PEOPLE

സി പി രാമചന്ദ്രന്റെ നേട്ടങ്ങളും സംഭാവനകളും; ഓർമ്മയിൽ എട്ടമാമ

സി പി രവീന്ദ്രൻ

ഒരു കാലത്ത് ഡൽഹിയിലെ മുൻനിര പത്രപ്രവർത്തകരിൽ ഒരാളും അതിന് ശേഷം മാധ്യമങ്ങളിൽ ഒട്ടേറെ തവണ എഴുതപ്പെട്ടൊരു വ്യക്തിത്വത്തിന്‍റെ ഉടമയുമായിരുന്ന സി പി രാമചന്ദ്രന്റെ നേട്ടങ്ങളും സംഭാവനകളും എന്താണ്? എന്തുകൊണ്ടാണ് മരിച്ചിട്ട് 26 കൊല്ലങ്ങൾ കഴിഞ്ഞിട്ടും, ഒരു പുസ്തകം പോലും സ്വന്തം പേരിൽ ഇല്ലാത്ത, ഡൽഹി വിട്ടതിനുശേഷം പത്രമാസികകളിൽ നിന്ന് അകലം പ്രാപിച്ച്, ഒരു ഗ്രാമപ്രദേശത്ത് ഒതുങ്ങിക്കൂടി ജീവിച്ചുപോന്നിരുന്ന സി പി ഇന്നും ഓർക്കപ്പെടുന്നത്?

ശ്രീരാഗത്തിലെ ഉമ്മറം കഴിഞ്ഞുള്ള തളത്തിൽ, കുടുംബത്തിലെ മിക്കവരും ഒന്നിച്ചുകൂടുമ്പോൾ നടക്കുന്ന ഈ രാത്രിചർച്ചകൾക്ക് തുടക്കമിട്ടത് എട്ടമാമ തന്നെയായിരുന്നു ഒരു കാലത്ത്

എട്ടമാമ എന്ന് ഞങ്ങൾ മരുമക്കൾ വിളിച്ചിരുന്ന സി പി രാമചന്ദ്രൻ, വളരെ കാലത്തോളം ജോലി ചെയ്തിരുന്ന ഡൽഹിയിലെ ഇംഗ്ലീഷ് പത്രത്തിൽ നിന്ന് 1986 ൽ വിരമിച്ചശേഷം, വിശ്രമജീവിതത്തിനായി സ്വയം തിരഞ്ഞെടുത്ത പറളിയിലെ സഹോദരിയുടെ ശ്രീരാഗം എന്നുപേരുള്ള വീട്ടിൽ ഈ അടുത്തകാലത്ത് നടന്നൊരു രാത്രി ചർച്ചയിലാണ് ഈ വിഷയം പൊന്തിവന്നത്.

ശ്രീരാഗത്തിലെ ഉമ്മറം കഴിഞ്ഞുള്ള തളത്തിൽ, കുടുംബത്തിലെ മിക്കവരും ഒന്നിച്ചുകൂടുമ്പോൾ നടക്കുന്ന ഈ രാത്രിചർച്ചകൾക്ക് തുടക്കമിട്ടത് എട്ടമാമ തന്നെയായിരുന്നു ഒരു കാലത്ത്. പത്രപ്രവർത്തകനായിരിക്കുമ്പോൾ, അവധിക്കാലം ആഘോഷിക്കാനായി ഒന്നോ, രണ്ടോ കൊല്ലങ്ങൾ കൂടുമ്പോൾ ശ്രീരാഗത്തിൽ വന്നിരുന്നിപ്പോഴൊക്കെ ഈ രാത്രിപരിപാടി സ്ഥിരമായി അരങ്ങേറിയിരുന്നു. ദാർശനികവും ഭൗതികവും ആനുകാലികവുമായ പല സംഗതികളും അവിടെ സംസാരവിഷയങ്ങൾ ആകുമായിരുന്നു.

എട്ടമാമയും മറ്റുചില മുതിർന്ന കുടുംബാംഗങ്ങളും ഓൾഡ് മോങ്ക് നുണച്ചും കുട്ടികളടക്കമുള്ളവർ അതൊന്നും കൂടാതെയും പങ്കെടുക്കാറുള്ള ഈ കൂടിച്ചേരലുകൾ ചൂടായ വാദപ്രതിവാദങ്ങൾക്ക് വഴിയൊരുക്കുമായിരുന്നു. ഒന്നിനും ഒരു സമവായവുമില്ലാതെ, പലപ്പോഴും അർദ്ധരാത്രിക്കപ്പുറം ഈ ചർച്ചകൾ നീണ്ടുപോകും. അന്നത്തേതുപോലെതന്നെ, ഈ ചോദ്യത്തിനും ശരിക്കുള്ളൊരു ഉത്തരം കിട്ടാതെയാണ് ഈയിടെ നടന്ന ആ രാത്രിചർച്ചയും അവസാനിച്ചത്. നമ്മളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും എന്ന് കരുതുന്നത് ഒരു വ്യാമോഹമാണ്. അതുമാത്രമല്ല, ചിലപ്പോൾ ഒരു ചോദ്യത്തിന് തന്നെ പല ഉത്തരങ്ങളും ഉണ്ടെന്നും വരാം.

1942-ൽ തുടർന്ന് പഠിക്കാനുള്ള സാമ്പത്തികശേഷി കുടുബത്തിനില്ലാത്തതിനാൽ 19-ാമത്തെ വയസ്സിൽ റോയൽ നേവിയിൽ ചേരാനുള്ള പരീക്ഷ എഴുതാൻ തീരുമാനിക്കുകയായിരുന്നു എട്ടമാമ.

ആഴത്തിലുള്ള വായനയുടെയും, വിവിധ ജീവിതാനുഭവങ്ങളിലൂടെയും പകർന്നുകിട്ടിയ വീക്ഷണങ്ങൾ ഏട്ടമാമ പറയുന്ന വാക്കുകൾക്ക് അവയുടെ അക്ഷരാർത്ഥത്തിനപ്പുറം ഒരു പുതുതലം കൊടുക്കുന്നുണ്ടെന്ന് എനിക്ക് പഴയകാല രാത്രിചർച്ചകളിൽ പലപ്പോഴും തോന്നിയിരുന്നു.

പാലക്കാട് ഗവണ്മെന്റ് വിക്റ്റോറിയ കോളജിൽ നിന്ന് ഇന്റർമീഡിയറ്റ് കഴിഞ്ഞ്, 1942-ൽ തുടർന്ന് പഠിക്കാനുള്ള സാമ്പത്തികശേഷി കുടുബത്തിനില്ലാത്തതിനാൽ 19-ാമത്തെ വയസ്സിൽ റോയൽ നേവിയിൽ ചേരാനുള്ള പരീക്ഷ എഴുതാൻ തീരുമാനിക്കുകയായിരുന്നു എട്ടമാമ. പരീക്ഷയും ഇന്റർവ്യൂയും വളരെ നന്നായി ചെയ്തതുകൊണ്ട് ആ ചെറുപ്രായത്തിൽ ഒരു ബിരുദവുമില്ലാതെ തന്നെ നേവിയിൽ ഓഫീസർ പദവി ലഭിച്ചു.

കൊളോണിയൽ സംവിധാനത്തിനും സാമ്രാജ്യത്വത്തിനും എതിരായുള്ള 1946-ലെ നാവിക കലാപത്തിൽ പങ്കെടുക്കാനുള്ള പ്രേരണയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത് ഈ സ്വഭാവവിശേഷമായിരിക്കണം. ഇതിനെത്തുടർന്ന് ബ്രിട്ടീഷ് രഹസ്യപൊലീസിന്റെ നോട്ടപ്പുള്ളിയായി മാറിയ എട്ടമാമ ആർമിയിലേക്ക് മാറി

തുടർന്നുള്ള ബോംബയിലെ താമസം കൂടുതൽ പരന്ന വായനക്ക് സഹായമായിരിക്കണം. പക്ഷെ എട്ടമാമ ഒരിക്കലും ഒരു പുസ്തകപ്പുഴുവായിരുന്നില്ല; ചുറ്റുപാടുകളോടും, ചുറ്റുമുള്ളവരോടും വളരെ താത്പര്യത്തോടെ ഇടപഴകി ജീവിച്ചുപോന്നിരുന്ന ഒരാളായിരുന്നു എപ്പോഴും. കൊളോണിയൽ സംവിധാനത്തിനും സാമ്രാജ്യത്വത്തിനും എതിരായുള്ള 1946-ലെ നാവിക കലാപത്തിൽ പങ്കെടുക്കാനുള്ള പ്രേരണയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത് ഈ സ്വഭാവവിശേഷമായിരിക്കണം. ഇതിനെത്തുടർന്ന് ബ്രിട്ടീഷ് രഹസ്യപൊലീസിന്‍റെ നോട്ടപ്പുള്ളിയായി മാറിയ എട്ടമാമ ആർമിയിലേക്ക് മാറി. സൈനികജീവിതം അവസാനിപ്പിച്ച് 1948-ലാണ് ഒറ്റപ്പാലത്തേക്ക് പിന്നെ തിരിച്ചെത്തുന്നത്.

സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളിൽ കോളജിൽ പഠിക്കുമ്പോൾ തന്നെ ആകൃഷ്ടനായിരുന്ന എട്ടമാമ ഇതിനകം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് കൂടുതൽ അടുക്കാൻ തുടങ്ങിയിരുന്നു. സൈനിക ജീവിതത്തിന് ശേഷം മറ്റൊരു ജോലി കണ്ടുപിടിക്കുന്നതിന് പകരം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാനാണ് എട്ടമാമ ഒരുങ്ങിയത്. അത് കുടുംബത്തിന് കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമായെങ്കിലും പാർട്ടിയുടെ നിരോധന സമയത്ത് ജയിൽവാസവും അനുഭവിക്കേണ്ടിവന്നു.

എട്ടമാമയുടെ ഇംഗ്ലീഷ് പരിജ്ഞാനം കണ്ടറിഞ്ഞ് ഇഎംഎസ് ആണ്. ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പാർട്ടിപത്രമായ ക്രോസ്റോഡ്സിൽ ലേഖകനായി പോവാൻ 1953-ൽ പറയുന്നത്. ഇംഗ്ലീഷ് പത്രലോകത്ത് തന്റെ ഇടം കണ്ടെത്താനുള്ള യാത്രയുടെ തുടക്കം ഇപ്രകാരമായിരുന്നു. പാർട്ടി പ്രസിദ്ധീകരണത്തിൽ പ്രവർത്തിക്കുന്ന സമയത്ത് തന്നെ കമ്മ്യൂണിസ്റ്റ് ആശയത്തിലുള്ള ചില പൊരുത്തക്കേടുകൾ എട്ടമാമയുടെ അന്വേഷണാത്മകമായ മനസ്സിനെ മഥിക്കാൻ തുടങ്ങിയിരുന്നു.

ശങ്കേഴ്സ് വീക്കിലിയിലെ "മാൻ ഓഫ് ദി വീക്ക്" എന്ന പേരുള്ള കോളവും, “അഗസ്ത്യ” എന്ന പേരിൽ എഴുതിയിരുന്ന ഹാസ്യ ലേഖനങ്ങളും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു അക്കാലത്ത്

പാർട്ടി പ്രസിദ്ധീകരണം വിട്ട് മുഖ്യധാരാ പത്രപ്രവർത്തനത്തിലേക്ക് ചുവട് മാറുന്നത് അപ്പോഴാണ്. ആദ്യം ശങ്കേഴ്സ് വീക്കിലിയിലും പിന്നീട് ഹിന്ദുസ്ഥാൻ ടൈംസിലും പ്രവർത്തിച്ചു. ഹിന്ദുസ്ഥാൻ ടൈംസിന്‍റെ പാർലമെൻറ് ലേഖകനായി തിളങ്ങുമ്പോൾ തന്നെ ശങ്കേഴ്സ് വീക്കിലിയിൽ തന്‍റെ സ്ഥിരം കോളങ്ങൾ എട്ടമാമ എഴുതിക്കൊണ്ടിരുന്നു. ശങ്കേഴ്സ് വീക്കിലിയിലെ "മാൻ ഓഫ് ദി വീക്ക്" എന്ന പേരുള്ള കോളവും, “അഗസ്ത്യ” എന്ന പേരിൽ എഴുതിയിരുന്ന ഹാസ്യ ലേഖനങ്ങളും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു അക്കാലത്ത്. അതേസമയം, ഹിന്ദുസ്ഥാൻ ടൈംസിൽ സ്വന്തം പേരിൽ തന്നെ എഴുതിയിരുന്ന പാർലമെൻറ് വിശേഷങ്ങൾക്കും ഒരുപാട് വായനക്കാർ ഉണ്ടായിരുന്നു.

ഹിന്ദുസ്ഥാൻ ടൈംസിലെ ജോലി കഴിഞ്ഞ് നിസാമുദ്ദിൻ ഈസ്റ്റിലെ വീട്ടിലെത്തി രാത്രിനേരത്താണ് ശങ്കേഴ്സ് വീക്കിലിയിലെ കോളങ്ങൾ എഴുതിയിരുന്നത്

കോളേജ് പഠനത്തിന് ശേഷം 1971-ൽ ഞാൻ ഡൽഹിയിലെത്തുമ്പോൾ പാർലമെന്റ് ലേഖകനിൽ നിന്ന് ഹിന്ദുസ്ഥാൻ ടൈംസിന്‍റെ അസിസ്റ്റൻറ് എഡിറ്ററായി മാറിയിരുന്നു എട്ടമാമ. അപ്പോഴും ശങ്കേഴ്സ് വീക്കിലിയിൽ തന്റെ സ്ഥിരം കോളങ്ങൾ തുടരുകയും ചെയ്തിരുന്നു.

ഹിന്ദുസ്ഥാൻ ടൈംസിലെ ജോലി കഴിഞ്ഞ് നിസാമുദ്ദിൻ ഈസ്റ്റിലെ വീട്ടിലെത്തി രാത്രിനേരത്താണ് ശങ്കേഴ്സ് വീക്കിലിയിലെ കോളങ്ങൾ എഴുതിയിരുന്നത്. ജോലി കഴിഞ്ഞുവന്ന ഉടനെ ഒന്ന് കുളിച്ച്, വേഷം ഒരു ജുബ്ബയും, മുണ്ടുമാക്കി മേശപ്പുറത്ത് ഒരു ഗ്ലാസ് വിസ്കിയും വെച്ച്, ടൈപ്പ്റൈറ്റർ ഉപയോഗിച്ചുള്ള ആ കോളമെഴുത്തിന് പലപ്പോഴും സാക്ഷിയായിട്ടുണ്ട് അക്കാലത്ത് ഞാൻ. ചില ദിവസങ്ങളിൽ, കോളങ്ങൾ സ്വയം ടൈപ്പ് ചെയ്യുന്നതിനുപകരം സാമാന്യം നല്ല വലിപ്പമുള്ള കിടപ്പുമുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഉറക്കെ പറയുന്നത് പകർത്തുന്നത് എന്‍റെ ചുമതലയായിരുന്നു. പറയുന്നത് തെറ്റുകൂടാതെ പകർത്തുന്നുണ്ടോ എന്നറിയാൻ ഇടയ്ക്കിടെ എഴുതിയത് വായിച്ചുനോക്കുമായിരുന്നു ആ നടത്തത്തിനിടയിൽ.

അമ്മ ജാനകി, സഹോദരിമാർ സരോജനി, പാർവ്വതി പവനൻ, സരോജനിയുടെ ഭർത്താവ് കെ. സി. കെ. രാജ എന്നിവരോടൊപ്പം സി പി
ഏകദേശം 25 കൊല്ലത്തോളം ഹോങ്കോങ്ങിലെ ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂവിന്‍റെ എഡിറ്ററായിരുന്ന ഡെരക്ക് ഡേവിസ് എട്ടമാമയുടെ ഹിന്ദുസ്ഥാൻ ടൈംസിൽ വന്ന ലേഖനങ്ങളും, മുഖപ്രസംഗങ്ങളും മാതൃകയാക്കണമെന്ന് തന്‍റെ സ്ഥാപനത്തിലെ പത്രപ്രവർത്തകരോട് പലപ്പോഴും പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്

ആയാസരഹിതമായിരുന്നു എട്ടമാമയുടെ എഴുത്തുകളെല്ലാം. ഹിന്ദുസ്ഥാൻ ടൈംസിലെ സ്വന്തം ക്യാബിനിലിരുന്ന് പത്രത്തിലെ മുഖപ്രസംഗങ്ങൾ അവസാന നിമിഷത്തിലിരുന്ന് എഴുതുമ്പോഴും ഈ ലാഘവത്വം പ്രകടമായിരുന്നു. പലതും വായിച്ചും കൂടെ ഉള്ളവരോട് സംസാരിച്ചും സമയം പോക്കി ഓഫീസ് വിടുന്നതിന്‍റെ കുറച്ചുനേരം മുമ്പായിരുന്നു ഈ മുഖപ്രസംഗങ്ങൾ വളരെ വേഗത്തിൽ ഒറ്റയടിക്ക് എഴുതി തീർത്തിരുന്നത് പലപ്പോഴും. അവയെല്ലാം തന്നെ ലേഖനകലയുടെ ഉത്തമ ഉദാഹരണങ്ങളും ആയിരുന്നു. ഏകദേശം 25 കൊല്ലത്തോളം ഹോങ്കോങ്ങിലെ ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂവിന്‍റെ എഡിറ്ററായിരുന്ന ഡെരക്ക് ഡേവിസ് എട്ടമാമയുടെ ഹിന്ദുസ്ഥാൻ ടൈംസിൽ വന്ന ലേഖനങ്ങളും, മുഖപ്രസംഗങ്ങളും മാതൃകയാക്കണമെന്ന് തന്റെ സ്ഥാപനത്തിലെ പത്രപ്രവർത്തകരോട് പലപ്പോഴും പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്.

ആയാസരഹിതമായ ആ എഴുത്തിന് പിന്നിൽ മണിക്കൂറുകളോളം നീണ്ടുള്ള ആലോചനകളും അപഗ്രഥനങ്ങളും മനസ്സിൽ നടന്നിരിക്കണം. മരണത്തിനു കുറച്ചുനേരം മുമ്പ് അവസാനമായി പറളിയിലെ വീട്ടിൽ നിന്ന് പാലക്കാട് ആശുപത്രിയിലേക്ക് എട്ടമാമയെ കൊണ്ടുപോവുമ്പോൾ അന്ന് എഴുതേണ്ട ഒരു മുഖപ്രസംഗത്തെ പറ്റി ആ അർദ്ധബോധാവസ്ഥയിലും സൂചിപ്പിച്ചിരുന്നുവെന്ന് അപ്പോൾ കൂടെയുണ്ടായിരുന്നവർ ഓർക്കുന്നു.

ഡൽഹിയിൽ ഞാൻ എത്തുമ്പോഴേക്കും എട്ടമാമ ശങ്കേഴ്സ് വീക്കിലിയിൽ ട്രെയിനിയായി എത്തിയ ജലബാല വൈദ്യയുമായുള്ള വിവാഹബന്ധം വേർപെട്ട് നിസാമുദ്ദിൻ ഈസ്റ്റിലെ വാടകവീട്ടിൽ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. ഏകദേശം ഏഴ് കൊല്ലത്തോളം ദോഹയിൽ ഒരു പത്രത്തിലേക്ക് പോവുന്നതുവരെ ആ വീട്ടിലായിരുന്നു എന്റെ താമസവും. ഡൽഹിയിലെ പേട്രിയട്ട് എന്നൊരു ദിനപത്രത്തിലായിരുന്നു ഞാൻ അക്കാലത്ത് ജോലി ചെയ്തിരുന്നത്.

സിപിയോടൊപ്പം സഹോദരിമാർ സരോജനി (right), പാർവ്വതി പവനൻ (left)

ഒറ്റയ്ക്ക് അങ്ങനെ ജീവിക്കുമ്പോഴും എട്ടമാമ അതിനെ ചൊല്ലി എന്തെങ്കിലും പരാതി പറയുകയോ പശ്ചാത്താപം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. പിന്നീട് 1986-ൽ ഹിന്ദുസ്ഥാൻ ടൈംസിൽ നിന്ന് വിരമിച്ചശേഷം ശിഷ്ടജീവിതം നയിക്കാൻ പറളിയിലെ സഹോദരിയുടെ വീടാണ് തിരഞ്ഞെടുത്തത്. അതിനുശേഷം വായന പണ്ടത്തെ പോലെതന്നെ തുടർന്നുവെങ്കിലും എഴുത്ത് സ്വയം ഒരു തീരുമാനം എടുത്തതുപോലെ, കുറച്ചിരുന്നു.

ഇരുപതാം നൂറ്റാണ്ടിലെ ചിന്തകളെയും വിചാരധാരകളെയും മാറ്റി മറിച്ച ചില പ്രഗത്ഭവ്യക്തികളെ പറ്റി ഒരു പുസ്തകം എഴുതണമെന്ന് അന്നത്തെ രാത്രിചർച്ചകളിൽ ചിലപ്പോഴൊക്കെ പറയുമായിരുന്നു. ഗൾഫിൽ നിന്ന് അവധിക്ക് വരുന്ന സമയങ്ങളിൽ മാത്രമായിരുന്നു ഇത്തരം ചർച്ചകളിൽ പങ്കെടുക്കാനുള്ള അവസരം എനിക്ക് കിട്ടിയിരുന്നത്. എഴുതാൻ ആഗ്രഹിച്ചിരുന്ന ആ പുസ്തകം സഫലീകരിക്കാത്തൊരു സ്വപ്നമായി എട്ടമാമ 1997-ൽ വിഷുവിന്‍റെ പിറ്റേ ദിവസം ഈ ലോകത്തോട് യാത്ര പറഞ്ഞു. പക്ഷേ എല്ലാ സ്വപ്നങ്ങളും നടന്നുകിട്ടണം എന്ന പ്രമാണമൊന്നുമില്ലല്ലോ. സ്വപ്നങ്ങൾ ജീവിതത്തെ കൂടുതൽ രസകരവും സമ്പന്നവും ആക്കുന്നു: അവ ഇല്ലാത്ത ജീവിതമോ ശുഷ്കവും അപൂർണവും.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം