PEOPLE

നോട്ടുനിരോധനം, വിദ്വേഷ പ്രസംഗം- രണ്ട് വിയോജന വിധികൾ, ആരാണ് ജസ്റ്റിസ് ബി വി നാഗരത്ന ?

ഇപ്പോഴത്തെ നിലയിൽ രാജ്യത്തെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള ന്യായാധിപയാണ് നാഗരത്ന

വെബ് ഡെസ്ക്

രണ്ട് ദിനം, രണ്ട് വിയോജന വിധികൾ. നോട്ട് നിരോധനത്തിലും ജനപ്രതിനിധികളുടെ വിദ്വേഷ പ്രസംഗത്തെ സംബന്ധിച്ച വിധിയിലും വിയോജന കുറിപ്പെഴുതിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗം. ഇപ്പോഴത്തെ നിലയിൽ വിരമിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുള്ള ന്യായാധിപയാണ് ജസ്റ്റിസ് നാഗരത്ന.

കഴിഞ്ഞ ദിവസം നോട്ടുനിരോധനത്തിനെതിരെ വിയോജന വിധി രേഖപ്പെടുത്തിയതോടെയാണ് നാഗരത്ന ഏറെ ചർച്ചയായത്. ഇതിനെ തുടർന്നാണ് വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ടുള്ള വിധിയും വന്നത്.

നീതി നിര്‍വഹണത്തിലെ കർക്കശ്യമാണ് ജ. നാഗരത്നയുടെ മുഖമുദ്ര. അതിന്റെ പേരിൽ പലപ്പോഴായി അവർ വാർത്തകളിലും ഇടം പിടിച്ചു. നോട്ട് നിരോധന ഹർജികൾ പരിഗണിക്കവെ കോടതിക്ക് സാമ്പത്തിക നയങ്ങളിൽ പരിധിയുണ്ടെന്ന സർക്കാർ വാദത്തോടുള്ള പ്രതികരണം ഏറെ ചർച്ചയായിരുന്നു. ലക്ഷ്മണ രേഖകളെ പറ്റി കോടതിക്ക് ബോധ്യമുണ്ടെന്നും ഇത്തരം വിഷയങ്ങളിൽ നോക്കുകുത്തിയായി നിൽക്കാൻ സാധിക്കില്ല എന്നുമായിരുന്നു ജ. നാഗരത്നയുടെ മറുപടി. ഒടുവിൽ, വെറുമൊരു വിജ്ഞാപനത്തിലൂടെ മാത്രം എടുക്കാൻ കഴിയുന്ന നടപടിയല്ല നോട്ട് നിരോധനമെന്നും നിർണായക വിഷയത്തിൽ പാർലമെന്റിനെ ഇരുട്ടിൽ നിർത്താനാകില്ലെന്നുമുള്ള ഭിന്ന വിധിയും ജ. നാഗരത്നയുടെ ഭാഗത്ത് നിന്നുണ്ടായി. കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം പരിഗണിച്ച ഭരണഘടനാ ബെഞ്ചിലെ ഏറ്റവും പ്രായം കുറഞ്ഞ ജസ്റ്റീസായിരുന്നു നാഗരത്ന.

സുപ്രീംകോടതിയിലെ നിലവിലെ സീനിയോറിറ്റി പരിഗണിക്കുമ്പോൾ 2027ൽ ചീഫ് ജസ്റ്റിസായി ജ. നാഗരത്ന ചുമതലയേൽക്കും. അങ്ങനെയെങ്കിൽ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വനിതയാകും ജസ്റ്റിസ് നാഗരത്ന. എന്നാൽ 36 ദിവസങ്ങൾ മാത്രമായിരിക്കും അവര്‍ക്ക് പദവിയില്‍ തുടരാനാകുക. പരമോന്നത നീതിപീഠത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ദിനങ്ങളായിരിക്കും ആ അഞ്ചാഴ്ചയെന്ന് അടിവരയിടുന്ന വിധികളായിരുന്നു പലപ്പോഴായി ജ. നാഗരത്നയുടെ ഭാഗത്ത് നിന്നുണ്ടായത്.

കർണാടകയിലെ പാണ്ഡവപുരയിൽ 1962 ഒക്ടോബർ 30നാണ് ബി വി നാഗരത്‌നയുടെ ജനനം. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഇ എസ് വെങ്കടരാമയ്യരാണ് പിതാവ്. ബംഗളൂരുവിൽ അഭിഭാഷക ജീവിതം ആരംഭിച്ച ബി വി നാഗരത്ന 2008ലാണ് ന്യായാധിപയാകുന്നത്. ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായിട്ടാണ് ആദ്യം നിയമിതയാകുന്നത്. പിന്നീട് 2010ല്‍ സ്ഥിരം ജഡ്ജിയായി. 2021ലാണ് കർണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നാഗരത്ന സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. മുൻ ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ കാലയളവിലാണ് കൊളീജിയം ജ. നാഗരത്നയെ സുപ്രീംകോടതി ജഡ്ജിയായി ശുപാർശ ചെയ്യുന്നത്.

കേരളത്തിലെ മരട് ഫ്ലാറ്റുമായി ബന്ധപ്പെട്ട വിഷയത്തിലെ ജ. നാഗരത്നയുടെ നിരീക്ഷണങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിര്‍മാതാക്കൾ, അധികൃതർ എന്നിവരെ പോലെ തന്നെ ഫ്ലാറ്റ് ഉടമകളും ഉത്തരവാദികളാണ് എന്നായിരുന്നു ജ. നാഗരത്നയുടെ അഭിപ്രായം. സ്വന്തം പണം ചെലവാക്കുന്നത് എവിടെയാണെന്ന് ചിന്തിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെ കോടതി മുറിയിൽ ഒരു കൂട്ടം അഭിഭാഷകർ ജസ്റ്റിസ് നാഗരത്നയെ പൂട്ടിയിട്ട സംഭവം വരെയുണ്ടായി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ