ബാലാമണിയമ്മ 
PEOPLE

ആ ജീവിതം തന്നെ കാവ്യമായിരുന്നു; ബാലാമണിയമ്മയുടെ ഓര്‍മകള്‍ക്ക് 18 വർഷം

അരുൺ സോളമൻ എസ്

മലയാളത്തിന്റെ പ്രിയപ്പെട്ട കവി എൻ ബാലാമണിയമ്മ ഓർമകളുടെ അഭ്രപാളിയിലേക്ക് മറഞ്ഞിട്ട് 18 കൊല്ലങ്ങളായിരിക്കുന്നു. മാതൃത്വത്തിന്റെയും വാത്സല്യത്തിന്റെയും കവിയായിരുന്നു ബാലാമണിയമ്മ എന്നാണ് സാഹിത്യലോകം അവരെ എക്കാലും വിശേഷിപ്പിച്ച് പോന്നത്. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ സംഘർഷങ്ങളെ അടയാളപ്പെടുത്തിയതായിരുന്നു ബാലാമണിയമ്മയുടെ കവിതകൾ. മാതൃത്വം, വാത്സല്യം, ഗാർഹികത, ഭക്തി, ദേശീയത, ദാർശനികത അടക്കമുളള ഭാവങ്ങൾ ആ കവിതകളിൽ നിറഞ്ഞു നിന്നിരുന്നു.

1909 ജൂലായ് 19ന് സാഹിത്യ തറവാടായ നാലപ്പാട്ടുവീട്ടിൽ നാലപ്പാട്ടു നാരായണമേനോന്റെ സഹോദരി കൊച്ചുകുട്ടിയമ്മയുടെയും കുഞ്ചുണ്ണിരാജയുടെയും മകളായി ജനിച്ചു. 1928-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറും എഡിറ്ററുമായിരുന്ന വി എം നായരെ വിവാഹം ചെയ്തു. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ആദ്യകവിത 16-ാം വയസിലെഴുതിയ വിലാപം ആണ്. 1930ലെഴുതിയ ആദ്യസമാഹാരമായ 'കൂപ്പുകൈ' പുറത്തിറങ്ങിയത് മുതലാണ് ബാലമണിയമ്മയുടെ കാവ്യജീവിതം ആരംഭിക്കുന്നത്.

പാരമ്പര്യത്തിന്റെ കെട്ടുപാടുകളെ കോർത്തിണക്കുകയും അതുവരെ നിലനിന്ന ആണധികാര വ്യവസ്ഥയുടെ എഴുത്ത് ലോകത്തിൽ നിന്നും തീർത്തും വ്യത്യസ്തമായി സ്ത്രീപക്ഷ അനുഭവങ്ങളെ കാവ്യലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്ത കവിതകളാണ് ബാലാമണിയമ്മയുടേത്. ഒരുപക്ഷേ, അതുവരെ പുരുഷ കേന്ദ്രീകൃതമായിരുന്ന എഴുത്ത് ലോകത്തിൽ നിന്നും നവീനതയുടെ കാവ്യം രചിച്ചത് ബാലാമണിയമ്മ ആയിരിക്കും. ബാലാമണിയമ്മയ്ക്ക് ശേഷം മലയാള കാവ്യപരിസരത്തേക്ക് വന്ന പല എഴുത്തുകാരിലും അവരുടെ തുടർച്ച കാണാൻ കഴിഞ്ഞതും അതുകൊണ്ടാകാം.

സമൂഹത്തിൽ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ പാരമ്പര്യത്തിന്റെ മതിൽകെട്ടിനുള്ളിൽ നിന്ന് കാവ്യ ലോകത്തേക്ക് എത്തിച്ചപ്പോൾ സ്ത്രീയുടെ വ്യത്യസ്തമായ ഭാവങ്ങളെ കൂടി അടയാളപ്പെടുത്താൻ അവർക്ക് കഴിഞ്ഞു. ആ രൂപകങ്ങളിൽ കാമുകിയായും അമ്മയായും ഭാര്യയായും ഒക്കെ സ്ത്രീയെ അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. പ്രണയവും കാമവും ജീവിതത്തിന്റെ സ്വാഭാവിക വാസനയായി കണ്ട അവർ രതി കൂടി ചേർന്നാലെ ജീവിതം പൂർണാമാകൂ എന്ന് വിശ്വസിച്ചിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം അനുഭവങ്ങൾ തന്നെയാണ് കവിതകളായി രൂപം പ്രാപിക്കുന്നത്. ആദ്യമായി ഒരു കുട്ടി ജനിച്ചപ്പോൾ അതെനിക്കൊരു മഹത്തായ അനുഭവമായിരുന്നു. സ്വന്തം മനസിൽ തട്ടുന്ന അനുഭവങ്ങളെ ആവിഷ്കരിക്കാനാണ് ഞാൻ കവിതയിലൂടെ ശ്രമിക്കാറുളളത്.
ബാലാമണിയമ്മ
ബാലമണിയമ്മയും മാധവികുട്ടിയും

എഴുത്തിനെ ആത്മാവിഷ്കാരമാക്കികൊണ്ട് സാഹിത്യ ലോകത്തിലേക്ക് കടന്നു വന്ന കവിയാണ് ബാലാമണിയമ്മ. എന്നാൽ എക്കാലവും അവർ അറിയപ്പെട്ടത് മാതൃത്വത്തിന്റെ കവിയായിട്ടാണ്. ഒരു പക്ഷേ 'സോപാനം' പോലുള്ള ആദ്യ കാലങ്ങളിലെ കവിതാസമാഹാരങ്ങളെ മുൻ നിർത്തിയാകാം ഇത്തരത്തിൽ ഒരു വിളിപ്പേരിലേക്ക് അവരെ ചുരുക്കി നിർത്തിയിരുന്നത്. സ്ത്രീയെയും പ്രകൃതിയെയും കൂട്ടിയിണക്കി മാതൃത്വത്തിന്റെ പുതിയമാനം തീർത്ത കവിതകൾ അവരുടെ സർ​ഗസൃഷ്ടിയിൽ വിരിഞ്ഞിരുന്നു. എന്നാൽ അതേ മാനത്തോടെ അവരുടെ പിൽക്കാല കവിതകളെയും സമീപിച്ചപ്പോൾ അനുവാചകരുടെ ആസ്വാദനക്ഷമതയും ചുരുങ്ങിപ്പോവുകയായിരുന്നു.

'എന്നടുപ്പിങ്കൽ ഞാനൂതിവളർത്തും തീ

മിന്നുന്നു ബാലാർക്കരശ്മിപോലെ,

ഇക്കൊച്ചടുക്കളയാമെന്നുലകിനെ-

ച്ചിക്കെന്നതുദ്ദീപ്തമാക്കിയല്ലോ'

1934ൽ എഴുതിയ 'അടുക്കളയിൽ' എന്ന കവിതയെ പല അർത്ഥങ്ങളിലൂടെയും അനുവാചകന് എടുക്കാമെങ്കിലും അടുക്കളപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നതിനെ ഈശ്വരാരാ​ധനയായിക്കാണുകയാണ് അവർ. അടുക്കളയെ തന്റെ പ്രപഞ്ചമായി കാണുന്ന കവിയെ അടിമയെന്ന് വിളിക്കാമെങ്കിലും അടുക്കളപ്പണിയുമായി പൊരുത്തപ്പെടാനുളള സ്ത്രീയുടെ ഭാവനയായും അതിനെ കാണാവുന്നതാണ്. എന്നാൽ പാരമ്പര്യത്തിന്റെ കെട്ടുപാടുകളിൽ നിന്ന് എഴുതിയതുകൊണ്ടാകാം സ്ത്രീയെ നാലുകെട്ടിനുള്ളിൽ തളച്ചിടുന്ന ഒന്നിനെയും അവർ ചോദ്യം ചെയ്യുന്നില്ല എന്നതാണ് 'അടുക്കളയിൽ' പോലുള്ള കവിതകളിലും കാണാനാവുന്നത്.

പ്രകൃതിയും സ്ത്രീയും പ്രണയവും രതിയും മരണവും ഒക്കെ പ്രമേയമാകുന്ന ധാരാളം കവിതകൾ അവരുടേതായുണ്ട്. പരാജയം എന്ന കവിതയിൽ മരണത്തെ വീടുമാറ്റമായാണ് കവി കാണുന്നത്. എന്നാൽ 'കിനാവുകൾ' എന്ന കവിതയിൽ 'ഒരുനാൾ വഴിതെറ്റി ശ്മാനത്തിൽപ്പെട്ട് തിരികെപ്പോന്ന അവനെ പുതുപുലരിയും പൂക്കളും സ്വാ​ഗതം ചെയ്യുന്നുവെന്നും, അവൻ പിന്നെയും തന്നെയും കൊണ്ട് കാലദേശങ്ങൾ തകർത്ത് സർ​ഗമണ്ഡലം ചുറ്റുന്നു എന്നാണ് അവർ മൃത്യുവിനെ അടയാളപ്പെടുത്തിയത്. ഇവിടെ മരണത്തെ പ്രണയവുമായി കൂട്ടിയിണക്കി നിർത്തുകയും അതിലൂടെ മരണത്തെ മൂർത്തമായി ആവിഷ്കരിക്കാനും കവി ശ്രദ്ധ പുലർത്തി.

ഏറെക്കാലം കൽക്കത്തയിൽ കഴിഞ്ഞ അവരുടെ കവിതകളിൽ നാ​ഗരികതയുടെ പ്രശ്നങ്ങളെക്കുറിച്ചും കാണാനാകും. എന്നാൽ നഗരജീവിതത്തെ പൂർണമായും അവർ തള്ളിപ്പറയുന്നില്ലെങ്കിലും പുതുവെളിച്ചം പോലുളള കവിതകളിൽ ക്രാന്തദർശിയെ പോലെ വരാനിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെയും അവർ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 'തിരിച്ച് പോകുമ്പോൾ' എന്ന കവിതയിൽ എൻ പ്രിയ ന​ഗരമേ എന്നാണ് അവർ അഭിസംബോധന ചെയ്യുന്നത്. അതേ സമയം, 1979ൽ എഴുതിയ 'തിരിച്ചുവന്നപ്പോൾ' എന്ന കവിതയിൽ

'കാലമേറെക്കഴിച്ചങ്ങു ശൂന്യമാം

താലവുമായ് തിരിച്ചുവന്നപ്പോഴും

വെച്ചിരിക്കുന്നു നീയെനിക്കായൊട്ടു

പച്ചിലകളും പൂക്കളും ​ഗന്ധവും' എന്ന് എഴുതാനും അവർ മറന്നില്ല.

ബാലാമണിയമ്മയുടെ കവിത കേവലം മാതൃത്വത്തിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. തന്റെ ചുറ്റുമുളള സാധാരണ മനുഷ്യരുടെ ജീവിതാവസ്ഥകൾക്ക് മുന്നിൽ കണ്ണടച്ച് നിന്ന കവിയത്രി ആയിരുന്നില്ല അവർ. അതുകൊണ്ട് തന്നെ ബാലാമണിയമ്മയുടെ കവിതകളിൽ ​ഗാന്ധിയുടെയും ബുദ്ധന്റെയും ബിംബങ്ങൾ തെളിയുന്നത് അനുവാചകന് കാണാൻ കഴിയും. അവിടെ മനുഷ്യൻ ആ​ഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ഒക്കെ കണികകളെയും ദർശിക്കാനാകും. 1929ൽ എഴുതിയ 'ഞങ്ങളുടെ നേതാവ്' എന്ന ആദ്യകാല കവിത തന്നെ ​ഗാന്ധിയെ അനുസ്മരിക്കുന്നുണ്ട്.

ബാലാമണിയമ്മയുടെ കവിതകൾ സ്നേഹത്തിന്റെയും, ശാന്തിയുടെയും, വാത്സല്യത്തിന്റെയും  ലോകത്തിലേക്ക് മനുഷ്യഹൃദയങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നവയാണ് . പ്രകൃതിയിൽ നിന്നും തന്നെ സ്വാധീനിക്കുന്നതൊക്കെയും അവർ കവിതയ്ക്ക് പ്രമേയമായി സ്വീകരിച്ചു. അവിടെ ലിംഗഭേദമോ ജാതിയോ മതമോ ഏതൊന്നും തന്നെ അവർക്കില്ലായിരുന്നു. അമ്മ, കുടുംബിനി, ജേഷ്ഠത്തി, കൂട്ടുകാരി, മുത്തശ്ശി എന്നീ കവിതകളിലൊക്കെയും സ്ത്രീയുടെ പല നിലപാടുകളിൽ നിന്നു കൊണ്ടാണ് ബാലാമണിയമ്മ കവിതയെ സമീപിച്ചത്. സാഹിത്യ ലോകം അവരെ മാതൃത്വത്തിന്റെ കവിയായി കണക്കാക്കുമ്പോഴും കാവ്യലോകം വിസ്മരിച്ചുപോയത് മലയാളത്തിലെ ഏറ്റവും ശക്തമായി കാവ്യ രചന നടത്തിയ കവയിത്രിയെയാണ്. 2004 സെപ്റ്റംബർ 29ന് ആ കാവ്യജീവിതം വിട വാങ്ങി. കാവ്യലോകത്തെ മുത്തശ്ശി മാതൃത്വത്തിന്റെ കവിയായി മലയാളികളുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞ് നില്‍ക്കുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും