PEOPLE

'അരികിൽ' ഉണ്ടായിരുന്നു കരുണാകരൻ, ദേവരാജന്റെയും യേശുദാസിന്റെയും

യേശുദാസിന്റെ പ്രിയ സുഹൃത്തും തരംഗിണിയിലെ ശബ്ദലേഖകനുമായിരുന്ന കരുണാകരൻ വിടവാങ്ങിയിട്ട് ഒൻപത് വർഷം

രവി മേനോന്‍

എണ്ണമറ്റ അനശ്വര ഗാനങ്ങൾ പിറന്നുവീണ തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോ ഇന്ന് ചരിത്രത്തിന്റെ ഭാഗം. വെള്ളയമ്പലത്ത് ആ സ്റ്റുഡിയോ നിന്നിരുന്ന സ്ഥലത്ത് പുതിയൊരു ഫ്‌ളാറ്റ് സമുച്ചയം തലയുയർത്തി നിൽക്കുന്നു. വല്ലപ്പോഴുമൊക്കെ ആ വഴി കടന്നുപോകുമ്പോൾ ചരിത്രം ഉറങ്ങിക്കിടക്കുന്ന ആ മണ്ണിൽ വെറുതെ ചെന്ന് നിൽക്കാറുണ്ടായിരുന്നു എള്ളാത്ത് കരുണാകരൻ. മാഞ്ഞുപോയൊരു കാലം വീണ്ടും ഓർമയിൽ തെളിയും അപ്പോൾ. മനസ്സ് പഴയൊരു ഈണം മൂളും: 'അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതേ നിനച്ചുപോയി...'

'നീയെത്ര ധന്യ'യിലെ ആ ക്ലാസിക്ക് ഉൾപ്പെടെ യേശുദാസിന്റെ സ്വരത്തിൽ നൂറുകണക്കിന് ഗാനങ്ങൾ ആ സ്റ്റുഡിയോയിൽ ആലേഖനം ചെയ്തിരിക്കുന്നു, കരുണാകരൻ. 'എന്നെ ഞാനാക്കിയ സ്റ്റുഡിയോ ആണത്. എന്റെ പോറ്റമ്മ. അത് പൊളിച്ചുനീക്കിയപ്പോൾ വല്ലാത്ത ഒരു അനാഥത്വം തോന്നി എനിക്ക്. ഒരു തരം ശൂന്യത,'' കരുണാകരന്റെ വാക്കുകൾ. 'പക്ഷേ ആ വേർപാട് ഒരു അനിവാര്യതയായിരുന്നു. തരംഗിണിയെ പോലൊരു സ്റ്റുഡിയോക്ക് ഇന്നത്തെ കാലത്ത് പ്രസക്തിയില്ല. ഒരു കൊച്ചുമുറിയും കമ്പ്യൂട്ടറും മതി പാട്ട് റെക്കോർഡ് ചെയ്യാൻ. മൾട്ടി പീസ് ഓർക്കസ്ട്ര പോലും പഴങ്കഥയായി. നൂറു വയലിനിസ്റ്റുകൾക്ക് ഒന്നിച്ചിരുന്നു പ്ലേ ചെയ്യാവുന്ന വിശാലമായ ഹാൾ, മറ്റു സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർക്കായി പത്തോളം ബൂത്തുകൾ, ഗായകർക്ക് വോയ്‌സ് ബൂത്ത്... ഏഷ്യയിലെ ഏറ്റവും മികച്ച ഓഡിയോ റെക്കോർഡിങ് സ്റ്റുഡിയോ ആയിരുന്നു തരംഗിണി ഒരു കാലത്ത്. ഇന്ന് അതൊക്കെ ഓർമ്മ മാത്രം...''

താൻ റെക്കോർഡ് ചെയ്ത ഒരു ഗാനമെങ്കിലും കാതിൽ വന്നു വീഴാത്ത ദിവസങ്ങലുണ്ടായിരുന്നില്ല കരുണാകരന്റെ ജീവിതത്തിൽ. 'ഓരോ ഗാനവും എനിക്ക് ഓരോ കാലമാണ്. അരികിൽ എന്ന പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിൽ തെളിയുക, മലയും പുഴയും ഇടവഴികളും വയൽ വരമ്പുകളും താണ്ടി സ്‌കൂളിലേക്ക് നടന്നുപോയ കാലമാണ്. അത് പോലൊരു യാത്രയിലാണ് കായാമ്പൂ കണ്ണിൽ വിടരും എന്ന ഗാനം വിദൂരതയിൽ എങ്ങുനിന്നോ കാറ്റിലൂടെ ഒഴുകിവന്നു എന്നെ കോരിത്തരിപ്പിച്ചത്. ദേവരാജൻ എന്ന മഹാപ്രതിഭയാണ് ആ ഗാനത്തിന്റെ ശില്പിയെന്നോ യേശുദാസ് എന്ന ഗന്ധർവ ഗായകനാണ് അത് പാടിയതെന്നോ അന്നത്തെ വള്ളിനിക്കറുകാരന് അറിയില്ല.''

പതിറ്റാണ്ടുകൾക്കുശേഷം നീയെത്ര ധന്യയിലെ ഗാനങ്ങൾ ആലേഖനം ചെയ്യാൻ തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയുടെ കൺസോളിൽ സൗണ്ട് എൻജിനീയറുടെ കസേരയിൽ ഇരിക്കുമ്പോൾ ഓർമയിൽ വന്നുനിറഞ്ഞത് ആ പഴയ കായാമ്പൂവിന്റെ സൗരഭ്യമാണെന്നു കരുണാകരൻ പറയും. ''സ്വപ്നലോകത്തായിരുന്നു ഞാൻ. ഇതിഹാസതുല്യനായ സംഗീതസംവിധായകൻ ദേവരാജൻ മാഷാണ് തൊട്ടടുത്ത്. മൈക്കിനു മുന്നിൽ സാക്ഷാൽ ഗാനഗന്ധർവൻ. കുട്ടിക്കാലത്ത് കേട്ട് മനസ്സിൽ പതിഞ്ഞ പാട്ടുകളുടെ ശിൽപ്പികൾ. ആയുസ്സിൽ ഒരിക്കലെങ്കിലും കാണാൻ ഭാഗ്യമുണ്ടാകുമെന്നു കരുതിയിട്ടില്ലാത്ത രണ്ടു മഹാകലാകാർന്മാർക്കൊപ്പം, അവരുടെ ഗാനസൃഷ്ടിയിൽ പങ്കാളിയാകാൻ കഴിയുക.. വിധിയുടെ ഒരു കുസൃതി എന്നല്ലാതെ മറ്റെന്തു പറയാൻ?''

വിധിയോടു നന്ദി പറയുക തന്നെ വേണം കരുണാകരൻ.. ''അന്ന് തരംഗിണി സ്റ്റുഡിയോയിൽ റെക്കോർഡിങ് അസിസ്റ്റന്റാണ് ഞാൻ. മുഖ്യ റെക്കോർഡിസ്റ്റ് ബാലകൃഷ്ണൻ വന്നിട്ടില്ല. അപ്രതീക്ഷിതമായി അവധിയിൽ പോയതാണ്. സ്വതവേ കർക്കശക്കാരനായ ദേവരാജൻ മാഷ് റെക്കോർഡിങ്ങിന് തയ്യാറായി സ്റ്റുഡിയോയിൽ എത്തിക്കഴിഞ്ഞു. റെക്കോർഡിങ് മാറ്റിവെക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും വയ്യ. സർവധൈര്യവും സംഭരിച്ച് ഒടുവിൽ തരംഗിണിയുടെ മാനേജർ സതീഷ് സത്യൻ മാഷിനെ വിവരം ധരിപ്പിക്കുന്നു. ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച നിൽക്കുയായിരുന്നു ഞാൻ ഉൾപ്പെടെ അവിടെയുണ്ടായിരുന്നവരെല്ലാം. എന്നാൽ സംഭവിച്ചത് മറിച്ചാണ്. എല്ലാം കേട്ട് കഴിഞ്ഞശേഷം, ഒരു മൂലയിൽ പതുങ്ങി നിൽക്കുകയായിരുന്ന എന്നെ നോക്കി ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു. അതിനെന്താ, ഇവൻ പോരെ? ഇവനും അറിയാമല്ലോ പണിയൊക്കെ...'' സ്വന്തം ഹൃദയം ആവേശം കൊണ്ട് തുടിക്കുന്നത് കരുണാകരൻ കേട്ടു.

യേശുദാസും കരുണാകരനും

മഞ്ചേരിയ്ക്കടുത്ത് പന്തലൂർക്കാരനായ കരുണാകരന് അങ്ങനെ അപ്രതീക്ഷിതമായി സ്വതന്ത്ര റെക്കോർഡിസ്ടിന്റെ പദവിയിലേക്കു സ്ഥാനക്കയറ്റം ലഭിക്കുന്നു. സുദീർഘമായ ഒരു ഇന്നിങ്സിന്റെ തുടക്കം. മുൻപും തരംഗിണിയുടെ ചെന്നൈയിലെയും തിരുവനന്തപുരത്തെയും സ്റ്റുഡിയോകളിൽ നൂറുകണക്കിന് ഗാനങ്ങളുടെ സൃഷ്ടിയിൽ സഹായിയെന്ന നിലയിൽ പങ്കാളിയായിരുന്നെങ്കിലും ഗാനലേഖനത്തിന്റെ പൂർണചുമതല ആദ്യമായി എല്ക്കുന്നത് അന്നാണ്- അതും എല്ലാ അർത്ഥത്തിലും ക്ലാസ്സിക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഗാനം റെക്കോർഡ് ചെയ്തു കൊണ്ട്. ഒ എൻ വിയും ദേവരാജനും യേശുദാസും നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഒരുമിച്ച ചിത്രം എന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നു നീയെത്ര ധന്യക്ക്.

'അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് തുടങ്ങുന്ന വരികളിലൂടെ കണ്ണോടിച്ചപ്പോൾ തന്നെ ദാസേട്ടൻ വികാരാധീനനായി. മാഷിന്റെ ഈണം കൂടി കേട്ടപ്പോൾ അദ്ദേഹം സ്വയം മറക്കുന്നത് കൺസോളിൽ ഇരുന്ന് ഞാൻ കണ്ടു. സാധാരണ കാണാറുള്ള ദാസേട്ടനെയല്ല മൈക്കിനു മുൻപിൽ അന്ന് കണ്ടത്. ഒരു തരം വാശിയോടെ ഗാനത്തിന്റെ വരികളിലും ഈണത്തിലും അലിഞ്ഞുചേരുകയായിരുന്നു അദ്ദേഹം. സ്പീക്കറിലൂടെ പല്ലവി ഒഴുകിയെത്തിയപ്പോൾ ആത്മഗതമെന്നോണം മാസ്റ്റർ ഉരുവിട്ട വാക്കുകൾ മറന്നിട്ടില്ല: ''നോക്കിക്കോ, ഇനി അവനെ പിടിച്ചാൽ കിട്ടില്ല...''

ഫോട്ടോ കടപ്പാട്: ആർ ഗോപാലകൃഷ്ണൻ

കണ്ണുകളിൽ നേരിയ നനവോടെ പാട്ടുപാടി പുറത്തുവന്നു ദേവരാജൻ മാഷെ തൊഴുതുനിന്ന യേശുദാസിന്റെ ചിത്രം കരുണാകരന്റെ ഓർമയിൽ ഇന്നുമുണ്ട്. ''വർഷങ്ങൾ കഴിഞ്ഞ് ദേവരാജൻ മാഷിന്റെ അന്ത്യയാത്രയിൽ പങ്കുകൊള്ളാൻ ദാസെട്ടനോപ്പം കാറിൽ കൊല്ലത്തേക്കു പോയത് ഓർക്കുന്നു. യാത്രക്കിടെ ദാസേട്ടൻ സംസാരിച്ചത് ഏറെയും 20 വർഷം മുൻപത്തെ ആ റെക്കോർഡിങ്ങിനെക്കുറിച്ചാണ്. 'കുമിള പോലെ പുതിയ സംഗീത സംവിധായകർ പൊട്ടിമുളച്ചു കൊണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഒരേ തരത്തിലുള്ള, പുതുമ കുറഞ്ഞ പാട്ടുകൾ പാടി മടുത്ത ആ കാലത്താണ് ഒരു അനുഗ്രഹം പോലെ അരികിൽ എന്ന ഗാനം ഇങ്ങോട്ട് തിരഞ്ഞുവരുന്നത്. പ്രായം നമ്മളെ ബാധിച്ചുതുടങ്ങിയോയെന്ന് സ്വയം തോന്നിത്തുടങ്ങിയ ഘട്ടം. പക്ഷേ, അരികിൽ എല്ലാ ആശങ്കകളും അകറ്റി....''

1985 നും 2005 നുമിടയ്ക്ക് മറക്കാനാവാത്ത ഒട്ടേറെ ഗാനങ്ങൾ സിനിമയ്ക്കുവേണ്ടിയും അല്ലാതെയുമായി യേശുദാസിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യാൻ കഴിഞ്ഞതാണ് തന്റെ ഭാഗ്യമെന്നു വിശ്വസിക്കുന്നു കരുണാകരൻ. യേശുദാസിന്റെ സ്വരഗാംഭീര്യം അതിന്റെ പൂർണതയിൽ എത്തിനിന്ന കാലഘട്ടം എന്നാണു 1985 മുതലുള്ള പത്തു വർഷങ്ങളെ രവീന്ദ്രൻ മാസ്റ്റർ ഒരിക്കൽ വിലയിരുത്തിയത്. ആ 'സുവർണ'കാലത്ത് യേശുദാസിന്റെ ഭൂരിഭാഗം ഗാനങ്ങളും റെക്കോർഡ് ചെയ്യാനുള്ള ഭാഗ്യം കരുണാകരനായിരുന്നു. ഭരണി സ്റ്റുഡിയോയിലെ കോടീശ്വരറാവു തൊട്ടിങ്ങോട്ട് യേശുദാസിന്റെ പാട്ടുകൾ ആലേഖനം ചെയ്ത അസംഖ്യം സൗണ്ട് എൻജിനീയർമാരിൽനിന്ന് (കണ്ണൻ, വിശ്വനാഥൻ, മിനു ഖത്രക്, കൃഷ്ണയ്യർ, ശിവറാം, രംഗസ്വാമി അയ്യങ്കാർ, സമ്പത്ത്, സ്വാമിനാഥൻ, ബാലകൃഷ്ണൻ, രാജഗോപാൽ, ദേവദാസ്, വി ബി സി മേനോൻ, രഘു, മജീദ് തുടങ്ങി നിരവധി പേരുണ്ട് ആ പട്ടികയിൽ) കരുണാകരനെ വേറിട്ട് നിർത്തുന്ന ഘടകം, ഗാനഗന്ധർവനുമായി അദ്ദേഹം സ്ഥാപിച്ച അപൂർവസൗഹൃദം തന്നെ. റെക്കോർഡിങ്ങിനോട് ഔദ്യോഗികമായി വിട പറഞ്ഞിട്ടും നിഴൽപോലെ എന്നും യേശുദാസിന് ഒപ്പമുണ്ടായിരുന്നു കരുണാകരൻ, അകാലത്തിൽ മരണത്തിന് കീഴടങ്ങും വരെ.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി