ബ്രയന്‍ നിക്കോള്‍സ്-ലോകം കണ്ട സമാദരണീയ പത്രാധിപന്മാരില്‍ ഒരാള്‍. ഗ്ലാസ്‌ഗോ ഈവനിങ് ന്യൂസ് പത്രത്തില്‍ വെറുമൊരു കോപ്പി ബോയ് ആയി തുടങ്ങി ഗള്‍ഫ് ടൈംസിന്റെ സ്ഥാപക എഡിറ്റര്‍ പദവി വരെ എത്തിയ ഈ സ്‌കോട്ടിഷ് പ്രതിഭയുമായി നമ്മുടെ ഗാനഗന്ധര്‍വന്‍ യേശുദാസിന് എന്തു ബന്ധം?
പകരം വെക്കാനില്ലാത്ത ബന്ധമാണതെന്ന് പറയും യേശുദാസ്. സംഗീതജീവിതത്തിന്റെ പ്രാരംഭഘട്ടത്തില്‍ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയും അക്ഷരങ്ങളിലൂടെ ആത്മവിശ്വാസം പകരുകയും ചെയ്ത വ്യക്തിയെ മറക്കാനാകുമോ ആര്‍ക്കെങ്കിലും?
പത്രപ്രവര്‍ത്തന പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് 1965 ല്‍ ഇന്ത്യയില്‍ എത്തിയ നിക്കോള്‍സ് യാദൃച്ഛികമായാണ് യേശുദാസിന്റെ ആലാപനം കേള്‍ക്കുന്നത്
ഗായകനെന്ന നിലയില്‍ യേശുദാസിന്റെ വളര്‍ച്ചയില്‍ ബ്രയന്‍ നിക്കോള്‍സിനുമുണ്ടൊരു പങ്ക്. യേശുദാസിനെക്കുറിച്ച് മലയാള പത്രങ്ങളില്‍ ആദ്യമായി അടിച്ചുവന്ന ഏറ്റവും ശ്രദ്ധേയമായ കുറിപ്പ് നിക്കോള്‍സിന്റേതായിരുന്നു. അതിനു മുന്‍പും ദാസിനെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും 'സായിപ്പിന്റെ' നിരീക്ഷണങ്ങളോളം സുചിന്തിതമായിരുന്നില്ല അവ. സംഗീതലോകത്ത് യേശുദാസ് കൈവരിക്കാനിരിക്കുന്ന ഉയരങ്ങളെക്കുറിച്ച് ആദ്യമായി പ്രവചനരൂപത്തില്‍ വിലയിരുത്തിയത് നിക്കോള്‍സ് ആവണം.
''തുടക്കക്കാരനെന്ന നിലയില്‍ എനിക്ക് ഏറെ ആത്മവിശ്വാസം പകര്‍ന്ന ലേഖനം ആണത്. പിന്നീട് എത്രയോ പേര്‍ എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും നിക്കോള്‍സിന്റെ സൗമനസ്യം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല,'' യേശുദാസിന്റെ വാക്കുകള്‍.
സ്‌കോട്ട്‌ലണ്ടിലും ഇംഗ്ലണ്ടിലും വിവിധ പത്രങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ശേഷം 1978 ലാണ് ഭാര്യ ഡൊറോത്തിയോടൊപ്പം നിക്കോള്‍സ് ഖത്തറില്‍ ഗള്‍ഫ് ടൈംസിന് തുടക്കമിടുന്നത്
പത്രപ്രവര്‍ത്തന പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് 1965 ല്‍ ഇന്ത്യയില്‍ എത്തിയ നിക്കോള്‍സ് യാദൃച്ഛികമായാണ് യേശുദാസിന്റെ ആലാപനം കേള്‍ക്കുന്നത്. ''ഒരു വൈകുന്നേരം കോട്ടയം നഗരത്തിലൂടെ നടക്കുന്നതിനിടെ പാട്ടുകേട്ട് കൗതുകപൂര്‍വം മാമ്മന്‍ മാപ്പിള ഹാളില്‍ കയറി നോക്കിയതാണ് അദ്ദേഹം. വേദിയിലിരുന്ന് ഒരു ചെറുപ്പക്കാരന്‍ മനോഹരമായി പാടുന്നു. ജനം അത് കേട്ട് തരിച്ചിരിക്കുന്നു. ആ ശബ്ദത്തിന്റെ മാസ്മരികതയില്‍ വീണുപോയ നിക്കോള്‍സ് വരാന്തയിലിരുന്നു ഗാനമേള മുഴുവന്‍ കേട്ടശേഷമേ തിരിച്ചുപോയുള്ളൂ. പിറ്റേന്ന് തന്നെ മനോരമയ്ക്കുവേണ്ടി തന്റെ അനുഭവം വിവരിച്ച് വികാരനിര്‍ഭരമായ കുറിപ്പും അദ്ദേഹമെഴുതി. വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കപ്പെട്ട ആ കുറിപ്പില്‍, വരാനിരിക്കുന്നത് യേശുദാസിന്റെ നാളുകളാണെന്ന് വ്യക്തമായി പ്രവചിച്ചിരുന്നു അദ്ദേഹം,'' നിക്കോള്‍സിന്റെ ശിഷ്യനും പ്രമുഖ പത്രപ്രവര്‍ത്തകനുമായ ബാബു മേത്തര്‍ പറയുന്നു.
എലിസബത്ത് രാജ്ഞി, പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്ത്, ഹോളിവുഡ് നടി സോഫിയ ലോറന്‍ തുടങ്ങിയ പ്രമുഖ വ്യക്തികളുമായി നിക്കോള്‍സ് നടത്തിയ അഭിമുഖങ്ങള്‍ പത്രപ്രവര്‍ത്തന വിദ്യാര്‍ഥികള്‍ക്ക് വിലപ്പെട്ട പരിശീലന പാഠങ്ങളാണിന്നും.
സ്‌കോട്ട്‌ലണ്ടിലും ഇംഗ്ലണ്ടിലും വിവിധ പത്രങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ശേഷം 1978 ലാണ് ഭാര്യ ഡൊറോത്തിയോടൊപ്പം നിക്കോള്‍സ് ഖത്തറില്‍ ഗള്‍ഫ് ടൈംസിന് തുടക്കമിടുന്നത്. തുടര്‍ന്ന് ഒരു വ്യാഴവട്ടക്കാലം ടൈംസിന്റെ മുഖ്യ പത്രാധിപസ്ഥാനം വഹിക്കുന്നതിനിടെ മലയാളികള്‍ ഉള്‍പ്പെടെ കഴിവുറ്റ യുവ പത്രപ്രവര്‍ത്തകരുടെ ഒരു തലമുറയെ തന്നെ വാര്‍ത്തെടുക്കാന്‍ നിക്കോള്‍സിന് കഴിഞ്ഞു.
2018 മേയ് ഒന്‍പതിനാണ് ബ്രയന്‍ നിക്കോള്‍സ് ഓര്‍മയായത്.