PEOPLE

നാസയുടെ മൂണ്‍ ടു മാര്‍സ് പദ്ധതിയുടെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍

ചന്ദ്രനെ ഇടത്താവളമാക്കിയുള്ള ചൊവ്വാ ദൗത്യത്തിന്റെ ആസൂത്രണവും നടത്തിപ്പും ഇനി മുതല്‍ അമിതിന്റ ഉത്തരവാദിത്വത്തില്‍ പെടും

വെബ് ഡെസ്ക്

ചന്ദ്രനിലേക്കും അവിടെ നിന്ന് ചൊവ്വയിലേക്കുമുള്ള പുതിയ പര്യവേഷണങ്ങള്‍ക്ക് നാസ ചുക്കാൻ പിടിക്കുമ്പോൾ അതിന്റെ അമരത്തേക്ക് ഒരു ഇന്ത്യൻ വംശജനെത്തുകയാണ്- അമിത് ക്ഷത്രിയ. മൂണ്‍ ടു മാര്‍സ് പ്രോഗ്രാം എന്ന പേരിട്ടിരിക്കുന്ന പുതിയ മുന്നേറ്റത്തിലെ എല്ലാ ദൗത്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ഇനി അമിത് ക്ഷത്രിയയാണ്. നാസയുടെ കോമണ്‍ എക്‌സ്‌പ്ലൊറേഷന്‍ ഡവലപ്പ്‌മെന്റ് വിഭാഗത്തിന്റെ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് പുതിയ പദവിയിലേക്ക് ഇദ്ദേഹമെത്തിയത്.

ചന്ദ്രനില്‍ നിന്ന് ചൊവ്വയിലേക്ക് - അമിത്ക്ഷത്രിയയുടെ ഉത്തരവാദിത്വങ്ങള്‍

ചന്ദ്രനിലേക്കും അവിടെ നിന്ന് ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങളുടെ ആസൂത്രണവും നടത്തിപ്പും ഇനി മുതല്‍ അമിതിന്റ ഉത്തരവാദിത്വത്തില്‍ പെടും. കൂടാതെ ദൗത്യത്തിലെ അപകട സാധ്യതകള്‍ വിലയിരുത്തേണ്ട ജോലിയും ചെയ്യേണ്ടത് ഈ ഇന്ത്യന്‍ -അമേരിക്കന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആണ്. എക്‌സ്‌പ്ലോറേഷന്‍ സിസ്റ്റംസ് ഡെവലപ്പ്‌മെന്റ് മിഷന്‍ ഡയറക്‌റേറ്റിന്റെ (ഇഎംഡിഎംഡി) കീഴിലാണ് ഇരു ദൗത്യങ്ങളും ഒരുങ്ങുന്നത്. പുതിയ പദ്ധതി ആസൂത്രണം ചെയ്യേണ്ട ചുമതലയും അമിത് ക്ഷത്രിയയുടെ ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടുന്നു.

പുതിയ പദ്ധതിയുടെ ലക്ഷ്യം

മനുഷ്യരാശി ഇതുവരെ പരീക്ഷിച്ച് നോക്കാത്ത ചില ദൗത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂൺ ടു മാസിന്റെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ചന്ദ്രനില്‍ മനുഷ്യരെ സുരക്ഷിതരായി ഇറക്കുക, ദീര്‍ഘകാലം അവര്‍ക്ക് ചന്ദ്രോപരിതലത്തില്‍ വസിക്കാന്‍ അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കുക ചന്ദ്രനെ കേന്ദ്രമാക്കി അതിന് പുറത്ത് ചൊവ്വയിലേക്കടക്കമുള്ള പര്യവേഷണം കാര്യക്ഷമമാക്കുക തുടങ്ങിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുക, പദ്ധതികള്‍ ആസൂത്രണം ചെയ്യുക, ഭൗതിക സാഹചര്യമൊരുക്കുക, പര്യവേഷണ ദൗത്യം ഏകീകരിക്കുക എന്നീ ചുമതലകളും അമിത് ക്ഷത്രിയ്ക്കാണ്.

വെല്ലുവിളി നിറഞ്ഞ പുതിയ ദൗത്യം

മൂൺ ടു മാസ് പദ്ധതിക്ക് ആവശ്യമായ ഹാർഡ് വെയറുകൾ തയ്യാറാക്കുക, അപകട സാധ്യതകള്‍ വിലയിരുത്തി പരിഹരിക്കുക തുടങ്ങി നിരവധി ചുമതലകൾ ഉണ്ട് ഓഫീസിന്. വിക്ഷേപണ വാഹനമായ സ്‌പേയ്‌സ് ലോഞ്ച് സിസ്റ്റം, മനുഷ്യനെ വഹിക്കാവുന്ന പേടകമായ ഓറിയോണ്‍, ആര്‍ട്ടെമിസ് പ്രോഗ്രാമിന്റെ ഭൂമിയില്‍ നിന്നുള്ള നിയന്ത്രണ സംവിധാനം. ബഹിരാകാശയാത്രികരുടെ വസ്ത്രം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഇതിനി കീഴിൽ വരും.

അമിത് ക്ഷത്രിയയെ അടയാളപ്പെടുത്തുമ്പോള്‍

പുതിയ ഉത്തരവാദിത്വത്തിലേക്ക് കടക്കുന്നതുവരെ കോമണ്‍ എക്‌സ്‌പ്ലോറേഷന്‍ സിസ്റ്റംസ് ഡെവലപ്മെന്റ് ഡിവിഷന്റെ ആക്ടിങ് ഡെപ്യൂട്ടി അസോസിയേറ്റീവ് അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിക്കുകയായിരുന്നു അമിത്. സ്‌പേസ് ലോഞ്ച് സിസ്റ്റം(എസ് എല്‍ എസ്), ഓറിയോണ്‍ ബഹിരാകാശ പേടകം, എക്‌സ്‌പ്ലോറേഷന്‍ ഗ്രൗണ്ട് സിസ്റ്റം എന്നീ പദ്ധതികളുടെ അമരക്കാരനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

'ആര്‍ട്ടെമിസ് ടീമിലെ സുപ്രധാന സ്ഥാനം വഹിക്കുന്നയാള്‍' എന്നാണ് നാസ ഇദ്ദേഹത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

2003ലാണ് നാസയിലെ ബഹിരാകാശ പര്യവേഷണത്തിലേക്ക് അമിത് എത്തിചേര്‍ന്നത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി കരിയര്‍ ആരംഭിച്ച അദ്ദേഹം റോബോട്ടിക് എഞ്ചിനീയര്‍, ബഹിരാകാശ വാഹന ഓപ്പറേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തന പരിചയം നേടിയിട്ടുണ്ട്.

2014നും 2017നുമിടയില്‍ അദ്ദേഹം ബഹിരാകാശ ഫ്ളൈറ്റ് ഡയറക്ടറാറി പ്രവർത്തിച്ചിട്ടുണ്ട്. ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളുടെ ഏകോപനമായിരുന്നു അന്ന് പ്രധാന ചുമതല. ഐ എസ് എസ് വൈഹിക്കിള്‍ ഓഫീസറാകുന്നതിനു മുന്‍പ് ആക്ടിങ് മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 ലാണ് എക്സ്പ്ലൊറേഷൻ സിസ്റ്റം ഡെവലപ്മെന്റ് ഡയറക്ടറേറ്റിലേക്ക് അസിസ്റ്റന്റ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ പദവിയിലെത്തുന്നത്.

നാസയുടെ മൂൺ ടു മാസ് പദ്ധതി

മനുഷ്യ സാന്നിധ്യമുള്ള വിദൂര ബഹിരാകാശ പര്യവേഷണത്തിന് ചന്ദ്രനെ ഇടത്താവളമാക്കിയ പദ്ധതിയാണ് നാസ വിഭാവനം ചെയ്യുന്നത്. ചന്ദ്രനിൽ മനുഷ്യനെ ഇറക്കുക മാത്രമല്ല, ചുരുങ്ങിയ കാലമെങ്കിലും അവിടം താവളമാക്കാനുള്ള സാധ്യത കൂടി തേടുകയാണ്. ഭൂമിയിൽ നിന്ന് ചൊവ്വയിലേക്ക് നേരിട്ടുള്ള സഞ്ചാരം ഏഴ് മാസമെങ്കിലും എടുക്കും. ഏതാണ്ട് 500 ദിവസം വേണം ചൊവ്വയിൽ നേരിട്ട് പോയി തിരിച്ചെത്താൻ. അതേ സമയം ചന്ദ്രനിലേക്കും ചന്ദ്രനിൽ നിന്നും മൂന്ന് ദിവസം യാത്ര മതി. ചന്ദ്രനിലെ ജലസാന്നിധ്യം ബഹിരാകാശ സഞ്ചാരികൾക്ക് ഉപയോഗിക്കാൻ മാത്രമല്ല, അവയിൽ നിന്ന് റോക്കറ്റ് ഇന്ധനം ഉണ്ടാക്കുന്നതും പരീക്ഷിക്കുകയാണ്. വിജയിച്ചാൽ ഭൂമിയിൽ നിന്നുള്ള വിക്ഷേപണ സമയത്ത് കുറച്ച് ഇന്ധനം ഉപയോഗിച്ചാൽ മതിയാകും. ഇത് ചെലവ് ചുരുക്കും.

അപ്പോളോ ചാന്ദ്രദൗത്യത്തിൻ്റെ വിജയത്തിനു ശേഷം ഭൂമിക്ക് പുറത്തുള്ള പഠനങ്ങളിൽ നാസ നിയന്ത്രണമുണ്ടായിരുന്നു. 1989 ൽ ജോർജ് ബുഷാണ് വീണ്ടും ചന്ദ്രനിലേക്കും തുടർന്ന് ചൊവ്വയിലേക്കും എന്ന സ്വപ്നത്തിന് ചിറകു നൽകിയത്. 2004 ൽ ബുഷ് രണ്ടാമൻ കോൺസ്റ്റലേഷൻ പ്രോഗ്രാമിന് അനുവാദം നൽകി. തുടർന്നെത്തിയ ഒബാമ പദ്ധതി ഉപേക്ഷിച്ചു. നേരിട്ടുള്ള ചൊവ്വാദൗത്യത്തിനായിരുന്നു ഒബാമയുടെ നിർദേശം. ഡോണൾഡ് ട്രംപ് പ്രസിഡൻറ് ആയതോടെയാണ് ആദ്യം ചന്ദ്രൻ, പിന്നെ ചൊവ്വ എന്ന പദ്ധതിക്ക് വീണ്ടും തുടക്കമായത്.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി