ബിജെപിയുടെ ബിഹാര്‍ സ്വപ്‌നങ്ങളുടെ കാവല്‍ക്കാരനും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശില്‍ കുമാര്‍ മോദി വിടപറയുമ്പോള്‍ ബിജെപിയുടെ സൗമ്യമുഖങ്ങളില്‍ ഒന്നു കൂടി അസ്തമിക്കുകയാണ്. ബിജെപിയുടെ ദേശീയ സ്വപ്‌നങ്ങള്‍ക്ക് അടിത്തറ ഉറപ്പിക്കുംവിധം, രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ ബിഹാറില്‍ പാര്‍ട്ടിയെ വളര്‍ത്തിയ നേതാവാണ് സുശില്‍ കുമാര്‍ മോദി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അജയ്യ യാത്രയ്ക്കു തടസം സൃഷ്ടിച്ച മുന്നേറ്റത്തിനു തുടക്കമിട്ട മണ്ണാണ് ബിഹാര്‍. അടിയന്തരാവസ്ഥയ്‌ക്കെതിരെ ബിഹാറില്‍നിന്ന് അന്ന് ജയപ്രകാശ് നാരായണന്‍ നയിച്ച പ്രക്ഷോഭമായിരുന്നു ദേശീയ രാഷ്ട്രീയത്തില്‍ ആദ്യമായി കോണ്‍ഗ്രസിനു തിരിച്ചടി നല്‍കിയത്. ജയപ്രകാശ് നാരായണന്‍ തുടങ്ങിവെച്ച രാഷ്ട്രീയ മാറ്റം നിതീഷ് കുമാര്‍, ലാലുപ്രസാദ് യാദവ് തുടങ്ങിയ പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളുടെ ഉദയത്തിന് വഴിയൊരുക്കി. ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ട പേരാണ് സുശില്‍ കുമാര്‍ മോദി.
അടിയന്തരാവസ്ഥയ്‌ക്കെതിരായ വിദ്യാര്‍ഥിസമരങ്ങളിലൂടെയായിരുന്നു സുശില്‍ കുമാര്‍ മോദി ബിഹാര്‍ രാഷ്ട്രീയത്തില്‍ തന്റെ പേര് അടയാളപ്പെടുത്തുന്നത്. പട്ന യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു പഠനകാലത്ത് സുശില്‍ കുമാര്‍ മോദി. ലാലു പ്രസാദ് യാദവായിരുന്നു പ്രസിഡന്റ്. അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണന്‍ തുടങ്ങിവെച്ച പ്രക്ഷോഭങ്ങളുടെ ഭാഗമായ സുശില്‍ കുമാര്‍ മോദി വിദ്യാര്‍ഥി സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. അക്കാലത്ത് അഞ്ച് തവണ അറസ്റ്റിലായി. 1975 ജൂണ്‍ 30 ന് അറസ്റ്റിലായ അദ്ദേഹം 19 മാസം ജയില്‍വാസം അനുഭവിച്ചു. അടിയന്തരാവസ്ഥയ്‌ക്കുശേഷം സംഘപരിവാര്‍ രാഷ്ട്രീയത്തിനൊപ്പം സഞ്ചരിച്ച മോദി 1977-86 കാലത്ത് എബിവിപി നേതൃത്വത്തിലേക്ക് ഉയര്‍ന്നു. ബിഹാറില്‍ ഉര്‍ദു രണ്ടാം ഭാഷയാക്കാനുള്ള നീക്കത്തിനെതിരെ സമരങ്ങള്‍ നയിച്ചത് സുശില്‍ കുമാര്‍ മോദിയായിരുന്നു.
പതിയെ സംസ്ഥാനത്തെ പ്രമുഖ നേതാവിലേക്കുള്ള വളര്‍ച്ച. ജനകീയനായ എംഎല്‍എ, പ്രതിപക്ഷ നേതാവ്, മന്ത്രി, ലോക്‌സഭാംഗം, ഉപമുഖ്യമന്ത്രി, രാജ്യസഭാംഗം എന്നിങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിസ്മരിക്കപ്പെടാനാകാത്ത തരത്തില്‍ പിന്നീട് സുശില്‍ കുമാര്‍ മോദി വളര്‍ന്നു. ബിഹാറില്‍ ബിജെപിയുടെ ഉയര്‍ച്ചയ്ക്കു കാരണമായ അഞ്ച് ഘട്ടങ്ങളിലെല്ലാം സുശില്‍ കുമാര്‍ മോദിയുടെ സാന്നിധ്യമുണ്ടായിരുന്നു. 1995-ല്‍ ബിജെപി പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി മാറി. കാലിത്തീറ്റ കുംഭകോണം ദേശീയതലത്തില്‍ ചര്‍ച്ചയാക്കി. 1991 ല്‍ 40 ലോക്‌സഭാ സീറ്റുകള്‍ നേടിയുള്ള മുന്നേറ്റം. 1999-ല്‍ 64 നിയമസഭാ സീറ്റ്, 2010-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 91 സീറ്റുകളിലേക്കുള്ള ബിജെപിയുടെ ജയം എന്നിവയായിരുന്നു അവ.
സുശില്‍ കുമാര്‍ മോദി അധികാര രാഷ്ട്രീയത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത് 1990 കളിലാണ്. പട്‌ന സെന്‍ട്രല്‍ സീറ്റില്‍ മത്സരിച്ച് ജയിച്ച സുശില്‍ കുമാര്‍ ബിഹാര്‍ നിയമസഭയില്‍ ബിജെപിയുടെ ചീഫ് വിപ്പായി. സോഷ്യലിസ്റ്റ് കാലഘട്ടത്തിനൊപ്പം ബിജെപിയുടെ വളര്‍ച്ചയില്‍ തൊണ്ണൂറുകളില്‍ ബിഹാറിലെ പ്രമുഖ നേതാവായി സുശീല്‍ കുമാര്‍ വളര്‍ന്നു. 1996 -2004 കാലത്ത് ബിഹാര്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു സുശില്‍ കുമാര്‍. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനു വലിയ കളങ്കം ചാര്‍ത്തി നല്‍കിയ കാലിത്തീറ്റ കുംഭകോണ കേസിലെ നിയമപോരാട്ടങ്ങള്‍ക്കു പിന്നിലും സുശില്‍ കുമാര്‍ മോദി ആയിരുന്നു. ലാലു പ്രസാദ് യാദവിനെതിരെ പട്‌ന ഹൈക്കോടതിയെ സമീപിച്ചായിരുന്നു സുശില്‍ കുമാറിന്റെ പോരാട്ടം.
കൈലാസ്പതി മിശ്രയ്ക്കുശേഷം ബിഹാറിലെ ഏറ്റവും തലപ്പൊക്കമുള്ള ബിജെപി നേതാവ് എന്ന നിലയിലേക്ക് സുശില്‍ കുമാര്‍ മോദി വളര്‍ന്നു. ബിജെപിയെ സംസ്ഥാനത്ത് ശക്തമായ ഒരു ശക്തിയാക്കി മാറ്റിയതിന് പിന്നിലും 1995-ല്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി ഉയര്‍ന്നുവന്നതിനും പിന്നിലും സുശില്‍ കുമാര്‍ മോദിയുടെ പ്രവര്‍ത്തനങ്ങള്‍ വലുതാണ്. സാമ്പത്തിക രംഗത്തെ ബിഹാറിന്റെ മുന്നേറ്റത്തിന്റെ ക്രെഡിറ്റും സുശില്‍ കുമാര്‍ മോദിയുടെ പേരിലാണ് ചര്‍ച്ചയാകാറുള്ളത്.
ഒന്നാം നിതിഷ് കുമാര്‍ സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യമന്ത്രിയായിരുന്നു സുശില്‍ കുമാര്‍ മോദി. 2000 മാര്‍ച്ച് മൂന്നു മുതല്‍ ഏഴ് ദിവസം മാത്രമായിരുന്നു ആ സര്‍ക്കാരിന്റെ ആയുസ്. 2004 ല്‍ സുശില്‍ കുമാര്‍ മോദി ലോക്‌സഭാംഗമായി. ഭാഗല്‍പൂര്‍ മണ്ഡലത്തില്‍നിന്നായിരുന്നു ജയം. എന്നാല്‍, ഒരു വര്‍ഷത്തിനുശേഷം നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി. ഡല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയ സുശില്‍ കുമാര്‍ മോദി നിയമസഭയില്‍ ബിജെപിയുടെ നേതാവായി. രണ്ടാം നിതീഷ് കുമാര്‍ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി, ധനകാര്യം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകളായിരുന്നു അദ്ദേഹം കയ്യാളിയത്.
2010 ല്‍ ഭരണത്തുടര്‍ച്ച ലഭിച്ച എന്‍ഡിഎ സര്‍ക്കാരിലും നിതിഷ് കുമാറിനൊപ്പം സുശില്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി തുടര്‍ന്നു. 2011 ജൂലൈയില്‍, ജിഎസ്ടി (ചരക്കുസേവന നികുതി) സംബന്ധിച്ച സംസ്ഥാന ധനമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മിറ്റിയുടെ ചെയര്‍മാനായി സുശില്‍ കുമാര്‍ മോദി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം നിതീഷ് കുമാര്‍ സര്‍ക്കാര്‍ നാല് വര്‍ഷത്തോട് അടുത്തപ്പോള്‍ സംസ്ഥാനത്തെ മുന്നണി ബന്ധം പാടെ തകര്‍ന്നു. എന്‍ഡിഎ വിട്ട നിതീഷ് കുമാര്‍ ആര്‍ജെഡി, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു.
മഹാ ഗഡ്ബന്ധന്‍ എന്ന പേരില്‍ 2015 അധികാരത്തിലെത്തിയ ബിഹാറിലെ സര്‍ക്കാരിനെ 2017 ല്‍ വീഴ്ത്തിയതില്‍ സുശില്‍ കുമാര്‍ മോദി എന്ന നേതാവിന്റെ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു. മോദി സര്‍ക്കാരിന് ആദ്യ തിരിച്ചടിയെന്ന് വിശേഷിപ്പിക്കപ്പെട്ട മുന്നണി സര്‍ക്കാരിനെ ആയിരുന്നു അന്ന് വീഴ്ത്തിയത്. തുടര്‍ന്ന് 2020ല്‍ സുശില്‍ കുമാര്‍ മോദി രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാംവിലാസ് പാസ്വാന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലായിരുന്നു രാജ്യസഭാ പ്രവേശം. ഇതോടെ രാജ്യസഭയിലും ലോക്സഭയിലും നിയമസഭയുടെ ഇരുസഭകളിലും അംഗമായ നേതാക്കളില്‍ ഒരാളായി അദ്ദേഹം മാറി.
ആറ് മാസം മുൻപാണ് സുശില്‍ കുമാര്‍ മോദി അര്‍ബുദരോഗ ബാധിതനാണെന്ന് വെളിപ്പെടുത്തുന്നത്. ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തില്‍ നിന്നുള്‍പ്പെടെ വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. മോത്തിലാല്‍ മോദി - രത്ന ദേവി ദമ്പതികളുടെ മകനായി 1952 ജനുവരി അഞ്ചിനനായിരുന്നു സുശില്‍ കുമാര്‍ മോദിയുടെ ജനനം. പട്ന സയന്‍സ് കോളേജില്‍നിന്ന് ബോട്ടണിയില്‍ ബിരുദം നേടി.
സുശിൽ കുമാർ മോദിക്ക് കേരളവുമായി ഒരു ബന്ധമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ മലയാളിയാണ്. 1986 ലായിരുന്നു കോട്ടയം പൊൻകുന്നം സ്വദേശിയായ ജെസി ജോര്‍ജുമായുള്ള വിവാഹം. എബിവിപി ദേശീയ നേതാവായിരുന്ന സുശിൽ കുമാർ മോദി ഒരു ട്രെയിൻ യാത്രയ്ക്കിടെയാണ് ജെസിയെ കണ്ടുമുട്ടിയത്. ഉത്കര്‍ഷ് തഥാഗത, അക്ഷയ് അമൃതാംശു എന്നിവരാണ് ദമ്പതികളുടെ മക്കള്‍.