പാര്‍ട്ടിയിലെ വിവാദങ്ങള്‍ സര്‍ക്കാരുമായി കൂട്ടുപിണയുമ്പോഴുണ്ടാകുന്ന പ്രതിസന്ധിയും ധര്‍മസങ്കടവും എത്രമാത്രം സമ്മര്‍ദമുണ്ടാക്കാം. 2006 മുതല്‍ 2011 വരെയുള്ള എല്‍ഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാവാന്‍ അവസരം ലഭിച്ചത് വൈരുദ്ധ്യാത്മക അനുഭവമാണുണ്ടാക്കിയത്. ദേശാഭിമാനി വാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പ്രവര്‍ത്തിച്ചുവരവെയാണ് ആ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടത്. സിപിഎമ്മില്‍ വിഭാഗീയത കൊടികുത്തിവാഴുകയാണന്ന്. ഒരുഭാഗത്ത് വിഎസ്. ആണെന്നതിനാല്‍ സ്വാഭാവികമായും പുതിയ ചുമതല കാലില്‍ മുള്ളുതറച്ച പ്രതീതിയുണ്ടാക്കും. കണ്ണൂരില്‍ ദേശാഭിമാനിയുടെ ബ്യൂറോ ചീഫായി 12 വര്‍ഷത്തോളം പ്രവര്‍ത്തിച്ചശേഷമാണ് വാരികയിലേക്ക് മാറിയത്. എകെജി ആശുപത്രി പ്രശ്‌നം, പരിയാരം മെഡിക്കല്‍ കോളേജ്, കൂത്തുപറമ്പ് വെടിവെപ്പ്, ജയകൃഷ്ണന്‍ വധം, തലശ്ശേരി താലൂക്കിലെ സംഘര്‍ഷവും കൊലകളും, നാല്‍പാടി വാസു വധം തുടങ്ങി കണ്ണൂര്‍ തിളച്ചുമറിയുന്ന കാലത്ത് പാര്‍ട്ടി പത്രത്തിന്റെ ലേഖകനായി തരക്കേടില്ലാതെ പ്രവര്‍ത്തിച്ചതായാണ് പരക്കെയുണ്ടായ അഭിപ്രായം, അംഗീകാരം. രാപ്പകലന്യെയുള്ള ആ പ്രവര്‍ത്തനത്തിനിടയില്‍ രക്താതിമര്‍ദം അലട്ടിയിട്ടില്ല. എന്നാല്‍ പ്രസ് സെക്രട്ടറിയെന്ന ചുമതലയിലെത്തിയിട്ട് ഏതാനും മാസത്തിനകംതന്നെ ആ രോഗം കലശലായി ബാധിച്ചുവെന്നു പറഞ്ഞാല്‍മതിയല്ലോ..
ബുധനാഴ്ചകളിലാണ് രക്തസമ്മര്‍ദം വല്ലാതെ കൂടുക. അന്നാണ് മന്ത്രിസഭായോഗം. മന്ത്രിസഭായോഗം കഴിഞ്ഞാല്‍ തീരുമാനങ്ങള്‍ വിശദീകരിക്കുന്ന പത്രസമ്മേളനം 1996-ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് പതിവായിത്തീര്‍ന്നത്. വിഎസ് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ച അഞ്ചുവര്‍ഷവും പതിവുതെറ്റിച്ചില്ല. ഇപ്പോള്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഉടന്‍തന്നെ പത്രക്കുറിപ്പായി ഇറക്കുകയാണ്. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്ന പത്രസമ്മേളനത്തില്‍ മുതിര്‍ന്ന മന്ത്രിമാരായ ബേബിജോണോ ഇ ചന്ദ്രശേഖരന്‍ നായരോ സഹായിക്കാന്‍ ഒന്നിച്ചുണ്ടാകും. ചീഫ് സെക്രട്ടറിയും. വി എസ് മുഖ്യമന്ത്രിയായി കുറേ ആഴ്ച കഴിഞ്ഞശേഷം പത്രസമ്മേളനം സെക്രട്ടേറിയറ്റിലെ സൗത്ത് ബ്ലോക്കിലുള്ള പി ആര്‍ ചേമ്പറിലേക്ക് മാറ്റി. യോഗം കഴിഞ്ഞ് തിരിച്ചുവന്നാല്‍ ചീഫ് സെക്രട്ടറിയാണ് തീരുമാനങ്ങള്‍ പറയുക. പ്രൈവറ്റ് സെക്രട്ടറി കാബിനറ്റ് നോട്ട് നോക്കി പാസായ കാര്യങ്ങളേതെന്ന് ചീഫ് സെക്രട്ടറിയോട് ചോദിക്കും. വിശദീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ചെറിയൊരു ചര്‍ച്ച നടക്കും. മുഖ്യമന്ത്രി ആവശ്യമായ നിര്‍ദേശം നല്‍കും. ഏതെങ്കിലും വകുപ്പുകളുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളുണ്ടെങ്കില്‍ അത് ആ മന്ത്രിതന്നെ വന്ന് വിശദീകരിച്ചുതരും. ഇത് അതിവേഗം എഴുതിത്തയ്യാറാക്കല്‍ ശ്രമകരമാണ്. ആ കുറിപ്പ് വായനയാണ് പത്രസമ്മേളനത്തിന്റെ ആദ്യഘട്ടം. അതിന്റെ വിശദീകരണം ചോദ്യോത്തരങ്ങളായി രണ്ടാംഭാഗം. കൂടുതല്‍ വിവരങ്ങളും കണക്കുകളും വേണമെങ്കില്‍ ലഭ്യമാക്കല്‍ പ്രസ് സെക്രട്ടറിയുടെ ചുമതലയാണ്. യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് വിവാദത്തിലേക്ക് വഴിതുറന്നേക്കാവുന്ന ചോദ്യങ്ങളുടെ പ്രവാഹമുണ്ടാവുക. പത്രത്തിലൊന്നും എഴുതാത്ത, അഥവാ അങ്ങനെ പത്രമൊന്നുമില്ലാത്ത ചില പ്രൊഫഷണല്‍ ചോദ്യക്കാര്‍ പോലുമുണ്ടാകാറുണ്ട് എക്കാലത്തും.
ഈ ചോദ്യം വരാനിടയുണ്ടെന്നും തള്ളിപ്പറഞ്ഞാല്‍ പ്രശ്‌നമാകുമെന്നും തല്‍ക്കാലം പരിശോധിച്ചുപറയാമെന്ന് പറഞ്ഞ് ഊരണമെന്നും ശ്രദ്ധയില്‍പ്പെടുത്തിയതായിരുന്നു. പക്ഷേ തുരുതുരെയുള്ള ചോദ്യത്തില്‍ തന്റേതായ ഉത്തരം കലവറയില്ലാതെ പറയുകയായിരുന്നു
പാര്‍ട്ടിയിലെ വിഭാഗീയതയുടെ കനലണയാത്ത ആദ്യഘട്ടത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ എന്തെങ്കിലും വിവാദം ഉറപ്പായിരുന്നു. ആദ്യം സ്ഥാനാര്‍ഥി പട്ടികയിലില്ലാതിരുന്നതും പിന്നീട് ഉള്‍പ്പെടുത്തിയതും വിഎസ് ഉള്‍പ്പെട്ട പാര്‍ട്ടി ഘടകത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നപ്പോള്‍ മനസ്സിലുള്ളതെല്ലാം വിഎസ് പറഞ്ഞു. അങ്ങനെ പറയുന്ന സ്ഥിതിവന്നപ്പോള്‍ പ്രസ് സെക്രട്ടറിയും പിഎയും തലയില്‍ കൈവെച്ച് അമ്പരന്നുപോവുക സ്വാഭാവികമാണല്ലോ.
ചോദ്യക്കാര്‍ പ്രകോപിപ്പിച്ചു പറയിപ്പിക്കുന്ന സ്ഥിതി വലിയ സമ്മര്‍ദമാണുണ്ടാക്കുക. എഡിബി വായ്പയുമായി ബന്ധപ്പെട്ട കരാറില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് എം വിജയാനന്ദ് ഒപ്പിട്ടത് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തുകൊണ്ടായിരുന്നില്ല. സാങ്കേതികമായി അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. നഗര പുനഃരുദ്ധാരണ പദ്ധതിക്കുവേണ്ടി ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കില്‍നിന്ന് വായ്പയെടുക്കാന്‍ കരാര്‍ തയ്യാറാക്കിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ഒപ്പിടുന്നതിന് മുമ്പ് ആ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞതാണ്. കരാറിനെതിരെ ഡിവൈഎഫ്ഐയും എഐവൈഎഫും ശക്തമായ സമരം നടത്തിയിരുന്നു. പ്രതിപക്ഷനേതാവായ വിഎസ്സാകട്ടെ എഡിബിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ കരണത്തടിച്ചുപുറത്താക്കുമെന്നും ചില്ലിക്കാശുപോലും തിരിച്ചടക്കില്ലെന്നും പ്രസ്താവിച്ചിരുന്നു.
എന്നിട്ടും വിഎസ് മുഖ്യമന്ത്രിയായിരിക്കെ കരാറില്‍ ഒപ്പിട്ടു. വലിയ വിവാദമായി. മന്ത്രിസഭാ യോഗതീരുമാനം വിശദീകരിച്ച് എഴുന്നേറ്റ ശേഷമാണ് ചോദ്യംവന്നത്. കരാറൊപ്പിട്ടത് മന്ത്രിസഭ അറിയാതെയാണെന്നും കരാറില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നും വിഎസ് മറുപടി നല്‍കി. കൂട്ടുത്തരവാദിത്വത്തിന് നിരക്കാത്ത പ്രസ്താവനയാണ്, വളരെ ശക്തമായി പുറത്തുവന്നത്. ദീര്‍ഘകാലം അതിന്റെ സവിശേഷ ദൃശ്യം കേരളരാഷ്ട്രീയാന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നതാണ്. വിഎസിന് വല്ലാത്ത അഭിമാനക്ഷതം തോന്നിയ സംഭവമാണതെങ്കിലും പ്രതികരണം മന്ത്രിസഭയുടെ ഭാവിക്കുമേല്‍ കരിനിഴലാകുന്ന തരത്തിലാണ് വിവാദം വളര്‍ന്നത്.
ഈ ചോദ്യം വരാനിടയുണ്ടെന്നും തള്ളിപ്പറഞ്ഞാല്‍ പ്രശ്‌നമാകുമെന്നും തല്‍ക്കാലം പരിശോധിച്ചുപറയാമെന്ന് പറഞ്ഞ് ഊരണമെന്നും ശ്രദ്ധയില്‍പ്പെടുത്തിയതായിരുന്നു. പക്ഷേ തുരുതുരെയുള്ള ചോദ്യത്തില്‍ തന്റേതായ ഉത്തരം കലവറയില്ലാതെ പറയുകയായിരുന്നു...
ഈ സംഭവത്തിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടിവരുന്നത് ഞങ്ങള്‍ക്ക് വലിയ സമ്മര്‍ദമാണുണ്ടാക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ. പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി കെ എന്‍ ബാലഗോപാലും സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രശേഖര പണിക്കറുമെല്ലാം കുറ്റപ്പെടുത്തുന്ന സ്വരത്തിലാണ് സംസാരിച്ചത്.
അല്‍പനാള്‍ കഴിഞ്ഞപ്പോള്‍ പുതിയൊരു പ്രശ്‌നംവന്നു. സിനിമകള്‍ പുറത്തിറങ്ങുമ്പോള്‍ത്തന്നെ അനധികൃതമായി അതിന്റെ വ്യാജ സിഡികള്‍ വിപണിയിലിറങ്ങുന്നത് സിനിമാവ്യവസായത്തെ വല്ലാതെ ഞെരുക്കുന്ന കാലമാണത്. ബീമാപള്ളിമേഖലയില്‍ അനധികൃത സിഡിയുടെ വില്പന വലിയ ആകര്‍ഷണമായിരുന്നു അക്കാലത്ത്. അവിടെ ഐജി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ ആന്റി പൈറസി വിങ്ങ് റെയിഡ് നടത്തി ആയിരക്കണക്കിന് സിഡികള്‍ പിടിച്ച സംഭവമുണ്ടായി. അതിന്റെ തുടര്‍ച്ചയായി എറണാകുളത്തെ റിയാന്‍ സ്റ്റുഡിയോ റെയിഡ് ചെയ്യാന്‍ ഋഷിരാജ്‌സിങ്ങ് പുറപ്പെട്ടപ്പോള്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ വിലക്കി.
ഡിഐജി ടോമിന്‍ ജെ തച്ചങ്കരിയുടെ കുടുംബംവകയിലുള്ളതാണ് റിയാന്‍ സ്റ്റുഡിയോ. ഡിജിപിയുടെ വിലക്കുവിവരം അറിഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തെ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. രമണ്‍ ശ്രീവാസ്തവ വരുമ്പോഴേക്കും ചാനലുകളായ ചാനലുകള്‍ മുഴുവന്‍ ക്യാമറയും നീട്ടി ക്ലിഫ് ഹൗസ് ഗേറ്റിന് പുറത്ത് തയ്യാറായി നില്‍ക്കുന്നു. ഡിജിപി ക്ലിഫ് ഹൗസിലേക്ക് കയറിപ്പോകുന്നതും ഇറങ്ങിവരുന്നതുമായ വിഷ്വലുകളോടെ മുഖ്യമന്ത്രി ഡിജിപിയെ ശാസിച്ചുവെന്ന് ഫ്‌ളാഷുകള്‍ നിറഞ്ഞു. ഡിജിപിയെ വിളിപ്പിച്ച കാര്യം മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിഞ്ഞിരുന്നില്ല. ഓഫീസില്‍നിന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നുമില്ല. കുറേക്കാലം നീണ്ട വിവാദവും സംഘടനാപ്രശ്‌നവും നടപടികളുമായി അതങ്ങനെ വളര്‍ന്നു.
സര്‍ക്കാര്‍ അറിയാതെ തച്ചങ്കരി വിദേശയാത്ര നടത്തിയത് വലിയ വിവാദത്തിലെത്തിയിരുന്നു. വിദേശത്തെ എംബസി തന്നെ അക്കാര്യത്തില്‍ പരാതി നല്‍കുകയുണ്ടായി. പിസി ജോര്‍ജ് എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. വിഎസ്സാകട്ടെ ആഭ്യന്തരമന്ത്രിയെ അറിയിക്കാതെ തച്ചങ്കരിയെ സര്‍വീസില്‍നിന്ന് സസ്പന്റ് ചെയ്തു. ചാനലുകളില്‍നിന്നാണ് വിവരമറിഞ്ഞതെന്നത് കോടിയേരിയെ പ്രയാസപ്പെടുത്തി. അത് അവിശ്വാസമുണ്ടാക്കുന്ന തരത്തിലേക്ക് വളര്‍ന്നു. പിന്നീട് മുംബെയില്‍ കേരളാ ഹൗസ് ഉദ്ഘാടനവേളയില്‍ ഇരുവരും കൂടിക്കണ്ട് ചര്‍ച്ച നടത്തിയാണ് ആ പ്രയാസകരമായ അധ്യായത്തിന് തിരശ്ശീല വീഴ്ത്തിയത്.
ഒരു ഔദ്യോഗിക പരിപാടിയിലെ പ്രസംഗത്തില്‍ വിഎസ് പറഞ്ഞു- 'പല സമുദ്രങ്ങളും വറ്റിവരണ്ടാണ് മരുഭൂമികള്‍ ഉണ്ടായത്. സോവിയറ്റ് റഷ്യയുടെ അതിശക്തമായ അലകളാണ് മൂന്നാം ലോകരാജ്യങ്ങളില്‍ വലിയ മാറ്റമുണ്ടാക്കിയത്. നിര്‍ഭാഗ്യകരമെനനുപറയട്ടെ, ഗോര്‍ബച്ചേവുമാരുടെ ഉദയത്തോടെ ആ സമുദ്രവും വറ്റിവരളാന്‍ തുടങ്ങി. ഗോര്‍ബച്ചേവുമാരുടെ ദുഷ്‌ചെയ്തികളാല്‍ നമ്മുടെ സമുദ്രങ്ങള്‍ വറ്റിവരളാതിരിക്കാന്‍ ജാഗ്രത വേണം'.. ഇതായിരുന്നു വി എസിന്റെ പ്രസംഗത്തിലെ വിവാദാസ്പദമായ ഭാഗം.
മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് അടുത്ത വിവാദമുണ്ടായത്. കയ്യേറ്റമൊഴിപ്പിക്കലിന്റെ ക്രെഡിറ്റ് ഒരാളില്‍ മാത്രം കേന്ദ്രീകരിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെ നല്ല നമസ്‌കാരം എന്ന രൂക്ഷ വിമര്‍ശത്തോടെ പിണറായി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. മുഖ്യമന്ത്രി അതിന് രൂക്ഷ ഭാഷയില്‍ മറുപടിയും പറഞ്ഞു. അതും പത്രസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി. ആ വാഗ്വാദം മുഖ്യമന്ത്രിയെയും പാര്‍ട്ടി സംസ്ഥാനസെക്രട്ടരിയെയും തല്‍ക്കാലം പി.ബി.യില്‍നിന്ന് സസ്പന്റ് ചെയ്യുന്നതിനിടയാക്കി. ഭരണ മേല്‍നോട്ടത്തിന് പാര്‍ട്ടി അഞ്ചംഗ സമിതിയുണ്ടാക്കി. അതോടെ അസ്വാരസ്യങ്ങള്‍ കുറഞ്ഞു. നല്ല കൂടിയാലോചനകളോടെ തീരുമാനങ്ങളിലേക്ക് കടക്കുന്ന സ്ഥിതിവന്നു.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെയും പ്രസംഗത്തിന്റെയും പ്രസ്താവനകളുടെയും ഉത്തരവാദിത്തം ഓഫീസിന് പ്രത്യേകിച്ച് പ്രസ് സെക്രട്ടറിക്ക് ഉണ്ട്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലയായതിനാല്‍ പാര്‍ട്ടി നയത്തില്‍നിന്ന് വ്യതിചലിക്കാതെ അത് നിര്‍വഹിക്കാനും പ്രതിജ്ഞാബദ്ധമാണ്. ഇത് പൊരുത്തപ്പെടുത്താനാവതെ വരുമ്പോഴുണ്ടാകുന്ന ധര്‍മസങ്കടം, സമ്മര്‍ദം എത്ര വലുതാണ്. വിവാദമുണ്ടാകുമ്പോള്‍ മറ്റ് മന്ത്രിമാരും എം.എല്‍.എ.മാരും നേതാക്കളും മാത്രമല്ല മുഖ്യമന്ത്രിയുടെ കുടുംബവും, പ്രത്യേകിച്ച് മകന്‍ അരുണ്‍കുമാറും നീരസത്തോടെയാണ് നോക്കുക.
2009-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് മുന്നണിയിലും പാര്‍ട്ടിയിലും പ്രശ്‌നങ്ങളുണ്ടായി. പ്രചരണം ആരംഭിക്കുന്നതിന് വളരെ നേരത്തതന്നെ പിണറായിയുടെ നേതൃത്വത്തില്‍ കാസര്‍ക്കോട്ടുനിന്ന് നവകേരളയാത്ര ആരംഭിച്ചു. ആ യാത്രയില്‍ വി.എസ് പങ്കെടുക്കില്ലെന്ന ് നിരന്തരം വാര്‍ത്ത വന്നത് പ്രശ്‌നമായി. ഒടുവില്‍ യാത്രയുടെ സമാപനത്തില്‍ വി.എസ്. പങ്കെടുക്കാനെത്തിയത് സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. യാത്രയെ അപഹസിക്കുന്ന തരത്തില്‍ പ്രചരണം നടക്കുമ്പോള്‍ അത് തടയാന്‍ ശ്രമിക്കാത്ത വി.എസിനോട് നേതൃത്വത്തിന് നീരസമുണ്ടാവുക സ്വാഭാവികം. ജാഥാ നേതാവായ പിണറായി ഒരു ഉറുദു കവിത ഉദ്ധരിച്ചുകൊണ്ട് വി.എസിനെ രൂക്ഷമായി വിമര്‍ശിച്ചു. തിരയടിക്കുന്ന കടലില്‍നിന്ന്്് ഒരു ബക്കറ്റ് വെള്ളമെടുത്ത കുട്ടി അതില്‍ തിര കാണാതെ വിഷമിക്കുന്നു. അപ്പോള്‍ കടല്‍ പറയുകയാണ്, കുഞ്ഞേ സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്നുനില്‍ക്കുമ്പോഴേ തിരയുണ്ടാകൂ, അലയടിയുണ്ടാകൂ..' താന്‍ വല്ലാതെ വളര്‍ന്നുയര്‍ന്നുപോയി എന്ന്്് ഒരു നേതാവിന് തോന്നിയാല്‍ തീര്‍ന്നു. പ്രസ്ഥാനമാകുന്ന സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്നുനില്‍ക്കുമ്പോഴേ നേതാവിന് കരുത്തുള്ളൂ..- ഇതാണ് പിണറായി പറഞ്ഞത്. അതിന് മറുപടിയെന്നോണം രണ്ട്് ദിവസം കഴിഞ്ഞ്്് കോട്ടയത്താണെന്നുതോന്നുന്നു ഒരു ഔദ്യോഗിക പരിപാടിയിലെ പ്രസംഗത്തില്‍ വി.എസ് പറഞ്ഞു- പല സമുദ്രങ്ങളും വറ്റിവരണ്ടാണ് മരുഭൂമികള്‍ ഉണ്ടായത്. സോവിയറ്റ്് റഷ്യയുടെ അതിശക്തമായ അലകളാണ് മൂന്നാം ലോകരാജ്യങ്ങളില്‍ വലിയ മാറ്റമുണ്ടാക്കിയത്്. നിര്‍ഭാഗ്യകരമെനനുപറയട്ടെ, ഗോര്‍ബച്ചേവുമാരുടെ ഉദയത്തോടെ ആ സമുദ്രവും വറ്റിവരളാന്‍ തുടങ്ങി. .. ഗോര്‍ബച്ചേവുമാരുടെ ദുഷ്‌ചെയ്തികളാല്‍ നമ്മുടെ സമുദ്രങ്ങള്‍ വറ്റിവരളാതിരിക്കാന്‍ ജാഗ്രത വേണം'.. ഇതായിരുന്നു വി.എസിന്റെ പ്രസംഗത്തിലെ വിവാദാസ്പദമായ ഭാഗം.
വിഎസിന്റെ പ്രസംഗം എഴുതിവായിച്ചതാണ്. എന്നാല്‍ മേല്‍ ഉദ്ധരിച്ച വാചകങ്ങള്‍ ഓഫീസില്‍നിന്ന് തയ്യാറാക്കിയ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രസംഗങ്ങളാണെങ്കില്‍ എഴുതിത്തയ്യാറാക്കിയ പ്രസംഗത്തില്‍ അവസാനഘട്ടത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്ന രീതി വിഎസ്സിന് ഉണ്ട്. മാറ്റംവരുത്താന്‍ ആവശ്യപ്പെട്ട് വീണ്ടുമെഴുതിക്കാറുണ്ട്. എന്നാല്‍ പുതിയ വിവാദത്തിനിടയാക്കിയ പ്രസംഗം പരിപാടിക്ക് പോയ ശേഷം വി.എസ്. നേരിട്ടുമാറ്റിയതായിരുന്നു. അതിനെക്കുറിച്ച് മറ്റു കാര്യങ്ങള്‍ അറിയില്ല. പക്ഷേ ആ പ്രസംഗത്തിന്റെ പേരിലും വലിയ ആത്മപീഡയാണ് അനുഭവിക്കേണ്ടിവന്നത്.
ആ തിരഞ്ഞെടുപ്പിലെ അസ്വാരസ്യങ്ങള്‍ അവിടെ തീര്‍ന്നില്ല. പൊന്നാനി സീറ്റ് സ്വതന്ത്രന് നല്‍കിയതില്‍ സിപിഐക്ക് രൂക്ഷമായ എതിര്‍പ്പ്. വെളിയം ഭാര്‍ഗവന്‍ പരസ്യമായി അപലപിക്കുന്ന സ്ഥിതിവന്നു. കോഴിക്കോട് സീറ്റ് കൊടുക്കാതിരുന്നതിനാല്‍ ജനതദള്‍ മുന്നണി വിട്ടു. മാത്യു ടി തോമസ് മന്ത്രിസ്ഥാനം രാജിവെച്ചു.
പൊന്നാനിയില്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മദനിയുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട വിവാദം.. അതിനിടയില്‍ കേസരി സ്മാരകത്തില്‍ വിഎസിന്റെ മീറ്റ് ദി പ്രസ്സില്‍ ഫാരീസ് അബൂബക്കറെക്കുറിച്ചുയര്‍ന്ന ചോദ്യമുയര്‍ന്നപ്പോള്‍ വെറുക്കപ്പെട്ട എന്ന പരാമര്‍ശമുണ്ടായത്- ഇത്തരം പ്രശ്‌നങ്ങളെല്ലാം കുമിഞ്ഞുകൂടിയ തിരഞ്ഞെടുപ്പ്. ഫലംവന്നപ്പോള്‍ കേവലം നാലു സീറ്റാണ് എല്‍ഡിഎഫിന് ലഭിച്ചത്.
തിരഞ്ഞെടുപ്പുഫലം വന്ന ഉടനെ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണത്തിനായി ക്‌ളിഫ് ഹൗസിലെത്തി. ക്ലിഫ് ഹൗസിലെ അകത്തുതന്നെ പത്രസമ്മേളനം ഏര്‍പ്പാടാക്കി. അക്വേറിയത്തിന് മുമ്പില്‍ ഒരു കസേരയിട്ട് വിഎസ് ഇരുന്നു. ലേഖകര്‍ ചുറ്റും വളഞ്ഞുനിന്നു. തിരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞതിലെ വിഷമം, ബംഗാളിലടക്കമുണ്ടായ തിരിച്ചടിയെക്കുറിച്ച് എല്ലാം ഏതാനും വാക്കുകള്‍ പറഞ്ഞ് നിര്‍ത്തുമ്പോഴാണ് ജീമോന്‍ ജേക്കബ്ബ് എന്തോ തമാശപറഞ്ഞത്. സംസാരത്തിലും പെരുമാറ്റത്തിലും ആംഗ്യത്തിലുമെല്ലാം സവിശേഷ രീതിയാണ് ജീമോന്. ജീമോന്റെ തമാശയിലലിഞ്ഞ് വി എസ് പൊട്ടിച്ചിരിച്ചു. തല്‍സമയ സംപ്രേഷണമായതിനാല്‍ ആ ചിരി അതേപൊലെ എല്ലാവരും കണ്ടു. ദോഷൈകദൃക്കുകള്‍ ഉടന്‍തന്നെ വ്യാഖ്യാനം ചമച്ചു. അത് കാട്ടുതീ പോലെ പടര്‍ത്തി. പാര്‍ട്ടിയുടെയും മുന്നണിയുടെയും വന്‍ പരാജയത്തില്‍ സന്തോഷിച്ചാണ് വി എസ് ചിരിച്ചതെന്ന വ്യാഖ്യാനം...
ആ വ്യാഖ്യാനം അറിയേണ്ട താമസം സുകുമാര്‍ അഴീക്കോടിന്റെ പ്രതികരണം വന്നു. സ്വന്തം കൂട് വൃത്തികേടാക്കുന്ന ജന്തുവെന്നാണ് വി എസിനെ അഴീക്കോട് വിശേഷിപ്പിച്ചത്. അത് അഴീക്കോടിനെ വലിയ ആക്ഷേപക്കൂട്ടിലടച്ചു. ഏതാനും ദിവസത്തേക്ക് പൊതുപരിപാടികള്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യംപോലുമുണ്ടായി. പിന്നീട് ആ അസ്വാരസ്യം പറഞ്ഞുതീര്‍ന്നു. ഈ സംഭവത്തിലും സ്വാഭാവികമായും പ്രസ് സെക്രട്ടറിയും പിഎയുമടക്കമുള്ളവര്‍ പഴികേട്ടുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച ഒരു കാര്യം മുഖ്യമന്ത്രിയെ അഥവാ മന്ത്രിസഭയെ യഥാസമയം അറിയിക്കുന്നതില്‍ ചീഫ് സെക്രട്ടറിക്ക് വീഴ്ചവന്നുവെന്ന് അക്കാലത്ത് ഒരു പ്രശ്‌നമുദ്ഭവിച്ചു. ലിസി ജേക്കബ്ബാണ് അന്ന് ചീഫ് സെക്രട്ടറി. കേന്ദ്ര-സംസ്ഥാന തര്‍ക്കത്തിന്റെ രൂപത്തില്‍ വാര്‍ത്തവന്നപ്പോള്‍ ബുധനാഴ്ചത്തെ പതിവു വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമുയര്‍ന്നു. കേന്ദ്രത്തിന്റെ സന്ദേശം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ ചീഫ് സെക്രട്ടറിക്ക് ജാഗ്രതക്കുറവുണ്ടായി എന്ന മുഖ്യമന്ത്രി തുറന്നടിച്ചുപറഞ്ഞു. ഫലം 24 മണിക്കൂറുകള്‍ക്കകം ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ലിസി ജേക്കബ്ബിന്റെ രാജിയായിരുന്നു. നിര്‍ഭാഗ്യകരമായ ആ സംഭവം കുറേ ദിവസത്തെ വിവാദവിഷയമായി.
പ്രതിപക്ഷനേതാവായിരിക്കെ വി.എസ്സിനെതിരെ മലയാള മനോരമ പത്രം ഒരു ആരോപണമുയര്‍ത്തിക്കൊണ്ടുവന്നു. വിമുക്തഭടനായ ബന്ധുവിന് കാസര്‍ക്കോട്ട് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കാന്‍ മുഖ്യമന്ത്രിയായിരിക്കെ വിഎസ് ഇടപെട്ടു, കളക്ടറോട് നേരിട്ടുവിളിച്ചുപറഞ്ഞു, മുഖ്യമന്ത്രിക്കുവേണ്ടി പിഎ സുരേഷ് കളക്ടറോട് വിളിച്ചുചോദിച്ചു- ഇതാണ് ആരോപണം.
പാമോയില്‍ അഴിമതിയടക്കമുള്ള ക്രമക്കേടുകള്‍ക്കെതിരെ അഭംഗുരം പൊരുതുന്ന വിഎസ് സ്വജനപക്ഷപാതം കാട്ടിയെന്ന ആരോപണം മനോരമയക്കുമാത്രമല്ല, ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും വലിയ ആവേശമുണ്ടാക്കി
പാമോയില്‍ അഴിമതിയടക്കമുള്ള ക്രമക്കേടുകള്‍ക്കെതിരെ അഭംഗുരം പൊരുതുന്ന വിഎസ് സ്വജനപക്ഷപാതം കാട്ടിയെന്ന ആരോപണം മനോരമയക്കുമാത്രമല്ല, ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും വലിയ ആവേശമുണ്ടാക്കി. വിജിലന്‍സ് കേസ് വന്നു. വിഎസിന്റെ ബന്ധുവായ സോമന്‍ എന്ന വിമുക്തഭടന് വിമുക്തഭടന്മാര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിപ്രകാരം കാസര്‍ക്കോട്ട് ഭൂമി അനുവദിച്ചത് എ കെ ആന്റണി സര്‍ക്കാരാണ്. ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി അനുവദിച്ച ഭൂമിക്കായി സോമന്‍ അന്വേഷിച്ചുചെന്നപ്പോള്‍ അറിഞ്ഞത് തനിക്ക് അനുവദിച്ച സ്ഥലം മറ്റാര്‍ക്കോ മറിച്ചുനല്‍കിയെന്നാണ്. ഇതു സംബന്ധിച്ച് സോമന്‍ മുഖ്യമന്ത്രി വി എസിന് പരാതി നല്‍കി. പരാതി കാസര്‍ക്കോട്ട് കളക്ടര്‍ക്ക് അയച്ചുകൊടുത്തു. പരാതിയില്‍ എന്തുനടപടിയെടുത്തുവെന്ന പിഎ സരേഷ് കളക്ടര്‍ ആനന്ദ് സിങ്ങിനോട് വിളിച്ചുചോദിച്ചുവെന്നതാണ് പ്രശ്‌നമായി ഉയര്‍ത്തിയത്. വിജിലന്‍സ് കേസെടുത്തു.
ഡിവൈഎസ് ഹബീബ് റഹ്‌മാന്‍ വിഎസിന്റെ മൊഴിയെടുക്കാന്‍ എത്തി. അഡ്വ. ചെറുന്നിയൂര്‍ ശശിധരന്‍ നായരും പ്രതിപക്ഷനേതാവിന്റെ പ്രൈവറ്റ് സെക്രട്ടരി ശശിധരന്‍ നായര്‍ പിന്നെ ഞങ്ങളെല്ലാം ചേര്‍ന്ന് കേസ് സംബന്ധിച്ച് വിഎസുമായി വിശദമായി ചര്‍ച്ച നടത്തി. മറുപടി നല്‍കുന്നതിനുള്ളഫ്രെയിം ഉണ്ടാക്കി. അടുത്ത പരിചയക്കാരനായ ഹബീബ് റഹ്‌മാന്‍ തിരിച്ചുപോകുമ്പോള്‍ എന്നോടുപറഞ്ഞു.... ബഹുമാനപ്പെട്ട ഓപ്പോസിഷന്‍ ലീഡര്‍ താന്‍ കളക്ടറെ വിളിച്ചതടക്കമുള്ള എല്ലാ കാര്യങ്ങളും എഴുതാന്‍ പറഞ്ഞു. മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ തിരിച്ചുവിളിച്ച് എന്റെ ബന്ധുവായതിനാല്‍ അവന് ന്യായമായി കിട്ടേണ്ട ആനുകൂല്യം ഇല്ലാതായിക്കൂട... സര്‍ അതുകൂടി എഴുതിയാല്‍ സ്വജനപക്ഷപാതം എന്ന പ്രശ്നം വരും എന്ന് ചൂണ്ടിക്കാട്ടി. പക്ഷേ നിര്‍ബന്ധിച്ച് അതും എഴുതിച്ചു... ഡിവൈഎസ്പി പറഞ്ഞു.
വിജിലന്‍സ് സംഘം പോയശേഷം വിഎസിനെ കണ്ട ഞങ്ങള്‍ അക്കാര്യത്തില്‍ വിയോജിപ്പറിയിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടിയല്ലാതെ എന്നെക്കൂടി ബന്ധപ്പെടുത്തി ബന്ധുവിനെ നീതി ലഭിക്കണമെന്ന് പ്രത്യേകം എഴുതിക്കണമായിരുന്നോ എന്നാണ് ഞങ്ങള്‍ ചോദിച്ചത്. വാസ്തവത്തില്‍ ഞങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടായിരുന്നു. വിഎസ് പക്ഷേ പൊട്ടിച്ചിരിക്കുകയായിരുന്നു. സത്യവും നീതിയും..... വിജിലന്‍സ് കേസ് വന്നു. വിഎസ് അതിനെതിരെ ഹൈക്കോടതിയില്‍ പോയപ്പോള്‍ വിജിലന്‍സിനെ നിശിതമായി വിമര്‍ശിക്കുകയും വിഎസിനെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയും ചെയ്തു.