സഖാവ് പി കൃഷ്ണപിള്ള. ആധുനിക കേരളത്തിനായി പൊരുതിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് നേതൃത്വം നല്‍കിയ സഖാവ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് 75 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 42 വയസ്സു വരെ മാത്രം നീണ്ട ജീവിത കാലം കൊണ്ട് ത്യാഗോജ്വലമായ നിരവധി പോരാട്ടങ്ങളുടെ അധ്യായമായിത്തീര്‍ന്ന പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരക്കാരനായി മാറിയ നേതാവ്. വെറും 20 വര്‍ഷമാണ് കൃഷ്ണപിള്ള പൊതുരംഗത്ത് പ്രവര്‍ത്തിച്ചത്. എന്നാല്‍ വടക്കന്‍ കേരളത്തില്‍ ചെറുതും വലുതുമായ എല്ലാ സമരങ്ങളില്‍ പങ്കെടുത്ത കൃഷ്ണപിള്ളയുടെ പേര് ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടതാണ്.
1930 ഏപ്രില്‍ 13 ന് ഉപ്പു സത്യാഗ്രഹം നടത്താന്‍ വടകരയില്‍ നിന്നും പയ്യന്നൂരിലേക്ക് പോയ ജാഥയിലൂടെയാണ് പി കൃഷ്ണപിള്ള സജീവരാഷ്ട്രീയത്തില്‍ ഇടപെട്ടത്
സമരമായിരുന്നു കൃഷ്ണപിള്ളയുടെ ജീവിതം. കേരളത്തിന്റ മുക്കിലും മൂലയിലും സഞ്ചരിച്ച് തൊഴിലാളി വര്‍ഗത്തെ സംഘടിപ്പിച്ച് സമരസജ്ജമാക്കിയ നേതാവ്. 1937 ല്‍ കോഴിക്കോട് രൂപീകരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രൂപ്പ് സെക്രട്ടറിയായിരുന്നു പി കൃഷ്ണപിള്ള. 1930 ഏപ്രില്‍ 13 ന് ഉപ്പു സത്യാഗ്രഹം നടത്താന്‍ വടകരയില്‍ നിന്നും പയ്യന്നൂരിലേക്ക് പോയ ജാഥയിലൂടെയാണ് പി കൃഷ്ണപിള്ള സജീവരാഷ്ട്രീയത്തില്‍ ഇടപെട്ടു തുടങ്ങിയത്. 1906 ല്‍ വൈക്കം സത്യാഗ്രഹത്തിന്റെ നാട്ടില്‍ ജനിച്ച കൃഷ്ണപിള്ള പല ജോലികള്‍ ചെയ്ത ശേഷം 1927 ല്‍ ബനാറസില്‍ എത്തുകയും അവിടെ നിന്ന് ഹിന്ദി പഠിച്ച ശേഷം ഹിന്ദി പ്രചാരകനായി ജോലിയില്‍ പ്രവേശിക്കുകയുമായിരുന്നു. ഈ ജോലി രാജി വച്ചാണ് അദ്ദേഹം ഉപ്പു സത്യാഗ്രഹജാഥയില്‍ പങ്കെടുക്കാന്‍ പോയത്.
കേരളത്തിന്റെ പോരാട്ടഭൂമിയില്‍ പീന്നീട് കൊടുങ്കാറ്റുപോലെ ആ പേര് ഉയര്‍ന്നു കേട്ടു
കടലില്‍ നിന്ന് ഉപ്പു വെള്ളം കോരിക്കൊണ്ടുവന്ന് തീയും വെയിലുമേറ്റ് നിയമം ലംഘിച്ച് ഉപ്പു കുറുക്കിയ ആ ചെറുപ്പക്കാരന്‍ പോലീസിന്റെ ക്രൂരമര്‍ദനത്തിനും ഇരയായി. പോലീസ് ബൂട്ടുകള്‍ ശരീരത്തില്‍ മാറി മാറി പതിഞ്ഞപ്പോഴും ദേശീയ പതാക മാറോട് ചേര്‍ത്ത് പിടിച്ചു കൃഷ്ണപിള്ള. കളക്ടറുടെ ഓഫീസ് വരെ സമരക്കാരെ വലിച്ചിഴച്ചപ്പോഴും അയാള്‍ ദേശീയ പതാക വിട്ടിരുന്നില്ല. ഇതോടെ ആരാണ് ആ യുവാവ് എന്ന് അന്വേഷണമായിരുന്നു ആളുകള്‍ക്ക്. കേരളത്തിന്റെ പോരാട്ടഭൂമിയില്‍ പീന്നീട് കൊടുങ്കാറ്റുപോലെ ആ പേര് ഉയര്‍ന്നു കേട്ടു. പി കൃഷ്ണപിള്ള. പിന്നീട് ഇങ്ങോ്ട്ട് നടന്ന മുഴുവന്‍ സമരങ്ങളിലും കൃഷ്ണപിള്ളയുടെ നിറസാന്നിധ്യമായിരുന്നു.
ജനങ്ങളുമായി അത്രയധികം ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിച്ച പ്രിയ നേതാവിനെ ജനങ്ങള്‍ സ്‌നേഹത്തോടെ 'സഖാവ്' എന്ന് വിളിച്ചു
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയുടെ രൂപീകരണത്തിനും ചരിത്രപരമായ നേതൃത്വം കൊടുത്തയാളാണ്. 1937 ല്‍ കേരളത്തില്‍ രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ ഗ്രൂപ്പില്‍ അംഗവുമായിരുന്നു കൃഷ്ണപിള്ള. ജനങ്ങളുമായി അത്രയധികം ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിച്ച പ്രിയ നേതാവിനെ ജനങ്ങള്‍ സ്‌നേഹത്തോടെ 'സഖാവ്' എന്ന് വിളിച്ചു തുടങ്ങി. കമ്യൂണിസ്റ്റ് നേതാക്കളുടെ പേരിന് മുന്‍പ് സഖാവ് എന്ന് ചേര്‍ത്ത് വിളിക്കുമ്പോള്‍ കൃഷ്ണപിള്ളയുടെ പേര് തന്നെ സഖാവ് എന്നായി മാറി.
എത്ര നേരം മണിയടിച്ചോ അത്രയും നേരെ കാവല്‍ക്കാര്‍ പുറത്ത് വടികൊണ്ട് അടിച്ചുകൊണ്ടേയിരുന്നു. അപ്പോള്‍ ചിരിച്ചു കൊണ്ട് കൃഷ്ണപിള്ള പറഞ്ഞു 'ഉശിരുള്ള നായര്‍ മണിയടിക്കട്ടെ, എച്ചില്‍പെറുക്കി നായര്‍ അവരുടെ പുറത്തടിക്കട്ടെ'
ക്ഷേത്രങ്ങളിലെ മണിയടിക്കാനുള്ള സ്വാതന്ത്ര്യം ബ്രാഹ്‌മണര്‍ക്ക് മാത്രം ഉണ്ടായിരുന്ന കാലത്ത് വിലക്ക് ലംഘിച്ച് സോപാനത്തില്‍ കയറി മണിയടിച്ചു കൃഷ്ണപിള്ള. ' ക്ഷേത്രത്തില്‍ ഒരു സവര്‍ണന്‍ നടത്തുന്ന എല്ലാ ആരാധനകളും നടത്താന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്' എന്ന മന്നത്ത് പദ്മനാഭന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബ്രാഹ്‌മണര്‍ അമ്പലത്തില്‍ കാവലേര്‍പ്പെടുത്തി. മണിയടിക്കാന്‍ ചെന്നവരെയൊക്കെ അവര്‍ അടിച്ചോടിച്ചു. തൊട്ടടുത്ത ദിവസം കൃഷ്ണപിള്ളയെയും ബ്രാഹ്‌മണര്‍ തടഞ്ഞെങ്കിലും അദ്ദേഹം സോപാനത്തില്‍ കയറി മണിയടിക്കുക തന്നെ ചെയ്തു. എത്ര നേരം മണിയടിച്ചോ അത്രയും നേരെ കാവല്‍ക്കാര്‍ പുറത്ത് വടികൊണ്ട് അടിച്ചുകൊണ്ടേയിരുന്നു. അപ്പോള്‍ ചിരിച്ചു കൊണ്ട് കൃഷ്ണപിള്ള പറഞ്ഞു 'ഉശിരുള്ള നായര്‍ മണിയടിക്കട്ടെ, എച്ചില്‍പെറുക്കി നായര്‍ അവരുടെ പുറത്തടിക്കട്ടെ'.