PEOPLE

​​ പി ഭാസ്കരൻ: യുഗപ്രഭാവം

കമ്യൂണിസ്റ്റുകാരനായ പി ഭാസ്കരൻ എങ്ങനെ 1950ൽ കോഴിക്കോട് ആകാശവാണിയിലെത്തി?

ഡി പ്രദീപ് കുമാർ

സ്വാതന്ത്ര്യസമര സേനാനികൾക്ക് പടപ്പാട്ടുകളെഴുതിയ കവി. ഒൻപതുമാസം വിയ്യൂർ സെൻട്രൽ ജയിലിൽ കെ കരുണാകരൻ, സി അച്യുത മേനോൻ തുടങ്ങിയവർക്കൊപ്പം കഠിന തടവുശിക്ഷ അനുഭവിച്ച യൗവനം. കോട്ടയത്ത് സർ സി പിയുടെ രഹസ്യ പോലീസിന്റെ പിടിയിലായി,16 ദിവസം സെല്ലിലടയ്ക്കപ്പെട്ട്, ഭീകര മർദനത്തിനിരയായപ്പോഴും വിപ്ലവത്തെക്കുറിച്ചുള്ള ശോണിമയാർന്ന സ്വപ്നങ്ങളാലാകണം, ഒന്ന് ഞരങ്ങുക പോലും ചെയ്യാത്തവൻ. പുന്നപ്ര-വയലാറിൽ ആയിരങ്ങൾ വാരിക്കുന്തവുമേന്തി രണഭൂവിലിറങ്ങിയ കഥ, ലോക്കപ്പിലിരുന്ന് കേട്ട്, രക്തം തിളച്ച വിപ്ലവകാരി. ജയിൽമോചിതനായി, അവിടെയെത്തി, വെടിയുണ്ടകൾക്ക് മുന്നിൽ വിരിമാറ് കാട്ടിയവരുടെ ധീരോദാത്തമായ കഥകൾ കേട്ട്, ‘രക്തം സ്രവിക്കുന്ന ഹൃദയം കൊണ്ട്, ‘വയലാർ ഗർജ്ജിക്കുന്നു’ എഴുതിയ കമ്യൂണിസ്റ്റുകാരനായ പി ഭാസ്കരൻ എങ്ങനെ 1950ൽ കോഴിക്കോട് ആകാശവാണിയിലെത്തി?

ജി പി എസ് നായരുമായി അക്കാലത്ത് തുടങ്ങിയ ബന്ധമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്. കോഴിക്കോട് നിലയം ആരംഭിയ്ക്കുന്നതിനുള്ള സ്പെഷ്യൽ ഓഫീസറായി ജി പി എസിനെ നിയമിച്ചു

കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം പോലും നീക്കാത്ത അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തികച്ചും അവിശ്വസനീയം, ഇന്നും. പക്ഷേ, മലയാള പ്രക്ഷേപണത്തിന്റെ ആദ്യകാല സാരഥികളിൽ കമ്യൂണിസ്റ്റുകാരുടെ വലിയൊരു നിരയുണ്ടായിരുന്നു. കെ പത്മനാഭൻ നായർക്കും പി ഭാസ്കരനും പിന്നാലെ എൻ എൻ കക്കാട്, അക്കിത്തം, തിരുവനന്തപുരം നിലയത്തിൽ നാഗവള്ളി ആർ എസ് കുറുപ്പ്, ഡൽഹി വാർത്താവിഭാഗത്തിൽ ഓംചേരി എൻ എൻ പിള്ള, കോൺസ്റ്റന്റൈൻ...

പി ഭാസ്കരൻ ആകാശവാണിയിലെത്തുന്നത് മദിരാശിയിൽ നിന്നാണ്. “കോഴിക്കോട്ടെ ‘ദേശാഭിമാനി’യിൽ ആരംഭകാലത്ത് സഹപത്രാധിപരായിരുന്നു. അക്കാലത്ത് ഞാനെഴുതിയ ‘മർദ്ദിതർ’ കവിതാസമാഹാരം നിരോധിക്കപ്പെട്ടു. അപ്പോഴാണ് മദ്രാസിലെ പാർട്ടി അനുഭാവികളായ കെ പത്മനാഭൻ നായർ, എം ആർ മേനോൻ തുടങ്ങിയവർ ‘ജയകേരളം’ മാസിക ആരംഭിക്കുന്നത്. അതിൽ ഞാൻ സഹപത്രാധിപരായി ചേർന്നു”.

പി ഭാസ്കരന്റെ പ്രക്ഷേപണ ബന്ധത്തിനും തുടക്കമിട്ടത് ഇവിടെ. 1939ൽ കൊല്ലങ്കോട്ടെ സർ വാസുദേവരാജ നൽകിയ ഓണ സന്ദേശത്തോടെ മദ്രാസ് നിലയത്തിൽ നിന്ന് മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ സംഭവബഹുലമായ ചരിത്രം ആരംഭിച്ചു. അവിടെ പ്രോഗ്രാം അസിസ്റ്റന്റായി ചേർന്ന്, റേഡിയോ പ്രക്ഷേപണത്തിന്റെ കുലപതിമാരിലൊരാളായിത്തീർന്ന ജി പി എസ് നായരായിരുന്നു അതിന്‌ തുടക്കമിട്ടത്. തംബുരു ആർട്ടിസ്റ്റായി 1942ൽ കെ രാഘവൻ തുടക്കം കുറിക്കുന്നതും മദ്രാസ് നിലയത്തിൽ. അക്കാലത്ത് തന്നെ തൃശിനാപ്പള്ളിയിൽ നിന്ന് മ്യൂസിക് ആർട്ടിസ്റ്റായി ജാനമ്മ ഡേവിഡും എത്തി.1945ൽ കെ പത്മനാഭൻ നായർ സ്റ്റാഫ്ആർട്ടിസ്റ്റായി ചേർന്നു. റേഡിയോയ്ക്ക് വേണ്ടി പി ഭാസ്കരൻ പാട്ടുകളും സംഗീത ശിൽ‌പങ്ങളും എഴുതിത്തുടങ്ങി. അവ ശ്രദ്ധിക്കപ്പെട്ടു.

ജി പി എസ് നായരുമായി അക്കാലത്ത് തുടങ്ങിയ ബന്ധമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്. കോഴിക്കോട് നിലയം ആരംഭിയ്ക്കുന്നതിനുള്ള സ്പെഷ്യൽ ഓഫീസറായി ജി പി എസിനെ നിയമിച്ചു. “എന്റെ കവിതകളും പാട്ടുകളും ഇഷ്ടപ്പെട്ടിട്ടാകണം നിലയത്തിലേക്ക് എന്നെയും ക്ഷണിച്ചു. അദ്ദേത്തോടൊപ്പം മദ്രാസിൽ നിന്ന് കാറിൽ നാട്ടിലേക്ക് തിരിച്ചു."

കോഴിക്കോട് നിലയത്തിൽ സ്ക്രിപ്റ്റ് റൈറ്റർമാരായി പി ഭാസ്കരനൊപ്പം ഉറൂബും തിക്കോടിയനും നിയമിക്കപ്പെട്ടു. നിലയം ആരംഭിച്ച് ഏതാനും മാസങ്ങൾക്കകം ഡൽഹി നിലയത്തിലെ വോക്കലിസ്റ്റായിരുന്ന കെ രാഘവൻ എത്തി. തൃശൂർ പി രാധാകൃഷ്ണൻ, ബി എ ചിദംബരനാഥ്, എ കെ സി നടരാജൻ, മായാനാരായണൻ, സിലക്ഷ്മീദേവി, ഗായിക ശാന്ത പി നായർ തുടങ്ങിയവരും നിയമിക്കപ്പെട്ടു.

1950 മെയ് 14ന്‌, ഉദ്ഘാടനവേദിയിൽ തന്നെ പുള്ളുവൻപാട്ട് അവതരിപ്പിച്ച് കൊണ്ട്, നാടൻപാട്ടുകളെ മലയാള സംഗീതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന വലിയ വിപ്ലവത്തിന് കോഴിക്കോട് നിലയം തുടക്കം കുറിച്ചു. പൊതുവേദികളിൽ പ്രവേശനം പോലുമില്ലാതിരുന്ന അധഃസ്ഥിത സമുദായങ്ങളുടെ നാടൻ പാട്ടുകളും മാപ്പിളപ്പാട്ടുകളും പ്രക്ഷേപണം ചെയ്യപ്പെട്ടുതുടങ്ങി. അവയുടെ ഈണങ്ങളും ഈരടികളും ഉൾക്കൊണ്ട് ലളിതഗാനം എന്ന പുതിയൊരു  സംഗീതശാഖ പിറവിയെടുത്തു. ആ നാട്ടുഭാഷയും ഈണങ്ങളും പിന്നെ, 'നീലക്കുയിലി'ലൂടെ മലയാളികളുടെ ഹൃദയരാഗങ്ങളായി മാറി.

"അക്കാലത്ത് പി ഭാസ്ക്കരനാണ് ലളിതഗാനം എന്നൊരാശയത്തിന് വിത്തുപാകിയത്. ശാസ്ത്രീയ സംഗീതമൊഴികെ ഒന്നിനോടും താല്പര്യമില്ലാതിരുന്ന ഞാൻ അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി ലളിതസംഗീതത്തിന്റെ ചാലിൽ വന്നു വീഴുകയായിരുന്നു”
കെ രാഘവൻ

"അക്കാലത്ത് പി ഭാസ്ക്കരനാണ് ലളിതഗാനം എന്നൊരാശയത്തിന് വിത്തുപാകിയത്. ശാസ്ത്രീയ സംഗീതമൊഴികെ ഒന്നിനോടും താല്പര്യമില്ലാതിരുന്ന ഞാൻ അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി ലളിതസംഗീതത്തിന്റെ ചാലിൽ വന്നു വീഴുകയായിരുന്നു”, കെ രാഘവൻ രേഖപ്പെടുത്തി. ഒരു കമ്യൂണിസ്റ്റുകാരനെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജീവനക്കാരനാക്കിയതിനെതിരെ ശത്രുക്കൾ പരാതിപ്പെട്ടു. അതിന് പി ഭാസ്കരൻ അധികൃതർക്ക് വിശദീകരണവും നൽകിക്കൊണ്ടിരുന്നു.''നവലോകത്തിന് പാട്ടെഴുതി ,സന്തോഷവാനായി മടങ്ങിവന്ന എന്നെയും കാത്തിരുന്നത് കരാർ അവസാനിപ്പിച്ചു കൊണ്ടുള്ള കത്തായിരുന്നു. അങ്ങനെ,1953ൽ ഞാൻ പുറത്താക്കപ്പെട്ടു''.

1959-ൽ ഇറങ്ങിയ  'ഞാറ്റുവേലപ്പൂക്കൾ' എന്ന കവിതാ സമാഹാരം സമർപ്പിച്ചത് സുഹൃത്തും ട്രേഡ് യൂണിയൻ നേതാവുമായ കെ എ രാജനായിരുന്നു. ആകാശവാണിയിൽ നിന്ന് അദ്ദേഹം പുറത്താകുന്നതിന് കാരണമായത് ജയിലിൽ നിന്ന് രാജൻ അയച്ച ഒരു കത്തായിരുന്നുവത്രേ! ഇടപ്പള്ളി പോലീസ്സ്റ്റേഷൻ ആക്രമണക്കേസിൽ എം എം ലോറൻസിനും വി വിശ്വനാഥ മേനോനുമൊപ്പം ജയിലിൽ കിടക്കുകയായിരുന്നു, കെ എ രാജൻ . ചില ഉദ്യോഗസ്ഥരുമായി ചങ്ങാത്തം കൂടി, അദ്ദേഹം ഭാസ്ക്കരനുൾപ്പെടെയുള്ളവർക്ക് കത്തുകളെഴുതി, പോസ്റ്റ് ചെയ്യാനേല്പിച്ചു. കേസിലുൾപ്പെട്ടവരെ സഹായിക്കാനായി കുറച്ച് പണം ശേഖരിച്ച് ഒരാൾക്ക് നൽകണമെന്നായിരുന്നു ഉള്ളടക്കം. ആ കത്തുകളെത്തിയത് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ കൈയ്യിൽ!

പി ഭാസ്കരന്റെ കരാർ പുതുക്കി നൽകാതിരുന്നത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചതായി അന്ന് പ്രോഗ്രാം അസിസ്റ്റന്റായി ഒപ്പം പ്രവർത്തിച്ച പി പുരുഷോത്തമൻ നായർ ഓർക്കുന്നു.“പോലീസ് വെരിഫിക്കേഷനുണ്ടായിരുന്നു. സർവീസിലെത്തിയ ശേഷമായിരുന്നു അന്വേഷണം നടത്തിയത്. ജോലി നിലനിർത്താനായി, അന്ന് ലോക്സഭാംഗമായിരുന്ന അമ്മു സ്വാമിനാഥൻ മുഖേന ശ്രമിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല”. ആകാശവാണി വിട്ടതോടെ പി ഭാസ്ക്കരന്റെ സിനിമാമോഹങ്ങൾ വീണ്ടും പൂവിട്ടു. എസ് കെ പൊറ്റെക്കാട്ടിന്റെ 'പുള്ളിമാൻ' സിനിമയാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. എട്ട് - പത്ത് ഗാനങ്ങളുണ്ടായിരുന്നു അതിൽ. തന്റെ ഏറ്റവും സുന്ദരമായ ഗാനങ്ങൾ പുള്ളിമാന് വേണ്ടി എഴുതപ്പെട്ടവയാണെന്ന്‌, ഓർമകൾ മാഞ്ഞ് തുടങ്ങിയ സമയത്ത്, അദ്ദേഹം ഈ ലേഖകനോട് വേദനയോടെ പറഞ്ഞിട്ടുണ്ട്. ആ സിനിമ മുടങ്ങി.

പി ജെ ആന്റണിക്കായി കരുതി വച്ച പോസ്റ്റ്മാന്റെ റോൾ, അദ്ദേഹമെത്തിച്ചേരാഞ്ഞതിനാൽ, പി ഭാസ്ക്കരൻ തന്നെ അഭിനയിച്ചതും യാദൃച്ഛികം.' താൻ തന്നെ ആ റോൾ ചെയ്യ്' എന്ന് നിർദേശിച്ചത് ഉറൂബ്

അതിലെ പാട്ടുകൾ ചിട്ടപ്പെടുത്താൻ കെ രാഘവനെയാണ് ഏല്പിച്ചത്. സഹായിയായി എം എസ് ബാബുരാജും. രണ്ടുപേരുടെയും ആദ്യ സംരംഭം. സിനിമയ്ക്ക്‌ ട്യൂൺ കൊടുക്കാൻ തനിക്കാവില്ലെന്ന് പറഞ്ഞൊഴിഞ്ഞ രാഘവനെ, 'നമ്മളിപ്പോൾ ആകാശവാണിയിൽ ചെയ്തു കൊണ്ടിരിക്കുന്നത് പോലെ മതി' എന്ന് പറഞ്ഞ്, അദ്ദേഹം നിർബന്ധിക്കുകയായിരുന്നു. 'പുള്ളിമാൻ' രാഘവന്റെ ആകാശവാണി ജീവിതത്തിൽ ഒരു അർദ്ധവിരാമത്തിനിടയാക്കി. "തുടർന്ന് പല സിനിമകൾക്കും സംഗീതം ചെയ്യേണ്ടിവരുമെന്നുള്ള ധാരണ വല്ലാതെ ശക്തമായി. ആ മരീചികയിൽ ഭ്രമിച്ച് ജോലി രാജിവച്ചു.'' ആയിടയ്ക്ക്‌ അദ്ദേഹത്തിന്‌ പി ഭാസ്കരന്റെ ഒരു കത്ത് കിട്ടി. ഒരു ടി കെ പരീക്കുട്ടി സിനിമ എടുക്കുന്നു. "പാട്ടിന്റെ ചുമതല നമ്മൾക്കാണ്". തന്റെ നാട്ടുകാരനായ കയറ്റുമതി വ്യവസായിയെക്കൊണ്ട് സിനിമ പിടിക്കാൻ സമ്മതിപ്പിച്ചത് ബാല്യകാല സുഹൃത്തും വിദ്യാർഥി ഫെഡറേഷനിൽ സഹപ്രവർത്തകനുമായിരുന്ന രാമു വലപ്പാടായിരുന്നു.

പാട്ടെഴുതാനെത്തിയ ഭാസ്കരൻ കഥയുടെ ചർച്ചകളിലും മറ്റ് പ്രവർത്തനങ്ങളിലും സജീവമായി. രാമുവിനോട്, ഭാസ്കരനെക്കൂട്ടി സിനിമ ചെയ്യാൻ പറഞ്ഞത് പരീക്കുട്ടിയാണ്. മലയാളത്തിലെ ആദ്യത്തെ ഇരട്ട സംവിധായകർ പിറക്കുന്നതങ്ങനെയാണ് . 'കായലരികത്ത് ’ കൊച്ചിയിലെ അബ്ദുൾ ഖാദർ ഹാജിയെകൊണ്ട് പാടിക്കാനായിരുന്നു, രാഘവന്റെ തീരുമാനം. മദ്രാസിലെ സ്റ്റുഡിയോയിൽ അർധരാത്രി പാട്ട് പാടാൻ ഹാജിയെ വിളിച്ചപ്പോൾ പരീക്കുട്ടി തടഞ്ഞു, "വേണ്ട, ഈ പാട്ട് മാഷ് തന്നെ പാടണം". പി ജെ ആന്റണിക്കായി കരുതി വച്ച പോസ്റ്റ്മാന്റെ റോൾ, അദ്ദേഹമെത്തിച്ചേരാഞ്ഞതിനാൽ, പി ഭാസ്ക്കരൻ തന്നെ അഭിനയിച്ചതും യാദൃച്ഛികം.' താൻ തന്നെ ആ റോൾ ചെയ്യ്' എന്ന് നിർദേശിച്ചത് ഉറൂബ്. ‘കായലരികത്ത്’ ഗാനരംഗത്ത് അഭിനയിച്ചത് ഒരു ആകാശവാണി സഹപ്രവർത്തകനായിരുന്നു- കെ ബാലകൃഷ്ണ മേനോൻ

അക്കാലത്ത് പി ഭാസ്ക്കരനാണ് ലളിതഗാനം എന്നൊരാശയത്തിന് വിത്തുപാകിയത്. ശാസ്ത്രീയ സംഗീതമൊഴികെ ഒന്നിനോടും താല്പര്യമില്ലാതിരുന്ന ഞാൻ അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി ലളിതസംഗീതത്തിന്റെ ചാലിൽ വന്ന് വീഴുകയായിരുന്നു
കെ രാഘവൻ

1954ൽ ദേശീയതലത്തിൽ, പ്രാദേശിക ഭാഷയിലെ ഏറ്റവും നല്ല ചിത്രത്തിനുള്ള വെള്ളിമെഡൽ നേടി 'നീലക്കുയിൽ' മലയാള ചലച്ചിത്ര ചരിത്രത്തിലും സംഗീതത്തിലും ഒരു പുതിയ യുഗം തുറന്നു. കോഴിക്കോട് ആകാശവാണിയെ ആ സിനിമ മലയാളിയുടെ മനസിലും കുടിയിരുത്തി. ‘നീലക്കുയിലി’ന്റെ റെക്കാർഡിങ്ങിന് മദ്രാസിൽ പോയപ്പോൾ കെ രാഘവൻ ആകാശവാണിയിലും പോയി. അന്ന് അതിന്റെ മേധാവി ഒരു മലയാളിയായിരുന്നു -പിന്നീട് ഡയറക്ടർ ജനറലായ ഡോ. വി കെ നാരായണ മേനോൻ. അദ്ദേഹം രാഘവനെ മ്യൂസിക് അസിസ്റ്റന്റ് പ്രൊഡ്യൂസർ എന്ന പുതിയ തസ്തികയിലേക്ക് ശുപാർശ ചെയ്തു. 'നീലക്കുയിലി'ന്റെ വെള്ളിവെളിച്ചവുമായി കെ രാഘവൻ കോഴിക്കോട് ആകാശവാണിയിൽ ലളിതഗാന വിഭാഗത്തിന്റെ അസിസ്റ്റന്റ് പ്രൊഡ്യൂസറായി തിരികെ ജോലിയിൽ പ്രവേശിച്ചു. റേഡിയോയിൽ പാടി കഴിവ് തെളിയിച്ച ഒട്ടേറെപേരെ അദ്ദേഹം പിന്നണി ഗാനരംഗത്തേയ്ക്ക് കൊണ്ടുവന്നു. കോഴിക്കോട് അബ്ദുൽ ഖാദർ, ശാന്ത പി നായർ, കോഴിക്കോട് പുഷ്പ, ഗായത്രി ശ്രീകൃഷ്ണൻ, ജാനമ്മ ഡേവിഡ്, രേണുക, കെ പി ഉദയഭാനു, കെ പി ബ്രഹ്മാനന്ദൻ...

ആകാശവാണിക്കാലത്ത് ഒട്ടേറെ അടുത്ത സുഹൃത്തുക്കളെ പി ഭാസ്കരന് കിട്ടി. കെ രാഘവനുമായും എം എസ് ബാബുരാജുമായും ഗാഢമായ ആത്മബന്ധം പുലർത്തി, അദ്ദേഹം. രാമുകാര്യാട്ടിന്റെ ‘മിന്നാമിനുങ്ങാ’ണ് ബാബുരാജിന്റെ ആദ്യത്തെ ചിത്രം. ഭാസ്കരൻ എഴുതിയ ആ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകി, ബാബുരാജ് സിനിമാരംഗത്ത് തന്റെ സ്ഥാനമുറപ്പിച്ചു. “ജീവിതത്തിൽ ഒന്നിനും കണക്കുവെക്കാതെ, ആഘോഷപൂർവം മുന്നോട്ട് പോയ ബാബുവിന്റെ അവസാനനാളുകൾ എന്നെ ഏറെ നൊമ്പരപ്പെടുത്തി.. ‘ബാബുരാജ്’ എന്ന കവിത അദ്ദേഹത്തിനുള്ള ആദരാഞ്ജലിയാണ്”. ആകാശവാണിയുമായി പി ഭാസ്കരൻ എന്നും അടുത്ത ബന്ധം പുലർത്തി. നൂറുകണക്കിന് ലളിതഗാനങ്ങളും ദേശഭക്തിഗാനങ്ങളും സന്തോഷത്തോടെ അദ്ദേഹം എഴുതി. ആ ഗാനങ്ങളിൽ ചിലത് ചലച്ചിത്രഗാനങ്ങളെപ്പോലെ ജനപ്രീതി നേടി. കെ പി ഉദയഭാനു സംഗീതം നൽകി, പി ജയചന്ദ്രൻ ആലപിച്ച ‘എന്നിട്ടും ഓമലാൾ വന്നില്ലല്ലോ’, തലമുറകൾ പാടിനടക്കുന്ന പ്രണയ-വിരഹഗാനമാണ്. ‘മയങ്ങിപ്പോയി, ഒന്ന് മയങ്ങിപ്പോയി’ (സംഗീതം-എം ജി രാധാകൃഷ്ണൻ,ആലാപനം -ബി അരുന്ധതി), ‘പ്രാണസഖീ നിൻ മടിയിൽ മയങ്ങും’ (എം ജി രാധാകൃഷ്ണൻ,യേശുദാസ്), ‘തൂലികത്തുമ്പിലെ നീലരജനിയിൽ’ (കെ രാഘവൻ, കെ പി ബ്രഹ്മാനന്ദൻ), ‘ആ വഴിത്താരയിൽ’ (കെ പി ഉദയഭാനു, കെ എസ് ചിത്ര) തുടങ്ങിയ ലളിതഗാനങ്ങൾ ശബ്ദശേഖരത്തിലിപ്പോഴുമുണ്ട്.

റേഡിയോ നാടകങ്ങളിൽ പങ്കെടുക്കാൻ തിരക്കിട്ട സിനിമാ ജീവിതത്തിനിടയിലും അദ്ദേഹം സമയം കണ്ടെത്തി.1960കളിൽ അദ്ദേഹം ശബ്ദം നൽകിയ ‘ഇത്തിൾകണ്ണി’യിലെ മറ്റ് അഭിനേതാക്കൾ താരങ്ങളായിരുന്നു; സത്യൻ, പ്രേംനസീർ, ഷീല, അടൂർ ഭാസി, ജോസ് പ്രകാശ്. തൃശൂർ നിലയം 1978ൽ നടത്തിയ നാടകോത്സവത്തിലെ ‘രാഗം,താനം,പല്ലവി’യിൽ പി ഭാസ്കരനൊപ്പം ഷീല, സുകുമാരൻ, മല്ലിക, ബഹദൂർ, ചന്ദ്രാജി തുടങ്ങിയവർ ശബ്ദം നൽകി. മദ്രാസിൽ പല സമയത്തായിരുന്നു ശബ്ദലേഖനം നടത്തിയത്. എന്നും റേഡിയോ കൂട്ടായി ഭാസ്കരൻ മാസ്റ്റർക്കൊപ്പമുണ്ടായിരുന്നു. രോഗബാധിതനായി, മറവിതൻ മാറിടത്തിൽ നിത്യമയക്കത്തിലേക്ക് വഴുതിവീഴും വരെ, റേഡിയോയിലെ വാർത്തകൾ അദ്ദേഹം ശ്രദ്ധയോടെ കേൾക്കുമായിരുന്നു… അദ്ദേഹത്തെ പടിയിറക്കിവിട്ട റേഡിയോയെ എന്നും മനസിൽ കുടിയിരുത്തി, ഭാസ്കരൻ മാസ്റ്റർ.

മറവി തൻ മാറിടത്തിൽ...

ഇന്ന് പി ഭാസ്കരൻ മാസ്റ്ററിന്റെ 99ആം ജൻമവാർഷിക ദിനം. മറക്കാനാവില്ല, ആ കൂടിക്കാഴ്ച.

2002-ൽ ഞാൻ ആകാശവാണി ദേവികുളം നിലയത്തിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു, ഭാസ്കരൻ മാസ്റ്ററിന്റെ ജീവിതസ്മരണകളെ ആസ്പദമാക്കി ഒരു പുസ്തകം എഴുതാനുള്ള ചുമതല മാതൃഭൂമി ബുക്സിന്റെ പബ്ലിക്കേഷൻ മാനേജരും എഴുത്തുകാരനുമായ ഒ കെ ജോണി ഏല്പിക്കുന്നത്. മുൻകൂട്ടി അറിയിച്ച്, തിരുവനന്തപുരത്തെ വീട്ടിൽ ആദ്യം എത്തുമ്പോൾ , തൂവെള്ള വസ്ത്രം ധരിച്ച് ഉഷാറായി അദ്ദേഹം കാത്തിരിക്കുന്നുണ്ടായിരുന്നു. ഓർമകളിൽ ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നുവെങ്കിലും ആദ്യകാലങ്ങൾ ഒരു ഛായാചിത്രത്തിലെന്ന പോലെ തെളിഞ്ഞ് നിന്നിരുന്നു.

കവിയും പ്രജാ കോൺഗ്രസ് നേതാവുമായിരുന്ന അച്ഛൻ നന്ത്യേലത്ത് പത്മനാഭ മേനോനെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖം തെളിയും. അച്ഛനെഴുതിയ കവിതാശകലം പോലും ഓർമയിൽ മായാതെ നില്‍ക്കുന്നുണ്ടായിരുന്നു. സ്ക്കൂൾ കാലഘട്ടത്തിലേ സുഹൃത്തായിരുന്ന കെ എ രാജൻ മുതൽ വിദ്യാർഥി ഫെഡറേഷനിലൂടെ സജീവ രാഷ്ട്രീയ പ്രവർത്തകനായത് വരെയുള്ള കാലത്തിൽ തന്നെ പലപ്പോഴും ആ ഓർമകളിങ്ങനെ കറങ്ങി നില്‍ക്കും. അക്കാലത്ത് ആയിരങ്ങളെ ആവേശം കൊള്ളിച്ച ,'പദം പദമുറച്ച് നാം പാടി പാടി പോവുക....' തുടങ്ങിയ തന്റെ പടപ്പാട്ടുകൾ ഘനഗംഭീരമായ ശബ്ദത്തിൽ ഭാസ്കരൻ മാസ്റ്റർ പലയാവർത്തി പാടിക്കേൾപ്പിക്കും.

നൂറുകണക്കിന് ലളിതഗാനങ്ങളും ദേശഭക്തിഗാനങ്ങളും സന്തോഷത്തോടെ അദ്ദേഹം എഴുതി. ആ ഗാനങ്ങളിൽ ചിലത് ചലച്ചിത്രഗാനങ്ങളെപ്പോലെ ജനപ്രീതി നേടി.

ഓരോ പ്രാവശ്യവും രണ്ട് - മൂന്ന് മണിക്കൂർ നീളുന്ന ഈ കൂടിക്കാഴ്ചക്കിടയിൽ ഇടയ്ക്കിടെ പേര് ചോദിക്കും. എവിടെ നിന്നാണ് വരുന്നതെന്നും തിരക്കും. അങ്ങനെ, ഒരു വർഷത്തിലധികം നീണ്ട പത്തോളം കൂടിക്കാഴ്ചകൾ... കോട്ടയത്ത് രഹസ്യ പോലീസിന്റെ പിടിയിലാകുന്നതും, ലോക്കപ്പിൽ കിടന്ന കാലത്ത് കേട്ട പുന്നപ്ര വയലാറിലെ വെടിവയ്പിനെക്കുറിച്ചുള്ള കഥകൾ, അവിടെ സന്ദർശിക്കാനും 'വയലാർ ഗർജ്ജിക്കുന്നു' എന്ന വിപ്ളവകാവ്യം രചിക്കാനും പ്രേരിപ്പിച്ചതുമൊക്കെ ഭാസ്കരൻ മാസ്റ്റർ ആവേശപൂർവം ഓരോ തവണയും വിവരിക്കും. വിയ്യൂർ ജയിലിലെ തടവ് ജീവിതം, ദേശാഭിമാനി, ജയകേരളം പ്രസിദ്ധീകരണങ്ങളിലെ പത്രാധിപസമിതി അംഗത്വം, ആകാശവാണി ജീവിതം, 'നീലക്കുയിലി'ൽ തുടങ്ങി തന്റെ പൊതുജീവിതത്തിലെ ആദ്യകാലാനുഭവങ്ങൾ എന്നിവയും തെളിമയോടെ അദ്ദേഹം പലപ്പോഴായി ഓർത്തെടുത്തു.

പക്ഷേ,1960കളുടെ അവസാനം മുതലുളള സംഭവബഹുലമായ ജീവിതത്തിലെ ഓർമകളൊക്കെയും അപ്പോഴേക്കും അദ്ദേഹത്തെ പൂർണമായും വിട്ട് പോയിരുന്നു... ഒടുവിലത്തെ കൂടിക്കാഴ്ചകളിൽ, താൻ ആദ്യമായി ഗാനരചന നിർവഹിച്ച, 'അപൂർവ സഹോദരർകൾ' എന്ന എസ് എസ് വാസന്റെ സിനിമയിലെ ബഹുഭാഷാഗാനത്തിലെ മലയാളം വരികളിൽ തന്നെ തട്ടി, അദ്ദേഹത്തിന്റെ ഓർമകൾ നില്‍ക്കുകയായിരുന്നു.... എന്ത് ചോദിച്ചാലും, മാപ്പിള പാട്ടിന്റെ ഈണത്തിലെഴുതിയ 'കടക്കണ്ണിൽ തലപ്പത്ത് കറങ്ങും വണ്ടേ..' എന്ന ആ ആറ് വരി കൈകൊട്ടി പാടി, അതിൽ ലയിച്ചിരിക്കുമായിരുന്നു, അദ്ദേഹം...

ഈ ഗ്രന്ഥത്തിനൊരു പേര് നിർദ്ദേശിക്കാമോ എന്ന് ചോദിച്ചപ്പോൾ, പേപ്പറെടുത്ത് എന്നോട് എഴുതിയെടുക്കാൻ പറഞ്ഞു: പരസ്പരബന്ധമില്ലാത്ത അഞ്ചാറ് വരികൾ... ആകാശവാണി ശബ്ദശേഖരത്തിലുള്ള അദ്ദേഹത്തിന്റെ അഭിമുഖ സംഭാഷണങ്ങളും, പലപ്പോഴായി എഴുതിയ ഓർമക്കുറിപ്പുകളും ശേഖരിച്ച്, പുസ്തകത്തിന്റെ ബാക്കി പൂർത്തിയാക്കാമെന്ന തീരുമാനത്തിലെത്തി. അത് അറിയിച്ചപ്പോൾ, ചില ഡയറിക്കുറിപ്പുകളും മറ്റും നോക്കാനായി ഒരിക്കൽ കൂടി വരാൻ അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര ചേച്ചി പറഞ്ഞു. 2003ലെ ഓണത്തിന് തൊട്ട് മുൻപായിരുന്നു അദ്ദേഹത്തിന്റെ വീട്ടിൽ അവസാനം എത്തിയത്. പതിവുപോലെ, അദ്ദേഹം സുസ്മേരവദനനായി സ്വീകരണ മുറിയിലിരുപ്പുണ്ട്.

ഭൂമുഖത്തെ അവസാനത്തെ മലയാളിയും അവശേഷിക്കും വരെ ഓർമിക്കപ്പെടും, അദ്ദേഹത്തിന്റെ സംഭാവനകൾ. യുഗപ്രഭാവനായ ഭാസ്കരൻ മാസ്റ്റർ, പ്രണാമം.

എന്നെ കണ്ടിട്ട് മനസിലായതേയില്ല. ചേച്ചി പരിചയപ്പെടുത്തിയപ്പോൾ പറഞ്ഞു:I'm waiting for a person from Mathrubhumi.''സാറിനെന്നെ ഓർമയില്ലേ? ആ ആള് ഞാൻ തന്നെയാണ്'', ഞാൻ ഓർമപെടുത്താൻ ശ്രമിച്ചു. നേരത്തെ വന്ന് സംസാരിച്ചതെല്ലാം ഇന്ദിര ചേച്ചി പറഞ്ഞുകേൾപ്പിച്ചെങ്കിലും ഭാസ്കരൻ മാസ്റ്റർ 'അയാളെ' കാണാതെ അക്ഷമനായി ഇരിപ്പ് തുടർന്നു."ഒരു കാര്യം ചെയ്യ്-മുകളിലത്തെ മുറിയിൽ ഡയറിയും ചില പേപ്പറുകളെടുത്ത് വച്ചിട്ടുണ്ട്. അത് നോക്കിക്കോളൂ. മാഷിനോട് ഞാൻ പറഞ്ഞോളാം''. ഞാൻ മുകളിലത്തെ നിലയിൽ പോയി, അദ്ദേഹം എഴുതിയ ചില കുറിപ്പുകൾ വായിച്ച്, നോട്ടെഴുതാൻ ആരംഭിച്ചു. അപ്പോൾ താഴെ നിന്ന് ഭാസ്കരൻ മാസ്റ്ററിന്റെ ശബ്ദം ഉയർന്നു കേൾക്കാം. അദ്ദേഹം ഏറെ അശാന്തനായിരുന്നു.

ഇന്ദിര ചേച്ചി പറഞ്ഞു: ബാക്കി നമുക്ക് വേറൊരു ദിവസം നോക്കാം.

-ഞാൻ ഇറങ്ങി. ഭാസ്കരൻ മാസ്റ്ററെ വണങ്ങി.

അദ്ദേഹം അക്ഷമയോടെ എന്നോട് ചോദിച്ചു:

''പേരെന്താണ്?''

''പ്രദീപ് കുമാർ''

''See Mr Pradeep, എന്നെക്കാണാൻ മാതൃഭൂമിയിൽ നിന്നൊരാൾ ഇപ്പോൾ വരും!''

- ഞാൻ വീണ്ടും കൈകൂപ്പി, വേദനയോടെ ഇറങ്ങി.

2003 അവസാനം, കോഴിക്കോട്ട് ഒരു ചടങ്ങിൽ എം ടി വാസുദേവൻ നായർ 'പി ഭാസ്കരന്റെ കലയും ജീവിതവും' എന്ന ആ പുസ്തകം പ്രകാശിപ്പിച്ചപ്പോൾ, ഭാസ്കരൻ മാസ്റ്റർക്കൊപ്പം വേദിയിൽ ഞാനുമുണ്ടായിരുന്നു. ഞാനദ്ദേഹത്തെ വണങ്ങി, സ്വയം പരിചയപ്പെടുത്തി. അദ്ദേഹം ചിരിച്ചു.

അദ്ദേഹത്തിന് എന്നെ മനസിലായിക്കാണില്ല : തീർച്ച.

പിൻകുറിപ്പ്: 2015-ൽ,അദ്ദേഹത്തിന്റെ ജീവിതകഥ മാത്രം ഉൾപ്പെടുത്തിയാണ് ആത്മകഥ - പി.ഭാസ്കരൻ (എഴുത്ത് - ഡി പ്രദീപ് കുമാർ ) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

ഭൂമുഖത്തെ അവസാനത്തെ മലയാളിയും അവശേഷിക്കും വരെ ഓർമിക്കപ്പെടും, അദ്ദേഹത്തിന്റെ സംഭാവനകൾ. യുഗപ്രഭാവനായ ഭാസ്കരൻ മാസ്റ്റർ, പ്രണാമം.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി