ശ്രീവിദ്യ 
PEOPLE

മാഞ്ഞുപോയ നിത്യസൗന്ദര്യം..

പതിമൂന്നാം വയസില്‍ അഭിനയ ജീവിതം ആരംഭിച്ച ശ്രീവിദ്യ നാല്‍പത് വര്‍ഷത്തിനിടെ എണ്ണൂറോളം സിനിമകളില്‍ വേഷമിട്ടു

വെബ് ഡെസ്ക്

മലയാളത്തിന്റെ പ്രിയ നടി ശ്രീവിദ്യ ഓര്‍മയായിട്ട് 16 വര്‍ഷം. ശ്രീത്വം തുളുമ്പുന്ന മുഖവും കുസൃതി നിറഞ്ഞ നോട്ടവും കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച നടിയായിരുന്നു ശ്രീവിദ്യ. മികച്ച ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ആരാധകമനം കീഴടക്കിയ അഭിനേത്രി 53 -ാം വയസിലാണ് മരണത്തിന് കീഴടങ്ങുന്നത്. എന്നാല്‍, സിനിമയുടെ സൗഭാഗ്യങ്ങളൊന്നും അവര്‍ ജീവിതത്തില്‍ അനുഭവിച്ചിരുന്നില്ല. പതിമൂന്നാം വയസില്‍ അഭിനയ ജീവിതം ആരംഭിച്ച ശ്രീവിദ്യ നാല്‍പത് വര്‍ഷത്തിനിടെ എണ്ണൂറോളം സിനിമകളില്‍ വേഷമിട്ടു.

1953 ജൂലൈ 24ന് ചെന്നൈയില്‍, പ്രസിദ്ധമായ കലാകുടുംബത്തിലായിരുന്നു ശ്രീവിദ്യയുടെ ജനനം. കര്‍ണാടക സംഗീതജ്ഞ എംഎല്‍ വസന്തകുമാരിയുടേയും ഹാസ്യ നടന്‍ ആര്‍ കൃഷ്ണ മൂര്‍ത്തിയുടേയും മകളായി ജനിച്ച ശ്രീവിദ്യ സംഗീതത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചു. ശ്രീവിദ്യ ജനിച്ച് അധികം വൈകാതെ അച്ഛന്‍ രോഗബാധിതനാവുകയും അഭിനയം നിര്‍ത്തുകയും ചെയ്തതോടെ അമ്മയുടെ സംഗീത കച്ചേരിയില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ ശമ്പളം മാത്രമായി കുടുംബത്തിന്റെ വരുമാനം. തിരുവിതാംകൂര്‍ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ലളിത, പത്മിനി, രാഗിണിമാര്‍ താമസിച്ചിരുന്നത് ചെന്നൈയിലെ ശ്രീവിദ്യയുടെ വീടിനടുത്തായിരുന്നു. ആ അടുപ്പം ശ്രീവിദ്യയിലെ അഭിനേത്രിയെ വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. സ്വന്തം മകളെ പോലെ ഇഷ്ടമായിരുന്നു അവര്‍ക്ക് ശ്രീവിദ്യയെ. ഒരു ദിവസം സ്‌കൂള്‍ വിട്ട് വന്നപ്പേള്‍ പത്മിനി അവളെയും കൊണ്ട് ശ്രീവിദ്യ ശാരദ സ്റ്റുഡിയോയിലേക്ക് പോയി. ഒരു സിനിമയിലെ നൃത്തരംഗത്തില്‍ അഭിനയിക്കാനായിരുന്നു അത്.

മൂന്ന് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി

സിനിമയില്‍ അഭിനയിക്കാന്‍ ശ്രീവിദ്യക്ക് ഏറെ ഇഷ്ടമായിരുന്നെങ്കിലും അമ്മ വസന്തകുമാരിക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. എങ്കിലും മകളുടെ ആഗ്രഹത്തിന് വഴങ്ങേണ്ടി വന്നു. ' മോഹിച്ചതല്ലേ, ഒന്നു രണ്ടെണ്ണത്തില്‍ അഭിനയിച്ചോളുൂ അത് കഴിഞ്ഞാല്‍ നിര്‍ത്തണം' എന്ന് പറഞ്ഞാണ് ശ്രീവിദ്യയെ അവര്‍ സിനിമയിലേക്ക് അയച്ചത്. മലയാളത്തിലും, തമിഴിലും,ഹിന്ദിയിലുമായി എണ്ണൂറോളം സിനിമകളില്‍ അഭിനയിച്ച ശ്രീവിദ്യ. മൂന്ന് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം,എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 1979 ലും ദൈവത്തിന്റെ വികൃതികളിലെ അഭിനയത്തിന് 1992 ലും രചനയിലെ പ്രകടനത്തിന് 1983ലുമാണ് ശ്രീവിദ്യയെ തേടി പുരസ്‌കാരങ്ങള്‍ എത്തിയത്. രണ്ടു വര്‍ഷം തുടര്‍ച്ചയായ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. 1995ലെ ഇരകള്‍, 1986 ലെ എന്നെന്നും കണ്ണേട്ടന്റെ എന്നീ ചിത്രങ്ങള്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. സിനിമ പോലെ തന്നെ സീരിയലുകളിലും നിറഞ്ഞു നിന്ന ശ്രീവിദ്യക്ക് 2004 ല്‍ അവിചാരിതം എന്ന സീരിയയിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു.

പ്രണയം തീര്‍ത്ത മുറിവുണക്കുന്ന സാന്നിധ്യമായിരുന്നു ശ്രീവിദ്യക്ക് ജോര്‍ജിന്റേത്

ചെറുപ്രായത്തില്‍ തന്നെ അഭിനയ രംഗത്തേക്ക് കടന്ന ശ്രീവിദ്യക്ക് പക്ഷേ ജീവിതം കദനങ്ങളുടേതായിരുന്നു. പ്രണയവും വിവാഹവുമൊക്കെ ദുരിതങ്ങള്‍ മാത്രമാണ് സമ്മാനിച്ചത്.

അപൂര്‍വ്വ രാഗങ്ങള്‍ എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്ന കാലത്ത് കമലഹാസനുമായി ശ്രീവിദ്യ പ്രണയത്തിലായി. വിവാഹം വരെ നിശ്ചയിച്ചുറപ്പിച്ചെങ്കിലും പിന്നീട് ഇരുവര്‍ക്കുമിടയിലെ അസ്വാരസ്യങ്ങള്‍ ആ ബന്ധത്തെ തകര്‍ത്തു. അതിന്റെ വേദനയില്‍ മനസ്സുരുകി കഴിയുമ്പോഴായിരുന്നു മലയാള സിനിമയിലെ പ്രൊഡ്യൂസറായിരുന്ന ജോര്‍ജ് തോമസുമായി ശ്രീവിദ്യ അടുപ്പത്തിലാവുന്നത്. പ്രണയം തീര്‍ത്ത മുറിവുണക്കുന്ന സാന്നിധ്യമായിരുന്നു ശ്രീവിദ്യക്ക് ജോര്‍ജിന്റേത്. വീട്ടുകാരുടെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ 1976ല്‍ ഇരുവരും വിവാഹിതരായി. ശ്രീവിദ്യ ആഗ്രഹിച്ചതുപോലൊരു ജീവിതമായിരുന്നില്ല അത്. തന്റെ പണം മാത്രമായിരുന്നു അയാള്‍ക്ക് വേണ്ടിയിരുന്നത് എന്ന് മനസിലാക്കിയതോടെ 1980 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

പിന്നീട് തന്റെ സ്വത്തുക്കള്‍ തിരികെ കിട്ടുന്നതിനുള്ള നിയമപോരാട്ടത്തിലായിരുന്നു ശ്രീവിദ്യ. ഒടുവില്‍ കോടതി ഇടപെടലിലാണ് കുറച്ചെങ്കിലും സ്വത്തുക്കള്‍ തിരികെ ലഭിച്ചത്.

കേസും കൂട്ടവും തകര്‍ത്ത ശ്രീവിദ്യയുടെ ജീവിതം നേരിട്ട അടുത്ത വെല്ലുവിളി അര്‍ബുദമായിരുന്നു

കേസും കൂട്ടവും തകര്‍ത്ത ശ്രീവിദ്യയുടെ ജീവിതം നേരിട്ട അടുത്ത വെല്ലുവിളി അര്‍ബുദമായിരുന്നു. അതായിരുന്നു വിധി ശ്രീവിദ്യക്ക് മുന്നിലേക്ക് വെച്ചുനീട്ടിയ അവസാന പരീക്ഷണം. ചികിത്സ തുടങ്ങുമ്പോഴേക്കും രോഗത്തിന്റെ കാഠിന്യം മൂര്‍ച്ഛിച്ചിരുന്നു. അവസാനകാലത്ത്, സ്വത്തുക്കള്‍ സഹോദരന്റെ മക്കള്‍ക്കും വീട്ടിലെ സഹായികള്‍ക്കും ജീവകാരുണ്യത്തിനുമായി മാറ്റിവെച്ചു. ചാരിറ്റബിള്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത് തുക അതില്‍ നിക്ഷേപിക്കാനായിരുന്നു ശ്രീവിദ്യ ആഗ്രഹിച്ചത്.

2008 ല്‍ പുറത്തിറങ്ങിയ ' തിരക്കഥ' ശ്രീവിദ്യയുടെ ജീവിതത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലായിരുന്നു

നടന്‍ ഗണേഷ് കുമാറായിരുന്നു അവസാനകാലത്ത് താങ്ങും തണലുമായി കൂടെ നിന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുമതലയും ഫണ്ടുമൊക്കെ ഗണേഷിനെ ഏല്‍പ്പിച്ച് 2006 ഒക്ടോബര്‍ 19ന് ശ്രീവിദ്യ മരണത്തിന് കീഴടങ്ങി. 2008ല്‍ രഞ്ജിത്ത് ഒരുക്കിയ ' തിരക്കഥ' എന്ന ചിത്രം ശ്രീവിദ്യയുടെ ജീവിതത്തെ കുറിച്ചുള്ള ഒരു ഓര്‍മപ്പെടുത്തലായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ