PEOPLE

ജോണ്‍ പില്‍ഗർ: ഇസ്രയേല്‍ വിമർശകൻ; മാനവികത ഉയർത്തിപ്പിച്ച മഹത്തായ മാധ്യമപ്രവർത്തകൻ

വെബ് ഡെസ്ക്

ഇസ്രയേൽ വിമര്‍ശകന്‍, കംബോഡിയയിലെ വംശഹത്യയുടെ തീവ്രത പുറംലോകത്തെ അറിയിച്ച റിപ്പോര്‍ട്ടര്‍, ബ്രിട്ടന്റെയും അമേരിക്കയുടെയും വിദേശനയങ്ങളെ എതിര്‍ക്കുന്നയാള്‍... അന്താരാഷ്ട്ര തലത്തില്‍ ഉത്തരവാദിത്തത്തോടെ ഇടപെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെയാണ് ജോണ്‍ പില്‍ഗറിന്റെ വിയോഗം കൊണ്ട് നഷ്ടമായിരിക്കുന്നത്. ആക്റ്റിവിസ്റ്റും ഡോക്യുമെന്ററി നിര്‍മാതാവും കൂടിയായ ജോണ്‍ പില്‍ഗര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ ലെജന്‍ഡായാണ് അറിയപ്പെടുന്നത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടിയിലായിരുന്നു പില്‍ഗറിന്റെ ജനനം. സിഡ്‌നി സ്‌കൂളിലായിരുന്നു പില്‍ഗര്‍ തന്റെ ആദ്യത്തെ പത്രം പുറത്തിറക്കിയത്. പിന്നീട് ഓസ്‌ട്രേലിയന്‍ കണ്‍സോലിഡേറ്റഡ് പ്രസ്സില്‍ നാല് വര്‍ഷം ജോലി ചെയ്തു. തനിക്കറിയാവുന്ന ഏറ്റവും കര്‍ശനമായ ഭാഷാ കോഴ്‌സായിരുന്നു അതെന്നാണ് പില്‍ഗര്‍ ആ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആ കാലഘട്ടം പത്രപ്രവര്‍ത്തനത്തെയും എഴുത്തിനെയും പാകപ്പെടുത്താന്‍ സഹായിച്ചുവെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്.

സമകാലികരായ ഓസ്‌ട്രേലിയക്കാരെ പോലെ പില്‍ഗറും രണ്ട് സഹപ്രവര്‍ത്തകരും 1960കളുടെ തുടക്കത്തില്‍ തന്നെ യൂറോപ്പ് വിട്ടുപോയിരുന്നു. 1962ന് ശേഷം അദ്ദേഹം പ്രധാനമായും ചെലഴിച്ചത് ലണ്ടനിലായിരുന്നു. ഇറ്റലിയില്‍ പില്‍ഗര്‍ ഫ്രീലാന്‍സ് ഏജന്‍സി സ്ഥാപിച്ചിരുന്നു. എന്നാല്‍ അത് പെട്ടെന്ന് തന്നെ തകരുകയും ചെയ്തു. ലണ്ടനിലെത്തിയപ്പോള്‍ പില്‍ഗര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലും തുടര്‍ന്ന് ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഡെയ്‌ലി മിറര്‍ എന്ന പത്രത്തിലും പ്രവര്‍ത്തിച്ചു.

മുഖ്യ വിദേശ കറസ്‌പോണ്ടന്റായ പില്‍ഗര്‍ വിയറ്റ്‌നാം യുദ്ധവും കംബോഡിയയിലെ വംശഹത്യയും ഉള്‍പ്പെടെയുള്ള ലോകത്തെ പിടിച്ചുകുലുക്കിയ നിരവധി സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. തന്റെ ഇരുപതുകളില്‍ തന്നെ ജേര്‍ണലിസത്തിന് നല്‍കുന്ന ഉയര്‍ന്ന അവാര്‍ഡായ ജേര്‍ണലിസ്റ്റ് ഓഫ് ദ ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കുന്ന യുവ മാധ്യമപ്രവര്‍ത്തകനായി അദ്ദേഹം മാറിയിരുന്നു. രണ്ട് തവണ ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം.

1960കളിലും 1970കളിലും അമേരിക്കയിലെ നിരവധി പ്രക്ഷോഭങ്ങളും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ വധത്തെത്തുടര്‍ന്ന് അമേരിക്കയിലെ പാവങ്ങളോടൊപ്പം അലബാമയില്‍നിന്ന് വാഷിങ്ടണിലേക്ക് അദ്ദേഹം മാര്‍ച്ച് ചെയ്തിട്ടുണ്ട്. 1968ല്‍ യു എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ റോബര്‍ട്ട് എഫ് കെന്നഡി കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ റൂംമേറ്റായിരുന്നു പില്‍ഗര്‍. പോള്‍ പോട്ടിന്റെ ഭരണത്തിനുശേഷമുള്ള കംബോഡിയയില്‍നിന്ന് വംശഹത്യ വെളിവാക്കുന്ന പിൽഗറിന്റെ നിരവധി എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുകൾ പുറത്തുവന്നു.

പിൽഗറുടെ മിറര്‍ റിപ്പോര്‍ട്ടുകളും തുടര്‍ന്നുള്ള ഡോക്യുമെന്ററിയായ 'ഇയര്‍ സീറോ: ദി സൈലന്റ് ഡെത്ത് ഓഫ് കംബോഡിയ'യുടെയും സ്വാധീനത്താല്‍ ആ രാജ്യത്തെ ജനങ്ങള്‍ക്കായി ഏകദേശം 500 ലക്ഷം ഡോളര്‍ സമാഹരിക്കാന്‍ സാധിച്ചു. സമാനമായി രീതിയില്‍ 1994ലെ അദ്ദേഹത്തിന്റെ ഡോക്യുമെന്ററിയും കിഴക്കന്‍ ടിമോറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും പിന്നീട് ഇന്തോനേഷ്യയുടെ അധീനതയിലായിരുന്ന കിഴക്കന്‍ ടിമോറികള്‍ക്ക് പിന്തുണ വര്‍ധിപ്പിക്കാന്‍ സഹായിച്ചു.

ബ്രിട്ടനില്‍ ഒരു കൂട്ടം കുട്ടികള്‍ക്ക് ജനനസമയത്ത് ശാരീരിക പ്രശ്നങ്ങൾ സൃഷ്ടിച്ച താലിഡോമൈഡെന്ന മരുന്നിനെക്കുറിച്ചുള്ള വിവരങ്ങള്‍ നാല് വര്‍ഷത്തെ അദ്ദേഹത്തിന്റെ അന്വേഷണ പരമ്പരയായി പുറത്തുവരികയായിരുന്നു. ദ സീക്രട്ട് കണ്‍ട്രി (1983), ദ ബൈസെന്ററി ട്രിലോഗി ദ ലാസ്റ്റ് ഡ്രീം (1988), വെല്‍ക്കം ടു ഓസ്‌ട്രേലിയ (1999), ഉട്ടോപ്യ (2013) തുടങ്ങി ഓസ്‌ട്രേലിയയെ മുന്‍നിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ ഡോക്യുമെന്ററികള്‍ തന്റെ രാജ്യത്തെ മറന്നുപോയതും തദ്ദേശീയവുമായ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും അനാവരണം ചെയ്യുന്നതായിരുന്നു.

അമേരിക്കന്‍ ടിവി അവാര്‍ഡ്, എമ്മി, ബ്രിട്ടീഷ് അക്കാദമി അവാര്‍ഡ് തുടങ്ങി എണ്ണമറ്റ അമേരിക്കന്‍, യൂറോപ്യന്‍ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പത്ത് ഡോക്യുമെന്റ്‌റികളില്‍ നിന്നും ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടുത്തിയ ഒരു ഡോക്യുമെന്ററി ഇദ്ദേഹത്തിന്റെ 'ഇയര്‍ സീറോ: ദ സൈലന്റ് ഡെത്ത് ഓഫ് കംബോഡിയ'യാണ്.

അമേരിക്കന്‍, ബ്രിട്ടീഷ് വിദേശനയങ്ങളോടുള്ള എതിര്‍പ്പ് പിൽഗർ വ്യക്തമായിത്തന്നെ പ്രകടിപ്പിച്ചിരുന്നു. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അമേരിക്കയുടെ സൈനിക ഇടപെടലുകളെ അദ്ദേഹം വിമര്‍ശിച്ചു. അത്തരം നിലപാടുകൾ മരണംവരെയും പിൽഗർ ഉയർത്തിപ്പിടിച്ചു. ഗാസയിലെ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ അദ്ദേഹം തന്റെ എക്‌സ് അക്കൗണ്ടിലൂടെ ശബ്ദുമുയർത്തി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?