ഒരുദശാബ്ദക്കാലത്തിലേറെ നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ അമേരിക്കയുടെ കൊടുംക്രൂരതകളെ വെളിച്ചത്തുകൊണ്ടുവന്ന ആ മാധ്യമപ്രവർത്തകൻ സ്വതന്ത്രനായിരിക്കുന്നു. ആഗോള തീവ്രവാദത്തിന് ലോകത്തെ പല രാജ്യങ്ങളും നൽകിയ പിന്തുണയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു അയാൾ പുറത്തുകൊണ്ടുവന്നത്. അതിന്റെ പേരിലായിരുന്നു ജീവിതത്തിന്റെ നല്ലൊരു പങ്കും വേട്ടയാടലുകൾ നേരിട്ടത്. അങ്ങനെ 1901 ദിവസങ്ങൾ നീണ്ട കാരാഗ്രഹ വാസത്തിനൊടുവിൽ യു കെയിലെ ബെൽമാർഷ് അതീവ സുരക്ഷാ ജയിലിൽനിന്ന് ജൂലിയൻ പോൾ അസാഞ്ച് മോചിതനായിരിക്കുന്നു.
യുഎസ് ആർമി മുൻ ഇൻ്റലിജൻസ് അനലിസ്റ്റ് ചെൽസി മാനിങ്, അസാഞ്ചിന് ചോർത്തി നൽകിയ രേഖകളിൽ നിറയെ ഇറാഖിലും അഫ്ഗാനിലും ആരുമറിയാതെ അമേരിക്ക കൊന്നുതള്ളിയ സാധാരണ മനുഷ്യരുടെ കണക്കുകളായിരുന്നു. അവരോട് ചെയ്ത ക്രൂരതകളായിരുന്നു
അമേരിക്കൻ സർക്കാരുമായി ഉണ്ടാക്കിയ താത്കാലിക ഉടമ്പടി, തിങ്കളാഴ്ച യുകെ കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് ജൂലിയൻ അസാഞ്ച് പുറത്തിറങ്ങിയത്. 2010ൽ തുടങ്ങിയ നിയമയുദ്ധത്തിനാണ് ജൂൺ 24ന് അവസാനമായിരിക്കുന്നത്. ഓസ്‌ട്രേലിയക്കാരനായ ജൂലിയൻ അസാഞ്ച്, 2006ലാണ് ഐസ്ലൻഡ് ആസ്ഥാനമാക്കി വിക്കിലീക്സ് എന്ന മാധ്യമസംരഭം ആരംഭിക്കുന്നത്. ഉറവിടങ്ങൾ വെളിപ്പെടുത്താതെ ഭരണകൂടങ്ങളെ സംബന്ധിക്കുന്ന രഹസ്യ വിവരങ്ങൾ രേഖകൾ എന്നിവ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര മാധ്യമസംരംഭമായിരുന്നു വിക്കിലീക്ക്സ്. രഹസ്യാത്മകമോ സെൻസിറ്റീവായതോ ആയ ചോർത്തുന്ന വിവരങ്ങൾ നൽകാനായി ഇൻ്റർനെറ്റ് അധിഷ്ഠിത "ഡെഡ് ലെറ്റർ ഡ്രോപ്പ്" എന്ന സംവിധാനവും അദ്ദേഹം സൃഷ്ടിച്ചു.
അങ്ങനെ 2010 ഏപ്രിൽ അഞ്ചിന്, ഇറാഖ് അധിനിവേശത്തിനിടെ രണ്ട് റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തകർ ഉൾപ്പെടെ പന്ത്രണ്ട് പേരെ അപ്പാച്ചെ ഹെലികോപ്റ്റർ ഉപയോഗിച്ച് വെടിവെയ്ക്കുന്നതിന്റെ 39 മിനിറ്റുള്ള ദൃശ്യങ്ങൾ വികിലീക്ക്സ് പുറത്തുകൊണ്ടുവന്നു. ഒരേസമയം ലോകശ്രദ്ധ ആകർഷിക്കുകയും അമേരിക്കയുടെ കണ്ണിലെ കരടായി മാറുകയുമായിരുന്നു അതോടെ വിക്കിലീക്ക്‌സും സ്ഥാപകനും. പിന്നീട് അതേവർഷം തന്നെ ജൂലൈയിലും ഒക്ടോബറിലുമൊക്കെ ലക്ഷക്കണക്കിന് രഹസ്യരേഖകൾ വിക്കിലീക്സ് പുറത്തുവിട്ടു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അധിനിവേശം നടത്തിയ അമേരിക്ക, ചെയ്തുകൂട്ടിയ മനുഷ്യത്വവിരുദ്ധ പ്രവൃത്തികളുടെ നേർചിത്രമായിരുന്നു അവയെല്ലാം.
അതുവരെ അമേരിക്ക ഉണ്ടാക്കിയെടുത്ത ജനാധിപത്യത്തിന്റെ കാവൽക്കാരെന്ന പ്രതീതി കൂടിയായായിരുന്നു വിക്കിലീക്ക്സ് പൊളിച്ചത്. യുഎസ് ആർമി മുൻ ഇൻ്റലിജൻസ് അനലിസ്റ്റ് ചെൽസി മാനിങ്, അസാഞ്ചിന് ചോർത്തി നൽകിയ രേഖകളിൽ നിറയെ ഇറാഖിലും അഫ്ഗാനിലും ആരുമറിയാതെ അമേരിക്ക കൊന്നുതള്ളിയ സാധാരണ മനുഷ്യരുടെ കണക്കുകളായിരുന്നു. അവരോട് ചെയ്ത ക്രൂരതകളായിരുന്നു.
അസാഞ്ചിനെതിരായ വേട്ടയാടൽ
2010 നവംബറിലാണ് സ്വീഡിഷ് ഭരണകൂടം രണ്ടുസ്ത്രീകളുടെ ലൈംഗിക കുറ്റാരോപണ പരാതിയിൽ ജൂലിയൻ അസാഞ്ചിനെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത്. സ്റ്റോക്ഹോം സന്ദർശനത്തിനിടെ പരാതിക്കാരികളുമായി അസാഞ്ച് ബന്ധം സ്ഥാപിച്ചുവെന്നും അനുമതിയില്ലാതെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നുമായിരുന്നു പരാതി. ആരോപണങ്ങൾ അസാഞ്ച് നിഷേധിച്ചെങ്കിലും ലണ്ടനിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. ദിവസങ്ങള്‍ക്കു ശേഷം വിട്ടയച്ചെങ്കിലും 2019 വരെ ഈ കേസിലാണ് അദ്ദേഹം വേട്ടയാടപ്പെട്ടത്.
2012ൽ ലൈംഗികാരോപണ കേസിൽ സ്വീഡന് അസാഞ്ചിനെ കൈമാറാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. എന്നാൽ അദ്ദേഹം ഇക്വഡോർ എംബസിയിൽ അഭയം പ്രാപിച്ചു. പിന്നീട് നീണ്ട ഏഴുവർഷം എംബസിക്കുള്ളിലായിരുന്നു അസാഞ്ച് കഴിച്ചുകൂട്ടിയത്. വർഷങ്ങൾക്കുശേഷം അസാഞ്ചിനുള്ള അഭയം ഇക്വഡോർ പിൻവലിക്കുകയും പുറത്തിറങ്ങിയ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജാമ്യം ലംഘിച്ചുവെന്ന കുറ്റം ചുമത്തിയായിരുന്നു ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ 2019ൽ തന്നെ സ്വീഡിഷ് സർക്കാർ കേസ് പിൻവലിച്ചുവെന്നതാണ് വിരോധാഭാസം. കൂടാതെ കേസ് രാഷ്ട്രീയപ്രേരിതണമെന്നും തെളിഞ്ഞു.
ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകളും ലക്ഷക്കണക്കിന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് സന്ദേശങ്ങളും ചോർത്താൻ 2010-ൽ മാനിങ്ങുമായി ഗൂഢാലോചന നടത്തിയതിന് അമേരിക്കയിലും അസാഞ്ചിനെതിരെ പ്രത്യേകം കുറ്റം ചുമത്തി. വിക്കിലീക്സ് വെളിപ്പെടുത്തലുകൾ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുന്ന വിവരദായകരുടെ ജീവൻ അപകടത്തിലാക്കുമെന്ന് അമേരിക്കൻ ഭരണകൂടത്തിന്റെ അഭിഭാഷകർ വാദിച്ചു. അസാഞ്ചെയ്‌ക്കെതിരെയുള്ള പ്രതികാര നടപടിയുടെ തുടക്കം മാത്രമായിരുന്നു അന്നത്തെ ഡോണൾഡ് ട്രംപ് ഭരണകൂടം തുടങ്ങിവച്ചത്. 1917ലെ ചാരവൃത്തി നിയമത്തിൻ്റെ ലംഘനം ആരോപിച്ച് അസാഞ്ച് അമേരിക്കയിൽ വിചാരണ നേരിടണമെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു. പരമാവധി 175 വർഷത്തെ തടവ് ശിക്ഷ ലഭിക്കുമായിരുന്ന 18 കുറ്റങ്ങളായിരുന്നു ചുമത്തപ്പെട്ടത്.
ബ്രിട്ടീഷ് ജയിലിൽ കഴിഞ്ഞ അസാഞ്ചിനെ വിട്ടുകിട്ടാൻ പല ശ്രമങ്ങളും അമേരിക്ക നടത്തിയിരുന്നു. 2021 ജനുവരിയിൽ അസാഞ്ചിനെ കൈമാറാൻ കഴിയില്ലെന്ന് യ കെ കോടതി വിധിച്ചെങ്കിലും അതേവർഷം ഡിസംബറിൽ, കൈമാറാമെന്ന അമേരിക്കയ്ക്ക് അനുകൂലമായ തീരുമാനവുമുണ്ടായി. പിന്നീട് നിരവധി തവണ അസാഞ്ച് കോടതികളിൽ കയറിയിറങ്ങി. ഏറ്റവുമൊടുവിൽ 2024 ജൂൺ 24-നാണ് ബ്രിട്ടന്റെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാമെന്ന അസാഞ്ചിന് അനുകൂല വിധി ഉണ്ടാകുന്നതും മോചനത്തിന് വഴിയൊരുങ്ങുന്നതും.
അമേരിക്കൻ നീതിന്യായ വകുപ്പുമായി നടത്തിയ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് അസാഞ്ച് ജയിൽ മോചിതനാകുന്നത്. അമേരിക്കൻ വേട്ടയാടൽ കൊണ്ട് ജീവിതം അവസാനിച്ചുവെന്ന് കരുതിയിടത്ത് നിന്നാണ് അസാഞ്ച് ലോകത്തേക്ക് മടങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് അമേരിക്കൻ ഭരണകൂടത്തെ അക്കൗണ്ടബിൾ ആക്കിയ ജൂലിയൻ അസാഞ്ചിന്റെ ജന്മനാട്ടിലേക്കുള്ള മടക്കം കൂടുതൽ മനോഹരമാകുന്നത്.