ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് വിജയം എന്നത് സാക്ഷാത്കരിക്കാനാകാത്ത സ്വപ്നമായി അവശേഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്. 2006ല്‍ ചരിത്രമുറങ്ങുന്ന വാണ്ടറേഴ്‌സില്‍ ആ ലക്ഷ്യം കീഴടക്കിയപ്പോള്‍ പതിറ്റാണ്ടുകളുടെ തോല്‍വിഭാരത്തിനും നാണക്കേടുകള്‍ക്കുമായിരുന്നു അവസാനമായത്.
ടീമിനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന തരത്തില്‍ വാർത്തകള്‍ ആളിപ്പടർന്ന സമയമായിരുന്നു അത്. പരിശീലകന്‍ ഗ്രെഗ് ചാപ്പലുമായുള്ള സൗരവ് ഗാംഗുലിയുടെ തർക്കങ്ങളുമായപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് വിവാദങ്ങളുടെ ചുഴലിയില്‍ അകപ്പെട്ടു. അങ്ങനെ ഒട്ടും അനുയോജ്യമല്ലാത്ത അന്തരീക്ഷത്തെ അതിജീവിച്ച് ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത് ടെസ്റ്റ് ക്രിക്കറ്റില്‍ കേവലം ആറ് മാസത്തെ പരിചയസമ്പത്ത് മാത്രമുണ്ടായിരുന്ന ശാന്തകുമാരന്‍ ശ്രീശാന്തായിരുന്നു.
90 മത്സരങ്ങള്‍ നീണ്ട ശ്രീശാന്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ ഏറ്റവും തിളക്കമാർന്ന പ്രകടനങ്ങളിലൊന്നായിരുന്നു ഇത്. ഹോം സാഹചര്യങ്ങളില്‍ ഇന്നത്തെ ഇന്ത്യയ്ക്ക് സമാനമായിരുന്നു അന്ന് ദക്ഷിണാഫ്രിക്ക. ഏറക്കുറെ അജയ്യരെന്ന് തന്നെ പറയാം. ഗ്രെയിം സ്മിത്ത്, ഹെർഷല്‍ ഗിബ്സ്, ഹാഷിം അംല, ജാക് കല്ലിസ്, മാർക്ക് ബൗച്ചർ, എ ബി ഡിവില്യേഴ്സ് എന്നിങ്ങനെ പ്രതിഭാധനരാല്‍ സമ്പന്നമായിരുന്നു പ്രോട്ടിയാസിന്റെ ബാറ്റിങ് നിര. 249 എന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോർ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ സംബന്ധിച്ച് ഒരു വെല്ലുവിളി ആയിരുന്നില്ല.
പക്ഷേ, 22കാരന്‍ ശ്രീശാന്തിനെ അതിജീവിക്കുക എന്ന ദൗത്യത്തില്‍ അവർ പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിരയുടെ അടിത്തറയിളക്കാന്‍ ശ്രീശാന്തിന് ആവശ്യമായിരുന്നത് കേവലം 10 ഓവറുകള്‍ മാത്രമായിരുന്നു. സ്മിത്ത്, അംല, കല്ലിസ്, ബൗച്ചർ, പൊള്ളോക്ക് എന്നിവർ ശ്രീശാന്തിന്റെ പേസ് വേരിയേഷനുകള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ മടങ്ങി. 40 റണ്‍സ് വഴങ്ങിയായിരുന്നു അഞ്ച് വിക്കറ്റ് നേട്ടം. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ് 84 റണ്‍സില്‍ അവസാനിച്ചു.
രണ്ടാം ഇന്നിങ്സില്‍ 236 റണ്‍സ് നേടി ദക്ഷിണാഫ്രിക്കയ്ക്ക് 402 റണ്‍സ് വിജയലക്ഷ്യമായിരുന്നു ഇന്ത്യ മുന്നോട്ട് വെച്ചത്. രണ്ടാം ഇന്നിങ്സിലും ശ്രീശാന്തിന്റെ കൃത്യതയാർന്ന പന്തുകള്‍ അംലയുടേയും സ്മിത്തിന്റേയും കല്ലിസിന്റേയും വിക്കറ്റുകള്‍ പിഴുതു. ഒപ്പം സഹീർ ഖാനും അനില്‍ കുംബ്ലയും ചേർന്നതോടെ പ്രോട്ടിയാസ് 278ന് പുറത്ത്. ഇന്ത്യയ്ക്ക് 123 റണ്‍സിന്റെ ചരിത്ര വിജയം. രണ്ട് ഇന്നിങ്സുകളില്‍ നിന്നായി 99 റണ്‍സ് വഴങ്ങി ശ്രീശാന്ത് നേടിയത് എട്ട് വിക്കറ്റുകളാണ് നേടിയത്, കളിയിലെ താരമായതും ശ്രീ തന്നെ.
ഇത്തരത്തില്‍ പ്രകടനത്തിലും അഗ്രസീവായ ശ്രീശാന്തിനെ കണ്ടത് 2007 ട്വന്റി20 ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു. അന്ന് 189 റണ്‍സ് വിജയലക്ഷ്യമായിരുന്നു ഓസ്ട്രേലിയക്ക് മുന്നില്‍ ഇന്ത്യ ഉയർത്തിയത്. കൂറ്റന്‍ സ്കോറിന് 30 പന്തില്‍ 70 റണ്‍സെടുത്ത യുവരാജ് സിങ്ങിന്റെ ബാറ്റിങ് വെടിക്കെട്ടിന് നന്ദി പറയാം. പക്ഷേ, ഉയർന്ന സ്കോറുകൊണ്ട് മാത്രം തടക്കാനാകുന്ന ഒരു നിരയായിരുന്നില്ല ഓസീസിന്റേത്. അന്ന് അറ്റാക്കിങ് ശൈലിയുടെ പര്യായമായ ആദം ഗില്‍ക്രിസ്റ്റും മാത്യു ഹെയ്ഡനുമായിരുന്ന പ്രധാന വെല്ലുവിളി. അത് രണ്ടും പരിഹരിക്കാന്‍ ശ്രീശാന്തിനായി.
ഗില്‍ക്രിസ്റ്റിനെ ഫുള്‍ ലെങ്ത് ഡെലിവറിയിലാണ് ശ്രീശാന്ത് കുരുക്കിയത്. ഡ്രൈവിന് ശ്രമിച്ച ഗില്‍ക്രിസ്റ്റിന്റെ കണക്കുകൂട്ടലുകളാകെ തെറ്റി. മിഡില്‍ സ്റ്റമ്പ് തെറിക്കുമ്പോള്‍ പതിവ് ശൈലിയില്‍ തലകുനിച്ച് ഗില്‍ക്രിസ്റ്റ് മടങ്ങി. ഹെയ്‌ഡന്‍ നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ ഫൈനല്‍ പ്രവേശന സാധ്യതകള്‍ മങ്ങിയിരുന്നു. അപ്പോഴാണ് വീണ്ടും ശ്രീശാന്തില്‍ നായകന്‍ എം എസ് ധോണി വിശ്വാസമർപ്പിച്ചത്. തീരുമാനം പിഴച്ചില്ല, 47 പന്തില്‍ 62 റണ്‍സെടുത്ത് ഫോമില്‍ തുടർന്ന ഹെയ്‌ഡനെ ശ്രീശാന്ത് വീഴ്ത്തിയത് യോർക്കറെറിഞ്ഞായിരുന്നു.
അങ്ങനെ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളുമായി ഇന്ത്യയ്ക്ക് കലാശപ്പോരിനുള്ള ടിക്കറ്റ് ശ്രീശാന്ത് നേടിക്കൊടുത്തു. ട്വന്റി20യില്‍ ഇത്തരമൊരു പ്രകടനം അന്ന് അപൂർവമായിരുന്നു. താരത്തിന്റെ അന്താരാഷ്ട്ര ട്വന്റി20 കരിയറിലെ മികച്ച പ്രകടനവും ഇതുതന്നെയാണ്. ശ്രീശാന്തിന്റെ ഈ രണ്ട് പ്രകടനങ്ങളും ദക്ഷിണാഫ്രിക്കന്‍ മൈതാനങ്ങളിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഓസ്ട്രേലിയയെ അന്ന് തോല്‍പ്പിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് 2020ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞിരുന്നു. "ഞാന്‍ ആദ്യ പന്തില്‍ യോർക്കറെറിയാന്‍ ശ്രമിച്ചപ്പോള്‍ ഹെയ്‌ഡന്‍ ഫോർ നേടി. നിങ്ങള്‍ ആ കളി പരിശോധിച്ചാല്‍ അറിയാം, ഞാന്‍ വളരെ പാഷനോടെയാണ് പന്തെറിഞ്ഞത്. ഓസ്ട്രേലിയയെ തോല്‍പ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. 2003 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത് എനിക്ക് ഒരിക്കലും മറക്കാനാകാത്ത ഒന്നാണ്, അതുകൊണ്ട് തന്നെ അവരെ പൂർണമായും കീഴടക്കണമെന്നായിരുന്നു പദ്ധതി," ശ്രീശാന്ത് പറഞ്ഞു.
അത്ഭുത പന്ത്
2010 ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം. രണ്ടാം ടെസ്റ്റ്, വേദി ഡര്‍ബന്‍. ക്രീസില്‍ ക്രിക്കറ്റ് ചരിത്രം കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടറായ ജാക്ക് കല്ലിസ്. സാങ്കേതിക മികവിലും ഏറെ മുന്നിലുണ്ടായിരുന്ന കല്ലിസ് നിസഹായനായി നിന്ന നിമിഷം.
ശ്രീശാന്തിന്‌റെ പന്ത് ലെങ്തില്‍ നിന്ന് അല്‍പ്പം പിന്നിലായി ഫോര്‍ത്ത് സ്റ്റമ്പ് ലൈനിലാണ് പിച്ച് ചെയ്ത്. ഡ്രൈവിന് ശ്രമിക്കുക എന്നതായിരുന്നു കല്ലിസിന്‌റെ ആദ്യ പദ്ധതി. പക്ഷേ, ഇന്‍സ്വിങ് ചെയ്ത പന്ത് അപ്രതീക്ഷിതമായ കല്ലിസിന് നെഞ്ചിനൊപ്പം ബൗണ്‍സ് ചെയ്‌തെത്തി.
ലീവ് ചെയ്യാനുള്ള ശ്രമത്തില്‍ പന്ത് ഗ്ലൗവിലുരസി സേവാഗിന്‌റെ കൈകളിലെത്തി. കല്ലിസിന് മാത്രമല്ല, അത്തരമൊരു പന്തിന് ആര്‍ക്കും മറുപടിയുണ്ടാകില്ലെന്ന് ഏറെക്കുറെ തീര്‍ച്ചയുള്ള കാര്യമാണ്. കാരണം പിച്ച് ചെയ്തതിന് പിന്നാലെ പന്ത് അതിവേഗത്തിലായിരുന്നു സ്വിങ് ചെയ്തത്. ബാറ്റര്‍ക്ക് ഒരു പ്ലാന്‍ ബി കണ്ടെത്താനുള്ള സമയം ലഭിച്ചിരുന്നില്ല.
കരിയറിലെ 'നോ ബോള്‍'
മികച്ച ലൈനിലും ലെങ്തിലും എറിഞ്ഞ പന്ത് അമ്പയർ നോ ബോള്‍ വിളിക്കുന്നത് പോലെയായിരുന്നു ശ്രീശാന്തിന്റെ കരിയർ പിന്നീട്. 2011ല്‍ ലോകകപ്പും നേടി ടീമിലെ സ്ഥിര പേസറായും മുതിർന്ന താരമായും തിളങ്ങുന്നതിനിടെയാണ് വിവാദങ്ങളിലേക്കുള്ള യു ടേണ്‍. 2013ല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മാത്രമല്ല കായികരംഗത്തെയാകെ പിടിച്ചുകുലുക്കിയ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തും അകപ്പെട്ടു. ശ്രീശാന്തിനൊപ്പം അജിത് ചണ്ഡിലയും അങ്കീത് ചാവനും അറസ്റ്റ് ചെയ്യപ്പെട്ടു, അർദ്ധ രാത്രി ഡല്‍ഹി പോലീസിന്റേതായിരുന്നു നടപടി. സുഹൃത്തിന്റെ വീട്ടില്‍ നിന്നായിരുന്നു അന്ന് ശ്രീശാന്തിനെ പിടികൂടിയത്.
ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ അന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു ശ്രീശാന്ത്. കിങ്സ് ഇലവന്‍ പഞ്ചാബുമായുള്ള മത്സരത്തിനിടെയാണ് ഒത്തുകളി ആരോപണം നേരിടേണ്ടി വന്നത്. അന്ന് ശ്രീശാന്ത് തന്റെ ട്രൗസറില്‍ ഘടിപ്പിച്ചിരുന്നു ടവല്‍ വാതുവെപ്പുകാർക്കുള്ള അടയാളമായിരുന്നെന്നായിരുന്നു പോലീസിന്റെ ആരോപണം. ശ്രീശാന്ത് അന്ന് ഒരു ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്തതും ഒത്തുകളിയുടെ ഭാഗമാണെന്ന് ആരോപണം വന്നു.
അറസ്റ്റിന് പിന്നാലെ ആജീവനാന്ത വിലക്കായിരുന്നു ബിസിസിഐ ശ്രീശാന്തിന് നല്‍കിയത്. വർഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലായിരുന്നു ശ്രീ കുറ്റവിമുക്തനാക്കപ്പെട്ടതും വിലക്ക് പിന്‍വലിപ്പിച്ചതും. പക്ഷേ, ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി തിരിച്ചുവരവ് നടത്തിയ ശ്രീശാന്തിന് ദേശീയ തലത്തിലേക്കോ ഐപിഎല്ലിലേക്കൊ മടങ്ങാനായില്ല.