PEOPLE

യൂലിയ നവാല്‍നയ: അന്ന് അലക്‌സി നവാല്‍നിക്കുപിന്നിലെ ഉറച്ച ശബ്ദം; ഇന്ന് പുടിനെതിരായ പോരാട്ടത്തിന്റെ പുതിയ മുഖം

1998ല്‍ കണ്ടുമുട്ടിയ അലക്‌സി നവാല്‍നിയും യൂലിയ നവാല്‍നയയും വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും പരസ്പരം താങ്ങും തണലുമായിരുന്നു

വെബ് ഡെസ്ക്

2021ല്‍ മോസ്‌കോ ഷെരെമെട്യെവോ വിമാനത്താവളത്തില്‍ വച്ച് റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി അറസ്റ്റിലായ സന്ദർഭം. പങ്കാളിയെ വേദനയോടെ നോക്കിയശേഷം അവൾക്ക് ഉമ്മയും നല്‍കി അധികൃതരോടൊപ്പം പോകുന്ന നവാല്‍നി. ഈ സമയമത്രയും കരയാതെ നിലത്തുനോക്കി നിൽക്കുകയായിരുന്നു അവൾ, യൂലിയ നവാല്‍നയ.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ അലക്‌സി നവാല്‍നി വെള്ളിയാഴ്ച ജയിലില്‍ മരിച്ച വാർത്ത ആഗോളതലത്തില്‍ ചർച്ചയായിരിക്കുകയാണ്. നവാല്‍നിയുടെ മരണം ഏറെ അഭ്യൂഹങ്ങള്‍ക്കാണ് ഇടയാക്കിയത്. അതേസമയം നവാല്‍നിക്ക് പകരം ഇനിയാരെന്ന ചോദ്യവും ഉയർന്നുവരുന്നു.

എന്നാല്‍ തിരശീലയ്ക്ക് പിന്നിലിരുന്ന് നവാല്‍നിയുടെ രാഷ്ട്രീയ ജീവിതത്തിനെല്ലാം നിര്‍ണായക സ്വാധീനമായ യൂലിയ നവാല്‍നയ കഴിഞ്ഞ ദിവസം ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ''നിങ്ങളുടെ മുന്നില്‍ മറ്റൊരു വ്യക്തിയായിരുന്നു ഇരിക്കേണ്ടത്. എന്നാല്‍ വ്‌ളാഡിമിര്‍ പുടിന്‍ അദ്ദേഹത്തെ കൊന്നു,'' എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ യൂലിയ ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ അവസാനിക്കില്ലെന്ന് വ്യക്തമാക്കുകയാണ്.

1998ല്‍ കണ്ടുമുട്ടിയ അലക്‌സി നവാല്‍നിയും യൂലിയ നവാല്‍നയും വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും പരസ്പരം താങ്ങും തണലുമായിരുന്നു. തിരശീലയ്ക്ക് പിന്നിലിരുന്ന് നവാല്‍നിയുടെ രാഷ്ട്രീയ ജീവിതത്തിനെല്ലാം നിര്‍ണായക സ്വാധീനമായവളാണ് യൂലിയ.

2020ല്‍ നവാല്‍നിക്കുനേരെ ശത്രുക്കൾ വിഷപ്രയോഗം നടത്തി. ഒഎംഎസ്‌കെ ആശുപത്രിയില്‍ കോമയില്‍ കഴിഞ്ഞിരുന്ന നവാല്‍നിയയെ മരിക്കുന്നതുവരെ വിടാനായിരുന്നു റഷ്യന്‍ ഡോക്ടര്‍മാരുടെ ഉദ്ദേശ്യം. എന്നാല്‍ യൂലിയ വെറുതെയിരിക്കാന്‍ തയ്യാറായില്ല. ക്യാമറകളുമായി ഡോക്ടര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ യൂലിയ ആശുപത്രിയിലേക്ക് പാഞ്ഞടുത്തു. തന്റെ പങ്കാളിയെ വിട്ടുനല്‍കണമെന്ന് പുടിനോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു.

രണ്ട് ദിവസത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ നവാല്‍നിയെ ജര്‍മനിയിലേക്ക് കൊണ്ടുപോകുകയും ബെര്‍ലിന്‍സ് ചാരിറ്റി ആശുപത്രിയില്‍ നല്ല ചികിത്സ ലഭ്യമാക്കുകയും ചെയ്തു. അന്ന് റഷ്യന്‍ ഭരണകൂടത്തിന്റെ സമ്മര്‍ദങ്ങള്‍ക്കിടയിലും തന്റെ പങ്കാളിക്കുവേണ്ടി നിലകൊണ്ട യൂലിയയെ പിന്നീട് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി. റഷ്യന്‍ പ്രതിപക്ഷനിരയിലെ ആദ്യ വനിതയെന്നാണ് യൂലിയ നവാല്‍നയ ഇപ്പോള്‍ അറിയപ്പെടുന്നത്.

റഷ്യന്‍ രാഷ്ട്രീയത്തിന്റെ ശ്രദ്ധയിൽ പെടാതെ ജീവിച്ചൊരാളാണ് യൂലിയ നവാല്‍നയ. പൊതു രാഷ്ട്രീയ ജീവിതത്തെ എപ്പോഴും എതിര്‍ക്കുന്ന, നവാല്‍നിയുടെ കടുത്ത പിന്തുണക്കാരിയാണ് യൂലിയയെന്നാണ് സുഹൃത്തുക്കളുടെയും അനുയായികളുടെയും അഭിപ്രായം. 2021ല്‍ നവാല്‍നി റഷ്യന്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷയനുഭവിച്ച് കിടക്കുമ്പോഴും തന്റെ രാഷ്ട്രീയപ്രവേശനത്തെ യൂലിയ തള്ളിയിരുന്നു. രാഷ്ട്രീയക്കാരന്റെ ഭാര്യയാകുന്നത് രസമാണെന്നും തന്റെ സ്ഥാനങ്ങളില്‍ താന്‍ ചെയ്യുന്നതും ഒരര്‍ഥത്തില്‍ രാഷ്ട്രീയമാണെന്നായിരുന്നു അന്ന് യൂലിയ ഒരഭിമുഖത്തില്‍ പറഞ്ഞത്.

ഒരു രാഷ്ട്രീയക്കാരന്റെ കൂടെ ജീവിച്ചതുകൊണ്ട് തന്നെ രാഷ്ട്രീയപ്രവര്‍ത്തനമെന്നത് എത്രമാത്രം കടുപ്പമേറിയ ജോലിയാണെന്ന് തനിക്ക് അറിയാമെന്നായിരുന്നു യൂലിയ അന്ന് പറഞ്ഞത്. എന്നാല്‍ നവാല്‍നിക്കുശേഷം തനിക്കു മുന്നിൽ മറ്റൊരു വഴിയുമില്ലെന്ന് യൂലിയ ഇപ്പോള്‍ മനസിലാക്കിയിട്ടുണ്ട്.

ശാസ്ത്രജ്ഞനായ ബോറിസ് അംബ്രോസിമോവിന്റെ മകളായി 1976ല്‍ മോസ്‌കോയിലാണ് യൂലിയ ജനിച്ചത്. സാമ്പത്തികശാസ്ത്രത്തില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവര്‍ ബാങ്കിലെ ജോലിയില്‍നിന്ന് മാറി രണ്ട് മക്കളെ വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 1998ല്‍ തുര്‍ക്കിയില്‍ വച്ച് കണ്ടുമുട്ടിയ അലക്സിയും യൂലിയും രണ്ട് വര്‍ഷത്തിനുശേഷം വിവാഹിതരാകുകയായിരുന്നു. അഭിഭാഷകനെയോ പ്രതിപക്ഷ നേതാവിനെയോ അല്ല, അലക്‌സി എന്ന ചെറുപ്പക്കാരനെയാണ് താൻ വിവാഹം ചെയ്തതെന്നായിരുന്നു ഒരഭിമുഖത്തില്‍ യൂലിയ പറഞ്ഞത്.

എങ്കിലും വീട്ടമ്മയായി ഒതുങ്ങാതെ നവാല്‍നിയുടെ രാഷ്ട്രീയ ജീവിതത്തിലും യൂലിയ കൂടെയുണ്ടായിരുന്നു. അഴിമതി വിരുദ്ധ പ്രചാരകനായി തുടങ്ങി, 2013ല്‍ മേയറായും 2018ല്‍ പ്രസിഡന്റായും മത്സരിക്കുന്നതുള്‍പ്പെടെയുള്ള വേളകളില്‍ അലക്സിയുടെ പിന്നില്‍ തന്നെയുണ്ടായിരുന്നു, യൂലിയ. നവാല്‍നിയയുടെ വിചാരണ നടക്കുമ്പോള്‍ പുറത്ത് ഉറച്ച ശബ്ദമായി നിന്നയാളാണ് അവള്‍. ചിലപ്പോള്‍ രാജ്യത്തുടനീളം കാംപയിനുകളിലും യൂലിയ പങ്കെടുത്തിട്ടുണ്ട്.

2014ല്‍ നവാല്‍നി വീട്ടുതടങ്കലില്‍ കഴിയുമ്പോള്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം യൂലിയയായിരുന്നു. അഴിമതി വിരുദ്ധ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ക്ക് നവാല്‍നിക്കുവേണ്ടി സന്ദേശങ്ങള്‍ കൈമാറിയതും യൂലിയ തന്നെ. 2021ല്‍ നവാല്‍നി റഷ്യയില്‍ തിരിച്ചെത്തുകയും തടവിലാകുകയും ചെയ്തപ്പോള്‍ ഫൗണ്ടേഷന്റെ സൂപ്പര്‍വൈസറി ബോര്‍ഡിന്റെ അധ്യക്ഷ പദവി വഹിക്കുകയും ചെയ്തു.

തങ്ങളുടെ പ്രണയ ജീവിതവും എല്ലാവര്‍ക്കും പ്രചോദനമാകും വിധം പ്രകടിപ്പിക്കുന്നവരായിരുന്നു ഇരുവരും. നവാല്‍നിയുടെ മരണത്തിനു രണ്ട് ദിവസം മുമ്പ് വാലന്റൈന്‍സ് ഡേയ്ക്ക് നവാല്‍നിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പ്രണയാര്‍ദ്രമായ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഓരോ നിമിഷവും നീ അടുത്തു വരുന്നതായും ഞാന്‍ നിന്നെ പ്രണയിക്കുന്നതായും തോന്നുവെന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള വരികള്‍.

നവാല്‍നിയുടെ പ്രതിച്ഛായ രൂപപ്പെടുത്തുന്നതിനും യൂലിയക്ക് നിര്‍ണായക പങ്കുണ്ട്. വൈകാരിക പിന്തുണ മാത്രമല്ല, യൂലിയ നവാല്‍നിക്ക് നല്‍കിയത്. നവാല്‍നിയുടെ എല്ലാ രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് പിന്നിലും യൂലിയ പങ്കാളിയായിട്ടുണ്ട്. യൂലിയയുടെ ഉപദേശങ്ങള്‍ക്കായി നവാല്‍നി കാത്തിരിക്കാറുമുണ്ട്.

പുടിനെതിരെ അലക്സി നവാല്‍നിയുടെ ശബ്ദമായി ഇനി യൂലിയ റഷ്യയിലുണ്ടാകും. യുലിയക്ക് എത്രമാത്രം പിന്തുണയുണ്ടാകുമെന്നോ ഭരണകൂട സമ്മര്‍ദങ്ങളെ നേരിടാന്‍ സാധിക്കുമോ എന്നതൊക്കെ ഇനി കണ്ടറിയാനുള്ളതാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ