PEOPLE

പച്ചയും ചുവപ്പും; ശങ്കര്‍ ഗുഹാ നിയോഗി ഓര്‍മയായിട്ട് 32 വര്‍ഷം

അവകാശങ്ങൾക്കായി തൊഴിലാളികളെ തെരുവിലേക്കിറക്കിയ വിപ്ലവകാരിയായ നിയോഗി മാർക്സിനെയും ഗാന്ധിയെയും തൻ്റെ പ്രവർത്തനങ്ങളിൽ സന്നിവേശിപ്പിച്ചു

അഖില സി പി

ചൂഷണവ്യവസ്ഥിതിയോട് നിരന്തരം കലഹിച്ച് അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച വിപ്ലവകാരി. ചൂഷക സമൂഹത്തിന് വേണ്ടി പോരാടി തന്റെ ജീവന്‍ തന്നെ ബലി കൊടുക്കേണ്ടി വന്ന ശങ്കര്‍ ഗുഹാ നിയോഗിയുടെ രക്തസാക്ഷി ദിനമാണിന്ന്.

ഫ്യൂഡല്‍, കൊളോണിയല്‍ സംവിധാനങ്ങള്‍ ഇന്നും നിലനില്‍ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് വിപ്ലവ ജനകീയ മുന്നേറ്റത്തിലൂടെ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിന് നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം മുന്നോട്ടുവച്ച രാഷ്ട്രീയ ആശയങ്ങള്‍ പലതും അധികാരികളെ അസ്വസ്ഥമാക്കി. ജനങ്ങളെ അണിനിരത്തി തൊഴിലാളികളുടെ അവകാശങ്ങൾക്കും തദ്ദേശീയരുടെ ജീവിതാവകാശങ്ങൾക്കും വേണ്ടി പോരടിച്ച മനുഷ്യനെ അങ്ങനെ അവർ വകവരുത്തി.

മുദ്രാവാക്യങ്ങളിലൂടെയും തന്റെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയും ആ നീക്കങ്ങളെ അദ്ദേഹം ശക്തമായി പ്രതിരോധിച്ചു

1991 സെപ്റ്റംബര്‍ 28 ന് 48-ാം വയസ്സിലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. ഖനികളിലും മറ്റ് പ്രകൃതിവിഭവങ്ങളിലും കണ്ണുംനട്ടിരിക്കുന്ന മാഫിയകള്‍ തൊഴിലാളികളെയും വിഭവങ്ങളെയും ചൂഷണം ചെയ്യുന്നതിനെതിരെ നിയോഗി നിരന്തരം ശബ്ദമുയർത്തി.

മുദ്രാവാക്യങ്ങളിലൂടെയും തന്റെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയും ആ നീക്കങ്ങളെ അദ്ദേഹം ശക്തമായി പ്രതിരോധിച്ചു. ഛത്തീസ്‌ഗഡ് മുക്തിമോര്‍ച്ച എന്ന തൊഴിലാളി പ്രസ്ഥാനവും സമൂഹത്തില്‍ അതിന്റെ ഇടപെടലുകളും അക്കാലത്തെ വലിയ രാഷ്ട്രീയമുന്നേറ്റങ്ങളിലൊന്നായിരുന്നു. കഠിനാധ്വാനത്തിലൂടെ നേടിയെടുക്കുകയെന്ന മുദ്രാവാക്യമാണ് അദ്ദേഹം തൊഴിലാളിക്കിടയില്‍ പ്രചരിപ്പിച്ചിരുന്നത്. തൊഴിലാളികള്‍ അദ്ദേഹത്തെ ഒരു സഹോദരെപ്പോലെയും മകനെപ്പോലെയും സ്‌നേഹിച്ചുപോന്നു. മാർക്സിനെയും ഗാന്ധിയെയും അദ്ദേഹം തൻ്റെ പ്രവർത്തനങ്ങളിൽ സന്നിവേശിപ്പിച്ചു

വേതനവര്‍ധവിനും നേരിടുന്ന ചൂഷണത്തിനെതിരെയും തൊഴിലാളികളെ അണിനിരത്താന്‍ ശ്രമിക്കുന്നതിനിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും നിയോഗിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു

1943 ല്‍ ഫെബ്രുവരി 14 ന് ജല്‍പായ്ഗുരിയിലായിരുന്നു നിയോഗിയുടെ ജനനം. കൊല്‍ക്കത്തയിലും ജല്‍പായ്‌ഗു രിയിലുമായി സ്‌കൂള്‍ വിദ്യാഭ്യാസവുും പൂര്‍ത്തിയാക്കി. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ അദ്ദേഹം അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥിസംഘടനയായിരുന്ന ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രാദേശിക നേതാവായി. പിന്നീട്, അദ്ദേഹം നക്‌സല്‍ബാരി പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ബഹുജനങ്ങളെ അണിനിരത്താതെയുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വിയോജിച്ചു. പിന്നീടാണ് ധീരേഷ് എന്ന പേര് ഉപേക്ഷിച്ച് നിയോഗി എന്ന പേര് സ്വീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയത്.

ഛത്തീസ്‌ഗഢിലെ ഗ്രാമപ്രദേശങ്ങളിലേക്ക് നടത്തിയ യാത്രകളിലാണ് അദ്ദേഹം തൊഴിലാളികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളെപ്പറ്റിയും ചൂഷണത്തെപ്പറ്റിയും കൂടുതല്‍ മനസ്സിലാക്കുന്നത്. ഭിലായിലെ സ്റ്റീല്‍ പ്ലാന്റില്‍ ഇരുമ്പയിര് ഖനനത്തിനായി നിയമിച്ച സ്ഥിരം തൊഴിലാളികളേക്കാള്‍ കൂടുതല്‍ ദുരതമനുഭവിച്ചിരുന്നത് കരാര്‍ തൊഴിലാളികളാണെന്നും അവരില്‍ പലരും ആദിവാസികളായിട്ടുള്ള ഗ്രാമീണരാണെന്നും നിയോഗി തിരിച്ചറിഞ്ഞു.

വേതനവര്‍ധവിനും നേരിടുന്ന ചൂഷണത്തിനെതിരെയും തൊഴിലാളികളെ അണിനിരത്താന്‍ ശ്രമിക്കുന്നതിനിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും നിയോഗിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് 13 മാസത്തിനുശേഷം ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാന നീക്കങ്ങള്‍ നടത്താന്‍ സാധിച്ച ഛത്തീസ്‌ഗഡ് മുക്തിമോര്‍ച്ച എന്ന തൊഴിലാളി പ്രസ്ഥാനം നിയോഗിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്നത്. പച്ചയും ചുവപ്പും ഒന്നിപ്പിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തനം.

വേതനവർധനവിനും മെച്ചപ്പെട്ട ജീവിതസാഹചര്യത്തിനും വേണ്ടി 1977 സെപ്തംബറില്‍ നടത്തിയ അനിശ്ചിതകാല സമരമായിരുന്നു യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ബഹുജന പ്രക്ഷോഭം. എണ്ണായിരത്തോളം ഖനിത്തൊഴിലാളികള്‍ കേവലം കരാര്‍ തൊഴിലാളികള്‍ മാത്രമായിരുന്നതിനാല്‍ അവരുടെ വേതനവും തൊഴില്‍ സാഹചര്യവും അങ്ങേയറ്റം മോശപ്പെട്ട നിലയിലായിരുന്നു.

നിയോഗി കുടുംബത്തിനൊപ്പം
1977 ആയപ്പോഴേക്കും 34-ാം വയസ്സില്‍ ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഒരു പൊതുപ്രവര്‍ത്തകനായി നിയോഗി അറിയപ്പെട്ടു

തൊഴിലാളിപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നിയോഗി നയിച്ച പല സമരങ്ങളും പ്രക്ഷോഭങ്ങളും വിജയം കണ്ടത് അധികാരത്തിലിരിക്കുന്നവരെ പരിഭ്രാന്തിയിലാക്കി. അതിന്റെ ഫലമായി പുതിയ യൂണിയനെതിരെ നടപടിയെടുക്കാന്‍ അധികാരികള്‍ തീരുമാനിച്ചു. തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമരം നടത്തിയ തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്താണ് പ്രതികാരം വീട്ടിയത്. അന്ന് 11 തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.

ആ സമരത്തിന് ശേഷം നിയോഗിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രക്ഷോഭങ്ങളില്‍നിന്ന് പിന്തിരിയില്ലെന്ന തൊഴിലാളികളുടെ നിശ്ചയദാര്‍ഢ്യം ആ സംഭവത്തോടെ വര്‍ധിച്ചു. താമസിയാതെ തൊഴിലാളികളുടെ മിക്ക ആവശ്യങ്ങളും അംഗീകരിച്ച് ഒരു കരാര്‍ ഒപ്പിടുകയും നിയോഗിയെ മോചിപ്പിക്കുകയും ചെയ്തു. അങ്ങനെ 1977 ആയപ്പോഴേക്കും വെറും 34-ാം വയസ്സില്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന ഒരു പൊതുപ്രവര്‍ത്തകനായി നിയോഗി അറിയപ്പെട്ടു. അന്ന് മുതല്‍ 1991 ല്‍ കൊല്ലപ്പെടുന്നത് വരെ നിരന്തരം നിയോഗി ഉപദ്രവിക്കപ്പെട്ടുകൊണ്ടേയിരുന്നു. ഭീഷണികള്‍, പോലീസ് കേസുകള്‍, നേരിട്ടുള്ള ആക്രമണങ്ങള്‍, ജയില്‍ എന്നിങ്ങനെ അദ്ദേഹത്തെ ഭരണകൂടവും കോര്‍പറേറ്റ് മുതലാളിമാരും വേട്ടയാടി കൊണ്ടേയിരുന്നു.

തൊഴിലാളികള്‍ക്കിടയിലും ട്രേഡ് യൂണിയന്‍ രംഗത്തും മാത്രം ഒതുങ്ങിനിന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ആരോഗ്യം, സാമൂഹികപരിഷ്‌കരണം എന്നിവയിലേക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലങ്ങള്‍ വ്യാപിപ്പിച്ചു. വ്യവസ്ഥിതിയോട് സമരസപ്പെടാതെ അദ്ദേഹം നടത്തിയ പല മുന്നേറ്റങ്ങളും അധഃസ്ഥിതവിഭാഗക്കാര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടിയായിരുന്നു. രാജ്യത്തുതന്നെ ശക്തമായ മദ്യവിരുദ്ധ മുന്നേറ്റങ്ങളിലൊന്ന് നടന്നത് നിയോഗിയുടെ നേതൃത്വത്തിലായിരുന്നു. തൊഴിലാളികൾക്കിടിയിലെ മറ്റൊരു പ്രധാന പ്രശ്നം മദ്യപാനമായിരുന്നു.

ജനാധിപത്യത്തെ വെല്ലുവിളിച്ച് അധികാരികളും മുതലാളിമാരും നടത്തിയ നീക്കങ്ങളെ ധീരമായി നേരിട്ട ആ നേതാവ് ഓര്‍മയായിട്ട് ഇന്ന 32 കൊല്ലം പിന്നിടുകയാണ്

പുരുഷന്മാരുടെ അധികവേതനമെല്ലാം പോയിരുന്നത് മദ്യപാനത്തിലേക്കായിരുന്നു. കൂലി കൊടുക്കുന്നതിനിടെ തങ്ങള്‍ക്ക് നഷ്ടമാകുന്ന പണം തിരിച്ചുപിടിക്കാന്‍ കരാറുകാര്‍ തന്നെ തൊഴിലാളികള്‍ക്കിടയില്‍ മദ്യവില്‍പ്പന നടത്തിയിരുന്നു. മദ്യപാനം പല വീടുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെ യൂണിയന്റെ നേതൃത്വത്തില്‍ മദ്യപാനത്തിനെതിരെ ക്യാംപെയ്ന്‍ ആരംഭിച്ചു. സ്ത്രീ തൊഴിലാളികളുടെ പങ്കാളത്തോടെയാണ് ഈ ക്യാംപെയ്ന്‍ ശക്തമായി നടപ്പിലാക്കാന്‍ സാധിച്ചത്. മദ്യം പൂര്‍ണമായും ഉപേക്ഷിച്ച് തൊഴിലാളികള്‍ നിയോഗിക്ക് പിന്തുണയേകി. ഈ നീക്കത്തിനെതിരെയും ഉന്നതരില്‍നിന്ന് ഭീഷണികളുണ്ടായിരുന്നു. എന്നാൽ അവസാനമായപ്പോഴേക്കും ഈ പരിപാടി ഏതാണ്ട് വിജയം കണ്ടു.

അതിനുശേഷം ആരോഗ്യം, ശുചിത്വം എന്നീ മേഖലകളിലും നിയോഗിയുടെ നേതൃത്വത്തില്‍ ക്യാംപെയ്‌നുകള്‍ ആരംഭിച്ചു. 80 കിടക്കകളുള്ള ഒരു ആശുപത്രി തൊഴിലാളികള്‍ക്കായി ആരംഭിച്ചതാണ് അതിലെ സുപ്രധാന നീക്കങ്ങളിലൊന്ന്. 1977 ലെ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മയ്ക്കായി ഷഹീദ് എന്ന് അതിന് പേരിടുകയും ചെയ്തു.

1991 സെപ്റ്റംബര്‍ 28 ന് പുലര്‍ച്ചെയാണ് നിയോഗി വെടിയേറ്റ് മരിക്കുന്നത്. ഖനി ഉടമസ്ഥര്‍ ഏര്‍പ്പാടാക്കിയ വാടകഗുണ്ടകള്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഛത്തീസ്‌ഗഡ് പോലൊരു പിന്നാക്കപ്രദേശത്ത് പല മാറ്റങ്ങളും കൊണ്ടുവന്ന ആ നേതാവ് ഇന്നും ജനങ്ങള്‍ക്കിടയില്‍ ഓര്‍മിക്കപ്പെടുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ