ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടിയിട്ട് കുറച്ചുകാലമായി. ഹർദീപ് സിങ് നിജ്ജർ എന്ന ഖാലിസ്ഥാൻ നേതാവിന്റെ വധത്തോടെ അത് കൂടുതൽ വഷളായി. ഒടുവിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡയും അതേ നാണയത്തിൽ ഇന്ത്യ മറുപടി നൽകുകയും ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യം ജി 20 ഉച്ചകോടിയിൽ പ്രതിഫലിച്ചിരുന്നു.
കനേഡിയൻ പൗരത്വമുള്ള ഹർദീപ് സിങ് നിജ്ജറിനെ കാനഡയിൽവച്ച് കൊലപ്പെടുത്തിയിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം. ഇക്കാര്യം ഇന്ത്യ നിഷേധിച്ചിരുന്നെങ്കിലും ശക്തമായ നടപടികളുമായി കനേഡിയൻ സർക്കാർ മുന്നോട്ടു പോവുകയായിരുന്നു. ജൂൺ 18 നാണ് ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെടുന്നത്.
കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ തന്നെയാണ് ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടവർക്ക് ഈ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചത്. ജൂൺ 18ന് കാനഡയിലെ ഒരു സിഖ് സാംസ്‌കാരിക കേന്ദ്രത്തിനു പുറത്തുവച്ചാണ് ഹർദീപ് സിങ്ങിന് വെടിയേൽക്കുന്നത്. "മറ്റൊരു വിദേശ സർക്കാർ കനേഡിയൻ മണ്ണിൽ വന്ന് ഒരു കനേഡിയൻ പൗരനെ വെടിവച്ച് കൊല്ലുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ല," പ്രധാനമന്ത്രി ട്രുഡോ കാനേഡിയൻ പാർലമെൻറിൽ പറഞ്ഞു.
ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങൾ കാനഡയിൽ ശക്തമാകുന്നുവെന്ന ഇന്ത്യയുടെ ആരോപണത്തിലൂന്നിയാണ് ഇപ്പോൾ ഇന്ത്യ- കാനഡ ബന്ധം വഷളാകുന്നത്. എൽടിടിഇയും ഖാലിസ്ഥാൻ അനുകൂല സംഘടനകളുമുൾപ്പെടെയുള്ള ഭീകരവാദ സംഘടനകളുടെ ശക്തമായ സാന്നിധ്യം കാനഡയിലുണ്ടെന്നാണ് ഇന്ത്യയുടെ ആരോപണം. ഖാലിസ്ഥാൻ വാദം ശക്തമായപ്പോഴും കാനഡ അവർക്ക് പിന്തുണ നൽകിയിരുന്നതായി ആരോപണം ഉണ്ടായിരുന്നു. കാനഡയിൽ ഏകദേശം എട്ട് ലക്ഷം സിഖുകാരാണുള്ളത്.
തീവ്രവാദപ്രവർത്തനങ്ങളുമായി നിജ്ജാറിന്റെ ബന്ധം ആരംഭിക്കുന്നത് ജഗ്തർ സിങ് താരയുടെ നേതൃത്വത്തിലുള്ള ബബ്ബാർ ഖൽസ ഇന്റർനാഷണലിൽ അംഗത്വമെടുക്കുന്നതിൽ നിന്നാണ്
ആരാണ് ഹർദീപ് സിങ് നിജ്ജർ?
ഇന്ത്യയിൽ നിരോധിക്കപ്പെട്ട സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടനയുടെ വക്താവാണ് നിജ്ജർ. സംഘടനയിൽ ഗുർപത് സിങ് പന്നൂനിന് ശേഷം രണ്ടാമനായി കാണുന്ന വ്യക്തികൂടിയാണ് നിജ്ജർ. ജലന്ധറിലെ ഭർസിങ് പുര ഗ്രാമത്തിൽനിന്ന് 1996ൽ നിജ്ജാർ കാനഡയിലേക്ക് പോയി എന്നാണ് പഞ്ചാബ് പോലീസിന്റെ പക്കലുള്ള വിവരം. കാനഡയിൽ പ്ലംബറായി ജോലിചെയ്തിരുന്ന നിജ്ജറിന്റെ സമ്പത്ത് ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളുടെ ഭാഗമായി പെട്ടന്ന് വർധിച്ചു.
ഭീകരവാദ പ്രവർത്തനങ്ങളുമായി നിജ്ജറിന്റെ ബന്ധം ആരംഭിക്കുന്നത് ജഗ്തർ സിങ് താരയുടെ നേതൃത്വത്തിലുള്ള ബബ്ബാർ ഖൽസ ഇന്റർനാഷണലിൽ അംഗത്വമെടുക്കുന്നതിൽ നിന്നാണ്. ശേഷം നിജ്ജാർ സ്വന്തം സംഘമായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് രൂപീകരിച്ചു. ഇന്ത്യയിലെ ഖാലിസ്ഥാൻ അനുകൂല സംഘങ്ങളെ കണ്ടെത്തി കൃത്യമായി ഫണ്ട് നൽകി പരിപോഷിപ്പിക്കുന്നതിൽ നിജ്ജാർ സൂക്ഷ്മത പുലർത്തിയിരുന്നു. അതിന്റെ ഭാഗമായി ഇയാൾക്കെതിരെ 10 എഫ്ഐആറുകളും ഉണ്ട്.
2014 ൽ ആത്മീയ നേതാവായ ബാബ ഭനിയാറയുടെ കൊലപാതകം ആസൂത്രണം ചെയ്തതും നിജ്ജർ ആണ്. 2015 ൽ കാനഡയിൽ വെച്ച് ഒരു പരീശിലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആ ക്യാമ്പിൽ വച്ചാണ് മൻദീപ് സിങ് ധലിവാലിന് ഇന്ത്യയിലേക്ക് പോകാനും ശിവസേന നേതാക്കളെ ലക്ഷ്യംവച്ച് പ്രവർത്തിക്കാനും നിർദ്ദേശം നൽകുന്നത്. എന്നാൽ മൻദീപ് 2016 ൽ ഇന്ത്യയിൽവച്ച് അറസ്റ്റ് ചെയ്യപ്പെട്ടു.
2020 നവംബറിൽ നിജ്ജർ, ആർഷ ദല്ല എന്ന മറ്റൊരു ഗ്യാങ്സ്റ്റർ നേതാവിനൊപ്പം ചേർന്ന് ദേര സഛാ സൗദ അനുയായി ആയ മനോഹർ ലാലിൻറെ കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നു. ഈ കൊലപാതകം നടക്കുന്നത് 2021 ൽ പഞ്ചാബിലെ ബത്തിണ്ടയിൽ മനോഹർ ലാലിൻറെ ഓഫീസിലാണ്.
ഇന്ത്യ വർഷങ്ങളായി ആഗോളതലത്തിൽ ഉന്നയിക്കുന്ന വിഷയമാണ് കാനഡയിൽ ഭീകരപ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണം. വളരെ ഗുരുതരമായ അത്തരം പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഈ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ട് എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ കേട്ട് അതുപോലെ തന്നെ തള്ളിക്കളയുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.