'അവർ നിൻട്രാൽ പൊതുക്കൂട്ടം, നടന്താൽ ഊർവലം ' പുരട്ചി തലൈവർ എം ജി ആറിനെക്കുറിച്ച് തമിഴർ പറയാറുള്ളതിങ്ങനെയായിരുന്നു. കേരളത്തിലത് ഏറ്റവും യോജിക്കുക വി എസ് അച്യുതാനന്ദനാണ്. വിഎസ് ഒരിടത്തിറങ്ങി നിന്നാൽ മതി, അതൊരു പൊതുയോഗമായി മാറും. വിഎസ് നടന്നാലോ അതൊരു ഘോഷയാത്രയായി മാറും. അത്രമേൽ സീമാതീതമായ സ്നേഹമാണ് മലയാളി വി എസിന് നൽകുന്നത്.
രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കകാലത്ത്തന്നെ വി എസിന്റെ സംഘാടകത്വം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. മക്കൾ തിലകം എം ജി ആറിനെയും ഇസൈജ്ഞാനി ഇളയരാജയേയും വരെ തിരഞ്ഞെടുപ്പ് പ്രചാരകരാക്കിയിട്ടുണ്ട് വി എസ്. പക്ഷേ അത് സ്വന്തം തിരഞ്ഞെടുപ്പിലായിരുന്നില്ലെന്ന് മാത്രം.
1958ലാണ് ഐക്യ കേരളത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇടുക്കി ദേവികുളം മണ്ഡലത്തിലെ റോസമ്മ പുന്നൂസിന്റെ ജയം തിരഞ്ഞെടുപ്പ് ട്രിബ്യൂണൽ റദ്ദാക്കിയതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. അന്ന് ദേവികുളത്തെ തിരഞ്ഞെടുപ്പ് സെക്രട്ടറിയായി പാർട്ടി തീരുമാനിച്ചത് അപ്പോഴത്തെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന വി എസ് അച്യുതാനന്ദനെയായിരുന്നു. മുപ്പത്തിയഞ്ച് വയസായിരുന്നു വി എസിന് അന്ന് പ്രായം.
1957ലെ തിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായിരുന്ന കോൺഗ്രസിന്റെ ബി കെ നായരുടെ നാമനിർദ്ദേശപത്രിക തള്ളിപ്പോയതിനാൽ വൻ ഭൂരിപക്ഷത്തിലായിരുന്നു റോസമ്മ പുന്നൂസിന്റെ വിജയം. ആദ്യ നിയമസഭയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് റോസമ്മയായിരുന്നു. ആദ്യ പ്രോടേം സ്പീക്കറുടെ ചുമതല വഹിച്ചതും അവർതന്നെ.
എന്നാൽ തന്റെ നാമനിർദ്ദേശപത്രിക തള്ളിയത് അന്യായമായാണെന്ന ബി കെ നായരുടെ വാദം തിരഞ്ഞെടുപ്പ് ട്രിബ്യൂണൽ ശരിവച്ചതോടെയാണ് മണ്ഡലം ഉപതിരഞ്ഞെടുപ്പിനൊരുങ്ങിയത്. റോസമ്മ പുന്നൂസിനെത്തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി വീണ്ടും സ്ഥാനാർഥിയാക്കി. രണ്ടാം വട്ടവും ബി കെ നായർ അവർക്ക് എതിരാളിയായി. ശക്തനായ സ്ഥാനാർഥിയായിരുന്നു നായർ. അക്കാലത്ത് കോൺഗ്രസിന് വലിയ സ്വാധീനമുള്ള പ്രദേശങ്ങളാണ് ദേവികുളവും മൂന്നാറും. ഉപതിരഞ്ഞെടുപ്പിൽ ജയമുറപ്പെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെഎ ദാമോദരമേനോന്റെ നിഗമനം.
ജനങ്ങളെ കൂടുതൽ ആകർഷിക്കാൻ കഴിയുന്ന പ്രചാരണ മാർഗങ്ങളെക്കുറിച്ച് വി എസ് സഖാക്കളോട് കൂടിയാലോചിച്ചു. ആ ആലോചന എത്തി നിന്നത് പാവലർ വരദരാജനെന്ന യുവാവിലും അയാളുടെ ഇളയ സഹോദരൻ രാസയ്യയിലുമാണ്
ലോകത്ത് ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാരിന് ആ ഉപതിരഞ്ഞെടുപ്പ് അതിനിർണായകമായിരുന്നു. സംസ്ഥാനത്തെ ആകെ നിയമസഭാംഗങ്ങൾ 127. ഭരിക്കാൻ വേണ്ടത് 64 എംഎൽഎമാരുടെ പിന്തുണ. കമ്യൂണിസ്റ്റ് പാർട്ടിക്ക് സ്വന്തമായുള്ളത് അഞ്ച് സ്വതന്ത്രരുൾപ്പെടെ 65 എംഎൽഎ മാർ. സ്പീക്കറെ ഒഴിച്ചു നിർത്തിയാൽ ഭൂരിപക്ഷമുറപ്പാക്കാനാവശ്യമായ 64 അംഗങ്ങൾ മാത്രമാണ് ഇഎംഎസിനും കൂട്ടർക്കുമുള്ളത്. അതിലൊരാളാണ് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്.
വിജയമുറപ്പിക്കണമെങ്കിൽ ചിട്ടയായ പ്രവർത്തനം അനിവാര്യമാണ്. വിസ്തൃതിയേറിയ ദേവികുളം മണ്ഡലം ഭൂമിശാസ്ത്രപരമായും ഏറെ പരിമിതികൾ നിറഞ്ഞതാണ്. ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊരു ഗ്രാമത്തിലേക്കെത്താൻ മണിക്കൂറുകൾ സഞ്ചരിക്കണം. ഈ പ്രതികൂല ഘടകങ്ങളെയെല്ലാം മറികടക്കാൻ വി എസിനാകുമെന്ന് പാർട്ടി കണക്കുകൂട്ടി.
അതിന് തക്കതായ കാരണവുമുണ്ടായിരുന്നു. അൻപത്തേഴിലെ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ വി എസിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തകർപ്പൻ വിജയമായിരുന്നു കരസ്ഥമാക്കിയത്. ജില്ലയിലെ പത്ത് നിയോജക മണ്ഡലങ്ങളിൽ എട്ടിലും പാർട്ടി വിജയിച്ചു. കേരളത്തിലന്ന് ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവുമധികം സീറ്റുകൾ ലഭിച്ചത് ആലപ്പുഴയിൽ നിന്നായിരുന്നു.
പാർട്ടി ഏൽപ്പിച്ച ചുമതലയുമായി വി.എസ് അച്യുതാനന്ദൻ റോസമ്മ പുന്നൂസിന്റെ ഇലക്ഷൻ സെക്രട്ടറിയായി മൂന്നാറിലേക്ക് വണ്ടി കയറി. ഭരണത്തിന്റെ സ്വാധീനമുപയോഗിച്ചാവരുത് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തേണ്ടതെന്ന് മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് തീരുമാനിച്ചു. അതിനാൽ മന്ത്രിസഭയിലെ ഒരൊറ്റ മന്ത്രിയെ പോലും പ്രചാരണത്തിനയക്കില്ലെന്ന നിർബന്ധത്തിലായിരുന്നു ഇ എം എസ്. മറുവശത്ത് കോൺഗ്രസിനായി സാക്ഷാൽ ഇന്ദിരാഗാന്ധി നേരിട്ടിറങ്ങി. ഒപ്പം തമിഴ് ജനതയ്ക്കിടയിൽ അന്ന് എതിരാളികളില്ലാത്തത്രയും വലിയ നേതാവായി വളർന്നിരുന്ന കെ കാമരാജും. കോൺഗ്രസ് പ്രചാരണം കൊഴുപ്പിച്ചു. പ്രധാനമന്ത്രിയുടെ മകളിൽ നിന്ന് വാഗ്ദാനങ്ങൾ പെരുമഴ പോലെ പെയ്തിറങ്ങി.
വി എസിന് പുതിയൊരു ഭൂമികയായിരുന്നു ദേവികുളം. കാടും മലകളും തോട്ടങ്ങളുമൊക്കെയായി തികച്ചും അപരിചിതമായൊരു ദേശം. ജനസംഖ്യയിൽ പകുതിയും തമിഴ് സംസാരിക്കുന്നവർ. പരിമിതികളെയെല്ലാം അദ്ദേഹം മറികടന്നു. അടിസ്ഥാന വർഗത്തിന്റെ വിമോചനമെന്ന ആശയം ദേശ-കാല-ഭാഷാ വ്യത്യാസങ്ങൾക്കതീതമായി എല്ലായിടത്തും ഒന്നു തന്നെയാണല്ലോ. ദേവികുളത്തെ മനുഷ്യരുമായി അടുക്കുന്നതിന് കമ്മ്യൂണിസം തന്നെയാണ് അദ്ദേഹത്തിന് കൂട്ടായത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അന്ന് മൂന്നാറിൽ സ്വന്തമായി ഓഫീസില്ല. വാടകക്കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ആ കെട്ടിടത്തിലാകട്ടെ ഒരു പെന്തക്കോസ്ത് പള്ളിയും ഒരു ചായക്കടയും പ്രവർത്തിച്ചിരുന്നു. നിലത്ത് ചാക്ക് വിരിച്ചാണ് ഉറങ്ങേണ്ടത്. വെളുപ്പിന് എഴുന്നേൽക്കുമ്പോൾ തണുപ്പ് അസ്ഥികൾ വരെ തുളച്ച് കയറും. കൊടുംതണുപ്പ് സഹിച്ചും അതിരാവിലെ എഴുന്നേറ്റ് തോട്ടങ്ങൾക്കുള്ളിലെ ലയങ്ങൾ ലക്ഷ്യമാക്കി വി എസ് നടക്കും. അത് ചിലപ്പോൾ കിലോമീറ്ററുകൾ നീളും. പാലാ സ്റ്റേഷനിലെ സർ സി പിയുടെ ഗുണ്ടാ പോലീസ് ഉള്ളംകാലിൽ തറച്ചു കയറ്റിയ ബയണറ്റിന്റെ മുറിപ്പാടുകളുമായി വി എസ് തേയില മലക്കാടുകൾ കയറിയിറങ്ങി. ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ രാജാധിപത്യം സമ്മാനിച്ച വേദന അദ്ദേഹത്തിന് പിന്നീടുള്ള ദീർഘ നടത്തങ്ങൾക്ക് ഊർജമായിരുന്നല്ലോ. തൊഴിലാളി ലയങ്ങളിൽ വി എസ് ദീർഘനേരം പ്രസംഗിച്ചു. തോട്ടമുടമകളുടെ ചൂഷണങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കി.
എന്നാൽ പ്രതികൂല ഘടകങ്ങൾ നിരവധിയായിരുന്നു. കൈവശ ഭൂമിക്ക് പരിധി നിശ്ചയിക്കുന്നതും കുടിയിറക്കു നിരോധിക്കുന്നതുമുൾപ്പെടുന്ന ഭൂപരിഷ്കരണ ബിൽ സർക്കാർ സെലക്ട് കമ്മറ്റിക്ക് വിട്ടത് തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപാണ്. സ്കൂൾ മാനേജ്മെന്റുകളുടെ ചൂഷണത്തിന് അറുതി വരുത്തുന്ന വിദ്യാഭ്യാസ ബിൽ 1957ൽ നിയമസഭ പാസാക്കിയിരുന്നു. പുരോഗമനാത്മകമായ നയങ്ങളിൽ അസ്വസ്ഥരായ സവർണ ജന്മിമാരും ഭൂവുടമകളും ക്രൈസ്തവ സഭകളും നാടൊട്ടുക്ക് സർക്കാരിനെതിരെ പരസ്യമായി പ്രവർത്തനമാരംഭിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, പിന്തിരിപ്പൻ സാമുദായിക ശക്തികളെയും നേരിടേണ്ട സ്ഥിതിയിലായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി.
കാഞ്ഞിരപ്പള്ളിയിലെ സമ്പന്ന ക്രൈസ്തവ കുടുംബത്തിൽ ജനിച്ചെങ്കിലും കമ്യൂണിസത്തിന്റെ വഴി തിരഞ്ഞെടുത്തതിനാൽ റോസമ്മ പുന്നൂസിനെ സഭയിൽ നിന്ന് പുറത്താക്കിയ സമയം കൂടിയായിരുന്നു അത്. അവരെ തോൽപ്പിക്കുക മാത്രമല്ല കേരളത്തിൽ നിന്ന് കെട്ടുകെട്ടിക്കാനും സഭാ നേതൃത്വം തിട്ടൂരമിറക്കി. അതിന്റെ അലയൊലികൾ ഹൈറേഞ്ചിലും പ്രതിഫലിച്ചു.
മൂന്നാർ സൈലന്റ് വാലി സ്വദേശി കെ എസ് മണി അന്നത്തെ പാർട്ടി യോഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ‘മൂന്നാർ വണ്ടി’ എന്ന ഗ്രന്ഥത്തിന്റെ രചനയുടെ ഭാഗമായി മൂന്നാറിലെ പഴമക്കാരുമായി സംസാരിക്കുമ്പോഴാണ് ഈ ഉപതിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള രസകരമായ പല കഥകളും കേട്ടത്.
അക്കാലത്ത് കൗമാരക്കാരനായിരുന്ന മണി പഴയ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആവേശത്തോടെയാണ് എന്നോട് വിവരിച്ചത്. ജനങ്ങളെ കൂടുതൽ ആകർഷിക്കാൻ കഴിയുന്ന പ്രചാരണ മാർഗങ്ങളെക്കുറിച്ച് വി എസ് സഖാക്കളോട് കൂടിയാലോചിച്ചു. ആ ആലോചന എത്തി നിന്നത് പാവലർ വരദരാജനെന്ന യുവാവിലും അയാളുടെ ഇളയ സഹോദരൻ രാസയ്യയിലുമാണ്. തമിഴ്നാട് തേനി പണ്ണൈപുരം ഗ്രാമത്തിൽ നിന്നും പട്ടിണി മാറ്റാൻ മൂന്നാറിലേക്കെത്തിയവരാണ് വരദരാജനും സഹോദരങ്ങളും. മൂന്നാറിലെത്തിയ അവർ ഇടത് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി. ഗായകരായ സഹോദരന്മാർ മൂന്നാറിലെ ലയങ്ങളിലും മറ്റും ചെറിയ പാട്ടുകച്ചേരികൾ നടത്തിയിരുന്നു. പാവലർ സഹോദരന്മാരുടെ പാട്ട് തിരഞ്ഞെടുപ്പിലും ഉപയോഗിക്കാൻ വി എസ് തീരുമാനിച്ചു.
പാർട്ടി യോഗങ്ങൾ തുടങ്ങുന്നതിന് മുൻപ് പാവലർ സംഘത്തിന്റെ പാട്ട് കച്ചേരി. പാട്ട് കേൾക്കാൻ ആളുകൂടും. കച്ചേരി കഴിഞ്ഞാലുടൻ യോഗം. പെൺശബ്ദത്തിൽ പാടാനുള്ള കഴിവ് രാസയ്യക്കുണ്ടായിരുന്നു. ജ്യേഷ്ഠന്റെ പുരുഷശബ്ദത്തിനൊപ്പം പെൺ ശബ്ദത്തിൽ യുഗ്മ ഗാനങ്ങൾ പാടി അനുജൻ തൊഴിലാളികളുടെ കയ്യടി നേടി. രാസയ്യയുടെ സഹോദരന്മാരായ ഭാസ്കറും അമർസിംഗും പാവലർ സംഘത്തിന്റെ ഭാഗമായിരുന്നു.
സിനിമാ ഗാനങ്ങൾ കൂടാതെ കോൺഗ്രസിനെ വിമർശിക്കാൻ രാസയ്യ സ്വന്തമായും വരികളെഴുതി ഈണമിട്ടു. ആ വരികൾ കെ എസ് മണി ഇപ്പോഴും ഓർക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ പണം കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് പാർട്ടി ശ്രമിക്കുന്നതായി അന്ന് ആക്ഷേപമുയർന്നിരുന്നു. അപ്പോൾ വേദികളിൽ വരദരാജൻ പുരുഷ ശബ്ദത്തിൽ ഇങ്ങനെ പാടി-
"ഒരു രൂപാ താറേൻ
നാൻ ഉപ്പുമക്കാപ്പി താറേൻ...
ഓട്ട് പോട്റ പെണ്ണേ നീ കാളയന്മേലെ കുത്ത് "
(1952 മുതൽ 1969 വരെ കാളയായിരുന്നു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം.)
പെൺ ശബ്ദത്തിൽ രാസയ്യയുടെ മറുപടി.
"ഒരു രൂപ വേണാ
ഉൻ ഉപ്പുമകാപ്പിയും വേണാ,
നീ നാട്ടെയ് കെടുത്ത കൂട്ടം
ഉന്നെ തല്ലിഒട്ടിക്ക പോറെൻ... "
പാട്ട് തീരുമ്പോൾ കേൾവിക്കാരോട് ഇരുവരും ഇങ്ങനെ ചോദിക്കും.
'അപ്പടിപ്പട്ട കാങ്ക്രസ് കച്ചിക്ക് നീങ്ക ഓട്ട് പോടുവീങ്കളാ?'
തൊഴിലാളികൾ ഒരേ സ്വരത്തിൽ മറുപടി പറയും
'ഉസിരിരുന്താ സെയ്യമാട്ടേ... '
അന്നത്തെ പൊടിമീശക്കാരൻ രാസയ്യയാണ് പിന്നീട് ലോകമറിയുന്ന സംഗീത സംവിധായകനായി മാറിയ ഇസൈജ്ഞാനി ഇളയരാജ!
തമിഴ് സിനിമയിലെ അക്കാലത്തെ സൂപ്പർ സ്റ്റാറും പിന്നീട് തമിഴ്നാട് മുഖ്യമന്ത്രിയുമായ എം ജി ആർ അന്ന് ഒരു സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇടുക്കിയിലുണ്ടായിരുന്നു. എം ജി ആര്‍ കോണ്‍ഗ്രസ് വിട്ട് ഡിഎംകെയില്‍ ചേര്‍ന്ന സമയമായിരുന്നു അത്. കോൺഗ്രസിനെതിരെ പ്രസംഗിക്കാൻ എം ജി ആറിനെയും വിഎസ് മൂന്നാറിലെത്തിച്ചു. തങ്ങളുടെ' ഇദയക്കനി ' യുടെ പ്രസംഗം കേൾക്കാൻ ആയിരങ്ങളാണ് തടിച്ചു കൂടിയത്.
പാർട്ടിക്ക് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായി ഏറെ പരിമിതികളുണ്ടായിരുന്നു. ഇക്കാര്യം വി എസ് മേൽക്കമ്മിറ്റികളെ അറിയിച്ചു. സർക്കാരിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണല്ലോ. ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നും അനുഭാവികൾ ദേവികുളത്തേക്ക് മണി ഓർഡർ അയക്കാനാരംഭിച്ചു. രണ്ടും മൂന്നും അഞ്ചും രൂപയുടെയുമൊക്കെ മണി ഓർഡറുകൾ പോസ്റ്റ് ഓഫീസിൽ കുമിഞ്ഞ് കൂടി. മണി ഓർഡർ കൈപ്പറ്റാൻ മാത്രമായി ഒരാളെ പാർട്ടിക്ക് ചുമതലപ്പെടുത്തേണ്ടി വന്നു. ഒരു ഘട്ടത്തിൽ ആവശ്യത്തിന് പണം ലഭിച്ചു കഴിഞ്ഞപ്പോൾ ഇനി മൂന്നാറിലേക്ക് മണി ഓർഡർ അയക്കരുതെന്ന് വി എസ് അറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ വലിയ കാർക്കശ്യക്കാരനായിരുന്നു അദ്ദേഹം. ഒരു രൂപ പോലും അനാവശ്യമായി ചെലവഴിക്കാൻ അനുവദിച്ചില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഫണ്ടായി ലഭിച്ച പണത്തിൽ നിന്ന് മിച്ചംവച്ച് മൂന്നാറിൽ പാർട്ടിക്ക് സ്വന്തമായി ഓഫീസ് വാങ്ങാനുള്ള തുക വി എസ് കണ്ടെത്തിയിരുന്നു. ദിവസങ്ങൾ കഴിയുംതോറും പ്രചാരണത്തിന്റെ ചൂട് കൂടി വന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ വിവിധ ദേശങ്ങളിൽ നിന്നും ആളുകൾ മൂന്നാറിലേക്ക് ഒഴുകിവന്നു. ചിട്ടയായ മാർഗനിർദ്ദേശങ്ങളുമായി വിഎസ് അവരെയെല്ലാം മുന്നിൽ നിന്ന് നയിച്ചു.
തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ വലിയ കാർക്കശ്യക്കാരനായിരുന്നു അദ്ദേഹം. ഒരു രൂപ പോലും അനാവശ്യമായി ചിലവഴിക്കാൻ അനുവദിച്ചില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഫണ്ടായി ലഭിച്ച പണത്തിൽ നിന്ന് മിച്ചംവെച്ച് മൂന്നാറിൽ പാർട്ടിക്ക് സ്വന്തമായി ഓഫീസ് വാങ്ങാനുള്ള തുക വി എസ് കണ്ടെത്തിയിരുന്നു
ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം വന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ റോസമ്മ പുന്നൂസ് 7089 വോട്ടുകൾക്ക് കോൺഗ്രസിന്റെ ബി കെ നായരെ പരാജയപ്പെടുത്തി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സംസ്ഥാന സർക്കാരിനും ആത്മവിശ്വാസം പകരുന്ന വിജയം. കർഷക തൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും പട്ടിണി മാറ്റാൻ ചെങ്കൊടി പിടിച്ച വി എസ്, തോട്ടം തൊഴിലാളികളുടെയും കണ്ണും കരളുമായി മൂന്നാറിൽ നിന്ന് മലയിറങ്ങി.