൽ സ്ത്രീ ഒരു object of desire ആയിരുന്നെങ്കിൽ കേവലമായ കാഴ്ചവസ്തുക്കൾ ആയിരുന്നില്ല നമ്പൂതിരിയുടെ സ്ത്രീരൂപങ്ങൾ എന്ന് പറഞ്ഞേതീരൂ. തീർത്തും തന്റേതായ ശൈലിയിൽ സ്ത്രീയെ കാണുമ്പോൾ നല്ലൊരളവുവരെ കഥാപാത്രത്തിന്റെ വ്യക്തിത്വത്തെ കൂടി ആവിഷ്കരിക്കാൻ നമ്പൂതിരിക്കായി. ജീൻസിട്ട പെൺകുട്ടികളും ചുരിദാറും സാരിയും മുണ്ടുമുടുത്ത സ്ത്രീകളും ഒരേ ആർജ്ജവത്തോടെ വ്യക്തിത്വം പണയം വയ്ക്കാതെ അവിടെ നിറഞ്ഞുനിന്നു. ശൃംഗാരഭാവവും നഗ്നതയുമെല്ലാം അശ്ലീലമാവാതെ വരയ്ക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. നമ്പൂതിരിക്ക് തന്റെ ചിത്രങ്ങളിലെ സ്ത്രീ കേവലം ഉടലായിരുന്നില്ല ജൈവസാന്നിധ്യമായിരുന്നു. വി കെ എന്നിന്റെ ഭാഷയിൽ 'വരയുടെ പരമശിവൻ' ആയിരുന്നു നമ്പൂതിരി.

ഒരു കഥാപാത്രത്തെ ചിത്രീകരിക്കുമ്പോൾ കാലം, ദേശം, സാംസ്‌കാരിക പശ്ചാത്തലം എന്നിവയെല്ലാം ഈ ചിത്രങ്ങളിൽ കടന്നുവരുന്നത് കാണാം. എഴുപതുകളിൽ വരച്ച രൂപങ്ങളല്ല അൻപത് വർഷത്തിനിപ്പുറം നമ്പൂതിരി വരച്ച കഥാപാത്രങ്ങൾക്കുള്ളത്. വേഷവിധാനത്തിലുണ്ടായ മാറ്റങ്ങളും സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ ഉണ്ടായ പരിണാമങ്ങളും എല്ലാം ഈ ചിത്രങ്ങളിലൂടെ കടന്നുപോകമ്പോൾ നമുക്ക് ബോധ്യപ്പെടും.

മലയാളിയുടെ സാമൂഹിക പരിതസ്ഥിതിയിൽ, വേഷവിതാന രീതികളിൽ ഒക്കെ വന്ന മാറ്റം, നമ്പൂതിരിയുടെ ചിത്രങ്ങളെ മാത്രം വച്ച് വായിച്ചെടുക്കാവുന്നതാണ്. ഒരു ഗവേഷണത്തിന് പോലും സാധ്യതയുണ്ട് ഈ മേഖലയിൽ

"പണ്ട് നാട്ടിന്‍പുറത്തെ സ്ത്രീകള്‍ മുണ്ടു ചുറ്റുമ്പോള്‍ മടി താഴത്തേക്കിടുമായിരുന്നു. ഇന്ന് അവരുടെ വേഷവിധാനത്തില്‍ മാറ്റംവന്നിട്ടുണ്ട്. സാരി ഇപ്പോഴും നിലനില്ക്കുന്നുണ്ട്. സാരിയുടെ നിറവുമായി യോജിക്കുന്ന ബ്ലൗസ്സിന്റെ നിറം എന്നതിലൊക്കെ നിഷ്‌കര്‍ഷ ഏറിയതായി കാണുന്നു. നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പാകത വന്നതായി തോന്നുന്നു. വര്‍ണബോധം കൂടി എന്നും പറയാം. ദേഹത്തിന്റെ നിറത്തോടു യോജിക്കുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൊക്കെ ശ്രദ്ധ കൂടിയുണ്ട്. നാഗരികതയിലെ പരിഷ്‌കാരങ്ങള്‍ ഗ്രാമങ്ങളിലേക്കു വേഗം പടരും... ഇന്ന് വള്ളിട്രൗസറിട്ട് നടക്കുന്ന കുട്ടികളില്ല. പാവാടക്കാരികളും കുറവാണ്. പ്രായത്തിനനുസരിച്ച് വേഷത്തിലും വ്യത്യാസമുണ്ട്. അറുപതുകഴിഞ്ഞവരൊക്കെ ചുരിദാറിട്ട് നടക്കുന്നത് കാണാറുണ്ടല്ലോ. അതൊക്കെ സാധാരണമായി വരികയാണ്." എന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് തന്റെ ചുറ്റുപാടുകളെ അദ്ദേഹം എത്ര സൂക്ഷമമായി നിരീക്ഷിച്ചിരുന്നു എന്നതിന് തെളിവാണ്. കറുപ്പിലും വെളുപ്പിലും വരയ്ക്കുമ്പോഴും അസാമാന്യമായ വർണ്ണബോധം നമ്പൂതിരി വെച്ചുപുലർത്തി.

മലയാളിയുടെ സാമൂഹിക പരിതസ്ഥിതിയിൽ, വേഷവിതാന രീതികളിൽ ഒക്കെ വന്ന മാറ്റം, നമ്പൂതിരിയുടെ ചിത്രങ്ങളെ മാത്രം വച്ച് വായിച്ചെടുക്കാവുന്നതാണ്. ഒരു ഗവേഷണത്തിന് പോലും സാധ്യതയുണ്ട് ഈ മേഖലയിൽ. അത്രയും സൂക്ഷ്മമാണ് നമ്പൂതിരിയുടെ നിരീക്ഷണങ്ങൾ.

മറ്റൊരു സവിശേഷത അവയുടെ ചലനാത്മകതയാണ്. ഒരു കഥയിൽ നിന്നും ഒരു സന്ദർഭത്തെ അടർത്തിയെടുക്കുമ്പോളും, കഥകളിവേഷങ്ങൾ വരയ്ക്കുമ്പോഴുമെല്ലാം അദ്ദേഹം ഈ ചലനാത്മകത നിലനിർത്തി. ഇതെല്ലാം തന്നെ നിരീക്ഷണത്തിൽനിന്നും വരുന്നതാണ്. ഒരാള്‍ ഇരിക്കുകയാണെങ്കില്‍ക്കൂടി അതിലൊരു ചലനമുണ്ട് എന്ന് വിശ്വസിച്ചയാളാണ് ഈ കലാകാരൻ. "ആലിംഗനമൊക്കെ വരയ്ക്കുമ്പോള്‍ ഒരു ചടുലത തോന്നിക്കണം. അതു സ്വാഭാവികമായി വരേണ്ടതാണ്. ആലിംഗനം, ചുംബനം ഒക്കെ വരയ്ക്കുമ്പോള്‍ സ്ത്രീയുടെയും പുരുഷന്റെയും മുഖം മറയുകയുമരുത്. ആ ഫീലിങ് വരികയും വേണം. കൈയിന്റെ ചലനമൊക്കെ ശ്രദ്ധിക്കണം. അശ്ലീലമാണ് എന്നു തോന്നരുത്. സദാചാരവിരുദ്ധം ആവരുത്. അങ്ങനെ പലതും ശ്രദ്ധിക്കണം. എഴുത്തിനെക്കാള്‍ വരയില്‍ തോന്നാന്‍ എളുപ്പമാണ്" എന്ന് അദ്ദേഹം തന്നെ പറഞ്ഞത് പ്രസക്തമാവുന്നതും അതുകൊണ്ട് തന്നെ.

പക്ഷേ, രേഖാചിത്രങ്ങളിൽ ഏറെ ശ്രദ്ധിച്ചതുകൊണ്ടാവാം ഒരു പെയിന്റർ എന്ന നിലയിൽ ശോഭിക്കുന്നതിൽ തനിക്ക് പരിമിതികൾ ഉണ്ടായെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു. പക്ഷെ അതിനുമൊക്കെ എത്രയോ അപ്പുറമായിരുന്നു ഒരു രേഖാചിത്രകാരൻ എന്ന നിലയിൽ നമ്പൂതിരി കീഴടക്കിയ ഉയരങ്ങൾ. കാലം അദ്ദേഹത്തെ രേഖപ്പെടുത്തുന്നതും ആ വരകളുടെ പേരിൽ തന്നെ ആയിരിക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും