POLITICS

'പാര്‍ട്ടി എന്നെ രോഗിയാക്കി', പി ശശിക്കെതിരെ പരാതി നല്‍കിയതിന് സ്ഥിരീകരണം, സിപിമ്മിനെതിരെ മൗനം വെടിഞ്ഞ് മുൻ സംസ്ഥാന കമ്മിറ്റി അംഗം സികെപി പത്മനാഭന്‍

സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു സികെപി പത്മനാഭൻ്റെ പരാതിയെ തുടർന്നാണ് പി ശശിക്കെതിരെ മുമ്പ് നടപടിയുണ്ടായത്. എന്നാൽ പിന്നീട് സികെപിയെ തിരഞ്ഞെടുത്ത സ്ഥാനങ്ങളിൽ നിന്ന് മാറ്റുകയായിരുന്നു.

വെബ് ഡെസ്ക്

അച്ചടക്ക നടപടി നേരിട്ട് പന്ത്രണ്ട് വർഷത്തിന് ശേഷം സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ സംസ്ഥാന കമ്മിറ്റി അംഗം സികെപി പത്മനാഭൻ. ജനങ്ങൾ വെറുക്കുന്ന അവസ്ഥയിലേക്ക് പാർട്ടിയെ എത്തിച്ചത് നേതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ വിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നീണ്ട വർഷങ്ങളിലെ മൗനം വിട്ട് സികെപി സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.

കേരളത്തിലെ സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണം ഇപ്പോഴത്തെ നേതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് എതിരായ അച്ചടക്ക നടപടിക്ക് പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണ് എന്നും അദ്ദേഹം തുറന്നു പറയുന്നു. വിഭാഗീയതയുടെ ഭാഗമായ പ്രതികാര നടപടിയാണ് തൻ്റെ മേൽ കെട്ടിവെച്ചതെന്നും സികെപി പറഞ്ഞു. കർഷക സംഘം സംസ്ഥാന സെക്രട്ടറി യായിരുന്നു നേരത്തെ സികെപി.

1957 ലെ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധികാലത്ത് ജനങ്ങളെ ആകര്‍ഷിക്കുന്ന മാതൃകയായ തീരുമാനങ്ങള്‍ കൈക്കൊണ്ടു. അത് ഇന്നുണ്ടാകുന്നില്ല

കേരളത്തിലെ പാര്‍ട്ടി ഇന്നത്തെ നിലയിലേക്ക് എത്താന്‍ കാരണം ഇപ്പോഴത്തെ നേതാക്കളുടെ നിലപാടാണ്. തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും പാര്‍ട്ടിയുടെയും ചില നേതാക്കളുടെയും സംഭാവനയാണെന്നും അദ്ദേഹം തുറന്നടിക്കുന്നു. തനിക്ക് എതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രകൃതി നല്‍കുന്ന തിരിച്ചടിയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു സഖാവ് എന്ന് നിലയില്‍ പറയാന്‍ പാടില്ലെങ്കിലും ഈ നേതാക്കളുടെ അവസ്ഥയില്‍ താന്‍ സന്തോഷിക്കുന്നു എന്നും സികെപി പറയുന്നു.

ഒരു വിപ്ലവ പ്രസ്ഥാനത്തെ സംബന്ധിച്ച് നേതൃത്വം വളരെ പ്രധാനമാണ്. 1957 ലെ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധികാലത്ത് ജനങ്ങളെ ആകര്‍ഷിക്കുന്ന മാതൃകയായ തീരുമാനങ്ങള്‍ കൈക്കൊണ്ടു. അത് ഇന്നുണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടി പി ചന്ദ്രശേഖരനെ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം മുന്നോട്ടുവച്ച ആര്‍എംപി എന്ന് പ്രസ്ഥാനം വളര്‍ന്നു. ഒരു ആശയം രൂപം കൊണ്ടാല്‍ അതില്ലാതാക്കാന്‍ കഴിയില്ലെന്നത് മാര്‍ക്‌സിയന്‍ തിയറിയാണെന്നും ആര്‍എംപിയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു. പി ശശിക്ക് എതിരെ ഉണ്ടായിരുന്ന ആരോപണങ്ങള്‍ തള്ളിക്കളയാന്‍ ആകുന്ന വസ്തുതയയല്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇത് സംബന്ധിച്ച് കൂടുതൽ പറയുന്നില്ല'

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും 2006-11 കാലത്ത് തളിപ്പറമ്പ് എംഎല്‍എയുമായിരുന്നു സികെപി പത്മനാഭന്‍. പാര്‍ട്ടിയില്‍ വിഭാഗീയത നിലനിന്നപ്പോള്‍ വി എസ് അച്യുതാനന്ദനുമായി അടുപ്പം പുലര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി ശശി ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹത്തിനെതിരെ സ്വഭാവ ദൂഷ്യത്തിന് പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പി ശശിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സിപിഎം നിര്‍ബന്ധിതമായി. എന്നാല്‍ പിന്നീടുണ്ടായ ചില സംഭവങ്ങളാണ് സികെപി പത്മാനാഭനെ ഒതുക്കുന്നതിലേക്ക് നയിച്ചത്. കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. കര്‍ഷക സംഘത്തിന്റെ ഓഫീസ് സെക്രട്ടറിയാണ് പണം വെട്ടിച്ചതെങ്കിലും അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയാന്‍ കഴിയില്ലെന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റി കണ്ടെത്തിയത്. പി ശശിക്കെതിരെ അക്കാലത്ത് പരാതി നല്‍കിയിരുന്ന ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് അജിത്തും പിന്നീട് സംഘടനയില്‍നിന്ന് പുറത്താവുകയായിരുന്നു.

പി ശശി

പാര്‍ട്ടി ബ്രാഞ്ചിലേക്കായിരുന്നു ആദ്യം സികെപി പത്മനാഭനെ മാറ്റിയത്. കഴിഞ്ഞ സമ്മേളനത്തില്‍ അദ്ദേഹത്തെ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതുവരെ സികെപി പാര്‍ട്ടി തന്നോട് സ്വീകരിച്ച കാര്യങ്ങളില്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയിരുന്നില്ല. നടപടിയ്ക്ക് വിധേയനായി 12 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം അന്ന് മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കി രംഗത്തെത്തിയത്.

സികെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തായ പി ശശി അധികം വൈകാതെ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയായിരുന്നു. അദ്ദേഹത്തെ കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സ്ംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ശശി നിയമിതനാകുന്നത്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്