PEOPLE

ഇഎംഎസ്... ജനതയ്ക്കുവേണ്ടി അസ്വസ്ഥനായ മനുഷ്യന്‍

ഇഎംഎസ്സിൻ്റെ 115 -ാം ജന്മദിനത്തിൽ അദ്ദേഹവുമായി നടത്തിയ വ്യക്തി ഇടപെടലുകളെക്കുറിച്ച് ഓർക്കുന്നു 'വ്യക്തിരേഖകൾ, സമൂഹ്യരേഖകൾ' എന്ന പംക്തിയിൽ ലേഖകൻ

കെ ബാലകൃഷ്ണൻ

ഇഎംഎസ്സിനെ കാണുന്നതിനും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കുന്നതിനും പ്രസ്താവനകളോ ലേഖനങ്ങളോ വായിക്കുന്നതിനും മുൻപ് അദ്ദേഹത്തിനെതിരായ മുദ്രാവാക്യമാണ് കേട്ടത്, തൊള്ളായിരത്തിയെഴുപതിലോ എഴുപത്തിയൊന്നിലോ. അതായത് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാകണം. വീടിനുതാഴത്തെ വയല്‍വരമ്പിലൂടെ കുറച്ചാളുകള്‍ മുദ്രാവാക്യം വിളിച്ചുപോവുകയാണ്. മുമ്പിലൊരാള്‍ കൊടി പിടിച്ചിട്ടുണ്ട്. ''കേരളനാട്ടില്‍ ക.ക.ക.കക്കന്‍ നമ്പൂരിക്ക് എന്തുകാര്യം,''എന്ന് വിളിക്കുന്നുണ്ടായിരുന്നു. തോട്ടത്തിലിരുന്ന് കളിക്കുകയായിരുന്ന ഞങ്ങള്‍ കുട്ടികള്‍ ജാതിച്ചപ്പ് (തേക്കിന്റെ ഇല) പറിച്ച് വടിയിൽ കുത്തി ജാഥ വിളിച്ചു.

'ഇ എം.എസ്സിന് ഈയം പൂശി ഇല്ലത്തേക്ക് പറഞ്ഞേക്കും' ഈയ്യം പൂശലിനെപ്പറ്റി മാത്രമല്ല, ഇഎംഎസ്സിനെപ്പറ്റിയും ആദ്യമായാണ് കേള്‍ക്കുന്നത്. അടുത്ത ദിവസം സ്‌കൂളില്‍ പോയപ്പോള്‍ മുതിര്‍ന്ന ക്ലാസിലെ ഒരു കുട്ടി വന്ന് കടംകഥയുടെ സാരം ചോദിച്ചു... കടംകഥയല്ല ചൊറിച്ചുമല്ലല്‍! ഇഞ്ചിമുള്ള് കരിമ്പുന..... നമ്പൂരി കള്ള് മൂഞ്ചി എന്നായിരുന്നു അര്‍ഥം. അതായത് കള്ള് നിഷിദ്ധമായ നമ്പൂരി- നമ്പൂരിയെന്നാല്‍ ഇഎംഎസ് കള്ളുകുടിയനാണ്!

സപ്തകക്ഷി മുന്നണി മന്ത്രിസഭ തകര്‍ന്ന് കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് വിരുദ്ധമുന്നണി അധികാരത്തിലെത്തിയ അത്യന്തം സംഘര്‍ഷഭരിതമായ രാഷ്ട്രീയകാലാസവസ്ഥയായിരുന്നു അന്ന്. അതിന്റെ അനുരണനങ്ങളാണ് കുട്ടികളുടെ ജാഥവിളിയില്‍ പോലും നിറഞ്ഞുനിന്നത്.

അധികം വൈകാതെ ഇഎംഎസ്സിനെ കണ്ടു. 1974- ഒടുവില്‍ ഇരിക്കൂര്‍ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് വന്നപ്പോഴായിരുന്നു അത്. അന്നൊന്നും കരുതിയതല്ല അദ്ദേഹവുമായി സംസാരിക്കാനും ഒപ്പം സഞ്ചരിക്കാനുമൊക്കെയാവുമെന്ന്.

ഇഎംഎസ്സിന്റെ എഴുത്ത് ആദ്യമായി വായിച്ചത് അതീവരഹസ്യമായിട്ടായിരുന്നുവെന്ന് ഇന്നോര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നാം. അടിയന്തരാവസ്ഥക്കാലം. അന്ന് നാട്ടില്‍ എല്ലാവരും സംഗമിക്കുന്ന ചായക്കടയുടെ പിന്നാമ്പുറത്ത് ചെറിയ ചെറിയ ചര്‍ച്ചായോഗങ്ങള്‍-മൂന്നോ നാലോപേര്‍ കുത്തിയിരുന്ന് നാട്ടുകാര്യങ്ങള്‍ പറയല്‍. ഉപ്പ് പത്തായത്തിന്മേലെയോ വിറകുകൂനമേലെയോ ഇരുന്നാണ് ആ കൂടിച്ചേരലുകള്‍. രാഷ്ട്രീയപ്രവര്‍ത്തനം നിഷിദ്ധമായ അക്കാലത്ത് രഹസ്യമായ പ്രവര്‍ത്തനത്തിനും ബോധവല്‍ക്കരണത്തിനും വിവരവിനിമയത്തിനുമായി സിപിഐഎം ഉപയോഗിച്ച മാര്‍ഗം രഹസ്യ കത്തുകളായിരുന്നു. ലോക്കല്‍, ബ്രാഞ്ച് തലംവരെ എത്തിച്ച കത്തുകള്‍. സൈക്ലോസറ്റൈല്‍ എന്നൊരു സംഗതിയുള്ളത് അപ്പോഴാണറിഞ്ഞത്. ഞങ്ങളുടെ പ്രദേശത്തെ അന്നത്തെ നേതാവ് രാഘവേട്ടന്‍ രഹസ്യമായി ആ കത്ത് വായിക്കാന്‍ തരും, അവിടെ വച്ചുതന്നെ വായിക്കണം. പാര്‍ട്ടി കത്തുകള്‍ മിക്കതും ഇഎംഎസ്സിന്റെ രാഷ്ട്രീയ വിശദീകരണമായിരുന്നു, പത്രത്തില്‍ പ്രസിദ്ധപ്പെടുത്താനാവാത്ത കാര്യങ്ങള്‍ കത്തിലൂടെ അറിയിക്കല്‍.

എന്നാല്‍ അക്കാലത്തും പത്രത്തിലൂടെ ഇഎംഎസ് പ്രതിരോധമുയര്‍ത്താതിരുന്നില്ല. കേരളത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നത് അക്കാലത്തായിരുന്നു. സി അച്യുതമേനോന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ്-ലീഗ്-സിപിഐ സര്‍ക്കാര്‍. അന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും ലോക്‍സഭാംഗവുമായ വയലാര്‍ രവി നടത്തിയ പ്രസ്താവനയ്ക്ക് ഇഎംഎസ് ദേശാഭിമാനിയിലൂടെ നടത്തിയ മറുപടി പ്രസ്താവന എനിക്ക് ക്ഷ പിടിച്ചു... സെന്‍സര്‍ നടത്തുന്ന ഉദ്യോഗസ്ഥന് തടയാന്‍ ന്യായം പറയാനില്ലാതെപോയ പ്രസ്താവന.

വയലാര്‍ രവി പറഞ്ഞത് സര്‍ക്കാരിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുമെന്നാണ്. ഇഎംഎസ് അതിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ''ആയുര്‍ദൈര്‍ഘ്യമാണ് മാനദണ്ഡമെങ്കില്‍ ആഘോഷം നടത്തേണ്ടത് പഞ്ചായത്ത്!.... അതില്‍ എല്ലാം അന്തര്‍ലീനമായിരുന്നുവെന്ന് ഔദ്യോഗിക സെന്‍സറായ പാവം പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥന് മനസിലാവുമോ. 1963-ല്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതികള്‍ പതിമൂന്നാം വര്‍ഷവും തുടരുകയായിരുന്നു. ആറാറുമാസം കൂടുമ്പോള്‍ ഓര്‍ഡിനന്‍സിലൂടെ പഞ്ചായത്ത് ഭരണകാലാവധി നീട്ടിക്കൊണ്ടുപോവുകയായിരുന്നു അന്ന്.

ഏതാനും ദിവസത്തിനുശേഷം മറ്റൊരു പ്രസ്താവന, നര്‍മം നിറഞ്ഞത്. സിപിഐയുടെ നേതാവും മന്ത്രിയുമായ എം എന്‍ ഗോവിന്ദന്‍ നായര്‍ സിപിഐഎം കോണ്‍ഗ്രസ്-സിപിഐ മുന്നണിയിലേക്ക് വരണമെന്ന് ക്ഷണിച്ച് പ്രസ്താവനയിറക്കി. അതിനാണ് ഇഎംഎസ്സിന്റെ മറുപടി. ഒരു കള്ളുകുടിയന്റെ രൂപകമാണ് ഇഎംഎസ് ഉപയോഗിച്ചത്. ''ആദ്യം കള്ളുഷാപ്പിന്റെ പുറകിലെ പറമ്പില്‍ ഒളിച്ചിരുന്ന് ആരെക്കൊണ്ടെങ്കിലും കള്ളു വാങ്ങിപ്പിച്ച് കൊണ്ടുവന്ന് കുടിക്കുന്നു, പിന്നെ കുറെനാള്‍ കഴിഞ്ഞ് ഷാപ്പിന്റെ പിന്നാമ്പുറത്ത് ഒളിഞ്ഞിരുന്നായി കുടി. അടുത്തഘട്ടത്തില്‍ അകത്തളത്തില്‍, പിന്നെ പുറത്ത് വരാന്തയില്‍ത്തന്നെയായി ഇരിപ്പ്. അടുത്ത ഘട്ടത്തില്‍ അതുവഴിപോകുന്നവരെ ക്ഷണിക്കാലായി, വാ ഒരു കുപ്പി കുടിച്ചിട്ടു പോകാം...'' വലതുപക്ഷ-ബൂര്‍ഷ്വാ കൂട്ടുകെട്ടില്‍ മതിമറന്ന എം എന്‍ അമ്മട്ടിലാണ് സിപിഐഎമ്മിനെ വലതുമുന്നണിയിലേക്ക് വിളിക്കുന്നതെന്നായിരുന്നു അത്. ഇങ്ങനെയെത്രയെത്ര പ്രസ്താവനകള്‍.

ഇഎംഎസിന്റെ പ്രസ്താവനകളും ലേഖനങ്ങളും ഒന്നുവിടാതെ വായിക്കുകയെന്നത് ദൃഢനിശ്ചയം തന്നെയായിരുന്നു. ശരിയായ ലോകവീക്ഷണമുണ്ടാക്കുന്നതിനും രാഷ്ട്രീയബോധ്യത്തിനും മാത്രമല്ല ചിന്താരീതിക്കും അടിത്തറപാകിയത് അങ്ങനെയാണ്. വൈരുദ്ധ്യാത്മകമായി കാര്യങ്ങളെ സമീപിക്കുന്ന രീതിശാസ്ത്രം. പില്‍ക്കാല പ്രവര്‍ത്തനങ്ങളില്‍ ആ ശൈലി ഏറെയേറെ പ്രയോജനപ്പെട്ടു.

സാഹിത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇഎംഎസ്സിന്റെ നിലപാടുകളോട് വിപ്രതിപത്തി പലപ്പോഴുമുണ്ടായിട്ടുണ്ട്. ചങ്ങമ്പുഴ, കേസരി എ ബാലകൃഷ്ണപിള്ള എന്നിവരോട് ഇഎംഎസ് സ്വീകരിച്ച നിലപാട് വലിയ തെറ്റായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. മാര്‍ക്‌സിസവും മലയാളസാഹിത്യവും എന്ന ഇഎംഎസ്സിന്റെ പുസ്തകത്തില്‍ ചങ്ങമ്പുഴയെക്കുറിച്ച് നടത്തിയ ആക്ഷേപം കണ്ടപ്പോള്‍ കടുത്ത രോഷംതന്നെയുണ്ടായി.

സാഹിത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇഎംഎസ്സിന്റെ നിലപാടുകളോട് വിപ്രതിപത്തി പലപ്പോഴുമുണ്ടായിട്ടുണ്ട്. ചങ്ങമ്പുഴ, കേസരി എ ബാലകൃഷ്ണപിള്ള എന്നിവരോട് ഇഎംഎസ് സ്വീകരിച്ച നിലപാട് വലിയ തെറ്റായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. മാര്‍ക്‌സിസവും മലയാളസാഹിത്യവും എന്ന ഇ.എം.എസ്സിന്റെ പുസ്തകത്തില്‍ ചങ്ങമ്പുഴയെക്കുറിച്ച് നടത്തിയ ആക്ഷേപം കണ്ടപ്പോള്‍ കടുത്ത രോഷംതന്നെയുണ്ടായി. ജന്മിത്തവിരുദ്ധസമരം തുടങ്ങുന്നതിന് മുൻപ് ചങ്ങമ്പുഴ എഴുതിയ 'വാഴക്കുല' എന്ന കാവ്യം കേരളത്തില്‍ പുരോഗമനപ്രസ്ഥാനത്തെ എത്രമാത്രം സഹായിച്ചുവെന്നത്, എത്ര ശക്തമായ വിപ്ലവകാവ്യമാണതെന്ന് ഇന്നാര്‍ക്കും സംശയമില്ല. എന്നാല്‍ നാല്പതുകളുടെ അന്തരാളകാലത്ത് ഇഎംഎസ്സും എം എസ് ദേവദാസും ചങ്ങമ്പുഴയെ നിന്ദിക്കുന്ന സ്ഥിതിയുണ്ടായി.

വാഴക്കുലയില്‍ ഇതിനൊക്കെ പ്രതികാരംചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍തൻ പിന്മുറക്കാര്‍ എന്നെഴുതി പിന്‍വിലിച്ച കവി പരാജയത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്, അന്നേക്ക് ശക്തിപ്രാപിച്ചുകൊണ്ടിരുന്ന ജന്മിത്തവിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നേറ്റങ്ങള്‍ കണ്ടില്ലെന്ന് ഇഎംഎസ് അക്കാലത്ത് ദേശാഭിമാനി പത്രാധിപര്‍കൂടിയായ എം എസ് ദേവദാസ് ഇഎംഎസിനെയും കടന്ന്, ചങ്ങമ്പുഴ ഒരു ചുക്കും ചെയ്യാത്ത മനുഷ്യനാണെന്നും ഫാസിസ്റ്റാണെന്നും ആരോപിച്ച് നിശിതമായും ശത്രുതാപരമായും എഴുതിക്കൊണ്ടിരുന്നു. ഇതുവായിച്ചപ്പോള്‍ രോഷാകുലനായി ഞാനൊരു ലേഖനമെഴുതി. ചങ്ങമ്പുഴ തുളുമ്പുന്ന നിറകുടം എന്ന പേരില്‍ ദേശാഭിമാനി വാരികയില്‍ സബ് എഡിറ്ററായിരുന്ന ഞാന്‍ ആ ലേഖനം വാരികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജായ സിദ്ധാര്‍ഥന്‍ പരുത്തിക്കാടിന് കൊടുത്തു. അത് അതേപടി കവര്‍‌സ്റ്റോറിയായി കൊടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. 1990ലോ 91- ആദ്യമോ ആണെന്നുതോന്നുന്നു ആ കവര്‍സ്‌റ്റോറി വന്നു. ഇഎംഎസിന്റെയും എം എസ് ദേവദാസിന്റെയും ചങ്ങമ്പുഴവിമര്‍ശത്തെ ശക്തിയായി അപലപിക്കുന്ന തരത്തിലായിരുന്നു ലേഖനം. പ്രവര്‍ത്തനരംഗം ഡെല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ ഇഎംഎസ് വൈകാതെ ദേശാഭിമാനിയുടെ പത്രാധിപരായി. ആയിടെ ഒരിക്കല്‍ ഒരു യോഗത്തില്‍വെച്ച് സ്വയം പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, ''തുളുമ്പുന്ന നിറകുടം കണ്ടു...'' ഒരു ചിരിയും...

ആയിടെയാണ് ഭാഷാപോഷിണിയുടെ ശതാബ്ദിയാഘോഷം നടന്നത്. സാഹിത്യമേഖലയില്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് പറ്റിയ പാളിച്ചയും തനിക്കടക്കം സംഭവിച്ച് പിശകും സ്വയംവിമര്‍ശപരമായി വിലയിരുത്തിക്കൊണ്ട് ഇഎംഎസ്. ഭാഷാപോഷിണി ആഘോഷത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ അലകള്‍ പതിറ്റാണ്ടുകളോളം അടിച്ചു. ചങ്ങമ്പുഴയെക്കുറിച്ച് പറഞ്ഞതില്‍ പിശകുപറ്റിയതായും മറ്റൊരു പ്രസംഗത്തിലും ലേഖനത്തിലും സമ്മതിച്ചു. വലിയ ഏറ്റുമുട്ടല്‍ നടന്ന ആ പ്രത്യേക സന്ദര്‍ഭത്തില്‍ ഇരുഭാഗത്തും പാളിച്ചകളുണ്ടായെന്നാണ് അദ്ദേഹം വ്യാഖ്യാനിച്ചത്. 'ചങ്ങമ്പുഴ തുളുമ്പുന്ന നിറകുടം' എന്ന ലേഖനം പുതുക്കി വിപുലീകരിച്ച് ദേശാഭിമാനി വാരികയില്‍ത്തന്നെ നാലുലക്കത്തിലായി പിന്നീട് പ്രസിദ്ധപ്പെടുത്തി. സാഹിത്യപ്രവര്‍ത്തകസംസഹകരണസംഘം പ്രസിദ്ധപ്പെടുത്തിയ ചങ്ങമ്പുഴ, വാന്‍ഗോഗ്, പിന്നെ ഹിറ്റ്‌ലറും എന്ന പുസ്തകത്തിന്റെ ആദ്യഭാഗം അതാണ്.

കേസരി ജീവിച്ചിരുന്നപ്പോള്‍ സോപ്പ് കുമിള, ബൂര്‍ഷ്വാ മരത്തലയന്‍ എന്നീ അധിക്ഷേപവാക്കുകളോടെ അദ്ദേഹത്തെ വിമര്‍ശിച്ച ആളാണ് ഇഎംഎസ് ചങ്ങമ്പുഴയുടെ കാര്യത്തില്‍ സംഭവിച്ച അതേ തെറ്റാണിക്കാര്യത്തിലും സംഭവിച്ചതെന്ന് കരുതാം

കേസരിയെക്കുറിച്ചാകട്ടെ അതിനുമുൻപ് തന്നെ ഇഎംഎസ് പഴയനിലപാടില്‍ മാറ്റംവരുത്തിയിരുന്നു. 1989-ല്‍ കേസരിയുടെ ജന്മശതാബ്ദിയുടെ ഭാഗമായി ദേശാഭിമാനി വാരിക ഒരു പ്രത്യേക പതിപ്പ് ഈ ലേഖകന്റെ ചുമതലയിലും മുന്‍കയ്യിലും പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അത് തൊട്ടടുത്ത ലക്കത്തിലേക്കുകൂടി നീണ്ടു. കേസരി ജീവിച്ചിരുന്നപ്പോള്‍ സോപ്പ് കുമിള, ബൂര്‍ഷ്വാ മരത്തലയന്‍ എന്നീ അധിക്ഷേപവാക്കുകളോടെ അദ്ദേഹത്തെ വിമര്‍ശിച്ച ആളാണ് ഇഎംഎസ് ചങ്ങമ്പുഴയുടെ കാര്യത്തില്‍ സംഭവിച്ച അതേ തെറ്റാണിക്കാര്യത്തിലും സംഭവിച്ചതെന്ന് കരുതാം. കേസരി ശതാബ്ദിയുടെ ഭാഗമായി കേസരിയുടെ കൃതികളില്‍ നിന്നുള്ള ഭാഗങ്ങള്‍ ചേര്‍ത്ത് കേസരിയുടെ ലോകങ്ങള്‍ എന്ന പേരില്‍ ഒരു പുസ്തകം ബ്രണ്ണന്‍ മലയാളം സമിതിയുടെ നേതൃത്വത്തിലുണ്ടായിരുന്ന അകം സമിതിയുടെ പേരില്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. എം എന്‍ വിജയന്‍ മാഷ് എഡിറ്റ് ചെയ്ത് അദ്ദേഹം തന്നെ അച്ചടിച്ചെലവ് വഹിച്ചാണത് പുറത്തിറക്കിയത്. സമിതിയുടെ പ്രവര്‍ത്തകരായ ഞങ്ങള്‍ വിവിധ ജില്ലകളില്‍പ്പോയാണ് അതിന്റെ വില്പന നിര്‍വഹിച്ചത്. തൃശൂരില്‍വച്ച് അതിന്റെ കോപ്പി ഇഎംഎസിന് നല്‍കി. നാലുദിവസത്തിനകം വിജയന്‍ മാഷക്ക് ഇഎംഎസിന്റെ കത്തുവന്നു. ''പുസ്തകം വായിച്ചു. കേസരിയുടെ വീക്ഷണങ്ങള്‍ സംബന്ധിച്ച് ഞാന്‍ ഈയിടെ പ്രകടിപ്പിച്ച അഭിപ്രായം ശ്രദ്ധിച്ചുകാണുമെന്നു കരുതുന്നു,'' എന്നായിരുന്നു എഴുത്ത്. ഇഎംഎസിനോട് അങ്ങേയറ്റം ബഹുമാനാദരങ്ങളുണ്ടായിരുന്നെങ്കിലും സാഹിത്യകാര്യങ്ങളില്‍ വലിയ വിയോജിപ്പുകളുമുണ്ടായുരുന്നു മാഷിന്. മാഷ് ആ കത്തുകാണിച്ച് ചിരിയോചിരിയോടെ പറഞ്ഞത് ഇതാണ് ഇഎമ്മിന്റെ രീതിയെന്നാണ്!

ഏതായാലും ദേശാഭിമാനി വാരികയുടെ പ്രത്യേക പതിപ്പില്‍ ഇഎമ്മിന്റെ ലേഖനം കിട്ടി. അതില്‍ കേസരിയോട് അങ്ങേയറ്റത്തെ ബഹുമാനമാണ് പ്രകടിപ്പിച്ചത്. കേരളത്തില്‍ ഇടതുപക്ഷ-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രത്യശാസ്ത്രസ്ഥാപനത്തില്‍ മുന്‍നിന്ന നായകനാണെന്ന് സൂചിപ്പിക്കുക മാത്രമല്ല, കേസരിയുടെ കൂടി ഉപദേശനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവല്‍ക്കരിച്ചതെന്ന് സാന്ദര്‍ഭികമായി പറയുന്നുമുണ്ട്, ആ അനുസ്മരണ ലേഖനത്തില്‍.

തൊണ്ണൂറുകളിലെ ഒരുദിവസം കല്ല്യാശ്ശേരിയില്‍ കെ.പി.ആര്‍ ഗോപാലന്റെ വീട്ടില്‍ ഇ.എം.എസ്. എത്തിയപ്പോള്‍. കെ.പി.ആര്‍. രയരപ്പന്‍, കെ.പി.ആര്‍.കൃഷ്ണന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ.പി.ജയരാജന്‍ എന്നിവര്‍ക്കൊപ്പം ലേഖകനെയും കാണാം

ഇഎംഎസ് ദേശാഭിമാനി ചീഫ് എഡിറ്ററായിരിക്കെ എറണാകുളം മാരുതിയില്‍ ജില്ലാ ലേഖകര്‍ക്കും പത്രാധിപസമിതി അംഗങ്ങള്‍ക്കുമായി ഒരു അക്കാദമിക് യോഗം നടത്തുകയുണ്ടായി പ്രധാനമായും പത്രഭാഷയായിരുന്നു വിഷയം. അതില്‍ അന്ന് തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടുകൂടിയായ ഏഴാച്ചേരി രാമചന്ദ്രന്റെ ഒരു ചോദ്യം ഇഎംഎസ്സിനെ പൊട്ടിച്ചിരിപ്പിച്ചു. ദേശാഭിമാനിയില്‍ അക്കാലത്ത് ചരമപേജില്‍ നിര്യാതനായി, അഥവാ നിര്യാതയായി എന്നാണ് കൊടുത്തുകൊണ്ടിരുന്നത്. മാതൃഭൂമി അക്കാലത്തേതന്നെ അന്തരിച്ചുവെന്നാണ് കൊടുത്തുപോരുന്നത്. ചരമപ്പേജിലായാല്‍പ്പോലും പ്രമുഖവ്യക്തികളുടെ ചരമവാര്‍ത്ത അന്തരിച്ചുവെന്ന് കൊടുക്കുന്നതല്ലേ ഉചിതമെന്നാണ് ഏഴാച്ചേരിയുടെ ചോദ്യം. ഇ എം എസ് പൊട്ടിച്ചിരിച്ചുകൊണ്ടാരാഞ്ഞു, ''അതെന്താ ഏഴാച്ചേരീ ഞാന്‍ മരിച്ചാല്‍ നിര്യാതനായി എന്നുകൊടുത്താല്‍പ്പോരേ... എല്ലാവരും മരിക്കുകയല്ലേ, അതിലെന്തിനാണ് ഉച്ചനീചത്വം? '' ആളുടെ പദവിക്കനുസൃതം മരണവാര്‍ത്ത കൊടുക്കുന്നത് തെറ്റാണ്, പക്ഷേ രൂഢമായിപ്പോയ കാര്യങ്ങള്‍ ഒറ്റയടിക്ക് മാറ്റാനുമാവില്ലെന്ന് അദ്ദേഹം സമാധാനവും പറഞ്ഞു.

അന്തരിച്ചുവെന്നോ നിര്യാതരായി എന്നോ സാധാരണ വ്യവഹാരഭാഷയില്‍ ഇല്ലാത്തതാണ്. ഇപ്പോഴും അതിന്റെ അര്‍ഥമറിയാത്തവര്‍ ഏറെയേറെയാണ്. പക്ഷേ മരിക്കുക മോശവും അന്തരിക്കുക നല്ലതുമെന്ന ചിന്താഗതി ശക്തമാണ്. എന്തിനധികം ദേശാഭിമാനിയും എല്ലാ ചരമത്തെയും അന്തരിപ്പാക്കി മാറ്റിയരിക്കുകയാണ്. വന്‍കിടക്കാര്‍ക്ക് മരിക്കാന്‍ ഇനി കാലംചെയ്യല്‍പോലെ വേറെന്തെങ്കിലും പദപ്രയോഗം വേണ്ടിവരും.

ഓരോ പ്രദേശത്തെയും ഉച്ചാരണത്തിനനസരിച്ചും അര്‍ഥം നോക്കിയും വേണം വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും ഉപയോഗിക്കാന്‍ എന്ന് ആ യോഗത്തില്‍ ഇഎംഎസ് ഖണ്ഡിതമായി പറഞ്ഞു. ഉദാഹരണമായി ഒരു പേരുപറഞ്ഞു. എന്‍ റാം.... രാം ആണ്, റാമല്ല എന്ന് ഇഎം വിശദീകരിച്ചു. രാമനല്ലേ, റാമനല്ലല്ലോ.... എന്ന്.

ഏതാനും മാസത്തിനുശേഷം കണ്ണൂരില്‍ ഒരു പരിപാടിക്ക് വന്നതാണ് ഇഎംഎസ് ഗസ്റ്റ്ഹൗസിലെ ഒന്നാം നമ്പര്‍ മുറിക്ക് എതിര്‍വശത്തുള്ള മുറിയിലാണ് താമസം. അവിടേക്ക് കടന്നുചെന്നപ്പോള്‍ ഇഎംഎസ് ഒരു കസേരയിലിരുന്ന് പുസ്തകവായനയിലാണ്. കുറെസമയം അവിടെ തഞ്ചിക്കളിച്ചിട്ടും ഇഎം മുഖത്തുനോക്കിയില്ല. ശ്രദ്ധ പൂര്‍ണമായും പുസ്‌കത്തില്‍. കണ്ടിട്ടുണ്ടാവില്ലെന്ന് കരുതി മെല്ലെ പുറത്തിറങ്ങാന്‍ ഭാവിച്ചപ്പോള്‍ അതാ പുസ്തകത്തില്‍നിന്ന് മുഖമുയര്‍ത്തി ഒരു ചെറുചിരി. പിന്നെ ഇത്രയും... പനാമയെന്നല്ല, പാനമയെന്നാണെഴുതേണ്ടതെന്ന് മോഹനനോട് വിളിച്ചുപറയണം.. അന്നത്തെ പത്രത്തില്‍ പാനമയിലെ എന്തോ സംഭവവമുണ്ട്. സ്ഥലപ്പേര് അന്നാട്ടിലെ ഉച്ചാരണാനുസൃതംവേണം പ്രയോഗിക്കാനെന്ന ന്യായേണ, ദേശാഭിമാനിയുടെ അന്നത്തെ റസിഡന്റ് എഡിറ്റര്‍ കെ മോഹനനോട് പറയണമെന്ന്.

കണ്ണൂര്‍ ദേശാഭിമാനിയുടെ ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസത്തിനുശേഷം ഇഎംഎസ് ഒരിക്കല്‍ക്കൂടി അവിടെ സന്ദര്‍ശനത്തനെത്തുകയുണ്ടായി. കവാടത്തില്‍ ഞങ്ങള്‍ സ്വീകരിച്ച് എഡിറ്ററുടെ മുറിയിലേക്കാനയിച്ചു. അപ്പോഴാണ് ഒരുചോദ്യം... എവിടെ ഗുണ്ടര്‍ട്ട്?. ഇഎമ്മിന്റെ പൊട്ടിച്ചിരിയും കൂടിനിന്നവരുടെ പൊട്ടിച്ചിരിയും... സഹായിയായ വി മുകുന്ദന്‍ എന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടായിരുന്നു. ജര്‍മനിയില്‍ ഗുണ്ടര്‍ട്ട് ചരമശതാബ്ദിയില്‍ പങ്കെടുത്ത ഞാന്‍ അവിടുത്തെ യാത്രാനുഭവങ്ങള്‍ ആയിടെയാണ് ദേശാഭിമാനിവാരികയില്‍ എഴുതിയത്. 'ഗുണ്ടര്‍ട്ടിന്റെ നാട്ടില്‍' എന്ന ആ പരമ്പര പൂര്‍ണമായും താന്‍വായിച്ചെന്നും വളരെ ഇഷ്ടപ്പെട്ടെന്നും ഇ എം പറഞ്ഞു. ഏതാനും മാസത്തിനകം ആ പരമ്പര ഡി സി ബുക്‌സ് പുസ്‌കമാക്കിയപ്പോള്‍ മുകുന്ദന്‍ വിളിച്ചുചോദിച്ചു, എന്താ ഇഎംഎസിന് കോപ്പി അയച്ചുകൊടുക്കാതിരുന്നതെന്ന്, ചോദിച്ചെന്നും. ഉടനെ കോപ്പി അയച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ദേശാഭിമാനി വാരികയില്‍ ഇഎംഎസ്സിന്റെ ഡയറി എന്ന പംക്തിയില്‍ അതിനെക്കുറിച്ചുള്ള വിശദമായ നിരൂപണം. എന്റെ പുസ്തകത്തിന് ഇഎംഎസ് ആസ്വാദനമെഴുതുക! ആ കുറിപ്പ് ഗുണ്ടര്‍ട്ടിന്റെ നാട്ടില്‍ പുതിയ പതിപ്പുകളില്‍ ചേര്‍ക്കുകയുണ്ടായി.

ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് ഒരു പരിപാടിക്ക് കല്യാശ്ശേരിയില്‍വന്നപ്പോള്‍ കെ പി ആറിനെ കാണാന്‍ പോയ സംഭവവും ഓര്‍മയിലുണ്ട്. അതൊരു സംഭവംതന്നെയായിരുന്നു. തൊള്ളായിരത്തി അറുപതുകള്‍ക്കുശേഷം ഇഎംഎസ്സും കെ പി ആറും തമ്മില്‍ കണ്ടിട്ടില്ല

1996-ല്‍ തിരുവനന്തപുരത്ത് ദേശാഭിമാനി ബ്യൂറോയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ആദ്യമായി ഇഎംഎസ്സിന്റെ വീട്ടില്‍പോയത്. മേലെ തമ്പാനൂരിലെ ഓടിട്ട ഒരു കൊച്ചുവീട്. ഒറ്റനില. നേരത്തെ കെഎസ്ടിഎയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് അവിടെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കേട്ടിട്ടുണ്ട്. സന്തതസഹചാരികളായ വേണുവും മുകുന്ദനും സ്ഥലത്തില്ലാത്തതിനാല്‍ മുഖപ്രസംഗം കേട്ടെഴുതിയെടുക്കാനുള്ള നിയോഗത്തോടെയാണ് ഞാനവിടെ പോയത്. വേണ്ടത്ര വെളിച്ചംകടന്നുവരാത്ത ഒരു കുടുസ്സുമുറിയിലാണ് ഇ എം അതേ മുറിയില്‍ കട്ടിലില്‍ പത്‌നി ആര്യ കിടക്കുന്നുണ്ട്. മുറിയില്‍കയറിയ ഉടന്‍തന്നെ മുൻപിലത്തെ കസേരയില്‍ ഇരിക്കാന്‍ ആംഗ്യംകാട്ടി, അടുത്തനിമിഷം മുഖപ്രസംഗം പറയാന്‍ തുടങ്ങുകയായി. കുത്ത്, കോമ, അടക്കമുള്ള ചിഹ്നങ്ങളെല്ലാം എടുത്തുപറഞ്ഞുകൊണ്ട് അങ്ങനെ പ്രവഹിക്കുകയാണ്. പറഞ്ഞുകഴിഞ്ഞശേഷം മതി എന്ന ആംഗ്യം. മുഖപ്രസംഗത്തിന് കണക്കായ വലിപ്പമായില്ലെന്നുതോന്നുന്നതായി എന്റെ സംശയപ്രകടനം. മതിമതിയെന്ന് പറഞ്ഞ് നിര്‍ത്തുകയും ചെയ്തു. ഇത്തരത്തില്‍ പിന്നെയും അവസരമുണ്ടായി.

ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് ഒരു പരിപാടിക്ക് കല്യാശ്ശേരിയില്‍വന്നപ്പോള്‍ കെപിആറിനെ കാണാന്‍ പോയ സംഭവവും ഓര്‍മയിലുണ്ട്. അതൊരു സംഭവംതന്നെയായിരുന്നു. തൊള്ളായിരത്തി അറുപതുകള്‍ക്കുശേഷം ഇഎംഎസ്സും കെപിആറും തമ്മില്‍ കണ്ടിട്ടില്ല. ഇഎംഎസ്സിനോട് കടുത്ത വിയോജിപ്പാണ് കെപിആറിനെ പാര്‍ട്ടിക്ക് പുറത്താക്കിയത്. പിന്നീട് നിരന്തരം ഇഎമ്മിനെ ആക്ഷേപിക്കുകയും പതിവായിരുന്നു. കല്യാശ്ശേരിയില്‍ വന്നപ്പോള്‍ എങ്ങനെയും കൂടിക്കാഴ്ച നടത്തിച്ചേ പറ്റൂ എന്നായി. അതിന് പ്രേരണ ചെലുത്തിയവരില്‍ ഞാനുമുണ്ടായിരുന്നു. കോടിയേരിയും ഇ പിയും ഉത്സാഹിച്ചു. കെപിആറിനെ സമ്മതിപ്പിക്കാന്‍ ശാരദ ടീച്ചറും മകള്‍ സുധയും... അങ്ങനെ അത് സംഭവിച്ചു.. എത്ര ഹൃദ്യമായിരുന്നുവെന്നോ ആ കൂടിച്ചേരല്‍. മുപ്പതോളം വര്‍ഷത്തെ അകല്‍ച്ചയക്കുശേഷമുള്ള സംഗമം. ഇരുവരും പരസ്പരം പഴയതും പുതിയതുമായ കാര്യങ്ങള്‍ പറഞ്ഞ് കൂട്ടച്ചിരി. എല്ലാവരും ചിരിക്കുന്ന ആ അനര്‍ഘനിമിഷം കെ മോഹനന്റെ ക്യാമറയില്‍ പതിഞ്ഞത് മങ്ങിയെങ്കിലും ഇപ്പോഴും ഓർമയിൽ.

ഇഎംഎസ് മരിച്ചപ്പോള്‍ എം എന്‍ വിജയന്‍ മാഷോട് ഫോണില്‍ വിളിച്ച് അനുശോചനം ചോദിച്ചപ്പോള്‍ മാഷ് പറഞ്ഞുതുടങ്ങിയത് ശ്രീ ബുദ്ധനെപ്പോലെ എന്നാണ്. ജനതയ്ക്കുവേണ്ടി അസ്വസ്ഥനായ മനുഷ്യന്‍...

ഇഎംഎസിനൊപ്പം കാറിൽ യാത്രചെയ്ത രണ്ടവസരങ്ങളും ഓര്‍മയിലെത്തുന്നു. 1995-ൽ കൊല്ലത്ത് സംസ്ഥാനസമ്മേളനം കഴിഞ്ഞശേഷമാണൊന്ന്. പാനൂരിൽ ഒരു പരിപാടിക്കായി ഇഎംഎസ് വന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇഎമ്മിനെ അനുഗമിക്കേണ്ടത്. രാവിലെ 10-നാണ് പരിപാടി. റിപ്പോര്‍ട്ട് ചെയ്യാനായി ഞാനും ഫോട്ടോഗ്രാഫര്‍ കെ മോഹനനും പോകുന്നുണ്ട്. കോടിയേരിയിൽ നിന്ന് കണ്ണൂരിൽ വന്ന് വീണ്ടും അങ്ങോട്ടുപോകണോയെന്ന സന്ദേഹം കോടിയേരിക്ക്. അങ്ങനെ അനുഗമിക്കാനുള്ള ചുമതല എനിക്കായി. അന്ന് സഹായികളായി മകുന്ദനോ വേണുവോ ഒപ്പമുണ്ടായിരുന്നില്ല. അതോ മകുന്ദന് അണ്ടലൂരിലെ വീട്ടി പോകേണ്ട എന്തോ അത്യാവശ്യം വന്നതോ എന്തോ പ്രശ്‌നം. ഇ എമ്മിനൊപ്പം ഞാനും മോഹനനും മാത്രം പാനൂര്‍വരെ. പക്ഷേ ഇ. എം അധികമൊന്നും സംസാരിച്ചതേയില്ല. എന്തോ രണ്ടോ മൂന്നോ വാചകങ്ങള്‍ മാത്രം. പിന്നീടൊരിക്കൽ തിരുവനന്തപുരത്തുനിന്നാണ് ആ അവസരമുണ്ടായത്. പത്രപ്രവര്‍ത്തകനായ എസ് ചന്ദ്രമോഹനന്റെ വിവാഹം. ചന്ദ്രമോഹനന്‍ അന്ന് തിരുവനന്തപുരത്ത് ദേശാഭിമാനിയിൽ സബ് എഡിറ്ററാണ്. വിജെടിഹാളിൽ നടക്കുന്ന വിവാഹച്ചടങ്ങിൽ ഇഎംഎസും പങ്കെടുക്കുന്നുണ്ട്. കൈപിടിച്ച് നടക്കാന്‍ കൂടെപ്പോകാന്‍ ആ ഞായറാഴ്ച മറ്റാരുമുണ്ടായിരുന്നില്ല. ആഹ്ളാദാവേശങ്ങളോടെ ആ ചുമതലയേറ്റെടുത്തു.

ഇഎംഎസ് മരിച്ചപ്പോള്‍ എം എന്‍ വിജയന്‍ മാഷോട് ഫോണില്‍ വിളിച്ച് അനുശോചനം ചോദിച്ചപ്പോള്‍ മാഷ് പറഞ്ഞുതുടങ്ങിയത് ശ്രീ ബുദ്ധനെപ്പോലെ എന്നാണ്. ജനതയ്ക്കുവേണ്ടി അസ്വസ്ഥനായ മനുഷ്യന്‍...

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി