PEOPLE

മൈക്രോലെൻഡിങ്ങിലൂടെ ദാരിദ്ര്യ നിർമാർജനം, ഷെയ്ഖ് ഹസീനയുടെ നിശിത വിമർശകൻ; ആരാണ് ബംഗ്ലാദേശിൽ അധികാരമേൽക്കുന്ന മുഹമ്മദ് യൂനൂസ്?

വെബ് ഡെസ്ക്

പതിനഞ്ച് വർഷം നീണ്ട ഭരണത്തിന് നാന്ദി കുറിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെ പുതിയ രാഷ്ട്രീയ മാറ്റങ്ങൾക്കൊരുങ്ങുകയാണ് ബംഗ്ലാദേശ്. ആഴ്ചകളോളം നീണ്ട സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ അസ്വസ്ഥമായ രാജ്യത്തെ സ്ഥിരതയിലേക്ക് നയിക്കുക എന്ന വലിയ ഉത്തവാദിത്വവും പേറിയാണ് നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനൂസ് ഇടക്കാല സർക്കാർ രൂപീകരിക്കാൻ തയാറെടുക്കുന്നത്. നിലവിൽ ഫ്രാൻസിലുള്ള യൂനുസ് സ്ഥാനം ഏറ്റെടുക്കാൻ ഇന്നു തന്നെ ബംഗ്ലാദേശിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

വിദ്യാർഥി നേതാക്കളാണ് ഇടക്കാല സർക്കാർ രൂപീകരിക്കാനായി മുഹമ്മദ് യൂനുസിന്റെ പേര് നിർദേശിച്ചത്. ബംഗ്ലാദേശിൽ 'പാവങ്ങളുടെ ബാങ്കർ' എന്നറിയപ്പെടുന്ന യൂനുസ് ദീർഘകാലമായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കടുത്ത വിമർശകരിൽ ഒരാളാണ്. വ്യവസായിയും, ബാങ്കറും, സാമ്പത്തിക വിദഗ്ധനും ആണ് മുഹമ്മദ് യൂനുസ്.

1940-ൽ തെക്കുകിഴക്കൻ ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങ്ങിലാണ് മുഹമ്മദ് യൂനുസ് ജനിച്ചത്. ധാക്ക സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. പിന്നീട് യുണൈറ്റഡ് സ്റ്റേറ്റ്സിലെ വാൻഡർബിൽറ്റ് സർവകലാശാലയിൽ നിന്ന് പ്രശസ്തമായ ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ലഭിച്ചിരുന്നു. 1972-ൽ, ബംഗ്ലാദേശ് പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടി ഒരു വർഷത്തിനുശേഷം അദ്ദേഹം മടങ്ങിയെത്തി ചിറ്റഗോംഗ് സർവകലാശാലയിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

രണ്ടുവർഷത്തിന് ശേഷം 1974-ൽ, ബംഗാളിൽ കടുത്ത ക്ഷാമം ഉണ്ടാവുകയും, ഏകദേശം 15 ലക്ഷത്തോളം പേർ മരിക്കുകയും ചെയ്തു. ആ കാലയളവിൽ തന്റെ മേഖലയിൽ താമസിച്ചിരുന്ന ഏറ്റവും ദരിദ്രരായ ആളുകൾക്ക് അദ്ദേഹം സ്വന്തം പണത്തിൽ നിന്ന് വായ്പകൾ നൽകാൻ തുടങ്ങിയിരുന്നു. അങ്ങനെ 1983-ൽ അദ്ദേഹം ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചു. മൈക്രോലെൻഡിങ്ങിലൂടെ ദാരിദ്ര്യം ലഘൂകരിക്കുന്ന അദ്ദേഹത്തിന്റെ പദ്ധതി വലിയ തോതിൽ വളർന്നു. ഇന്ന് വ്യത്യസ്ത ശാഖകളും സമാനമായ മോഡലുകളും ലോകമെമ്പാടും പ്രവർത്തിക്കുന്നു.

യൂനുസിനും ഗ്രാമീൺ ബാങ്കിനും 2006-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. അപ്പോഴേക്കും ഏകദേശം 6 ബില്യൺ ഡോളർ ഭവന, വിദ്യാർഥി, മൈക്രോ എൻ്റർപ്രൈസ് വായ്പകൾ പദ്ധതി വഴി നല്കികഴിഞ്ഞിരുന്നു. ബംഗ്ലാദേശി സ്ത്രീകളെ വലിയ തോതിൽ പിന്തുണയ്ക്കാനും പദ്ധതി വഴി സാധിച്ചു.

“ബംഗ്ലാദേശിലെ ഭയാനകമായ ക്ഷാമത്തിൻ്റെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി ക്ലാസ്റൂമിൽ സാമ്പത്തിക ശാസ്ത്രത്തിൻ്റെ ഗംഭീരമായ സിദ്ധാന്തങ്ങൾ പഠിപ്പിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. പെട്ടെന്ന് പട്ടിണിയുടെയും ദാരിദ്ര്യത്തിൻ്റെയും മുന്നിൽ, ആ സിദ്ധാന്തങ്ങളുടെ ശൂന്യത എനിക്ക് അനുഭവപ്പെട്ടു,” അവാർഡ് ലഭിച്ച ശേഷം 2006 ലെ നൊബേൽ പ്രഭാഷണത്തിൽ യൂനുസ് പറഞ്ഞു. "ഒരു മനുഷ്യൻ മാത്രമാണെങ്കിൽ പോലും, എൻ്റെ ചുറ്റുമുള്ള ആളുകളെ സഹായിക്കാൻ, കുറച്ചുകൂടി അനായാസമായി അടിയന്തിരമായി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു," അദ്ദേഹം പറഞ്ഞു. നാല് പതിറ്റാണ്ടിലേറെയായി, ബംഗ്ലാദേശിലെ ഗ്രാമീൺ ബാങ്ക് ലോകത്തെ ഏറ്റവും ദരിദ്രരായ 10 ദശലക്ഷത്തിലധികം ആളുകൾക്ക് ഈട് രഹിത വായ്പയായി ഏകദേശം 37 ബില്യൺ ഡോളർ വിതരണം ചെയ്തിട്ടുണ്ട്.

എന്നാൽ യൂനുസിനും ഗ്രാമീണ ബാങ്കിനും എതിരെ വിമർശനങ്ങളും നിരവധിയാണ്. ചില മൈക്രോലെൻഡർമാരുടെ ഉയർന്ന പലിശനിരക്ക്, കടം വാങ്ങുന്നവരെ ദരിദ്രരാക്കിയെന്ന് പലരും വിമർശിക്കുന്നു. കടം കൊടുക്കുന്നവർ ചെറിയ വായ്പകളിൽ നിന്ന് വലിയ ലാഭം നേടിയെന്നും വിമർശമുണ്ട്. എന്നാൽ ഗ്രാമീൺ ബാങ്ക് ലക്ഷ്യമിടുന്നത് പണം സമ്പാദിക്കാനല്ല മറിച്ച് ദരിദ്രരെ സഹായിക്കാനും ചെറുകിട ബിസിനസുകളെ ശാക്തീകരിക്കാനുമാണെനന്നായിരുന്നു യൂനുസിന്റെ മറുപടി. ദാരിദ്ര്യ നിർമാർജനം, സുസ്ഥിരത എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന, പുതിയ സാമൂഹിക ബിസിനസുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന ധാക്ക ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ യൂനുസ് സെൻ്ററിൻ്റെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം.

നൊബേൽ സമ്മാനത്തിന് പുറമെ യുഎസിൽ നിന്ന് ഉൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ ബഹുമതികൾ യൂനുസിന് ലഭിച്ചിട്ടുണ്ട്. 2009-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം , 2010-ൽ കോൺഗ്രസ്സ് ഗോൾഡ് മെഡൽ എന്നിവ അദ്ദേഹത്തിന് ലഭിച്ചു. സമാധാനത്തിനുള്ള നൊബേൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, യുണൈറ്റഡ് എന്നിവയ്ക്ക് അർഹരായ ഏഴ് വ്യക്തികളിൽ ഒരാളാണ് യൂനുസ്. നൊബേൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ ബംഗ്ലാദേശി കൂടിയാണ് മുഹമ്മദ് യൂനുസ്.

ഹസീന സർക്കാരുമായുള്ള ബന്ധം

വർഷങ്ങളായി ഷെയ്ഖ് ഹസീനയുടെ നിശിത വിമർശകനാണ് യൂനുസ്. ഇരുവരും തമ്മിൽ ഏറ്റുമുട്ടലുകളും പതിവായിരുന്നു. യൂനുസ് പാവങ്ങളിൽ നിന്ന് രക്തം കുടിക്കുന്നുവെന്നാണ് ഹസീന വിമർശിച്ചത്.

പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി 2007-ൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ യൂനുസ് തയാറെടുത്തിരുന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു. രാഷ്ട്രീയ പുതുമുഖങ്ങൾ അപകടകരമായ ഘടകങ്ങളാണ്, അവരെ സംശയത്തോടെ വീക്ഷിക്കേണ്ടതുണ്ട് എന്നായിരുന്നു അന്ന് ഹസീനയുടെ വിമർശനം. 2007 ലെ വിവാദ ഇടക്കാല സർക്കാരിൽ മുഖ്യ ഉപദേശകനാകാൻ സൈന്യം അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയായിരുന്നു. 2011-ൽ ബംഗ്ലാദേശിലെ സർക്കാർ നിയന്ത്രണത്തിലുള്ള സെൻട്രൽ ബാങ്ക് യൂനസിനെ ഗ്രാമീണ ബാങ്കിൻ്റെ മാനേജിങ് ഡയറക്‌ടർ സ്ഥാനത്ത് നിന്ന് നീക്കി. അദ്ദേഹം നിർബന്ധിത വിരമിക്കൽ പ്രായം കവിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

തുടർന്നുള്ള വർഷങ്ങളിൽ നിരവധി കേസുകളിൽ അദ്ദേഹം അകപ്പെട്ടിട്ടുണ്ട്. തൊഴിൽ നിയമ ലംഘനങ്ങൾ, അഴിമതി , കള്ളപ്പണം വെളുപ്പിക്കൽ, മാനനഷ്ടക്കേസ്, ഭക്ഷ്യസുരക്ഷാ കേസ്, നികുതി ക്രമക്കേടുകൾ എന്നിവ ഉൾപ്പടെയുള്ള ആരോപണങ്ങളാണ് യൂനുസിനെതിരെ ഉണ്ടായിരുന്നത്. ഈ ആരോപണങ്ങൾ എല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ ബംഗ്ലാദേശിലെ ഒരു കോടതി തൊഴിൽ നിയമ ലംഘനത്തിന് യൂനസിനെയും ഗ്രാമീൺ ടെലികോമിലെ മൂന്ന് ജീവനക്കാരെയും ആറ് മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നിരുന്നാലും അപ്പീലുകൾ തീർപ്പാക്കാത്തതിനാൽ കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസമാണ് കോടതി ഈ ശിക്ഷാവിധി റദ്ദാക്കിയത്.ജൂണിൽ വഞ്ചനക്കുറ്റം ചുമത്തിയും അദ്ദേഹത്തിനെതിരെ കേസ് എടുത്തിരുന്നു.

കേസുകൾ എല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു യൂനുസിന്റെ പ്രതികരണം. അഴിമതി ആരോപണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും