PEOPLE

വൈക്കം സത്യഗ്രഹ ശതാബ്ദി വേളയിൽ മറക്കാമോ ബാരിസ്റ്റർ ജോർജ് ജോസഫിനെ!

ജോർജ് ജോസഫ് വൈക്കം സത്യഗ്രഹത്തിന്റെ ആദ്യ നാളുകളിലെ ദീപശിഖാ വാഹകനായിരുന്നു. അസാമാന്യമായ നേതൃപാടവവും പ്രസംഗചാതുര്യവുമാണ് അദ്ദേഹത്തെ നേതൃത്വത്തിലേക്ക് എത്തിച്ചത്

പി രാംകുമാർ

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ ആരംഭിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ ഐതിഹാസിക സമരചരിത്രത്തിന്റെ ആദ്യ നാളുകളിൽ മുന്നണിയിലുണ്ടായിരുന്ന ബാരിസ്റ്റർ ജോസഫ് എന്ന സമരനായകന്റെ സംഭാവനകൾക്ക് നിർഭാഗ്യവശാൽ സമകാലീന വൈക്കം ചരിത്ര വാർത്തകളിൽ വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ല. ചരിത്രത്തിൽ അങ്ങനെ തമസ്ക്കരിക്കപ്പെടേണ്ട ഒരാളല്ല വൈക്കം സമരനായകൻ ബാരിസ്റ്റർ ജോർജ് ജോസഫ്.

ജോർജ് ജോസഫ് വൈക്കം സത്യഗ്രഹത്തിന്റെ ആദ്യ നാളുകളിലെ ദീപശിഖാവാഹകനായിരുന്നു. അസാമാന്യമായ നേതൃപാടവവും പ്രസംഗചാതുര്യവുമാണ് അദ്ദേഹത്തെ നേതൃത്വത്തിലേക്ക് എത്തിച്ചത്. ദേശീയ രാഷ്ട്രീയത്തിൽ ജോർജ് ജോസഫിനോളം പ്രാധാന്യമുള്ള ഒരു മലയാളി നേതാവും അന്ന് കേരളത്തിലുണ്ടായിരുന്നില്ല.

ബഹുമുഖ പ്രതിഭ എന്ന് വിളിക്കാവുന്ന അപൂർവ വ്യക്തിയായിരുന്നു അദ്ദേഹം. തിരുവിതാംകൂറിലെ നിവർത്തന പ്രക്ഷോഭത്തിന്റെ പ്രധാന ശിൽപ്പികളിലൊരാൾ. ബാരിസ്റ്റർ, ഗാന്ധിയുടെ പ്രിയ ശിഷ്യൻ, മികച്ച അഭിഭാഷകൻ, ഒന്നാന്തരം പ്രാസംഗികൻ, ദേശീയ നേതാക്കളുമായി വളരെ അടുപ്പമുള്ള മലയാളി നേതാവ്, വൈക്കം സത്യഗ്രഹത്തിൽ ആദ്യമായി അറസ്റ്റ്‌ ചെയ്യപ്പെട്ട നേതാക്കളിലൊരാൾ, കുറ്റവാളി ഗോത്ര നിയമത്തിനെതിരെ ശബ്ദമുയർത്തിയ ആദ്യ വ്യക്തികളിലൊരാൾ.

ചെങ്ങന്നൂരിൽ ഊരയിൽ എന്ന സിറിയൻ ക്രിസ്ത്യൻ മദ്ധ്യവർഗ കുടുംബത്തിൽ 1857 ജൂൺ 5-ന് ജനിച്ച ജോർജ് ജോസഫിന്റ പിതാവ് പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനീയറായിരുന്ന ജോസഫും മാതാവ് സാറാമ്മയുമായിരുന്നു. അഞ്ച് ആൺ മക്കളും നാലു പെൺ മക്കളുമുണ്ടായിരുന്നു അവർക്ക്. വിഖ്യാതനായ പത്രാധിപർ പോത്തൻ ജോസഫ് അതിൽ അഞ്ചാമത്തെ പുത്രനായിരുന്നു.

മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് എഫ്എ ഡിഗ്രിയെടുത്ത് ഇംഗ്ലണ്ടിൽ പോയി. പ്രശസ്തമായ മിഡിൽ ടെമ്പിളിൽനിന്ന് നിയമ ബിരുദവും എഡിൻബറോ സർവകലാശാലയിൽനിന്ന് തത്വ ശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും നേടി 1909 ൽ ചെങ്ങന്നൂരിൽ തിരിച്ചെത്തി. ആ കാലത്ത് മദ്ധ്യ തിരുവിതാംകൂറിലെ രണ്ടു  ജില്ലകളിൽ സിറിയൻ ക്രിസ്ത്യാനികൾ സാമ്പത്തിക സാമൂഹ്യ മേഖലയിൽ പ്രബല ശക്തിയായി വളർന്നിരുന്നു.

ബാരിസ്റ്ററായി തിരികെ വന്നപ്പോൾ കൊട്ടാരക്കരയിൽ എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ ഒരു നാടു മുഴുവൻ അവിടെയെത്തി. കാളവണ്ടികളുടെ ഒരു നിര ഘോഷയാത്രയായാണ് ആ ജനക്കൂട്ടം അദ്ദേഹത്തെ ചെങ്ങന്നൂരിലെ വീട്ടിലെത്തിച്ചത്. രാത്രി വെടിക്കെട്ടോടെയാണ് ആ സ്വീകരണം അവസാനിച്ചത്.  

1909 ൽ സൂസന്നയെ വിവാഹം ചെയ്ത് മധുരയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് ആനി ബസന്റിന്റെ ഹോം റൂൾ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. 1918 ൽ ഇന്ത്യയുടെ സ്വയം ഭരണ പ്രശ്നം ബ്രിട്ടനിൽ പൊതുജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കാൻ പോയ മൂന്നംഗ സംഘത്തിൽ ജോർജ് ജോസഫും ഉണ്ടായിരുന്നു. ഏറെ താമസിയാതെ ഹോം റൂളിന്റെ പ്രസക്തി നഷ്ടപ്പെടുകയും മഹാത്മാ ഗാന്ധി സ്വാതന്ത്ര്യസമരത്തിന്റെ പ്രഭവ കേന്ദ്രമാവുകയും ചെയ്തതോടെ ജോർജ് തോമസ് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെത്തി. 1921 ൽ മഹാത്മാ ഗാന്ധിയുടെ ആഹ്വാനമുണ്ടായപ്പോൾ അദ്ദേഹം, മികച്ച രീതിയിൽ പോയ്‌ക്കൊണ്ടിരുന്ന പ്രാക്ടീസ് ഉപേക്ഷിച്ച്, മക്കളെ ബോർഡിങ് സ്കൂളിലാക്കി, തന്റെ പക്കലുണ്ടായിരുന്ന വിദേശവസ്തുക്കളെല്ലാം അഗ്നിക്കിരയാക്കിയ ശേഷം ഭാര്യയോടൊത്ത് ഗുജറാത്തിലെ ഗാന്ധിജിയുടെ സബർമതി ആശ്രമത്തിലെത്തി.

ഗാന്ധിജിയുടെ വിശ്വസ്‌തനായ ശിഷ്യനായി മാറിയ ജോർജ് ജോസഫ് ആദ്യം യങ് ഇന്ത്യയുടെയും പിന്നീട് മോത്തിലാൽ നെഹ്റു സ്ഥാപിച്ച അലഹാബാദിലെ  ‘ഇൻഡിപെൻഡന്റ്’ പത്രത്തിന്റെയും പത്രാധിപരായി. ഇക്കാലത്ത് അലഹബാദിലെ ആനന്ദ ഭവനത്തിലെ സ്ഥിരം സന്ദർശകനായിരുന്നു ജോർജ് ജോസഫും ഭാര്യ സൂസന്നയും. ആ കുടുംബത്തിലെ വ്യക്തിപരമായ കാര്യങ്ങളിൽ പോലും ഇടപെടാനുള്ള സ്വാതന്ത്ര്യം സൂസന്നയ്ക്കുണ്ടായിരുന്നു.

അങ്ങനെയിരിക്കെയാണ് തിരുവിതാംകൂറിൽ 1932 ൽ 'നിവർത്തന പ്രക്ഷോഭം' ആരംഭിച്ചത്. തിരുവിതാംകൂറിലെ സർക്കാർ ജോലികളിലും നിയമസഭയിലും ക്രൈസ്തവർ, മുസ്ലീമുകള്‍, ഈഴവർ തുടങ്ങിയ പിന്നാക്ക വിഭാഗക്കാർക്ക് ജനസംഖ്യാനുപാതത്തിൽ പ്രാതിനിധ്യം ആവശ്യപ്പെടുന്നതായിരുന്നു നിവർത്തന പ്രമേയം. അത് നടപ്പിലാക്കാൻ ഗവൺമെന്റ് തയ്യാറാവാത്തതിനാൽ പ്രതിഷേധമായി വളർന്നു.

നിവർത്തന പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായ ചിത്തിര തിരുനാളിന്റെ ഭരണകാര്യ ഉപദേഷ്ടാവായ സി പി രാമസ്വാമി അയ്യർ സമരം അടിച്ചമർത്താനാരംഭിച്ചു. മർദനമുറകൾ ആരംഭിച്ചപ്പോൾ പ്രക്ഷോഭകാരികൾ ബ്രിട്ടീഷ് മേഖലയായ കൊല്ലത്തെ തങ്കശ്ശേരിയിലേക്ക് കടന്നു. അവിടെയായാൽ അറസ്റ്റ് ചെയ്യാൻ സാധ്യമല്ല. എതിരാളികളെ തടങ്കലിൽ വച്ചാൽ സമരം പൊളിയുമെന്നത് സി പിയുടെ നയങ്ങളിലൊന്നായിരുന്നു. അങ്ങനെ തങ്കശ്ശേരി ഒരു രക്ഷാകേന്ദ്രവും ഒളിപ്പോർ താവളവുമായതോടെ പ്രക്ഷോഭത്തിന്റെ ശക്തി വർദ്ധിച്ചു.

സി പി രാമസ്വാമി അയ്യരുടെ കുശാഗ്രബുദ്ധിയിൽ അതിനെ മറികടക്കാനുള്ള വഴിയുണ്ടായിരുന്നു. പഴയ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ പടിഞ്ഞാറെ തീരത്ത് കൊല്ലം പട്ടണത്തോട് ചേർന്നുകിടക്കുന്ന ഗ്രാമമാണ് തങ്കശ്ശേരി. മദ്രാസ് സംസ്ഥാനത്തിന്റെ ഒരു ഭാഗവും ബ്രിട്ടീഷ് ഗവൺമെന്റിന്റെ നേരിട്ടുള്ള ഭരണത്തിനു കീഴിലുള്ള പ്രദേശം. തിരുനെൽവേലി കളക്ടർക്കാണ് ഈ പ്രദേശത്തിന്റെ ഭരണാധികാരം. താരതമ്യേന ശാന്തമായിരുന്ന ഈ പ്രദേശത്തേക്ക് മദ്രാസ് ഭരണകൂടം തിരിഞ്ഞു നോക്കാറു പോലുമില്ല. സി പിയുടെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു. തങ്കശ്ശേരിയും തൊട്ടടുത്ത അഞ്ചുതെങ്ങും തിരുവിതാംകൂറിൽ ലയിപ്പിക്കുക. തന്റെ സർക്കാരിലുള്ള സ്വാധീനമുപയോഗിച്ച് ബുദ്ധിരാക്ഷസനായ സി പി രാമസ്വാമി അയ്യർ രഹസ്യമായി ലയനത്തിനുള്ള ശ്രമമാരംഭിച്ചു.

ഈ കാര്യം പുറത്തായപ്പോൾ തങ്കശ്ശേരിക്കാർ പരിഭ്രാന്തരായി. അവർ യോഗം ചേർന്ന് ലയനത്തെ എതിർക്കുന്ന പ്രമേയം പാസ്സാക്കി അത് വൈസ്രോയിയായ വെല്ലിങ്ടൺ പ്രഭുവിന് അയച്ചുകൊടുത്തു. ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ട് അടിക്കടി തങ്കശ്ശേരിക്കാർ യോഗം ചേർന്നു മെമ്മോറാണ്ടം വൈസ്രോയിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പക്ഷേ, അധികാരികൾ പ്രതികരിക്കാതായതോടെ തങ്കശ്ശേരിക്കാർ പരിഭ്രാന്തരായി. 99 ഏക്കർ വിസ്തൃതിയും പതിനായിരത്തിൽ താഴെ ജനസഖ്യയുള്ള ഒരു ചെറിയ പ്രദേശത്തിന്റെ കാര്യത്തിൽ വൈസ്രോയി, സി പി രാമസ്വാമി അയ്യരുടെ ഇംഗിതത്തിനു വഴങ്ങുമെന്ന് ഉറപ്പായിരുന്നു.

സി പി രാമസ്വാമി അയ്യർ

അപ്പോഴാണ് തിരുവിതാംകൂറിലെ ഏറ്റവും സ്വാധീനമുളള വ്യക്തിയായ മലയാള മനോരമയുടെ പത്രാധിപരായ മാമ്മൻ മാപ്പിള രംഗത്തുവരുന്നത്. ആ കാലത്ത് തിരുവിതാംകൂറിലെ ഒരു ചലനവും അദേഹമറിയാതെ കടന്നുപോകാറില്ലായിരുന്നു. തങ്കശ്ശേരി പ്രശ്നം ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരാനും ബ്രിട്ടീഷ് പാർലമെന്റ് വരെ എത്തിക്കാനും കഴിവുള്ള ഏക വ്യക്തി ബാരിസ്‌റ്റർ ജോർജ് ജോസഫാണെന്ന് ബുദ്ധിമാനായ മാമ്മൻ മാപ്പിള കണക്കുകൂട്ടി. അക്കാലത്ത് ബ്രിട്ടീഷ് ഉന്നതോദ്യോഗസ്ഥർമാരും ഭരണാധികളും ജോർജ് ജോസഫിന്റെ സഹപാഠികളോ സ്നേഹിതമാരോ ആണെന്ന് ദീർഘവീക്ഷണമുള്ള മാമ്മൻ മാപ്പിളക്കറിയാമായിരുന്നു.

പക്ഷേ, തങ്കശ്ശേരിക്കാർക്കുവേണ്ടി സംസാരിക്കാൻ മധുരയിൽ താമസിക്കുന്ന ജോർജ് ജോസഫിനെന്താണധികാരം? അതിനും മാമ്മൻ മാപ്പിള വഴി കണ്ടെത്തി. തങ്കശ്ശേരിക്കാരെ കൊണ്ട് ഒരു മെമ്മോറോണ്ടം പാസ്സാക്കി അത് വൈസ്രോയിക്കും മദ്രാസ് ഗവർണർക്കും കൈമാറാൻ ബാരിസ്‌റ്റർ ജോർജ് ജോസഫിനെയും തിരുവിതാംകൂറിലെ പത്രപ്രവർത്തകനും സ്റ്റേറ്റ് കോൺഗ്രസ് അനുഭാവിയുമായ എം എം വർക്കിയെയും ഉൾപ്പെട്ട നിവേദക സംഘത്തെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള അധികാരപത്രം നൽകി.

മാമ്മൻ മാപ്പിള

തിരുവിതാംകൂറിന് വേണ്ടി പ്രവർത്തിക്കാൻ ആദ്യമായി തനിക്ക് ലഭിച്ച 'ദൈവദത്തമായ ദൗത്യമായി' ഇതിനെ കണക്കാക്കിയ ജോർജ് ജോസഫ് ഉടനെ മദ്രാസിൽ ചെന്ന് ഗവർണറെ കണ്ട് മെമ്മോറാണ്ടം നൽകി. തന്റെ ന്യായയുക്തികൾ ശക്തമായ ഭാഷയിൽ അവതരിപ്പിക്കുകയും ചെയ്തു. ഒരു പത്രാധിപരായ ജോർജ് ജോസഫ് മദ്രാസിലെ പ്രധാന പത്രങ്ങളായ 'ദ ഹിന്ദു' , 'മദ്രാസ് മെയിൽ' എന്നിവ സന്ദർശിച്ച് തന്റെ ദൗത്യത്തിന് പിന്തുണ തേടി. മൈലാപ്പൂരുകാരനായ സി പി രാമസ്വാമി അയ്യർക്ക് ഈ പത്രങ്ങളിൽ നല്ല സ്വാധീനം ഉണ്ടായിട്ടും  മിതമായ രീതിയിലെങ്കിലും ഈ രണ്ട് പത്രങ്ങളും തങ്കശ്ശേരിക്കാരെ അനുകൂലിച്ചു. അതിനു കാരണമായത് ജോർജ് ജോസഫിന്റെ വ്യക്തിപ്രഭാവമായിരുന്നു.

ആ സമയത്ത് മദ്രാസിൽ മദ്യനിരോധനമേർപ്പെടുത്താനുള്ള ആലോചനയിലായിരുന്നു സർക്കാർ. ഇതിനെ അനുകൂലിച്ച് കോൺഗ്രസ് പ്രവർത്തകർ മദ്രാസിലെ കോൺഗ്രസ് ഹൗസിൽ യോഗം സംഘടിപ്പിച്ചിരുന്നു. ജോർജ് ജോസഫ് എത്തിയ വിവരമറിഞ്ഞ് ഭാരവാഹികൾ അദ്ദേഹത്തെ ചെന്ന് കണ്ട്, യോഗത്തിൽ പ്രസംഗിക്കണമെന്നാവശ്യപ്പെട്ടു. കോൺഗ്രസ് ഹൗസിലെ യോഗത്തിൽ മദ്രാസിലെ പല നേതാക്കന്മാരും മദ്യനിരോധനം നടപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച് പ്രസംഗിച്ചു.

ജോർജ് ജോസഫ് എഴുന്നേറ്റ് പ്രസംഗിക്കാനാരംഭിച്ചു. മദ്യനിരോധനം അനാവശ്യമാണെന്നും അത് വിജയകരമായി നടപ്പാക്കുക സാധ്യമല്ലെന്നുമായിരുന്നു വാദത്തിന്റെ കാതൽ. മദ്യനിരോധനം മൂലം കോടിക്കണക്കിന് രൂപയാണ് നികുതിയിനത്തിൽ നഷ്ടമാവുക, മാത്രമല്ല നിരോധനം നടപ്പിലാക്കാൻ ലക്ഷക്കണക്കിനു രൂപ വേണ്ടി വരും. കൂടാതെ നിരോധനത്തോടെ മദ്യവ്യവസായം ഒരു കുടിൽ വ്യവസായമായി മാറുമെന്നും അത് ജനങ്ങളുടെ സന്മാർഗത്തെ നശിപ്പിക്കുമെന്നും ശക്തമായ ഭാഷയിൽ പ്രസംഗിച്ചു. അനർഗളമായി പ്രവഹിച്ച ആ വാഗ്ധോരണിയിൽ സദസ്യർ അന്തം വിട്ടു പോയി. പതിവിന് വിപരീതമായി മദ്യനിരോധനത്തെ എതിർത്ത് കൊണ്ട് ആദ്യമായാണ് അവരൊരു പ്രസംഗം കേൾക്കുന്നത്. പ്രസംഗം അവസാനിച്ചപ്പോൾ അവിടെയുള്ളവരെല്ലാം വമ്പിച്ച കരഘോഷത്തോടെ ജോർജ് ജോസഫിനെ അനുമോദിച്ചു.

ഇതുകൊണ്ട് ഒരു പ്രയോജനമുണ്ടായി അവിടെയുള്ള പത്ര പ്രതിനിധികൾ അദ്ദേഹത്തെ പൊതിഞ്ഞു. ഇതാണ് ജോർജ് ജോസഫിന് വേണ്ടിയിരുന്നത്. അദ്ദേഹം തങ്കശ്ശേരി പ്രശ്നത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. ഡൽഹിയിൽ വൈസ്രോയിയെ കണ്ട് മെമ്മോറാണ്ടം നൽകാൻ താൻ യാത്ര തിരിക്കുകയാണെന്നും അവരോട് പറഞ്ഞു. പിറ്റേ ദിവസത്തെ എല്ലാ പത്രങ്ങളിലും തങ്കശ്ശേരി പ്രശ്നത്തെക്കുറിച്ച് പ്രാധാന്യത്തോടെ വാർത്ത വന്നു. അതോടെ ഇതൊരു ദേശീയ പ്രശ്നമായി ഉയർന്നു.

പതിനഞ്ചു മിനിറ്റോളം വൈസ്രോയിയോട് തങ്കശ്ശേരിയിലെ ജനങ്ങളോട് ചെയ്യാൻ പോകുന്ന അന്യായത്തെക്കുറിച്ച് ഉറച്ചസ്വരത്തിൽ വിശദീകരിച്ച ശേഷം ഇങ്ങനെ ഉപസംഹരിച്ചു, “തങ്കശ്ശേരിക്കാരെ കന്നുകാലി കണക്കെ തിരുവിതാംകൂറിന് കച്ചവടം ചെയ്യരുത് !”

ഡൽഹിയിൽ തന്റെ ഇളയ സഹോദരനും ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരുമായ പോത്തൻ ജോസഫിന്റെ വസതിയിലാണ് ജോർജ് ജോസഫ് താമസിച്ചത്. വൈസ്രോയിയായ വെല്ലിങ്ടൺ പ്രഭുവിന്റെ സെക്രട്ടറിയെ ഫോണിൽ വിളിച്ച് കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടു. ഏതാനും ദിവസത്തേക്ക് സാധ്യമല്ലെന്നാണ് സെക്രട്ടറി പറഞ്ഞത്. വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യത്തിനാണ് താൻ വന്നിരിക്കുന്നതെന്നും അതിനാൽ ഉടൻ തന്നെ വൈസ്രോയിയെ വിവരം അറിയിച്ച് സമയം നിശ്ചയിച്ച്  തന്നെ അറിയിക്കണമെന്ന് ആജ്ഞാസ്വരത്തിൽ ആവശ്യപ്പെട്ടു. ഇത്രയും ഔദ്ധത്യത്തോടെ സംസാരിക്കുന്ന ഒരാൾ ചില്ലറക്കാരനല്ലയെന്ന് മനസ്സിലായ എഡിസി ഒന്ന് പതറി.

രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ജോർജ് ജോസഫിനെ ഫോണിൽ വിളിച്ച് അടുത്ത ദിവസം രാവിലെ 11ന് സന്ദർശനമനുവദിച്ചതായി അറിയിച്ചു. പിറ്റേ ദിവസം നിശ്ചിത സമയത്തിന് മുൻപ് ജോർജ് ജോസഫ് വൈസ്രോയി മന്ദിരത്തിലെത്തി. കിന്നരി വെച്ച തലപ്പാവുള്ള മഹാരാജാക്കമാർ മുതൽ  കോട്ടും സൂട്ടുമണിഞ്ഞ ഉന്നത വ്യവസായികൾ വരെ വൈസ്രോയിയെ കാണാനായി വിശാലമായ സന്ദർശക ഹാളിൽ ഇരിക്കുന്നയിടത്തേക്കാണ് മുഷിഞ്ഞ ഖദർ ഷർട്ടും മുണ്ടും ധരിച്ച ജോർജ് ജോസഫ് കയറിച്ചെന്നത്. അവിടെയുള്ളവർക്ക് അത് പിടിച്ചില്ലെന്നു മാത്രമല്ല പുച്ഛത്തോടെയാണ് അവരെല്ലാം ഈ സാധാരണ സന്ദർശകനെ നോക്കിയത്. ചെന്നിരുന്ന് ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ പ്രൈവറ്റ് സെക്രട്ടറി വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോയി. ആ കാഴ്ച കണ്ട് വിഐപികൾ അന്തം വിട്ടു.  

വെല്ലിങ്ടൺ പ്രഭുവിനെ കണ്ട മാത്രയിൽ' ഗുഡ് മോണിങ്ങ് യുവർ എക്സലൻസി' എന്ന് അഭിവാദനം ചെയ്ത് വൈസ്രോയി ചൂണ്ടിക്കാണിച്ച കസേരയിൽ ഇരുന്ന് അദ്ദേഹം പറഞ്ഞു,' ഞാൻ അങ്ങേക്ക് അതിപ്രധാനമായ ഒരു സാധനമാണ് കൊണ്ടുവന്നിരിക്കുന്നത്'. എന്നിട്ട് പുസ്തക രൂപത്തിൽ അച്ചടിച്ച മെമ്മോറാണ്ടം വൈസ്രോയിക്ക് നൽകി. സമരത്തിന്റെ എല്ലാ വിശദാംശങ്ങളും അതിലുണ്ടായിരുന്നു. തുടർന്ന് പതിനഞ്ചു മിനിറ്റോളം വൈസ്രോയിയോട് തങ്കശ്ശേരിയിലെ ജനങ്ങളോട് ചെയ്യാൻ പോകുന്ന അന്യായത്തെക്കുറിച്ച് ഉറച്ച സ്വരത്തിൽ വിശദീകരിച്ച ശേഷം ഇങ്ങനെ ഉപസംഹരിച്ചു, “തങ്കശ്ശേരിക്കാരെ കന്നുകാലി കണക്കെ തിരുവിതാംകൂറിന് കച്ചവടം ചെയ്യരുത് !”

ഒരക്ഷരം പോലും തിരിച്ചുപറയാതെ ഇത് മുഴുവൻ കേട്ട വെല്ലിങ്ടൺ പ്രഭു പറഞ്ഞു, ''തീർച്ചയായും അങ്ങനെ കച്ചവടം ചെയ്യില്ല എന്നുറപ്പിക്കാം''. ജോർജ് ജോസഫിന്റെ ഗംഭീരമായ അവതരണത്തിൽ മതിപ്പു തോന്നിയ വൈസ്രോയി അദ്ദേഹത്തോട് കൂടുതൽ നേരം സംസാരിച്ചു. അപ്പോഴേക്കും  സമയം അതിക്രമിച്ചുവെന്ന് പറയാൻ വന്ന വൈസ്രോയിയുടെ സെക്രട്ടറിയോട് ജോർജ് ജോസഫ് രൂക്ഷഭാവത്തിൽ പറഞ്ഞു, "ഞങ്ങൾ അതിപ്രധാനപ്പെട്ട രാജ്യകാര്യങ്ങൾ ചർച്ച ചെയ്യുകയാണ്”.  

കാര്യങ്ങൾ വൈസ്രോയിയെ ബോധ്യപ്പെടുത്തിയശേഷം ജോർജ് ജോസഫ് നേരെ തപാൽ ഓഫിസിൽ പോയി സി പി രാമസ്വാമി അയ്യർക്ക് കമ്പിയടിച്ചു. ”തങ്കശ്ശേരി തിരുവിതാംകൂറിന് കിട്ടില്ലെന്നും അതിന് വെച്ച വെള്ളം വാങ്ങി വെച്ചോളൂ,” എന്ന പരിഹാസ രൂപത്തിലുള്ള സന്ദേശമായിരുന്നു അതിൽ.

അക്കാലത്ത് ഒരു വൈസ്രോയിയെ നേരിട്ടുകണ്ട് ഒരു സമരത്തെ കുറിച്ച് സംവദിക്കുക, അതും യാതൊരു ഔദ്യോഗിക പദവിയും ഇല്ലാത്ത ഒരാൾ. ഇത് നിഷ്പ്രയാസം സാധിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഈയൊരു വ്യക്തി പ്രഭാവമുള്ള ഒരു മലയാളി നേതാവും അന്ന് ദേശീയ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല.  

1924 മാർച്ച് 30 മുതൽ 1925 നവംബർ വരെ ശരിയായ ഗാന്ധിയൻ രീതിയിൽ നടന്ന കേരളത്തിലെ ആദ്യത്തെ സമരമായിരുന്നു വൈക്കം സത്യഗ്രഹം. ബഹുജന പിന്തുണ, സമർത്ഥമായ നേതൃത്വം, ആദർശ ശുദ്ധി, വീട്ടുവീഴ്ച ഇവയെല്ലാം ഒന്നിച്ച ഒരു സമരമായിരുന്നു വൈക്കം സത്യഗ്രഹം.

മഹാത്മാ ഗാന്ധി, ശ്രീനാരായണ ഗുരു, ഇവി രാമസ്വാമി നായ്ക്കർ, രാജാജി, വിനോബ ഭാവേ തുടങ്ങിയവരെല്ലാം വൈക്കം സത്യഗ്രഹികളെ സന്ദർശിക്കാനെത്തി. ടി കെ മാധവൻ, കെ പി കേശവമേനോൻ, കെ കേളപ്പൻ, ബാരിസ്റ്റർ എ കെ പിള്ള തുടങ്ങിയവർ ഓരോ ഘട്ടങ്ങളിൽ നേതൃത്വം നൽകി. പടിഞ്ഞാറോട്ട് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ദക്ഷിണ കാശിയെന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളിൽ ഈഴവരുൾപ്പടെയുള്ള സമുദായക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം ഇല്ലായിരുന്നു. തീണ്ടൽ പലകകൾ സ്ഥാപിച്ച് അവരെ വിലക്കിയിരുന്നു. അയിത്തത്തിനും ജാതി വിലക്കുകൾക്കുമെതിരെ സ്റ്റേറ്റ് കോൺഗ്രസിന്റെ ആശീർവാദത്തോടെയാരംഭിച്ച വൈക്കം സത്യഗ്രഹം ഏറെ താമസിയാതെ ആളിപ്പടർന്നു. പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ഭരണകൂടം ഉറപ്പിച്ചിരുന്നു.

ഈ ഘട്ടത്തിൽ ജോർജ് ജോസഫ് ഉപദേശം തേടി കൊണ്ട് മഹാത്മാഗാന്ധിക്ക് കമ്പിയടിച്ചു: "വൈക്കം സത്യാഗ്രഹം ഒരു പുതിയ ഘട്ട വിശേഷത്തെ പ്രാപിച്ചിരിക്കുന്നു. ഗവൺമെന്റ് അറസ്റ്റ് നിറുത്തിയിരിക്കുന്നു"

1924 ഏപ്രിൽ 24 ൽ തീണ്ടൽ പലക കടന്നു യാത്ര ചെയ്തത് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന്റെ കൽപ്പനലംഘനമായി എടുത്ത് നേതാക്കന്മാരായ ടി കെ മാധവനേയും കെ പി കേശവമേനോനെയും പോലീസ് അറസ്റ്റ് ചെയ്തു. സത്യഗ്രഹാശ്രമത്തിന്റെ ചുമതല ടി കെ മാധവൻ കൈമാറിയത് ജോർജ് ജോസഫിനായിരുന്നു. തുടർന്ന് എ കെ പിള്ള, കെ കേളപ്പൻ, വേലായുധമേനോൻ തുടങ്ങിയ സത്യഗ്രഹികൾ അറസ്‌റ്റ് വരിച്ചതോടെ സത്യഗ്രഹ വളന്റിയർമാരുടെ എണ്ണം വർദ്ധിച്ചു. പടിഞ്ഞാറെ നടയിൽ നിന്നാരംഭിച്ച സത്യഗ്രഹം വൈക്കം ക്ഷേത്രത്തിന്റെ ഇതരഭാഗങ്ങളിലേക്കും പടർന്നു. അതോടെ ഗവൺമെന്റ് അറസ്റ്റ് നിർത്തി മർദ്ദനമുറകൾ ആരംഭിച്ചു.

ഈ പുതിയ നയത്തിൽ പ്രതികരിച്ച് ജോർജ് ജോസഫ് ജില്ലാ മജിസ്ട്രേറ്റിന് ഒരു കത്തയച്ചു. “സത്യഗ്രഹികളെ അറസ്റ്റ് ചെയ്യേണ്ടെന്ന് ഗവൺമെന്റിൽനിന്നു തീരുമാനിച്ചതു കൊണ്ടുണ്ടായിട്ടുള്ള സ്ഥിതിയെപ്പറ്റി എന്റെ കമ്മറ്റി വളരെ ആശങ്കയോടു കൂടി ആലോചിക്കുകയുണ്ടായി. മൂന്ന് പേർ അടങ്ങുന്ന സംഘത്തെ ഇനി സത്യഗ്രഹത്തിനായി അയക്കും. ഇവർ പടിഞ്ഞാറെ നടയിലും തെക്കെ നടയിലും സത്യഗ്രഹം നടത്തും. ഒരാഴ്ചക്കകം അറസ്റ്റ് ചെയ്യുകയോ, തർക്ക റോഡുകളിൽ അധഃകൃതർക്ക് സഞ്ചാര സ്വാതന്ത്ര്യം  നൽകുകയോ ചെയ്തില്ലെങ്കിൽ വടക്കേ ഗേറ്റിലും കിഴക്കേ ഗേറ്റിലും സത്യഗ്രഹം നടത്തുന്നതിന് കമ്മറ്റി നിർബന്ധിതമാകും. ഒരാഴ്ചക്കുള്ളിൽ സത്യഗ്രഹ വളണ്ടിയർമാർക്ക് ഗൗരവതരമായി കായികമോ മാനസികമോ ആയ അപകടം ഉണ്ടാകുന്നെങ്കിൽ എല്ലാ ഗേറ്റിലും കൂടി ഒരുമിച്ച് ഉടനെ സത്യഗ്രഹം നടത്തും.'

സത്യഗ്രഹികൾക്ക് കനത്ത മർദനമുറകളാണ് പിന്നീട് നേരിടേണ്ടി വന്നത്. സത്യഗ്രഹ വളണ്ടിയർ ക്യാപ്റ്റനായ ശിവശൈലത്തെ ഇഷ്ടിക കൊണ്ട് ഇടിച്ചു. കെ പി കേശവപിള്ളയെ ഇടിച്ചു ചോര ഛർദിപ്പിച്ചു. രാമൻ ഇളേത് എന്ന സത്യഗ്രഹിയുടെ രണ്ട് കണ്ണിലും പച്ച ചുണ്ണാമ്പ് എഴുതി. ചിറ്റടത്ത് ശങ്കരപിള്ളയെന്നയാൾ മർദ്ദനഫലമായി മരിച്ചു, കേരളത്തിലെ ആദ്യത്തെ സമരരക്തസാക്ഷിയായി.

വൈക്കം സത്യാഗ്രഹ ത്തിലെ നേതാക്കൾ

ഈ ഘട്ടത്തിൽ ജോർജ് ജോസഫ് ഉപദേശം തേടി കൊണ്ട് മഹാത്മഗാന്ധിക്ക് കമ്പിയടിച്ചു: "വൈക്കം സത്യഗ്രഹം ഒരു പുതിയ ഘട്ടവിശേഷത്തെ പ്രാപിച്ചിരിക്കുന്നു. ഗവൺമെന്റ് അറസ്റ്റ് നിർത്തിയിരിക്കുന്നു. സത്യഗ്രഹികൾ നിരാഹാരന്മാരായി റോഡിൽ ഇരിക്കുകയാണ്. സത്യഗ്രഹികൾ ഇനിയും അങ്ങനെ തന്നെ തുടരാൻ തയ്യാറായിരിക്കുകയാണ്. അടിക്കടി മറുപടി അത്യാവശ്യം"

ഗാന്ധിജിയുടെ മറുപടി: "ഉപവാസം ഒഴിവാക്കുക, എന്നാൽ അറസ്റ്റിലാകുന്നത് വരെ സമർപ്പണത്തോടെ ജാഥകൾ സംഘടിപ്പിക്കുക  അല്ലെങ്കിൽ കുത്തിയിരിപ്പ് സത്യഗ്രഹം തുടരുക. നിങ്ങൾ ക്ഷമയോടിരിക്കുക. മഹാരാജാവിനേയും ദിവാനേയും നിവേദനവുമായി പോയി കാണണം; കാരണം ഒരു നാട്ടുരാജ്യത്തിലാണ് നിങ്ങൾ. ഈ പ്രസ്ഥാനത്തോട് ആനുകൂല്യമുള്ള യാഥാസ്ഥിതിക ഹിന്ദുക്കളുടെ ഒരു ഭീമ ഹർജി തയ്യാറാക്കണം. നിങ്ങളെ എതിർക്കുന്നവരേയും പോയിക്കാണണം. സൗമ്യമായ ഈ പ്രത്യക്ഷ സമരത്തെ പല തരത്തിലും പിന്താങ്ങാവുന്നതാണ്, പ്രാഥമികമായ സത്യഗ്രഹ സമരം കൊണ്ടു തന്നെ. പ്രശ്നത്തിലേക്ക് പൊതുജന ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിരിക്കുന്നു. ക്ഷമകേടു കൊണ്ട് അത് ഇനി ഹിംസാപരമായി തീരാതെയും താനേ നശിച്ചു പോകാതെയും സൂക്ഷിക്കുക"

തിരുവിതാംകൂറിലെ റസിഡന്റ് സി ഡബ്ള്യു കോട്ടൻ അന്ന് മദ്രാസിലെ ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ ഇങ്ങനെ എഴുതി," ജോസഫിനെ വൈക്കത്ത് നിന്ന് അകറ്റി നിറുത്താമെങ്കിൽ ഈ പ്രസ്ഥാനം മിക്കവാറും തകർന്നടിയും. മറ്റ് നേതാക്കൾക്കൊന്നും ലക്ഷ്യബോധമോ പ്രചോദനമോ ഉണ്ടെന്ന് തോന്നുന്നില്ല.”

1924 ഏപ്രിൽ 11 ന് ജോർജ് ജോസഫ് അറസ്റ്റ് ചെയ്യപ്പെടുകയും ആറ് മാസത്തെ തടവിന് വിധിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയക്കപ്പെടുകയും ചെയ്തു. പോകുന്നതിനു മുൻപ് ജോർജ് ജോസഫ് ഗാന്ധിജിക്ക് കമ്പിയടിച്ചു, "ഞാൻ അറസ്റ്റിലായി. സത്യഗ്രഹം തുടരണം. പൊതുജന പിന്തുണയും സന്നദ്ധപ്രവർത്തകരും യഥേഷ്ടം. നേതൃത്വം മാത്രം മതി.  ദേവദാസിനേയോ (ഗാന്ധിയുടെ നാലാമത്തെ പുത്രൻ ദേവദാസ് ഗാന്ധി) മഹാദേവിനേയോ അയക്കുക (മഹാദേവ് ദേശായി - ഗാന്ധിയുടെ സെക്രട്ടറി) ഭാര്യ ചെങ്ങന്നൂരിലാണ്. അനുഗ്രഹങ്ങൾ വേണം !"

പക്ഷേ, ആ കമ്പിക്ക് മറുപടിയുണ്ടായില്ല.

ടി കെ മാധവൻ, കെ പി കേശവമേനോൻ, കെ കേളപ്പൻ, സെബാസ്റ്റ്യൻ, എ കെ  പിള്ള, കൃഷ്ണസ്വാമി അയ്യർ എന്നീ സത്യാഗ്രഹത്തിലെ പ്രധാനികൾക്കൊപ്പം ഒരേ സെല്ലിൽ തിരുവനന്തപുരത്ത് ജയിലിൽ ജോർജ് ജോസഫ് കഴിഞ്ഞു.

ജയിലിൽ വൈക്കം സത്യഗ്രഹത്തിന്റെ എറ്റവും പ്രധാനിയായ നേതാവ് ടി കെ മാധവനുമായി നടത്തിയ അഭിമുഖത്തിൽ ഒരു പത്ര പ്രതിനിധി ചോദിച്ചു : മിസ്റ്റർ ജോർജ് ജോസഫിന് സുഖം തന്നെയോ?

മാധവൻ: " അതേ, അദ്ദേഹത്തിന് സുഖമാണ്. സദാ പ്രസന്നനായ അദ്ദേഹത്തിന്റെ പ്രസന്നത സൂര്യപ്രകാശം പോലെ ഞങ്ങളെയെല്ലാം പ്രസന്നരാക്കി. എന്റെ സ്നേഹിതന്മാരെയെല്ലാം കായികാഭ്യാസം ചെയ്യിപ്പിക്കയാണ് അദ്ദേഹത്തിന്റെ പണി. മിസ്റ്റർ കേശവമേനോനും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു കഴിഞ്ഞു. അദേഹം ഞങ്ങളുടെ ക്ലാസിലെ ഡ്രിൽ മാസ്റ്ററാണ്. എങ്കിലും തൂക്കത്തിൽ അഞ്ചു റാത്തൽ കുറവുണ്ട്. അതേ പറ്റി ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ തൂക്കത്തിൽ 5 റാത്തൽ കുറഞ്ഞെങ്കിലും ആത്മബലം 10 റാത്തൽ കൂടിയിട്ടുണ്ടെന്ന് പറഞ്ഞു. ഇങ്ങനെയുണ്ടോ ഒരു പ്രസന്നത!"

എന്നാൽ കാര്യങ്ങൾ പിന്നീട് നീങ്ങിയത്  ജോർജ് ജോസഫ് കണക്കുകൂട്ടിയതു പോലെയല്ലായിരുന്നു. 1924 മെയ് 17 ന് മഹാത്മാ ഗാന്ധി ഹിന്ദു പത്രത്തിനു നൽകിയ അഭിമുഖത്തിൽ സത്യഗ്രഹത്തിന്റെ ദിശ വേറെയൊരു വഴിക്കു പോകുകയാണെന്ന സൂചനയായിരുന്നു.

“സത്യാഗ്രഹികളെന്ന, ജയിൽവാസം വരിച്ച ക്രിസ്ത്യാനികളും മുസ്ലിങ്ങളുമായ അനുഭാവികളെ പ്രേരിപ്പിക്കാൻ എനിക്ക് സാധിക്കുമെങ്കിൽ ഞാനവരോട് ഒരു കാര്യമാവശ്യപ്പെടും. സത്യഗ്രഹം അനുഷ്ഠിച്ചത് തെറ്റായിപ്പോയി എന്ന് അവർ അധികാരികളോട് ഏറ്റ് പറയണം. കാരണം തൊട്ടു കൂടാത്തവരായ ഹിന്ദുക്കൾക്ക് വേണ്ടിയാണ് അവർ ജയിലിൽ പോയത്.''

ഇതിന്റെ തുടക്കം , അഹമ്മദാബാദിൽ നിന്നായിരുന്നു. ആദ്യ ഘട്ടത്തിൽ സത്യഗ്രഹത്തെ ആശീർവദിച്ച ഗാന്ധിയുടെ നിലപാടിൽ മാറ്റം വന്നു. ഒരു  ഹൈന്ദവ പ്രശ്നത്തിൽ അഹിന്ദുക്കൾ ഇടപെടേണ്ട എന്ന വാദം ഗാന്ധിജി മുന്നോട്ട് വച്ചു. "വൈക്കത്തെ സംബന്ധിച്ചിടത്തോളം, നിങ്ങൾ ഹിന്ദുക്കളെയാണ് ഈ ജോലി ചെയ്യാൻ അനുവദിക്കേണ്ടത്. സ്വയം ശുദ്ധീകരിക്കേണ്ടത് അവരാണ്. നിങ്ങൾക്ക്  നിങ്ങളുടെ പേന കൊണ്ടു സഹായിക്കാം. തീർച്ചയായും സത്യഗ്രഹം വഴിയല്ല.” 

നാഗ്പൂരിലെ കോൺഗ്രസ് പ്രമേയത്തെ പരാമർശിക്കുകയാണെങ്കിൽ, തൊട്ടുകൂടായ്മയുടെ ശാപം നീക്കാൻ അത് ഹിന്ദു അംഗങ്ങളോടാണ് ആവശ്യപ്പെടുന്നത്, ജോർജ് ജോസഫിനയച്ച കത്തിൽ ഗാന്ധിജി വ്യക്തമാക്കി.

ഗാന്ധിജിയുടെ നിലപാട് മാറിയതിനു പിന്നിൽ  സർദാർ കെ.എം. പണിക്കരായിരുന്നു. വൈക്കം സത്യഗ്രഹത്തിൽ ഏർപ്പെടുന്നത് ഒന്നുകിൽ ആ നിഷേധം കൊണ്ട് സങ്കടം അനുഭവിക്കുന്നവരോ അല്ലെങ്കിൽ അവരുടെ അവകാശങ്ങളെ തടയുന്ന ഉയർന്ന ജാതിക്കാരോ വേണമെന്നും അല്ലാതെ ക്രിസ്ത്യാനികൾ മുതലായവർക്ക് ഇതിൽ പങ്കെടുക്കാൻ അവകാശമില്ലെന്നും കാണിച്ച്  പണിക്കർ മദ്രാസിലെ പത്രങ്ങളിൽ ഒരു പ്രസ്താവനയും നൽകി. എന്നാൽ കേരള കോൺഗ്രസ് കമ്മിറ്റി ഇത് തള്ളിക്കളയുകയും കമ്മിറ്റി സെക്രട്ടറി രാമുണ്ണി മേനോൻ കെ എം പണിക്കരെ വിമർശിച്ച് കൊണ്ട് ഒരു മറുപടി പ്രസിദ്ധീകരിക്കുകയും ചെയ്തു.

കെ എം പണിക്കർ അതങ്ങനെ വെറുതെ വിടാൻ തയ്യാറായിരുന്നില്ല. തന്റെ പ്രസ്താവനയും കേരള ഘടകത്തിന്റെയും മറുപടിയും അദ്ദേഹം ഗാന്ധിജിക്ക് അയച്ചു കൊടുത്തു. അഹിന്ദുക്കൾ വൈക്കം സത്യഗ്രഹത്തിൽ നേതൃത്വസ്ഥാനം വഹിക്കുകയാണെങ്കിൽ ഗാന്ധിജി അതിന് സഹായം ചെയ്തു കൊടുക്കരുതെന്നും വാദിച്ചു. "ക്ഷേത്രപ്രവേശനം ഒരു മതപരമായ അവകാശമാണ്. വൈക്കം സത്യഗ്രഹസമയത്ത് ജോർജ് ജോസഫ് ജയിലിൽ പോയപ്പോൾ ഞാൻ അദ്ദേഹത്തിന് തെറ്റുപറ്റിയെന്ന് പറഞ്ഞയച്ചു.  അദ്ദേഹം എന്നോട് യോജിച്ചു, മാപ്പ് പറയുകയും ചെയ്തു," 1932 ജനുവരി 30ന്  യങ് ഇന്ത്യയിൽ ഗാന്ധിജി എഴുതി.

എന്നാൽ ജോർജ് ജോസഫ് ഇതിന് മറുപടിയായി ഇന്ത്യൻ സോഷ്യൽ റിഫോർമറിൽ എഴുതി. "വൈക്കം സത്യഗ്രഹത്തിന് ക്ഷേത്രപ്രവേശനവുമായി ഒരു ബന്ധവുമില്ല, അയിത്തജാതിക്കാർ പൊതുവഴിയിലൂടെ പോകുന്നത് തടയണമോ എന്നതായിരുന്നു വിഷയം. കാരണം റോഡ് ക്ഷേത്രത്തിന്റെ പരിസരത്തായിരുന്നു."

വൈക്കം സത്യഗ്രഹം പൗരസ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടുള്ളതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഒരു ക്ഷേത്രത്തിന്റെ സമീപമുള്ള റോഡുകളായതു കൊണ്ട് അതു വഴി നടക്കാൻ ഒരു വിഭാഗത്തെ അനുവദിക്കാതിരിക്കുന്നത് പൗരാവകാശ ലംഘനമാണ്. ക്ഷേത്ര പ്രവേശനമല്ല കാതലായ പ്രശ്നം. ഇത് ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും എല്ലാവരുടെയും പ്രശ്നമാണ്.

സത്യഗ്രഹവുമായി ബന്ധപ്പെട്ട് , കാര്യങ്ങൾ ചർച്ച ചെയ്യാൻ കേരളത്തിലെ  കോൺഗ്രസ് പാർട്ടി ഡെലിഗേഷൻ അലഹാബാദിലെ സബർമതി ആശ്രമത്തിൽ ഗാന്ധിജിയെ കാണനെത്തി. കുറൂർ നമ്പൂതിരിപ്പാടും, കെ മാധവൻ നായരുമായിരുന്നു അംഗങ്ങൾ. ഡെലിഗേഷനോട് അഹിന്ദുക്കൾക്ക് വൈക്കം സത്യാഗ്രഹത്തിൽ സ്ഥാനമില്ലെന്ന് ഗാന്ധിജി ഉറപ്പിച്ചു പറഞ്ഞു. അതോടെ, വൈക്കം സത്യാഗ്രഹത്തിന്റെ നേതൃത്വ നിരയിൽ നിന്ന് ബാരിസ്റ്റർ ജോർജ് ജോസഫ് എന്ന പേര് നീക്കം ചെയ്യപ്പെട്ടു.

അപ്രതീക്ഷിതമായ ഈ തീരുമാനത്തിൽ ജോർജ് ജോസഫ് വ്രണിത ഹൃദയനായി. ഉറച്ച ദേശീയ വാദിയും സാമൂഹിക പരിവർത്തനങ്ങളിൽ പുരോഗമനാശയങ്ങൾ മുറുകെ പിടിക്കുകയും ചെയ്ത പാരമ്പര്യമുള്ള തന്നെ  ജനിച്ച മതത്തിന്റെ പേരിൽ പൊതുധാരയിൽ വ്യത്യസ്തനാണെന്ന് മുദ്രകുത്തിയിരിക്കുന്നു. അത് അദ്ദേഹത്തിന് പൊറുക്കാനാവാത്ത ഒന്നായിരുന്നു. ഈ തീരുമാനത്തിനെതിരെ കെ പി കേശവമേനോനൊഴിച്ച് ഒരു നേതാവും ശബ്ദമുയർത്തിയില്ല. കേശവമേനോനാകട്ടെ തികച്ചും മാനുഷിക പ്രശ്നമായാണ്  ഇതിനെ കണ്ടത്. ജോർജ് ജോസഫിനെ ഒഴിവാക്കുന്നതിൽ തന്റെ എതിർപ്പ് പരസ്യമായി പ്രകടപ്പിച്ച ഏക നേതാവും അദ്ദേഹമായിരുന്നു. പക്ഷേ, പിന്തുണയ്ക്കാൻ ആരുമുണ്ടായില്ല. അപ്രതീക്ഷിതമായ ഈ സംഭവങ്ങളുടെ കീഴ് മറച്ചിലുകളിൽ മനം നൊന്ത് ജോർജ് ജോസഫ്  വൈക്കം സത്യഗ്രഹരംഗത്തു നിന്നു നിഷ്ക്രമിച്ചു.

പിന്നീട് കോൺഗ്രസിൽ നിന്ന് വിട്ട് പോയി കോൺഗ്രസ് പാർട്ടി പിളർന്ന് സ്വരാജ് പാർട്ടിയുണ്ടായതും അത് വരെ, തുടർന്നു വന്ന നയങ്ങളിൽ നിന്ന് കോൺഗ്രസ് വ്യതിചലിക്കാൻ തുടങ്ങിയതും ജോർജ് ജോസഫിനെ അസ്വസ്ഥനാക്കി. അദേഹം കോൺഗ്രസിൽ നിന്ന് രാജി വെച്ചു. 

അസ്പൃശ്യർക്ക് വേണ്ടി ഗാന്ധിജി നയിച്ച പോരാട്ടങ്ങളിൽ ആദ്യത്തേതാണ് വൈക്കം സത്യഗ്രഹം. സ്വതന്ത്ര ഇന്ത്യക്ക് വേണ്ടിയുള്ള സമൂഹത്തെ സുരക്ഷിതമാക്കാനുള്ള ഒരു  അപൂർവ്വ  യുദ്ധഭൂമിയായിരുന്നു അത്.  ജോർജ് ജോസഫിന്റെ കാര്യത്തിൽ വൈക്കം സത്യഗ്രഹമായിരുന്നു ദേശീയ സമരവുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലിലെ ഒരു വഴിത്തിരിവ്.

അദ്ദേഹത്തിന്റെ  പല ആദർശങ്ങളും  ആക്രമണത്തിന് വിധേയമായി. മതത്തെ താൽക്കാലിക കാര്യങ്ങളിൽ നിന്ന് വേർതിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം, ചിന്തയിലും പ്രവൃത്തിയിലും മതേതരത്വത്തെ പ്രോത്സാഹിപ്പിക്കൽ, സംസ്ഥാനങ്ങൾക്ക് മേൽ ശക്തമായ കേന്ദ്ര അധികാരത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം, സ്വതന്ത്ര ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ ഭാവി  ഇതെല്ലാം തന്റെ പങ്കാളിത്തം കൊണ്ട് വൈക്കം സത്യഗ്രഹത്തിൽ അടയാളപ്പെടുത്തി.

വൈക്കം സത്യഗ്രഹത്തിൽ നിന്ന് പിൻവാങ്ങിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ നടപടി കോൺഗ്രസിൽ നിന്നും രാജി വെച്ചതും, 1920ൽ ഗാന്ധിജിയെ പിന്തുടർന്ന് ഉപേക്ഷിച്ച അഭിഭാഷകവൃത്തി പുനരാരംഭിച്ചതുമാണ്. 1924 ഏപ്രിൽ 13 ന് മധുരയിൽ നിന്ന് ഇ വി രാമസ്വാമി നായ്ക്കർ എത്തി നേതൃത്വം ഏറ്റെടുത്തു. അതോടെ സമരം ആളിപ്പടർന്നു.  

മധുരയിൽ തിരികെയെത്തി തന്റെ പഴയ അഭിഭാഷക ജോലി തുടർന്ന അദ്ദഹം 1937 ൽ വീണ്ടും രാഷ്ട്രീയത്തിൽ തിരിച്ചെത്തി. കോൺഗ്രസ് ടിക്കറ്റിൽ ഇന്ത്യൻ ലെജിസ്ലേറ്റിവ് അസംബ്ലിയിൽ അംഗമായി. ഷിംലയിൽ അതിന്റെ പാർലമെന്റിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. ഏറെ താമസിയാതെ രോഗബാധിനായി മധുരയിൽ, അമേരിക്കൻ മിഷൻ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ഉയർന്ന രക്തസമ്മർദ്ദവും തുടർന്ന് വൃക്ക സംബന്ധമായ വീക്കവും അദേഹത്തെ പിടികൂടി. 1938 മാർച്ച് 5 ന് ജോർജ് ജോസഫ് അന്തരിച്ചു. അപ്പോൾ അദ്ദേഹത്തിന് വെറും 50 വയസ് മാത്രം പ്രായമുണ്ടായിരുന്നുള്ളൂ.

വിഖ്യാതനായ പത്രാധിപരും അദ്ദേഹത്തിനേറ്റവും അടുപ്പമുള്ള ഇളയ സഹോദരൻ പോത്തൻ ജോസഫ് ജോർജ് ജോസഫിന്റെ ചരമകുറിപ്പിലെഴുതി. "അദ്ദേഹം  മഹാനായ ഒരു മനുഷ്യനായിരുന്നു. മനുഷ്യ വ്യവസ്ഥിതിയിൽ , ലാഭേച്ഛയുടെ എല്ലാ അടയാളങ്ങളേയും നിസ്വാർത്ഥ സാഹസികതയുടെ ആ സഹജാവബോധം തുടച്ചുനീക്കി. അദേഹം അധിക കാലം ജീവിച്ചില്ല പക്ഷേ, ജീവിച്ചത് വലിയ ജീവിതമായിരുന്നു."

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ