മുൻനിര രാഷ്ട്രീയ പ്രവർത്തകർ നേരിടുന്ന തൊഴിൽപരമായ ഒരു അപകടമാണ് സ്വയം വ്യാമോഹിപ്പിക്കൽ. നിഖിൽ ചക്രവർത്തി കുറച്ചു കാലം ഒരു രാഷ്ട്രീയ പാർട്ടിയുടെ നിർവാഹകനായിരുന്നെങ്കിലും വ്യാമോഹത്തിന് പഴുതു കൊടുത്തില്ല. ഒരു പക്ഷേ, അതു കൊണ്ടായിരിക്കാം അസാമാന്യ വ്യക്തതയോടെ തൻ്റെ ആദർശങ്ങളെ പിൻതുടരാൻ അദ്ദേഹത്തിന് സാധിച്ചത്എറിക്ക് ഹോബ്സ് ബോം -ബ്രിട്ടീഷ് ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനും.
ആയിരമല്ല, പതിനായിരം ഇന്ത്യൻ രാഷ്ട്രീയത്തിലെ സംഭവകഥകൾ പറയാനും എഴുതാനും കഴിയുന്ന പത്രപ്രവർത്തകനായിരുന്നു നിഖിൽ ചക്രവർത്തി. സ്വതന്ത്ര ഇന്ത്യയിൽ പത്രപ്രവർത്തനം സംശുദ്ധമായിരുന്ന കാലത്ത് ഡൽഹിയിലെ പത്രലോകത്ത് ഒരു സ്ഥാപനമായി മാറിയ നിഖിൽ ദാ ഇന്ത്യയിലെ ഇടതുപക്ഷത്തിൻ്റെ ഒരു തലമുറയ്ക്ക് ഓർക്കാനും, അഭിമാനിക്കാനുമള്ള പേരായിരുന്നു. ഇന്ത്യൻ മനസിൻ്റെ വൈജ്ഞാനിക നവീകരണത്തിനും സമൂഹിക സംസ്കരണത്തിനുമായി അഞ്ച് പതിറ്റാണ് നീണ്ട തൻ്റെ പത്രപ്രവർത്തന ജീവിതം അദ്ദേഹം സമർപ്പിച്ചു. അക്കാലത്തെ ഏറ്റവും ആദരണീയനായ പത്രപ്രവർത്തകരിൽ ഒരാളായ അദ്ദേഹത്തെ ബുദ്ധിജീവികളും, രാഷ്ട്രീയ നേതാക്കളും സാസ്കാരിക നായകരും ബഹുമാനിച്ച് ആദരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഓർമദിനമാണ് നവംബർ 3.
1913-ൽ നവംബർ മൂന്നിന് അസമിലെ സിൽച്ചാറിലാണ് നിഖിലിൻ്റെ ജനനം. പിതാവ് കൽക്കട്ടയിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സുരേന്ദ്രനാഥ്. കൽക്കട്ടയിലെ പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദം നേടിയ നിഖിൽ ഓക്സ്ഫോർഡിലെ മെർട്ടൺ കോളേജിൽ പഠിച്ചു. അക്കാലത്ത് നിഖിലിൻ്റെ സമകാലീനരായി ഓക്സ്ഫോർഡിലുണ്ടായിരുന്ന പ്രഗൽഭരായ ഇന്ത്യൻ വിദാർത്ഥികൾ 1940 കളിലെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നെടുംതൂണുകളായ നേതാക്കന്മാരായി പിന്നീട് മാറി. ജ്യോതി ബസു, ഇന്ദ്രജിത്ത് ഗുപ്ത, രേണു ചക്രവർത്തി, ഭൂപേഷ് ഗുപ്ത, അരുൺ ബോസ്, മോഹിത് സെൻ തുടങ്ങിയവർ അവരിൽ ചിലരാണ്. കൂടാതെ ലണ്ടനിലുണ്ടായിരുന്ന പി.എൻ. ഹക്സർ, ഫിറോസ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരുമായി നിഖിൽ നല്ല ബന്ധം സ്ഥാപിച്ചു.
അക്കാലത്താണ് ഇടതുപക്ഷ ആശയങ്ങളിലേക്ക് അദ്ദേഹം ആകർഷിക്കപ്പെടുന്നത്. സ്പാനിഷ് ആഭ്യന്തരയുദ്ധവും, ബ്രിട്ടീഷ് പ്രധാനമന്ത്രി ചേംബര്‍ലൈനിൻ്റെ പ്രീണിതനയവും ഇന്ത്യയുടെ കൊളോണിയൽ അടിമത്വവും സൃഷ്ടിച്ച സങ്കീർണമായ വിചാരധാരകൾ നിഖിൽ ഉൾപ്പടെയുള്ള ഓക്സ്ഫോർഡിലെ ഇന്ത്യൻ വിദ്യാർത്ഥികളെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് നയിച്ചു. ഇന്ത്യക്കാരനായ രജനി പാം ദത്തായിരുന്നു ബ്രിട്ടനിലെ ഇടതുപക്ഷ വീക്ഷണങ്ങളുടെ ശക്തനായ സൈദ്ധാന്തികൻ’ അദ്ദേഹത്തിൻ്റെ സ്വാധീനം അളവറ്റ രീതിയിൽ അക്കാലത്ത് ചെറുപ്പക്കാരെ ആകർഷിച്ചിരുന്നു. 1935 ൽ ചരിത്രത്തിൽ ഉയർന്ന ക്ലാസ്റ്റോടെ നിഖിൽ മാസ്റ്റർ ഡിഗ്രി ജയിച്ചു. 940 ൽ ഇന്ത്യയിൽ മടങ്ങിയെത്തിയ നിഖിൽ കൽക്കട്ട സർവ്വകലാശാലയിൽ ചരിത്രം പഠിപ്പിക്കാനാരംഭിച്ചു. എന്നാൽ ചരിത്രം പഠിപ്പിക്കാനല്ല, ഇന്ത്യൻ പത്രപ്രവർത്തനത്തിലെ ചരിത്രമാകാനായിരുന്നു നിഖിൽ ചക്രവർത്തിയുടെ നിയോഗം.
1943 ലെ ബംഗാൾ ക്ഷാമ കാലത്ത് പി.സി. ജോഷിയെന്നറിയപ്പെടുന്ന പുരൺ ചന്ദ്ര ജോഷിയാണ് നിഖിൽ ചക്രവർത്തിയെ പത്രപ്രവർത്തനത്തിലേക്ക് കൊണ്ടു വന്നത്. അന്ന് പാർട്ടിയുടെ ജനറൽ സെകട്ടറിയായിരുന്ന ജോഷിയുടെ നിർദേശമനുസരിച്ച് പാർട്ടി പ്രസിദ്ധീകരണമായ ‘പീപ്പിൾസ് വാർ ‘ ൽ രണ്ട് ദശലക്ഷത്തിലധികം മനുഷ്യരുടെ ജീവനപഹരിച്ച ബംഗാളിലെ ക്ഷാമകാലത്തെ ഭീകരമായ വറുതികൾ നിഖിൽ പത്രത്തിലൂടെ ലോകത്തെ അറിയിച്ചു. പത്രപവർത്തകനെന്ന നിലയിൽ നിഖിൽ ഈ റിപ്പോർട്ടുകളിലൂടെയാണ് പത്രപ്രവർത്തനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചത്. പീപ്പിൾസ് വാറിലുടെ വിഖ്യാത ഫോട്ടോഗ്രാഫറായ സുനിൽ ജനായുടെ ഫോട്ടോകളും നിഖിലിൻ്റെ റിപ്പോർട്ടുകളും ബംഗാൾ ക്ഷാമത്തിൻ്റെ ഭീകരത ഇന്ത്യൻ ജനതയുടെ മനസ്സിൽ തട്ടിയ ദുരന്തങ്ങളായി പ്രതിഫലിച്ചു.
ആധുനിക കാലത്തെ ന്യൂസ് ക്ലിക്ക് സംഭവമുൾപ്പടെ, മാധ്യമ സ്വാതന്ത്യം ഹനിക്കുന്ന , മാധ്യമങ്ങൾ കടുത്ത ആക്രമണത്തിനിരയാവുന്ന ഇപ്പോഴത്തെ ഭരണത്തിൽ നിഖിൽ ചക്രവർത്തിയെപ്പോലെ ഒരാൾ മാധ്യമ ലോകത്തില്ലാത്തത് പത്രപ്രവർത്തന രംഗം ഇപ്പോൾ തീർച്ചയായും തിരിച്ചറിയുന്നുണ്ട്
ബംഗാൾ ക്ഷാമത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ റിപ്പോർട്ടുകളും, അക്കാലത്തെ രാഷ്ട്രീയത്തെക്കുറിച്ചുള്ള കഥകളും വ്യാഖ്യാനങ്ങളും, കോൺഗ്രസ് നേതൃത്വത്തിലെ ആഭ്യന്തര വടംവലികളെക്കുറിച്ചും അദ്ദേഹം എഴുതിയത് വളരെ ശ്രദ്ധിക്കപ്പെട്ടു. പീപ്പിൾ വാറിൽ അദ്ദേഹത്തിൻ്റെ റിപ്പോർട്ടുകൾ ശ്രദ്ധിച്ച്, വായിച്ചിരുന്ന ഒരു നേതാവായിരുന്നു ജവഹർ ലാൽ നെഹ്റു.
1942 ൽ അദ്ദേഹം ഓക്സ്ഫോർഡിൽ പഠിക്കുമ്പോൾ തന്നെ, അടുപ്പമുള്ള, ഇടതു സഹയാത്രികയായ രേണു റോയിയെ വിവാഹം ചെയ്തു. ബംഗാളിലെ പ്രശസ്തനായ ഡോക്ടർ ബി.സി. റോയിയുടെ മരുമകളായിരുന്ന രേണു റോയി . പിന്നീട് രാഷ്ട്രീയത്തിൽ സജീവമായി, രേണു ചക്രവർത്തിയെന്നറിയപ്പെട്ടു. 1952 ലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിൽ അവർ ബസിർട്ടിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞടുക്കപ്പെട്ടു. ആ സമയത്ത് തന്നെ നിഖിൽദാ തൻ്റെ പ്രവർത്തന കേന്ദ്രമായി ഡൽഹി തിരഞ്ഞെടുത്തു.
ഇന്ത്യ സ്വതന്ത്രമായിക്കഴിഞ്ഞപ്പോൾ 1948-ൽ സർക്കാർ കലാപ സാധ്യതകൾ ആരോപിച്ച് കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചു. അതോടെ ഒളിവിൽ പോയ നിഖിൽ അണ്ടർ ഗ്രൌണ്ട് പ്രവർത്തനങ്ങളിൽ മുഴുകി. പാർട്ടിയുടെ അണ്ടർ ഗ്രൌണ്ട് സംവിധാനങ്ങളുടെ ഏറ്റവും പ്രധാനിയായ സംഘാടകനായിരുന്നു അക്കാലത്ത് നിഖിൽ. ഇംഗ്ലണ്ടിലുള്ള രജനി പാം ദത്തിന് നൽകാനായി ചില പാർട്ടി രഹസ്യങ്ങളും ഒരു കത്തും തയ്യാറാക്കിയത് നിഖിൽ ചക്രവർത്തിയായിരുന്നു.
ലണ്ടനിൽ പഠിക്കാൻ പോകുന്ന മോഹിത് സെന്നായിരുന്നു ആ കത്ത് പാം ദത്തിന് കൈമാറേണ്ട ആൾ . ഈ അപകടകരമായ ഒരു ദൗത്യം അദ്ദേഹം ഏറ്റെടുത്തു. നിഖിൽ വളരെ നേർത്ത കടലാസിൽ കോഡ് ഭാഷയിൽ പാർട്ടി മിനിട്ട്സ് ടൈപ്പ് ചെയ്ത് മടക്കി ഒരു തീപ്പെട്ടിയുടെ വശത്തെ പാളികൾക്കുള്ളിൽ വെച്ചാണ് അത് മോഹിത് സെന്ന് നൽകിയത്.
രസകരമായ ഒരു കാര്യം മോഹിത് സെൻ സഞ്ചരിക്കുന്ന SS Maloja എന്ന കപ്പലിൽ മിന്നൽ പരിശോധന നടന്നാൽ തീപ്പെട്ടി കണ്ടെടുക്കും. പുക വലിക്കാത്ത മോഹിത് സെൻ എന്തിന് തീപ്പെട്ടി കൈവശം വെച്ചു എന്ന് ചോദ്യം വന്നാൽ കള്ളി വെളിച്ചത്താകും . ഒറ്റ വഴിയേ ഉള്ളൂ കപ്പലിൽ വെച്ച് പുക വലിക്കുക. അങ്ങനെ ലണ്ടനിൽ എത്തും വരെ ഒരിക്കലും പുക വലിക്കാത്ത മോഹിത് സെൻ പുകവലിച്ച് ചുമച്ച് കഷ്ടപ്പെട്ടു.
ഇന്ത്യയിലെ പാർട്ടി ലൈനിനെ കുറിച്ച് തീരുമാനിക്കാൻ സോവ്യറ്റ് യൂണിയനിൽ ജോസഫ് സ്റ്റാലിനെ കാണാൻ പോയ വിഖ്യാതമായ നാലംഗ സംഘത്തിലെ -സഖാക്കളായ അജോയ് ഘോഷ്, എസ്.എ. ഡാംഗെ, സി. രാജേശ്വര റാവു, എം. ബാസവ പുന്നയ്യ എന്നിവരുടെ യാത്രാ പദ്ധതികളും മറ്റ് സാങ്കേതികമായ സംവിധാനങ്ങളും അതീവ രഹസ്യമായി തയ്യാറാക്കിയത് നിഖിൽ ചക്രവർത്തിയായിരുന്നു. ഒരു സോവ്യറ്റ് കപ്പലിൽ തൊഴിലാളികളായി വേഷം മാറിയാണ് ഈ നാലു പേരും അവിടേക്ക് പോയത്. പ്രധാനപ്പെട്ട ഒരു ദൗത്യമായിരുന്ന അതിൻ്റെ വിശദാശങ്ങളൊന്നും തന്നെ നിഖിൽ ഒരിക്കലും വെളിപ്പെടുത്തുകയോ എഴുതുകയോ ചെയ്തില്ല.
1946 ൽ ദേശീയ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ബ്രിട്ടീഷ് അധികാരികളുടെ രഹസ്യ പദ്ധതി ( ഓപ്പറേഷൻ അസൈലം എന്ന് ഇത് അറിയപ്പെടുന്നു )ചോർത്തി പൊതുജനങ്ങളുടെ ഇടയിൽ പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് കുറച്ചു നാൾ ജയിലടച്ചു. ഇടക്കാല ഗവൺമെൻ്റിൻ്റെ പ്രതിരോധ മന്ത്രി അറിയാതെ തെക്ക് - കിഴക്കൻ ഏഷ്യയിലേക്ക് സൈന്യത്തെ അയക്കാനുള്ള ശ്രമം നിഖിൽ പുറത്ത് കൊണ്ടുവന്നതും സർക്കാരിൻ്റെ നോട്ടപ്പുള്ളിയാക്കി.
ഇന്ത്യയിൽ ആരംഭത്തിലേ, സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഉന്നതമാരുടെ ഓഫീസുകളിൽ അധികാര ദുർവിനിയോഗം തകൃതിയായി നടക്കുന്നു എന്ന് ആദ്യം പുറത്ത് കൊണ്ടുവന്ന പത്രപ്രവർത്തകനായിരുന്നു നിഖിൽ ചക്രവർത്തി
പിന്നീട് പാർട്ടി നിരോധനം നീക്കിയപ്പോൾ നിഖിൽ ആദ്യം പാർട്ടിയുടെ തന്നെ പ്രസിദ്ധീകരണമായ ‘ ക്രോസ് റോഡ്സ്ലും (1952-55 ), പിന്നീട് ന്യൂ എജിലും (1955-57) പ്രത്യേക ലേഖകനായി. ആ കാലത്ത് സ്വന്തമായി എന്തെങ്കിലും നൂതനമായ പുതിയ പദ്ധതി ചെയ്യാനുള്ള വൃഗ്രതയിലായിരുന്നു നിഖിൽ .
വാർത്തകൾക്ക് മൂർച്ചയുള്ള രാഷ്ട്രീയ വിശകലനം നൽകുക എന്ന ലക്ഷ്യത്തോടെ അക്കാലത്തെ പ്രശസ്തനായ കമ്യൂണിസ്റ്റ് പത്ര പ്രവർത്തകനായ ഡേവിഡ് കോഹനോടൊപ്പം ചേർന്ന് 1959 ൽ ഫീച്ചർ ന്യൂസ് എജൻസിയായ ‘ഇന്ത്യൻ പ്രസ്സ് എജൻസി’ സ്ഥാപിച്ചു.
ന്യൂസ് എജൻസിയുടെ വാർത്തകൾ സ്റ്റെൻസിൽ ടൈപ്പ് ചെയ്ത്. സൈക്ലോസ്റ്റൽ കോപ്പികൾ വരിക്കാരായ പത്രങ്ങൾക്ക് അയക്കുക. നേരിട്ട് നൽകുക, ടെലഗ്രാം വഴി അയയ്ക്കുക. ഇതാണ് അന്നത്തെ ന്യൂസ് ഏജൻസിയുടെ സംവിധാനം.
ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിൻ്റെ ഓഫീസ് ഭരിച്ചിരുന്നത്. എം. ഒ മത്തായി എന്ന മലയാളിയായ സ്പെഷൽ അസിസ്റ്റൻ്റായിരുന്നു. രണ്ടാം മഹാലോക മഹായുദ്ധകാലത്ത് ഇൻ്റർ നാഷ്ണൽ റെഡ് ക്രോസ് സംഘടന നാഗാലാൻ്റിലും മറ്റും ബ്ലാങ്കറ്റുകൾ സൗജന്യമായി വിതരണം ചെയ്തിരുന്നു. കഛ്റു എന്നൊരു കാശ്മീരിയായിരുന്നു ഇതിൻ്റെ മേൽനോട്ടം നടത്തിയിരുന്നത്.
ഈ കഛ്റുവിൻ്റെ സഹായിയായിരുന്നു ചെങ്ങന്നൂരുകാരനായ എം.ഒ മത്തായി. കാശ്മീരിയായ കഛ്റു വഴി മത്തായി നെഹറുവിനെ പരിചയപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിൽ ജവഹർ ലാൽ നേടാൻ പോകുന്ന പദവി എന്താണെന്ന് ദീർഘവീക്ഷണമുള്ള അയാൾക്ക് മനസിലായി. അങ്ങനെ നെഹ്റുവിനെ ചുറ്റി പറ്റി സഹായിയായി മത്തായി മാറി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ പ്രധാനമന്തി പദത്തിലെത്തിയ നെഹ്റുവിൻ്റെ പി.എം. ഓഫീസിൽ സ്പെഷൽ അസിസ്റ്റൻ്റായി അയാൾ നിയമിക്കപ്പെട്ടു. അതോടെ പി.എം. ഓഫീസ് അയാൾ അടക്കി വാഴാനാരംഭിച്ചു. അയാളുടെ അനുവാദമില്ലാതെ ഒരു ഇല പോലും പ്രധാനമന്ത്രിയുടെ ഓഫീസിൽ അനങ്ങില്ലെന്ന അവസ്ഥ സംജാതമായി. കേന്ദ്രമന്ത്രിമാർ പോലും നെഹറുവിനെ കാണാനെത്തുമ്പോൾ അയാളെ വണങ്ങാനാരംഭിച്ചു.
എം. ഒ. മത്തായിയുടെ ധാർഷ്ട്യം. വെളിവാക്കുന്ന ഒരു സംഭവം എം.കെ.കെ നായർ എഴുതിയിട്ടുണ്ട്. കേന്ദ്ര ഉരുക്ക് മന്ത്രാലയത്തിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരിക്കെ, ഔദ്യോഗിക ആവശ്യത്തിനായി പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിനെ കാണാൻ എം.കെ.കെ. നായർ തീൻ മൂർത്തി ഭവനിലെത്തി. പ്രധാനമന്ത്രിയുടെ സ്പെഷൽ അസിസ്റ്റന്റായിരുന്ന, സെക്രട്ടറി എം.ഒ. മത്തായിയുടെ മുറിയിൽ ചെന്നപ്പോൾ ‘ അന്നത്തെ ബോംബെ സംസ്ഥാന മുഖ്യമന്ത്രിയായ മൊറാർജി ദേശായി എം.ഒ. മത്തായിയുടെ മുന്നിൽ നിന്ന് സ്വകാര്യം പറയുന്നു. മത്തായി നീളമുള്ള ഹോൾഡറിൽ കൂടി സിഗരറ്റ് വലിച്ച് മൊറാർജിയുടെ മുഖത്തേക്ക് തന്നെ പുക വിടുന്നു.
ഇത് കണ്ട എം.കെ.കെ പിന്നെ വരാം എന്ന് പറഞ്ഞപ്പോൾ മത്തായി മലയാളത്തിൽ തന്നെ പറഞ്ഞു ‘ ഹെയ് അവിടെ ഇരിക്കു. ഇയാളെ ഉടനെ പറഞ്ഞു വിടാം ’ ഒരു സംസ്ഥാന മുഖ്യമന്ത്രിയെ മത്തായി കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണെങ്കിൽ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടതില്ലോ.
നെഹ്റുവിൻ്റെ വസതിയായ തീൻ മൂർത്തി ഭവനിലും അയാൾ സർവ്വാധികാരിയായിരുന്നു. ഇന്ദിരാഗാന്ധിയും ഫിറോസ് ഗാന്ധിയും തമ്മിൽ അഭിപ്രായ വത്യാസമുണ്ടായപ്പോൾ ആ ബന്ധം വഷളാക്കിയതിൽ മത്തായി നല്ല പങ്ക് വഹിച്ചു. 1959 ജനുവരിയിൽ ഇന്ത്യൻ പ്രസ് എജൻസിയിലൂടെ നിഖിൽ ചക്രവർത്തി എഴുതിയ ഒരു ലേഖനം ‘ Story of a Gadfly ’ ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് വൻ കോളിളക്കം സൃഷ്ടിച്ചു. എം. ഒ . മത്തായി പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ അഴിമതിയും അധികാര ദുർവിനിയോഗവും അക്കമിട്ട് നിരത്തിയ ആ വാർത്ത പ്രധാനമന്ത്രി ഓഫീസിൻ്റെ എല്ലാ മതിപ്പും തകരുന്നതായിരുന്നു. ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് നേരെ പരോക്ഷമായി നടന്ന ആദ്യത്തെ ആരോപണമായി ഇത് ആളിക്കത്തി. നിഖിൽ എഴുതി:-
‘A question is very often heard being asked now-a-days in the Capital: Does the Prime Minister really know all that is going on under the aegis of his Government? Honest but despairing Congressmen prefer to console themselves with the answer that obviously the Prime Minister does not.
But a question that has been coming up very rapidly in the last few months and which promises to burst into a first-class sensation any day, whether in the Press or in Parliament concerns the doings, or rather the misdoings, of a prominent member of his own staff. Although many outside New Delhi may not even have heard his name, Sri M.O. Mathai, the PMs Special Assistant, has, in the last few years, built himself up as a key man in high politics.’
സ്വന്തം അമ്മയുടെ പേരിൽ ‘ചേച്ചമ്മ ട്രസ്റ്റ് ’ രൂപീകരിച്ച് വൻകിട വൃവസായികളിൽ നിന്ന് 22 ലക്ഷം രൂപ പിരിച്ചെടുത്തതായിരുന്നു മത്തായിക്കെതിരെയുള്ള റിപ്പോർട്ടിലെ ഒരു ഗുരുതര ആരോപണം. കുളു താഴ്‌വരയിൽ അദ്ദേഹം ഒരു തോട്ടം വാങ്ങി ബിർളമാർക്ക് വിറ്റതായിരുന്നു മറ്റൊന്ന് . ഭാരിച്ച പ്രീമിയം അടക്കുന്ന വൻതുകക്കുള്ള ലൈഫ് ഇൻഷുറൻസ് മത്തായിക്കുണ്ടെന്ന് തെളിവ് സഹിതം നിഖിൽ എഴുതി.
ഏറ്റവും വിചിത്രമായ ഒരു കാര്യം മത്തായി സ്ഥാപിച്ച ചേച്ചമ്മ സ്മാരക ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി അദ്ദേഹം തന്നെയാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥന് സ്ഥാപിക്കാൻ അനുമതിയുള്ള ഒരേയൊരു കുടുംബ ട്രസ്റ്റാണിത് പരിഹസിച്ചു കൊണ്ട് നിഖിൽ എഴുതി. സർക്കാർ ജീവനക്കാരനായ മത്തായിക്ക് ഈ ട്രസ്റ്റ് ആരംഭിക്കാനും ഇതിന് പണം പിരിക്കാനും ആഭ്യന്തര മന്ത്രാലത്തിൽ നിന്നും അനുമതി വാങ്ങിയിട്ടുണ്ട്.
കമ്യൂണിസ്റ്റു പാർട്ടിയിൽ അചഞ്ചല വിശ്വാസമുണ്ടായിരുന്നെങ്കിലും വിധേയത്വമിലാതെ സ്വതന്ത്ര പത്രപ്രവർത്തനവുമായി അദ്ദേഹം മുന്നോട്ട് പോയത്
With such strong and well-laid-out contacts with Big Money, for a person to continue at a strategic post having access to the highest confidence of the nation is highly dangerous to the interests of the nation .
‘ശക്തവും സുസ്ഥിരവുമായ ബന്ധങ്ങളുള്ള ഇത്തരം ഒരു വ്യക്തി , അതും രാജത്തിൻ്റെ പരമോന്നതങ്ങളിലേക്ക് പ്രവേശനമുള്ള ഒരു വ്യക്തി ഇത്രയും തന്ത്ര പ്രധാനമുള്ള ഒരു സ്ഥാനത്ത് തുടരുന്നത് രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾക്ക് അത്യന്തം അപകടകരമാണ് ’ നിഖിൽ എഴുതി.
ഇന്ത്യൻ പ്രധാനമന്ത്രി ഓഫീസിനു നേരെയും സ്പെഷൽ അസിസ്റ്റന്റായിരുന്ന മത്തായിക്കെതിരെയും വന്ന ഗുരുതരമായ ആരോപണം പാർലിമെൻ്റിൽ വരെ എത്തി ഒച്ചപ്പാടുണ്ടാക്കി. പല എം.പിമാരും ഇതുയർത്തി ചോദ്യമുന്നയിച്ചപ്പോൾ നെഹറു വിയർത്തു. നിഖിൽ ചക്രവർത്തിയേപ്പോലെ ഒരു പത്ര പ്രവർത്തകൻ എഴുതിയത് തള്ളിക്കളയാൻ അദ്ദേഹത്തിനോ പാർട്ടിക്കോ കഴിയുമായിരുന്നില്ല. ഒടുവിൽ എം.ഒ. മത്തായിക്ക് രാജി വെയ്ക്കേണ്ടി വന്നു.
നിഖിലിൻ്റെ പത്രപവർത്തനത്തിലെ ഏറ്റവും മികച്ച മുഹൂർത്തമായിരുന്നു എം.ഒ. മത്തായി സംഭവം. സ്വതന്ത്ര ഇന്ത്യയിൽ ആരംഭത്തിലേ, സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഉന്നതമാരുടെ ഓഫീസുകളിൽ അധികാര ദുർവിനിയോഗം തകൃതിയായി നടക്കുന്നു എന്ന് ആദ്യം പുറത്ത് കൊണ്ടുവന്ന പത്രപ്രവർത്തകനായിരുന്നു നിഖിൽ ചക്രവർത്തി.
ഈ സമയത്ത് അദ്ദേഹം ഫുൾ ടൈം പത്രപ്രവർത്തകനായി മാറികഴിഞ്ഞിരുന്നു. ഈ സമയത്ത് സി.പി.ഐയുടെ ചില നിലപാടുകളുമായി നിഖിൽ വിയോജിക്കാൻ തുടങ്ങി. 1956 ൽ ഹംഗറിയിലെ സംഭവങ്ങളിൽ ക്രൂഷ്ചേവിൻ്റെ നിലപാടിലുള്ള പിൻതുണയിൽ അദ്ദേഹം വിയോജിച്ചു.
1962 ൽ ചൈനയുടെ ഇന്ത്യൻ അധിനിവേശത്തെ റഷ്യൻ പാർട്ടി പത്രമായ ‘പ്രവദ അപലപിക്കാതതിനെ പരസ്യമായി വിമർശിച്ചു. എങ്കിലും 1978 ൽ ഔദ്യോഗികമായി പാർട്ടി ബന്ധം ഒഴിയും വരെ അദ്ദേഹം നാല് പതിറ്റാണ്ട് ഇടതു പക്ഷ സഹയാത്രികനായിരുന്നു.
1962 ൽ നിഖിൽ ചക്രവർത്തി ‘ മെയിൻ സ്ട്രീം ‘ വാരിക ആരംഭിച്ചു. രാജാന്തര-ദേശീയ സംഭവങ്ങളെ വിശകലനം ചെയ്യുന്ന ഗൗരവമായ ചർച്ചകൾക്കുള്ള സ്വാധീനമുള്ള ഒരു വേദിയായി മെയിൻ സ്ട്രീം മാറി.
ഇടതുപക്ഷ ചായ്വുണ്ടെങ്കിലും, ഒരു തലമുറയുടെ മനോഭാവങ്ങളും സംവേദന ക്ഷമതയും രൂപപ്പെടുത്താൻ മെയിൻ സ്ടീം വാരിക സഹായിച്ചു. നിഖില്‍ ചക്രവര്‍ത്തിയുടെ 'മെയിന്‍ സ്ട്രീം', രമേഷ് ഥാപറുടെ 'സെമിനാര്‍', സമര്‍ സെന്‍ന്റെ 'ഫ്രോണ്ടിയര്‍', എടത്തട്ട നാരായണന്റെ 'ലിങ്ക്' തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ അറുപതുകളിലും എഴുപതുകളിലും പുരോഗമനാശയക്കാരില്‍ അളവറ്റ സ്വാധീനം ചെലുത്തിയിരുന്നു. മൂര്‍ച്ചയേറിയ രാഷ്ട്രീയ, സാമൂഹിക ചര്‍ച്ചകളും വിശകലനങ്ങളും വായനക്കാരില്‍ എത്തിക്കുന്നതില്‍ നിര്‍ണായമായ സ്ഥാനമുണ്ടായിരുന്നു ഈ പ്രസിദ്ധീകരണങ്ങള്‍ക്ക്.
നിഖിൽ ചക്രവർത്തി എഡിറ്റർ . സി.എൻ ചിത്തരഞ്ജൻ , ഒ.പി. സബർ വാൾ, കേവൽ വർമ്മ, കെ. ഉണ്ണികൃഷ്ണ വാര്യർ, ബൽരാജ് മേത്ത, പി.എൻ. ജലാലി, തുടങ്ങിയവരായിരുന്നു മെയിൻ സ്ട്രീം എഡിറ്റോറിയലിലെ പ്രമുഖർ . പിന്നീട് എത്തിയ ആലപ്പുഴക്കാരനായ പി. വിശ്വനാഥൻ ആദ്യം ഇന്ത്യാ പ്രസ് ഏജൻസിയിലും പിന്നീട് മെയിൻ സ്ട്രീമിലും പ്രവർത്തിച്ചു. പി. വിശ്വനാഥൻ പിന്നീട് ഹോങ്കോങ്ങിലേക്ക് പോയി അവിടെ ഏറ്റവും പ്രസിദ്ധനായ പത്രപ്രവർത്തകനായി. ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ, ബാങ്കോക്ക് പോസ്റ്റ് എന്നിവയിൽ പ്രവർത്തിച്ച് ഹോങ്കോങ്ങ് സ്റ്റാർഡേർഡ് ദിനപത്രത്തിൻ്റെ എഡിറ്റർ- ചീഫ് വരെയായി.
അക്കാലത്തെ പത്രപ്രവർത്തകരുടെ കിൻ്റർഗാർഡനായിരുന്ന രണ്ട് പത്ര സ്ഥാപനങ്ങളായിരുന്നു എടത്തട്ട നാരായണൻ്റെ ‘ പേട്രിയറ്റും’ നിഖിൽ ചക്രവർത്തിയുടെ ‘ മെയിൻ സ്ട്രീമും’. 80 രൂപ ശമ്പളത്തിൽ തുടങ്ങുന്ന, ഡൽഹിയിലെ പത്രപ്രവർത്തനം പ്രത്യേകിച്ച് മലയാളികളുടെ, ആരംഭിച്ചത് ഈ രണ്ട് സ്ഥാപനങ്ങളിൽ നിന്നായിരുന്നു. അവിടെ നിന്ന് പണി പഠിച്ചാൽ പിന്നീട് വൻ പത്രങ്ങളിലെക്ക് ചേക്കേറുന്ന താൽക്കാലിക ഇടമായിരുന്നു ഇവ രണ്ടും. പക്ഷേ, അവിടെ ജോലി ചെയ്തവർക്ക് ശരിക്കുള്ള പത്രപ്രവർത്തനം എന്താണെന്ന് പഠിക്കാൻ കഴിഞ്ഞു. ആ നേരായ പത്രപ്രവർത്തനത്തിൻ്റെ ഐക്കണുകളായിരുന്നു നിഖിൽ ചക്രവർത്തിയും എടത്തട്ട നാരായണനും.
സൗമ്യനായ നിഖിലിന് ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ ആരോടും വ്യക്തിബന്ധം സ്ഥാപിക്കാനും പിന്നീടത് ഊഷ്മളമായി നിലനിർത്താനും സാധിച്ചിരുന്നു. സാധാരണ പത്രക്കാരിൽ കാണാൻ കഴിയാത്ത ഒരു സവിശേഷതയാണത്.. അധികാരത്തിലിരിക്കുന്നവരെ വിദ്വേഷമോ, പ്രതികാരമോ കൂടാതെ വിമർശിക്കാനുള്ള കഴിവ് നിഖിലിനുണ്ടായിരുന്നു. ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കുമെതിരെ രൂക്ഷമായി എഴുതിയിട്ടും, അവരുടെ കാലഘട്ടത്തിൽ സർക്കാരിൻ്റെ ഉന്നതതലങ്ങളിലേക്ക് ഒരിക്കലും അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടില്ല.
അധികമാരേയും പൊറുപ്പിക്കാനോ, വിശ്വസിക്കാനോ തയ്യാറാവാത്ത വി.കെ. കൃഷ്ണമേനോൻ നിഖിൽ ചക്രവർത്തിയോട് രഹസ്യങ്ങൾ പങ്കു വെച്ചിരുന്നു. ഒരിക്കൽ മന്ത്രിയായിരിക്കെ, വി.കെ. കൃഷ്ണ മേനോൻ പ്രതിരോധ നയങ്ങളെ സംബന്ധിച്ച ചില സുപ്രധാന രഹസ്യങ്ങൾ നിഖിലിനോട് പറഞ്ഞു. പിന്നീട് കൃഷ്ണമേനോൻ പറഞ്ഞു ‘ നിഖിൽ ഇതേ കുറിച്ച് ഒരക്ഷരം ആരോടും പറയാൻ പാടില്ല. നിങ്ങളുടെ പാർട്ടിക്കാരോട് മാത്രമല്ല , രേണുവിനോട് പോലും’
നിഖിൽ മറുപടി പറഞ്ഞു. ‘കൃഷ്ണാ താങ്കളുടെ പ്രശ്നം രണ്ടാണ്. ഒരിക്കലും കമ്യൂണിസ്റ്റായില്ല. വിവാഹവും കഴിച്ചില്ല, അതുകൊണ്ട് ഞങ്ങൾ കമ്യൂണിസ്റ്റുകാർ സംഗതികൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് താങ്കൾക്ക് ഒരു ഗ്രാഹൃവുമില്ല . ഭാര്യ ഭർത്താക്കൻമാർ തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് അത്രയും പോലും വിവരമില്ല ‘
ജീവിതത്തിൽ സംസാരിച്ചതിനെക്കാൾ കൂടുതൽ ഏറെ കേട്ടവനായിരുന്നു നിഖിൽ ചക്രവർത്തി. അനുശോചന പ്രസംഗങ്ങളിൽ നേര് പറയില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അത് കൊണ്ടാകാം, ചടങ്ങിൽ പ്രസംഗങ്ങളൊന്നുമില്ല. അത് പാടില്ലെന്ന് അദ്ദേഹം നേരത്തെ മകനോട് പറഞ്ഞിരുന്നു
കമ്യൂണിസ്റ്റു പാർട്ടിയിൽ അചഞ്ചല വിശ്വാസമുണ്ടായിരുന്നെങ്കിലും വിധേയത്വമിലാതെ സ്വതന്ത്ര പത്രപ്രവർത്തനവുമായി അദ്ദേഹം മുന്നോട്ട് പോയത്. ഇടതിന് എന്ന പോലെ വലതിനും മെയിൻ സ്ട്രീമിൽ വിഷയങ്ങളിൽ ലേഖനങ്ങളിൽ സ്ഥാനം നൽകിയതും അതുകൊണ്ടായിരുന്നു. അടിയന്തരാവസ്ഥയെ സി. പി. ഐ പിൻതുണച്ചതോടെയാണ് അതിനെ അംഗീകരിക്കാതെ വിയോജിച്ച, നിഖിൽ പാർട്ടി കാർഡ് പുതുക്കാതെ അംഗത്വം അവസാനിപ്പിച്ചത്.
ഒരു ഉറച്ച ജനാധിപത്യവാദിയായ നിഖിലിന് പൗരസ്വാതന്ത്ര്യത്തിൻ മേലുള്ള ഒരു ലംഘനത്തെയും വെച്ച് പൊറുപ്പിക്കാൻ സാധ്യമല്ലായിരുന്നു. അടിയന്തരാവസ്ഥ കാലത്തെ സെൻസെർഷിപ്പിൽ ആദ്യം ലേഖനങ്ങൾ വിലക്കിയപ്പോൾ പേജിൽ ഒന്നു അച്ചടിക്കാതെ ശൂന്യമായി ഇട്ടു. സ്വാതന്ത്ര്യം ഉൽഘോഷിക്കുന്ന ടാഗോറിൻ്റെ കവിതകൾ അച്ചടിച്ചത് വിലക്കിയപ്പോൾ പ്രതിഷേധിച്ച് അദ്ദേഹം മെയിൻ സ്ട്രീമിൻ്റെ പ്രസിദ്ധീകരണം തന്നെ നിറുത്തിവെച്ചു.
രാജ്യം ഭരിക്കുന്നത് ഇടതായാലും വലതായാലും പത്രപവർത്തക സംഘടനകൾ ആരംഭിച്ച പത്ര സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ പിതാവായിരുന്നു നിഖിൽ ചക്രവർത്തി . ശരിക്കും പത്രപ്രവർത്തകരുടെ പത്രപ്രവർത്തകൻ !’ അടിയന്തരാവസ്ഥയിലെ സെൻസർ ഷിപ്പായാലും ബീഹാർ പ്രസ്സ് ബില്ലായാലും , രാജീവ് ഗാന്ധിയുടെ കാലത്തെ മാനനഷ്ട ബില്ലായാലും കുൽദീപ് നയ്യാർക്കും എച്ച്. കെ ദുവക്കുമൊപ്പം മുന്നിൽ നിന്ന് പത്ര സ്വാതന്ത്യത്തിന് വേണ്ടി സമരം നയിച്ചു.
ബോംബയിൽ തങ്ങൾക്ക് ഹിതകരമല്ലാത്ത വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ ശിവസേന ഭീഷണിപ്പെടുത്തിയപ്പോൾ നിഖിൽ ദാ ബോംബയിൽ കുതിച്ചെത്തി പുലിമടയിൽ തന്നെ ചെന്ന്,ബാൽ താക്കറെയുടെ വീടിനു മുൻപിൽ മുതിർന്ന എഡിറ്റർമാരോടൊപ്പം ധർണ്ണ നടത്തി. ജനാധിപത്യം സംരക്ഷിക്കുന്ന മാധ്യമ സ്വാതന്ത്ര്യം തടയാൻ ശ്രമിക്കുന്ന ഏത് നടപടിയേയും അദ്ദേഹം എതിർത്തു.
ആധുനിക കാലത്തെ ന്യൂസ് ക്ലിക്ക് സംഭവമുൾപ്പടെ, മാധ്യമ സ്വാതന്ത്യം ഹനിക്കുന്ന , മാധ്യമങ്ങൾ കടുത്ത ആക്രമണത്തിനിരയാവുന്ന ഇപ്പോഴത്തെ ഭരണത്തിൽ നിഖിൽ ചക്രവർത്തിയെപ്പോലെ ഒരാൾ മാധ്യമ ലോകത്തില്ലാത്തത് പത്രപ്രവർത്തന രംഗം ഇപ്പോൾ തീർച്ചയായും തിരിച്ചറിയുന്നുണ്ട്.
ബാബറി മസ്ജിദ് വിഷയത്തിലും അയോദ്ധ്യ ക്ഷേത്ര നിർമ്മാണത്തിലും രാജ്യത്തെ വർഗീയവൽക്കരിക്കുന്നതിൽ നിഖിൽദാ ആശങ്കാകുലനായിരുന്നു. തർക്കത്തിന് സൗർഹാർദപരമായ പരിഹാരത്തിനായി രാഷ്ട്രീയ നേതാക്കളേയും വിവിധ സമുദായങ്ങളിലെ തുറന്ന മനസുള്ള നേതാക്കളെ ഒരുമിപ്പിച്ച് പരിഹാരം കണ്ടെത്താൻ അദ്ദേഹം വ്യക്തിപരമായി ശ്രമിച്ചിരുന്നെങ്കിലും ഫലവത്തായില്ല.
ഇതേ കുറിച്ച് മുതിർന്ന പത്ര പ്രവർത്തകനായ എച്ച്. കെ. ദുവ ഒരിക്കൽ എഴുതി, അയോദ്ധ്യയിലേക്ക് ക്ഷേത്രം പണിയാൻ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കർസേവകർ ഇഷ്ടികകൾ കൊണ്ടുപോയിരുന്ന വേളയിൽ അന്തരീക്ഷമാകെ കലുഷമാവുകയായിരുന്നു. ഞാൻ നിഖിൽ ദായോട് ചോദിച്ചു. നിഖിൽദാ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയെന്താണ്? അനിയന്ത്രിതമായി ഇത് , ഈ രാജ്യത്ത് കുഴപ്പമുണ്ടാക്കും. മഹാത്മാഗാന്ധി ഉണ്ടെങ്കിൽ , ഈ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു ? ‘ ഓരോ കർസേവകരോടും രണ്ട് ഇഷ്ടികകൾ കൊണ്ടു പോകാൻ ഗാന്ധി ആവശ്യപ്പെടുമായിരുന്നു . ഒന്ന് ക്ഷേത്രം പണിയാനും മറ്റൊന്ന് മസ്ദിജ് നിർമ്മിക്കാനും’ നിഖിൽ ദാ പറഞ്ഞു.
ഒരു റിപ്പോർട്ടർ എന്നാണ് നിഖിൽ ദാ സ്വയം വിശേഷിപ്പിച്ചിരുന്നത്. ഒരിക്കലും നീതിരാഹിത്യമോ വസ്തുതകൾക്ക് നിരക്കാത്തതോ ആയ കാര്യങ്ങൾ മെയിൻ സ്ട്രീമിൽ അച്ചടിച്ചില്ല. വിശ്വാസത പ്രധാന മൂല്യമായി അദ്ദേഹം കരുതി. പക്ഷേ, ഒരിക്കൽ മാത്രം അത് ലംഘിക്കപ്പെട്ടു. അത് കേരളവുമായി ബന്ധപ്പെട്ടതായിരുന്നു.
വി.കെ. കൃഷ്ണ മേനോൻ ‘ സെഞ്ചറി ’യെന്നൊരു ഇംഗ്ലീഷ് വാരിക ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. അതിലെ ഒരു പത്രപ്രവർത്തകൻ ഉദ്യോഗമണ്ഡലിലെ FACT ൻ്റെ എംഡിയായ എം.കെ. കെ. നായരെ സമീപിച്ച് സ്ഥിരമായി ഫാക്റ്റിൻ്റെ ഫുൾ പേജ് പരസ്യം ആവശ്യപ്പെട്ടു. അദ്ദേഹം അത് നൽകാൻ വിസമ്മതിച്ചു. പകരം വാർഷികപ്പതിപ്പിന് ഒരു പേജ് പരസ്യം തരാമെന്ന് പറഞ്ഞു. ക്രുദ്ധനായ ആ പത്രപ്രവർത്തകൻ അതോടെ എം.കെ. കെ യുടെ ശത്രുവായി . അന്നത്തെ വ്യവസായ മന്ത്രിയായ ടി.വി. തോമസിനോട് എം. കെ. കെ നായരെയും ഫാക്റ്റിനേയും കുറിച്ച് ചില ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ടി.വി അത് അപ്പോൾത്തന്നെ അത് തള്ളിക്കളഞ്ഞു. വിവരം എം.കെ.കെ യെ അറിയിക്കുകയും ചെയ്തു.
ഒരു മാസം കഴിഞ്ഞപ്പോൾ മെയിൻ സ്ട്രീമിൽ ‘രാസവളത്തിലെ പാമ്പ് ‘എന്ന ശീർഷകത്തിൽ ഈ ആരോപണങ്ങൾ ശക്തമായ ഭാഷയിൽ ലേഖനമായി അച്ചടിച്ച വന്നു. ഈ ലേഖനം കണ്ടയുടൻ എം.കെ.കെ നായർ മാനനഷ്ടത്തിന് വാരികയുടെ എഡിറ്ററായ നിഖിൽ ചക്രവർത്തിക്ക് വക്കീൽ നോട്ടീസ് അയച്ചു. പത്ത് ലക്ഷം രൂപ ഫാക്റ്റിനും ഒരു ലക്ഷം രൂപ തനിക്കും മാനഷ്ടത്തിനുള്ള തുക തരികയോ അല്ലെങ്കിൽ വാരികയിൽ നിരുപാധികം ക്ഷമായാചനം പ്രസിദ്ധീകരിക്കുകയോ വേണമെന്ന് നോട്ടീസിലൂടെ ആവശ്യപ്പെട്ടു.
അപ്പോഴാണ് നിഖിൽ അപകടം മനസിലാക്കിയത്. എ. കെ. കെ നായരെ കുറിച്ച് ഡൽഹിയിൽ അന്വേഷിച്ചപ്പോൾ ഇത് തീക്കളിയാണെന്ന് അദ്ദേഹത്തിന് മനസിലായി. ഉടനെ നിഖിൽ തിരുവനന്തപുരത്ത് വന്ന് വ്യവസായ മന്ത്രിയായ ടി.വി. തോമസിനെ കണ്ടു. ടി വി, നിഖിലിനോട് ചോദിച്ചു. ‘ ഞാൻ വ്യവസായ മന്ത്രിയായിരിക്കെ കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഫാക്റ്റിൻ്റെ എം.ഡി യെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതിന് മുൻപ് എന്ത് കൊണ്ട് തന്നോട് ഒരു വാക്ക് പോലും ചോദിച്ചില്ല?
നിഖിൽ ലേഖനത്തിൻ്റെ കൈച്ചെഴുത്തു പ്രതി ടിവിയെ കാണിച്ചു. തനിക്ക് അടുത്തറിയാവുന്ന ഒരു എഴുത്തുകാരൻ കൂടിയായ പത്ര പ്രവർത്തകൻ നൽകിയതാണ് ഈ ലേഖനമെന്നും ‘ഉത്തമ വിശ്വസമുള്ളതിനാൽ അച്ചടിച്ച താണെന്നും ടിവിയോട് പറഞ്ഞു. പിന്നീട് ടി വി നിർദേശിച്ചതനുസരിച്ച് അടുത്ത ലക്കത്തിൽ മെയ്ൻ സ്ട്രീമിൽ ക്ഷമായാചനം പ്രസിദ്ധീകരിച്ചു. സ്ഥാനമാനങ്ങൾ ഒന്നും ഇല്ലാതെയാണ് സാർവത്രികമായ അംഗീകാരം നിഖിൽ ചക്രവർത്തിക്ക് പത്രലോകത്ത് ലഭിച്ചത്. അദ്ദേഹം ഒരു ദേശീയ പത്രത്തിൻ്റെയും എഡിറ്ററായിരുന്നില്ല. ഒരു സ്ഥാനമാനവും വഹിച്ചിരുന്നില്ല.
1990 ൽ ദേശീയ മുന്നണി ഗവൺമെൻ്റ് ആദരിച്ച 3 മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളായിരുന്നു നിഖിൽ ചക്രവർത്തി . ഇന്ത്യൻ എക്സ്പ്രസിൻ്റെ അരുൺ ശൗരി, ദി ഹിന്ദുവിൻ്റെ എൻ.റാം എന്നിവരോടൊപ്പം 1990 ൽ ദേശീയ മുന്നണി ഗവൺമെൻ്റ് അദ്ദഹത്തിന് പത്മഭൂഷൺ പദവി നൽകി ആദരിച്ചെങ്കിലും അത് വിനയപൂർവം നിരസിച്ച് അദ്ദേഹം രാഷ്ട്രപതിക്ക് കത്തെഴുതി
‘ ഇങ്ങനെയുള്ള ബഹുമതി ഗവൺമെൻ്റിൽ നിന്ന് കിട്ടുമ്പോൾ അത് ഞാൻ നിർവചിക്കുന്ന കടമയെ, അതായത് അതാതു കാലത്ത് ഭരണത്തിൽ ഇരിക്കുന്നവരെ നിക്ഷ്പക്ഷമായി വിമർശിക്കുക എന്ന ഒരു പത്രപ്രവർത്തകൻ്റെ യഥാർത്ഥ കടമ നിർവ്വഹിക്കുന്നതിൽ നിന്നും എന്നെ വഴി തെറ്റിക്കുമോ എന്ന ആശങ്കകൊണ്ടാണ് ഈ ബഹുമതി ഞാൻ നിരസിക്കുന്നത്.’
1997ൽ മരിക്കുന്നതിന് ഒരു വർഷം മുൻപ് അന്നത്തെ പ്രധാനമന്ത്രി ഐ. കെ. ഗുജറാൾ ഗവ:പ്രസാർ ഭാരതി കോർപ്പറേഷൻ്റെ ആദ്യത്തെ ചെയർമാനായി നിഖിൽ ചക്രവർത്തിയെ നിയമിച്ചു. ഗൗരവകരമായ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാൻ തുടങ്ങും മുൻപ് തൻ്റെ 85ാം വയസ്സിൽ നിഖിൽ ദാ വിടവാങ്ങി.
വിഖ്യാതനായ പോത്തൻ ജോസഫിനെപ്പോലെ, എടത്തട്ട നാരായണനേപ്പോലെ ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ അപൂർവ്വ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ദീർഘമായ തൻ്റെ അനുഭവങ്ങൾ ഒന്നും പുസ്തകമായി രേഖപെടുത്താതെയാണ് അദ്ദേഹം വിട വാങ്ങിയത്. 'മെയിൻ സ്ട്രീം' മകനായ സുമിത് ചക്രവർത്തിയുടെ നേതൃത്വത്തിൽ ഇപ്പോൾ പ്രസിദ്ധീകരണത്തിൻ്റെ 62ാം വർഷത്തിലും ഓൺലൈൻ പതിപ്പായി തുടരുന്നു.
നിഖിൽ ദാ അന്തരിച്ചു ഒരാഴ്ച കഴിഞ്ഞ് ഡൽഹിയിലെ രാജാറാം മോഹൻ റോയ് ഹാളിൽ ഒരു അനുസ്മരണം നടന്നു. അദ്ദേഹം ബ്രഹ്മസമാജ വിശ്വാസിയായിരുന്നു. ജീവിതത്തിൽ സംസാരിച്ചതിനെക്കാൾ കൂടുതൽ ഏറെ കേട്ടവനായിരുന്നു നിഖിൽ ചക്രവർത്തി. അനുശോചന പ്രസംഗങ്ങളിൽ നേര് പറയില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അത് കൊണ്ടാകാം, ചടങ്ങിൽ പ്രസംഗങ്ങളൊന്നുമില്ല. അത് പാടില്ലെന്ന് അദ്ദേഹം നേരത്തെ മകനോട് പറഞ്ഞിരുന്നു. രാഷ്ട്രപതി കെ.ആർ. നാരായണൻ ഉൾപ്പടെ ഡൽഹിയിലെ ഉന്നതർ തിങ്ങി നിറഞ്ഞ ഹാളിൽ നിഖിൽ ദായ്ക്ക് പ്രിയപ്പെട്ട രബീന്ദ്ര സംഗീതം സദസ്യരെ കേൾപ്പിച്ചു. രബീന്ദ്ര സംഗീതം മാത്രം.
‘ ഈ തീരത്ത് എൻ്റെ കാൽപ്പാടുകൾ കാണാതാകുമ്പോൾ നീ എന്നെ ഓർക്കുകയില്ല’ എന്ന വരികൾ അവിടെ പാടി.
നിഖിൽ ചക്രവർത്തിയെ അനുസ്മരിച്ച അവിടെയുള്ളവർ ആ വരികൾ നിശബ്ദമായി മനസ്സിൽ മാറ്റി പാടിയിരിക്കാം.
‘ ഈ തീരത്ത് നിൻ്റെ കാൽപ്പാടുകൾ മായുന്നില്ല - നിന്നെ ഞാൻ ഓർക്കാതാകുന്ന കാലം ഉദിക്കുന്നില്ല.’