കണ്ണൂര്‍ സിപിഎമ്മില്‍ അഭിപ്രായ ഭിന്നതകള്‍ക്കും നടപടിക്കും കാരണമായ പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം തീര്‍പ്പാക്കാന്‍ നടപടികള്‍ തുടങ്ങി. ധനരാജിന്റെ കടം തീര്‍ത്താണ് പാര്‍ട്ടി അണികള്‍ക്കിടയിലെ അസ്വസ്ഥത പരിഹരിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയത്. പയ്യന്നൂര്‍ സഹകരണ ബാങ്കിന്റെ കൊറ്റി ബ്രാഞ്ചില്‍ 14 ലക്ഷം രൂപയുടെ കടബാധ്യത പാര്‍ട്ടി കൊടുത്തുതീര്‍ത്തു. ഈ മാസം 11 നാണ് ധനരാജ് രക്തസാക്ഷി ദിനം.
ഇന്ന് ചേരുന്ന ലോക്കല്‍ കമ്മറ്റി യോഗങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കണക്കവതരിപ്പിക്കും. പയ്യന്നൂര്‍ ഏരിയ കമ്മറ്റിക്കു കീഴിലെ പന്ത്രണ്ട് ലോക്കല്‍ കമ്മറ്റി യോഗങ്ങളാണ് ഒരേ ദിവസം വിളിച്ചു ചേര്‍ക്കുന്നത്. ധനരാജിന്റെ കടം വീട്ടുമെന്ന് സിപിഎം നേരത്തേ വ്യക്തമാക്കിയിരുന്നു.
പയ്യന്നൂര്‍ മേഖലയില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന എതിര്‍ ശബ്ദങ്ങളാണ് തിടുക്കത്തില്‍ കടം വീട്ടാന്‍ പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കിയത്.
കടം വീട്ടുന്നതിനുള്ള നടപടി ക്രമങ്ങളെല്ലാം ഒരു ദിവസം കൊണ്ടാണ് സിപിഎം പൂര്‍ത്തിയാക്കിയത്. പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കൊറ്റി ബ്രാഞ്ചില്‍ രക്തസാക്ഷി ധനരാജിന്റെ പേരില്‍ 2,94,966 രൂപയുടേയും 3,68,095 രൂപയുടേയും ബാധ്യത ഉണ്ടായിരുന്നു, ഭാര്യ എന്‍.വി സജിനിയുടെ പേരില്‍ 3,49,980 രൂപയും 4,05,494 രൂപയും കടമുണ്ട്. പലിശ സഹിതം 14,18,535 രൂപയ്ക്ക് മുകളില്‍ കട ബാധ്യത കൊറ്റി ബ്രാഞ്ചില്‍ മാത്രമുണ്ടായിരുന്നു എന്നാണ് കണക്ക്. പലിശയില്‍ ഇളവ് വരുത്തി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കാനുള്ള അപേക്ഷ ജൂണ്‍ 30 നാണ് സജിനി നല്‍കിയത്. അക്കാര്യത്തില്‍ അന്ന് തന്നെ തീര്‍പ്പുണ്ടാവുകയും ചെയ്തു. പയ്യന്നൂര്‍ മേഖലയില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന എതിര്‍ ശബ്ദങ്ങളാണ് തിടുക്കത്തില്‍ കടം വീട്ടാന്‍ പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കിയത്.
ധനരാജിന്റെ കുടുംബത്തിനും കേസാവശ്യങ്ങള്‍ക്കും ബാങ്ക് വായ്പകള്‍ക്കുമായാണ് നേരത്തേ സിപിഎം ഫണ്ട് പിരിവ് നടത്തിയത്. കേരളത്തില്‍ പാര്‍ട്ടി രക്തസാക്ഷികള്‍ക്കായി പിരിച്ചതില്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ചതില്‍ ഒരാളാണ് ധനരാജ്. എന്നാല്‍ വായ്പകള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് ഫണ്ടില്‍ തിരിമറി നടന്നുവെന്ന ആരോപണങ്ങളിലേക്ക് നയിച്ചത്. നേതൃത്വത്തിനു മുന്നില്‍ പരാതി ഉയര്‍ത്തിയ മുന്‍ ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണന്‍, ആരോപണം നേരിട്ട എംഎല്‍എ ടി.ഐ മധുസൂദനന്‍ എന്നിവര്‍ക്കെതിരെ സിപിഎം നടപടിയെടുത്തു.
വി കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയായിരുന്നു നടപടി. ഇതേത്തുടര്‍ന്ന് അദ്ദേഹം പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. തുടര്‍ന്ന് കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവനും, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
ഇതോടെയാണ് മുന്‍ നിലപാട് തിരുത്തി കുടുംബത്തിന്റെ ബാധ്യത സിപിഎം ഏറ്റെടുത്തത്.