PEOPLE

കത്തുകള്‍ ആയുധമാക്കി വി എസ് നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങള്‍

സിപിഎം കേന്ദ്ര നേതൃത്വത്തിന് വി എസ് എഴുതിയ ഓരോ കത്തും വസ്തുതകളാല്‍ അടിത്തറ പാകിയ കനപ്പെട്ട റിപ്പോര്‍ട്ടുകളായിരുന്നു

ബി ശ്രീജൻ

കേരള മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ 2007 ഒക്ടോബര്‍ 29ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് എഴുതി:

''പ്രിയപ്പെട്ട സഖാവ് പ്രകാശ്, കൊളോണിയല്‍ ഭരണകാലത്ത് സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികളാകുന്നവരുടെ ശവശരീരം പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന പതിവ് ബ്രിട്ടീഷ് പട്ടാളത്തിനുണ്ടായിരുന്നു. അവരുടെ ഉദ്ദേശം ഭീകരതയുടെയും അടിച്ചമര്‍ത്തലിന്റെയും സന്ദേശം ജനങ്ങള്‍ക്കിടയില്‍ എത്തിക്കുക തന്നെയായിരുന്നു. നമ്മുടെ ആയിരക്കണക്കിന് സഖാക്കള്‍ക്ക് നേരെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ന്യായീകരിക്കാന്‍ കഴിയുന്ന ഒരു കാരണവുമില്ലാതെ ഈ പാര്‍ട്ടി നേതൃത്വം കൈക്കൊണ്ട അച്ചടക്ക നടപടികളുടെ ഉദ്ദേശവും ലക്ഷ്യവും മറ്റൊന്നല്ല. അതിന്റെ ഫലമായി ഉള്‍പ്പാര്‍ട്ടി ജനാധിപത്യ പ്രക്രിയ ആകെ തകരാറിലായിരിക്കുകയാണ്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും തൊഴിലാളി വര്‍ഗ വിരുദ്ധ താല്പര്യങ്ങള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിക്കുന്ന വിധത്തിലും ഈ ഭയത്തിന്റെയും ഭീകരതയുടെയും അന്തരീക്ഷത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്,''.

സിപിഎം കേന്ദ്ര നേതൃത്വത്തിന് വി എസ് എഴുതിയ ഓരോ കത്തും വസ്തുതകളാല്‍ അടിത്തറ പാകിയ കനപ്പെട്ട റിപ്പോര്‍ട്ടുകളായിരുന്നു. അത് ഉറപ്പുവരുത്താനായി അക്കാലത്ത് അദ്ദേഹത്തിന്റെ ഓഫിസില്‍ ഫാക്ട് ചെക്കിങ് ഡിവിഷനു സമാനമായ ഒരു സംവിധാനം തന്നെ പ്രവര്‍ത്തിച്ചിരുന്നു

ആ നീണ്ട കത്തില്‍ അദ്ദേഹം തുടര്‍ന്നെഴുതുന്നത് 2008 കോട്ടയം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനമൊട്ടാകെ നടന്ന വെട്ടിനിരത്തല്‍ നടപടികളെപ്പറ്റിയാണ്. മുതിര്‍ന്ന സഖാക്കളെ പുറത്താക്കിയ പട്ടികയും ക്രമക്കേട് നടന്ന ഏരിയ സമ്മേളനങ്ങളുടെ പട്ടികയും ഒക്കെ അനുബന്ധമായി ചേര്‍ത്ത കത്ത്, ഓരോ കേസിലും നടന്നിട്ടുള്ള അന്യായം എന്തെന്ന് പ്രത്യേകമായി നിര്‍വചിക്കുന്നുമുണ്ട്.

സംസ്ഥാനത്തെ പാര്‍ട്ടിയുടെ നിയന്ത്രണവും തന്റെ കൂടെ പാറ പോലെ ഉറച്ചുനില്‍ക്കുമെന്നു കരുതിയ സഖാക്കളുടെ കൂറും പിണറായി വിജയന്‍ കൈക്കലാക്കിയ 2005-ലെ മലപ്പുറം സമ്മേളനത്തിന് ശേഷം കത്തുകളെയാണ് വി എസ് ആശയ സമരത്തിന് ഉപാധിയാക്കിയത്. മൂര്‍ച്ചയേറിയ വാചകങ്ങളും എണ്ണമിട്ട് നിരത്തിയ വസ്തുതകളും മുദ്രാവാക്യങ്ങളുടെ കരുത്ത് പകര്‍ന്ന കത്തുകള്‍ മിക്ക ദിവസങ്ങളിലും അക്കാലത്ത് ജനറല്‍ സെക്രട്ടറി ആയിരുന്ന പ്രകാശ് കാരാട്ടിന് ലഭിച്ചിരുന്നു. തന്റെ ശ്രദ്ധയില്‍ പെട്ട ആശയ വ്യതിയാനങ്ങളെ അപ്പപ്പോള്‍ തന്നെ പോളിറ്റ് ബ്യുറോയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ വി എസ് കത്തുകള്‍ എഴുതിക്കൊണ്ടേയിരുന്നു.

''പാര്‍ട്ടി ഭരണ ഘടനയെയും സമ്മേളന പ്രമേയങ്ങളെയും പോളിറ്റ് ബ്യുറോ നിര്‍ദേശങ്ങളെയും നഗ്‌നമായി ലംഘിച്ചുകൊണ്ടുള്ള ഫാസിസ്റ്റ് രീതിയിലെപ്രവര്‍ത്തനമാണ് സംസ്ഥാന നേതൃത്വം കാഴ്ച വയ്ക്കുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനം അംഗീകരിച്ച ജനാധിപത്യ രീതികളെയൊക്കെ നഗ്‌നമായി ലംഘിക്കുന്ന ഈ നടപടികളെ ഒരു നിമിഷം പോലും അംഗീകരിക്കാനാവില്ല,'' 2006 ഡിസംബര്‍ 30ന് പ്രകാശ് കാരാട്ടിന് അയച്ച കത്തില്‍ വി എസ് എഴുതി. ആ വര്‍ഷം ജൂലൈ 19 മുതല്‍ 21 വരെ പി ബി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി സമ്മേളന പ്രക്രിയയുമായി ബന്ധപ്പെട്ട് സഖാക്കള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിന്റെ വ്യാപകമായ ലംഘനം പിബിയുടെ ശ്രദ്ധയില്‍ കൊണ്ടു വരാനായിരുന്നു ഈ കത്ത്.

വി എസ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലത്ത് സിപിഎം ബീറ്റ് റിപ്പോര്‍ട്ടര്‍ ആയി ജോലി ചെയ്യുമ്പോഴാണ് അതീവ രഹസ്യ സ്വഭാവമുള്ള ഈ കത്തുകള്‍ വായിക്കാനുള്ള അവസരം എനിക്ക് ലഭിച്ചത്. ഏഴാം ക്ളാസ് വരെ മാത്രം പഠിച്ച, പാടത്തു പണിയെടുത്തിരുന്ന നിരക്ഷരരായ തൊഴിലാളികള്‍ക്കായി സംഘടന കെട്ടിപ്പടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്ന ഒരു നേതാവ് തന്റെ പ്രായം എണ്‍പതുകളില്‍ എത്തി നില്‍ക്കവേ അക്ഷരങ്ങളെ ആയുധമാക്കി തുറന്ന ഈ സമര മുഖം കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ ഒരു ഏടാണ്. മിക്കപ്പോഴും വി എസ് തന്നെയാണ് കത്തുകള്‍ മലയാളത്തില്‍ പറഞ്ഞു കൊടുത്തിരുന്നത്. ഇംഗ്ലീഷ് പരിഭാഷ ഒപ്പമുണ്ടായിരുന്ന ആരെങ്കിലും തയാറാക്കുമായിരുന്നു.

ഉള്‍പ്പാര്‍ട്ടി വഴക്കുകളുമായി ബന്ധപ്പെട്ട കത്തുകള്‍ കഴിഞ്ഞാല്‍ വി എസ് ഏറ്റവുമധികം എഴുതിയത് ദേശാഭിമാനിയെപ്പറ്റിയുള്ള വിഷയങ്ങളാണ്. ഒരു കാലത്ത് താന്‍ മുഖ്യ പത്രാധിപര്‍ ആയിരുന്ന പാര്‍ട്ടി പത്രത്തിന്റെ അപചയവും വ്യതിയാനവും ഒട്ടുമേ അംഗീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ദേശാഭിമാനി വിഷയത്തില്‍ വി എസ് എഴുതിയ കത്തുകള്‍ തൊഴിലാളികളുടെ വിയര്‍പ്പിനാല്‍ കെട്ടിപ്പടുത്ത പത്രം എങ്ങനെയാണ് മുതലാളിത്ത രീതികളിലേക്ക് വഴുതി മാറിയെന്നതിനുള്ള ശക്തമായ തെളിവാണ്.

മലപ്പുറം സമ്മേളനത്തിന് പിന്നാലെ ദേശാഭിമാനിയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനായി പിണറായി വിജയന്‍ ഇ പി ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജര്‍ ആയി നിയമിച്ചു. ആ നിയമനത്തോടൊപ്പം കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായി അമിത അധികാരങ്ങളും അദ്ദേഹത്തിന് നല്‍കി. ഇത് ചോദ്യം ചെയ്ത് 2005 നവംബര്‍ 28ന് പ്രകാശ് കാരാട്ടിന് അയച്ച കത്തില്‍ അമിതാധികാരം ഇപിക്ക് കല്പിച്ചു നല്കാന്‍ എടുക്കാത്ത തീരുമാനം സിപിഎം സംസ്ഥാന കമ്മിറ്റി മിനിട്‌സില്‍ എഴുതിച്ചേര്‍ത്തുവെന്ന് വി എസ് ആരോപിക്കുന്നുണ്ട് : ''ദേശാഭിമാനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ജനറല്‍ മാനേജര്‍ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങള്‍ക്കും പത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ഉള്ളതായി കണക്കാക്കണം - എന്നൊരു പ്രമേയം ജൂലൈ നാലിന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി കൈക്കൊണ്ടതായി പിണറായി വിജയന്‍ ഒപ്പിട്ട രേഖയില്‍ പറയുന്നു. അത്തരമൊരു തീരുമാനം സംസ്ഥാന കമ്മിറ്റി എടുത്തിട്ടില്ലെന്ന് മാത്രമല്ല ജനറല്‍ മാനേജര്‍ക്ക് പത്രവുമായി ബന്ധപ്പെട്ട് എന്ത് തീരുമാനവും കൈക്കൊള്ളാമെന്ന അധികാരം ആദ്യമായാണ് ഒരാള്‍ക്ക് നല്‍കുന്നതും. ഇ കെ നായനാര്‍ അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ പോയപ്പോള്‍ സഖാവ് പി കണ്ണന്‍ നായരെ പ്രസാധകനായി നിശ്ചയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി 1976 ഒക്ടോബര്‍ 29 ന് പാസാക്കിയ പ്രമേയത്തില്‍ അമിതാധികാരമൊന്നും കണ്ണന്‍ നായര്‍ക്ക് നല്‍കിയിട്ടില്ല. 1990 മാര്‍ച്ച് ആറിന് എ പി വര്‍ക്കിയെ പ്രസാധകന്‍ ആയി നിയമിച്ചപ്പോഴും 1990 ഓഗസ്റ്റ് 14ന് സഖാവ് പി കരുണാകരനെ ജനറല്‍ മാനേജര്‍ ആയി നിയമിച്ചപ്പോഴും ഇത്തരമൊരു വകുപ്പ് പ്രമേയത്തില്‍ ഉണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ സഖാക്കള്‍ കണ്ണന്‍ നായര്‍ക്കും എ പി വര്‍ക്കിക്കും പി കരുണാകരനും നല്‍കാതിരുന്ന പരിധികള്‍ ഇല്ലാത്ത അധികാരം സഖാവ് ഇ പി ജയരാജന് നല്‍കുന്നത് പാര്‍ട്ടിയോട് ചെയ്യുന്ന കൊടും വഞ്ചനയാണ്,'' വി എസ് എഴുതി.

പിന്നീട് സാന്‍ഡിയാഗോ മാര്‍ട്ടിനില്‍ നിന്ന് ദേശാഭിമാനി ബോണ്ട് കൈപ്പറ്റിയ സമയത്തും ലിസ് എന്ന സമ്പാദ്യ പദ്ധതിയില്‍ നിന്നു ദേശാഭിമാനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നപ്പോഴും ചെന്നൈയിലെ ആര്‍ എം പി ഇന്‍ഫോടെക് എന്ന സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ദേശാഭിമാനി വാര്‍ഷികാഘോഷത്തിനു സ്പോണ്‍സര്‍ഷിപ് തേടിയ സമയത്തുമൊക്കെ അതിരൂക്ഷ ഭാഷയില്‍ വി എസ് കേന്ദ്ര നേതൃത്വത്തിന് കത്തുകള്‍ എഴുതിയിരുന്നു.

''മണി ചെയിന്‍ എന്ന കപട കച്ചവടത്തിലൂടെ തൃശ്ശൂരും പാലക്കാടുമൊക്കെ നൂറു കണക്കിന് ആള്‍ക്കാരെ ചതിച്ച ഒരു കറക്കു കമ്പനിയാണ് ആര്‍ എം പി ഇന്‍ഫോടെക്. ഈ കമ്പനിയുടെ പ്രവര്‍ത്തനത്തെ പറ്റിയുള്ള പരാതികള്‍ ദേശാഭിമാനി തന്നെ വാര്‍ത്തയായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ പല തവണ പ്രസിദ്ധീകരിച്ചിട്ടുണ്ട് (പകര്‍പ്പുകള്‍ ഒപ്പം ചേര്‍ക്കുന്നു). തങ്ങള്‍ തന്നെ രൂക്ഷമായി വിമര്‍ശിച്ച അത്തരമൊരു കറക്കു കമ്പനിയുടെ സ്പോണ്‍സര്‍ഷിപ് ദേശാഭിമാനി തൃശൂര്‍ എഡിഷന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കായി സ്വീകരിച്ചുവെന്നത് തീര്‍ത്തും സംശയാസ്പദമാണ്. 2005 സെപ്റ്റംബര്‍ നാലിന് നടന്ന വാര്‍ഷിക ദിനാഘോഷം സ്‌പോണ്‍സര്‍ ചെയ്യാന്‍ അഞ്ച് ലക്ഷം രൂപയാണ് ആര്‍ എം പി നല്‍കിയതെന്ന് ഞാന്‍ മനസിലാക്കുന്നു,'' വി എസ് എഴുതി.

ഇതേ കത്തിലൂടെ തന്നെ ആര്‍ എം പിയും ദേശാഭിമാനിയും തമ്മിലുണ്ടാക്കിയ ഒരു അവിശുദ്ധ സഖ്യത്തിന്റെ വിശദാംശങ്ങളും വി എസ് കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നുണ്ട്. കേരളത്തില്‍ 1,45,000 ഏജന്റുമാര്‍ ഉള്ള ആര്‍ എം പി അത്രയുമെണ്ണം വാര്‍ഷിക വരിക്കാരെ ദേശാഭിമാനിക്ക് ചേര്‍ത്തു നല്‍കാമെന്നും പകരം കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ രീതിയിലെ വാര്‍ത്തകള്‍ ദേശാഭിമാനി എഴുതണമെന്നും നിര്‍ദേശിക്കുന്ന ഒരു കരാര്‍ കമ്പനിയും ദേശാഭിമാനിയും തമ്മില്‍ ഏര്‍പ്പെട്ടിരുന്നു. ''ഇത്തരമൊരു കരാര്‍ ഇന്ത്യയില്‍ ഒരു പത്രവും ഒരു സ്വകാര്യ സ്ഥാപനവുമായി ഏര്‍പ്പെട്ടിട്ടുള്ളതായി അറിവില്ല. ഇത്രമാത്രം അപകടകരവും പാര്‍ട്ടി വിരുദ്ധവുമായ നടപടി നമ്മുടെ പാര്‍ട്ടി പത്രത്തിന്റെ അടിവേരിളക്കുന്നതാവും. ഈ തീരുമാനം എടുക്കുന്നതിനു മുന്‍പ് പാര്‍ട്ടിയില്‍ ഒരു ഘടകത്തിലും ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നത് ഞെട്ടല്‍ ഉളവാക്കുന്നു,'' വി എസ് എഴുതി.

ലിസ് വിഷയത്തിലെ ദീര്‍ഘമായ കത്ത് വി എസ് എഴുതുന്നത് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം വഹിക്കുമ്പോഴാണ്. 2006-ല്‍ വഞ്ചന കേസില്‍ പെട്ട് പൂട്ടിപ്പോയ കമ്പനിയെ സഹായിക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ അക്കമിട്ടു പറയുന്നതാണ് ആ കത്ത്. '2006 മേയില്‍ തിരഞ്ഞെടുപ്പ് കാലത്ത് സൗത്ത് സോണ്‍ ഐ ജി ടിപി സെന്‍കുമാറാണ് കമ്പനിക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ എല്‍ ഡി എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന് ഒരു മാസത്തിനുള്ളില്‍ സെന്‍കുമാറിനെ കേസിന്റെ ചുമതലയില്‍ നിന്ന് മാറ്റി. നമ്മുടെ പാര്‍ട്ടി നേതൃത്വത്തിലെ പലരുടെയും അടുപ്പക്കാരനായ എം കെ ദാമോദരന്‍ പെട്ടെന്ന് ലിസിന്റെ അഭിഭാഷകനായി നിയോഗിക്കപ്പെട്ടു,'' വി എസ് എഴുതി.

സിപിഎം കേന്ദ്ര നേതൃത്വത്തിന് വി എസ് എഴുതിയ ഓരോ കത്തും വസ്തുതകളാല്‍ അടിത്തറ പാകിയ കനപ്പെട്ട റിപ്പോര്‍ട്ടുകളായിരുന്നു. താന്‍ എഴുതുന്ന കത്തുകള്‍ വൈകാരികമായ വാചകങ്ങളാല്‍ നിറച്ച് ഉപരിപ്ലവമായി വിഷയത്തെ സമീപിക്കുന്നവ ആകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി അക്കാലത്ത് അദ്ദേഹത്തിന്റെ ഓഫിസില്‍ ഇന്ന് വ്യാപകമായ ഫാക്ട് ചെക്കിങ് ഡിവിഷനു സമാനമായ ഒരു സംവിധാനം തന്നെ പ്രവര്‍ത്തിച്ചിരുന്നു. ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ വിഷയങ്ങള്‍ക്കും ആധികാരികമായ വിവരങ്ങള്‍ ഗവേഷണം നടത്തി കണ്ടെത്തിയ ശേഷമേ അദ്ദേഹം കത്തുകള്‍ എഴുതിയിരുന്നുള്ളൂ.

പാര്‍ട്ടി നേതൃത്വത്താല്‍ കൈകാലുകള്‍ കെട്ടപ്പെട്ട അവസ്ഥയില്‍ ആയിരുന്നു മുഖ്യമന്ത്രിയായ വി എസ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലോ സെക്രട്ടറിയറ്റിലോ ന്യായമായ കാര്യങ്ങള്‍ പോലും ഉന്നയിച്ചു പരിഹാരം കാണാന്‍ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം കത്തുകളാല്‍ പുതിയൊരു പോരാട്ട മുഖം തുറന്നത്. പാര്‍ട്ടി മുന്‍കൈയെടുത്ത പല വിവാദ തീരുമാനങ്ങളും തിരുത്തിക്കാന്‍ വി എസിന്റെ കത്തുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്; അതുപോലെ തന്നെ ന്യായമായ പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ ആശങ്കകള്‍ നേതൃത്വം അവഗണിച്ചിട്ടുമുണ്ട്. തന്നെ സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ സിപിഎം സംസ്ഥാന ഘടകത്തിനുള്ളില്‍ നടന്ന സംഘടിത ശ്രമങ്ങളെ ചെറുത്ത് അഞ്ചു വര്‍ഷവും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ വി എസിനു കഴിഞ്ഞതിനു പിന്നില്‍ ഈ കത്തുകള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നതാണു സത്യം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം