PEOPLE

വിവാൻ സുന്ദരം: ചിത്രകലയിലെ വിപ്ലവകാരി

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതായിരുന്നു വിവാൻ സുന്ദരത്തിന്റെ കലയോടുള്ള സമീപന രീതി

എൻ എൻ റിംസൺ

1970 മധ്യത്തിലാണ് വിവാന്‍ സുന്ദരത്തിന്റെ കലാസൃഷ്ടികള്‍ ആദ്യമായി എന്റെ കണ്ണില്‍ പെടുന്നത്. അന്നത്തെ മറ്റുള്ള കലാകാരന്മാരില്‍നിന്ന് ഏറെ വ്യത്യസ്തനായ കലാകാരന്‍. ചിത്രകലയുടെ പരമ്പരാഗത രീതികളെ പൊളിച്ചെഴുതിയ വിവാൻ സുന്ദരത്തെ ഞാൻ അന്ന് വളരെ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്.

ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയമായിരുന്നു അത്. അന്ന് 'ദി ഇന്ത്യന്‍ എക്‌സ്പ്രസി'ല്‍ 'എമര്‍ജന്‍സി ഡ്രോയിങ്‌സ്' എന്നപേരില്‍ വിവാന്റെ സൃഷ്ടികളുടെ ഒരു പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്തെ ശില്പികളോ ചിത്രകാരന്മാരോ ആരും തന്നെ ജനാധിപത്യത്തിന്റെ അപജയത്തിനെതിരെ പ്രതികരിച്ചിരുന്നില്ല. തങ്ങളുടെ സൃഷ്ടികളില്‍ രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിലേക്ക് ഇന്ത്യയിലെ കലാകാരന്മാര്‍ വളര്‍ന്നിരുന്നില്ലെ ന്നതാണ് യാഥാര്‍ഥ്യം. അവിടെയാണ് വിവാന്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനായത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്നതായിരുന്നു കലയോടുള്ള അദ്ദേഹത്തിന്റെ സമീപന രീതി.

എൺപതുകളില്‍ അദ്ദേഹം 'ആര്‍ട് ആന്‍ഡ് ഐഡിയാസ്' എന്ന പേരില്‍ ഒരു മാഗസിന്‍ ഇറക്കിയിരുന്നു

അദ്ദേഹം കലാസൃഷ്ടികളില്‍ പ്രകടമായ രീതിയില്‍ തന്നെ രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയും അത്തരത്തിലുള്ള ഒരുപാട് ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. ഇതാണ് കോളേജ് വിദ്യാര്‍ഥിയായിരുന്ന എന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്. എൺപതുകളില്‍ അദ്ദേഹം 'ആര്‍ട് ആന്‍ഡ് ഐഡിയാസ്' എന്ന പേരില്‍ ഒരു മാഗസിന്‍ ഇറക്കിയിരുന്നു. ഒരുപാട് പേര്‍ വ്യത്യസ്ത രീതിയില്‍ കലയെ സമീപിക്കുന്നതാണ് ആ മാഗസിനിലെ ലേഖനങ്ങളിലൂടെ നമ്മള്‍ കണ്ടത്.

ഞാന്‍ ബറോഡയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്ന സമയത്താണ് വിവാന്റെ നേതൃത്വത്തില്‍ 'പ്ലെയ്‌സ് ഫോര്‍ പീപ്പിള്‍' എന്ന ഷോ നടത്തിയത്. ഇന്ത്യയുടെ കലാചരിത്രത്തില്‍ മുദ്രപതിപ്പിച്ച ഷോ ആയിരുന്നു അത്. ഒരു തരത്തില്‍ പറഞ്ഞാല്‍ അതുവരെയുള്ള അബ്‌സ്ട്രാക്ട് ആര്‍ട്ടില്‍നിന്ന് ഫിഗറേഷനിലേക്കുള്ള മാറ്റമായിരുന്നു 1981 ലെ പ്ലെയ്‌സ് ഫോര്‍ പീപ്പിള്‍. മാത്രമല്ല, സാധാരണക്കാരെ ചിത്രകലയിലേക്ക് കൊണ്ടുവരികയായിരുന്നു ഈ ഷോയ്ക്കു പിന്നിലെ ലക്ഷ്യം.

ഇടതുപക്ഷ സഹയാത്രികനായിരുന്നു വിവാന്‍ സുന്ദര്‍. ലണ്ടനില്‍ പഠിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഗുരുവായിരുന്ന ആര്‍ ബി കിത്താജ് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ചിത്രകാരനുമൊക്കെയായിരുന്നു. അദ്ദേഹത്തിലൂടെയാണ് വിവാന്‍ ഇടതുപക്ഷത്തിന്റെ ഓരം ചേര്‍ന്ന് നടന്നു തുടങ്ങിയത്. ഡല്‍ഹിയിലുണ്ടായിരുന്ന ആദ്യകാലം മുതല്‍ അദ്ദേഹം ഇടത് പക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. കമ്യൂണിസത്തോടുള്ള ചായ്‌വായിരിക്കും റാഡിക്കല്‍ ആര്‍ടിസ്റ്റുകളായി അവിടെയെത്തിയ ഞങ്ങളെ അദ്ദേഹം ചേര്‍ത്തുപിടിക്കാന്‍ കാരണവും.

കമ്യൂണിസത്തോടുള്ള ചായ്‌വായിരിക്കും റാഡിക്കല്‍ ആര്‍ടിസ്റ്റുകളായി അവിടെയെത്തിയ ഞങ്ങളെ അദ്ദേഹം ചേര്‍ത്തുപിടിക്കാന്‍ കാരണവും

അതിനിടെ ഹിമാചല്‍ പ്രദേശിലെ കഷോലിയില്‍ അദ്ദേഹം ചെറിയൊരു ക്യാമ്പ് സംഘടിപ്പിച്ചു. കലാകാരിയായ അമൃത ഷെര്‍ഗിലിന്റെ സ്റ്റുഡിയോയില്‍ നടന്ന ക്യാമ്പില്‍ കുറച്ച് ഉത്തരേന്ത്യന്‍ കലാകാരന്മാര്‍ക്കൊപ്പം എനിക്കും സുഹൃത്തുക്കള്‍ക്കും ക്ഷണം ലഭിച്ചു. അവിടെവച്ചാണ് വിവാനുമായുള്ള സ്‌നേഹവും സൗഹൃദവും ആരംഭിക്കുന്നത്. അതിനുശേഷം 1984ല്‍ സെവന്‍ യങ് സ്‌കള്‍പ്‌റ്റേഴ്‌സ് എന്നൊരു ഷോ ക്യൂറേറ്റ് ചെയ്തു. ആ ഷോയിലെ ഏഴ് ശില്പികളില്‍ ഒരാളായിരുന്നു ഞാന്‍. അതിനുശേഷം ഞാന്‍ വിവാനുമായി അടുത്ത ബന്ധം സൂക്ഷിച്ചു.

അദ്ദേഹം എനിക്ക് മാര്‍ഗദര്‍ശിയും എല്ലാത്തിനും ഉപരി എല്ലാ കാര്യങ്ങള്‍ക്കും ധൈര്യം നല്‍കുന്ന മൂത്ത സഹോദരനുമായിരുന്നു. ഞാന്‍ ഒരു ശില്പിയാണ്. അതുകൊണ്ട് തന്നെ പലഘട്ടങ്ങളിലും അതിജീവനം പ്രതിസന്ധിയായി മാറാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ തണല്‍ എനിക്ക് വലിയ ആത്മവിശ്വാസം നല്‍കുകയും പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു. ലണ്ടനില്‍ പഠനം കഴിഞ്ഞുവന്ന എന്നെ ആറ് വര്‍ഷത്തോളം ഡല്‍ഹിയില്‍ പിടിച്ചു നിര്‍ത്തിയത് വിവാന്റെ സാന്നിധ്യമായിരുന്നു. ആ കാലത്ത് ഞങ്ങള്‍ നിരന്തരമായി ബന്ധപ്പെടുകയും ഒരുമിച്ച് ഒട്ടേറെ യാത്ര നടത്തുകയും ചെയ്തു. വിവാന്റെ കലയില്‍ ഒരുപാട് മാറ്റങ്ങളുണ്ടായ സമയമായിരുന്നു അത്. ഓയില്‍ പെയ്ന്റില്‍നിന്ന് ത്രിഡി ചിത്രങ്ങളിലേക്കും ഇന്‍സ്റ്റലേഷനിലേക്കുമെല്ലാം വഴിമാറിയത് 90 കാലഘട്ടത്തിലാണ്.

വിവാന്‍ കലയെ കാണാനാഗ്രഹിച്ചത് തന്നെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മാധ്യമമായിട്ടായിരുന്നു. കലകളെ ഒരിക്കലും അദ്ദേഹം കച്ചവടമാര്‍ഗമായി കണ്ടില്ല. അതിനാൽ കലകളിലേക്ക് പുതിയ പരീക്ഷണങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ചു. അദ്ദേഹത്തെ വേണമെങ്കില്‍ നമുക്ക് ഒരു ' അവാന്റ് ഗ്രേഡ് ആര്‍ടിസ്റ്റ്' എന്ന് തന്നെ പറയാം. മാറ്റങ്ങള്‍ക്കായി അദ്ദേഹം പുതിയ മെറ്റീരിയല്‍സും പുതിയ വിഷയങ്ങളും കൊണ്ടു വന്നു. രാഷ്ട്രീയസാഹചര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ സമൂഹത്തിലെ ഓരോ ചലനവും വിവാന്റെ സൃഷ്ടികളില്‍ പ്രതിഫലിച്ചു.

ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് ചെയ്ത 'ഫാളന്‍ മോര്‍ട്ടല്‍സ്' ഇന്ത്യയിലെ ആദ്യത്തെ ഇന്‍സ്റ്റലേഷനാണെന്ന് പറയാം. 1991ലെ എഞ്ചിന്‍ ഓയില്‍ എന്ന സീരീസ് എണ്ണ വിഭവങ്ങളുടെ നിയന്ത്രണം നേടുന്നതിനായി ഇറാഖില്‍ യുഎസ് നടത്തുന്ന ആക്രമണത്തെയാണ് ചിത്രീകരിച്ചത്. പെയിന്റിങ്, ഡിജിറ്റല്‍ പെയ്‌ന്‌റിങ് തുടങ്ങിയ പാരമ്പര്യ ചിത്രകലയില്‍നിന്ന് പുറത്തുകടന്ന് കലയെ ഇന്സ്റ്റലേഷന്‍ പോലുള്ള വിശാലമായ ലോകത്തേക്ക് അദ്ദേഹം കടന്നു. കലയെ മീഡിയയുമായി ബന്ധിപ്പിച്ച് ആളുകളിലേക്ക് കുറച്ചുകൂടി വ്യാപിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിനായി അവസാനകാലത്ത് അദ്ദേഹം കൂടുതലും ഡിജിറ്റല്‍ മീഡിയയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചത്. തീംസ്, വീഡിയോസ്, ഫോട്ടോഗ്രഫി ഇതെല്ലാം വിപുലമായ തോതില്‍ അദ്ദേഹം ആര്‍ട്ടില്‍ ഉപയോഗിച്ചു.

തീംസ്, വീഡിയോസ്, ഫോട്ടോഗ്രഫി ഇതെല്ലാം വിപുലമായ തോതില്‍ അദ്ദേഹം ആര്‍ട്ടില്‍ ഉപയോഗിച്ചു

അങ്ങനെ ആര്‍ട്ടില്‍ വലിയ വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് വിവാന്‍ സുന്ദര്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യുവതലമുറയ്ക്ക് വലിയ പ്രചോദനമായിരുന്നു. കലയെക്കുറിച്ചുള്ള ചിന്തകളെ അവരിരൂടെ കൂടുതല്‍ വ്യാപിപ്പിക്കാനും ഉയര്‍ത്തിക്കൊണ്ടുവരാനും അവസാനം വരെ അദ്ദേഹം ശ്രമിച്ചു. അത്തരത്തില്‍ ലോകത്തില്‍ തന്നെ ഏറ്റവും മഹാനായ കലാകാരനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. വ്യക്തിപരമായി എനിക്ക് ഇല്ലാതായത് എനിക്ക് മുകളില്‍ തണലായിരുന്ന ഒരു വലിയ വൃക്ഷത്തെയുമാണ്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍