ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാന്‍ വിസമ്മതിച്ചതോടെ ലോകായുക്ത ഉള്‍പ്പെടെ തിങ്കളാഴ്ച്ച കാലാവധി അവസാനിക്കുന്ന 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. പൊതുപ്രവര്‍ത്തകരുടെ അഴിമതി തെളിഞ്ഞാല്‍ അവര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹരല്ലെന്ന് വിധിക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്തുകളയുന്ന ഓര്‍ഡിനന്‍സ് ഉള്‍പ്പെടെയാണ് അസാധുവായത്. ലോകായുക്ത വിധിക്കുമേല്‍ മുഖ്യമന്ത്രിക്ക് അധികാരം നല്‍കുന്ന ഭേദഗതി വലിയ വിവാദം സൃഷ്ടിച്ചിരുന്നു. തിങ്കളാഴ്ച രാത്രി 12 മണിവരെയായിരുന്നു ഓര്‍ഡിനന്‍സുകള്‍ക്ക് സാധുതയുണ്ടായിരുന്നത്. ഓര്‍ഡിനന്‍സ് രാജ് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതോടെ, ഓര്‍ഡിനന്‍സുകള്‍ വരുന്നതിനുമുമ്പുള്ള നിയമമാണ് നിലനില്‍ക്കുക. ഗവര്‍ണറും സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ പുതിയ വഴിത്തിരിവിലെത്തിനില്‍ക്കെ, എന്തായിരിക്കും അടുത്ത നീക്കം?
ഓര്‍ഡിനന്‍സുകളുടെ കാലാവധി തിങ്കളാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തില്‍, രാജ്ഭവന്‍ വഴിയും നേരിട്ടും സര്‍ക്കാര്‍ പ്രതിനിധികളും ഗവര്‍ണറെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സര്‍വകലാശാലകളില്‍ ചാന്‍സലര്‍ എന്നനിലയില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നടപടിയെ ചുറ്റിപ്പറ്റിയായിരുന്നു അനുനയനീക്കം. റദ്ദാക്കപ്പെടുന്നവയില്‍ ഏഴു തവണ വരെ പുതുക്കിയ ഓര്‍ഡിനന്‍സുകളുണ്ട്. എന്നാല്‍, സഭയില്‍ അവതരിപ്പിച്ച് നിയമനിര്‍മാണം നടത്തുന്നതിനു പകരം ഓര്‍ഡിനന്‍സ് രാജിലേക്കാണ് സംസ്ഥാനം പോകുന്നതെന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. കണ്ണുംപൂട്ടി ഒപ്പിടാനാകില്ലെന്നും ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കി.
അതേയമയം വി.സി നിയമനങ്ങളില്‍ ചാന്‍സലറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. അടിയന്തിരമായി നടക്കേണ്ട കേരള സര്‍വകലാശാല വി.സി നിയമനം ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കത്തിന് ആക്കംകൂട്ടി. രാത്രി വൈകിയും ഒപ്പിടുമെന്ന പ്രതീക്ഷയില്‍ നിയമ വകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. രാത്രി വൈകിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടാല്‍ ഇന്നത്തെ തീയതിയില്‍ വിജ്ഞാപനം ഇറക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. അതിനായി, പ്രസിലെ ജീവനക്കാരോട് രാത്രി 12 വരെ തുടരാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഗവര്‍ണര്‍ ഒരു തരത്തിലും വഴങ്ങാതിരുന്നത്, സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.
ഓര്‍ഡിനന്‍സ് ഭരണം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. ഓര്‍ഡിനന്‍സുകളില്‍ കൂടുതല്‍ വിശദീകരണം വേണമെന്ന് വ്യക്തമാക്കി മടക്കി അയക്കുമ്പോള്‍ സര്‍ക്കാരിനെ വീണ്ടും കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയാണ് ഗവര്‍ണര്‍. ചീഫ് സെക്രട്ടറിയുടെ അനുനയ നീക്കവും ഒക്ടോബറില്‍ സഭാ സമ്മേളനം വിളിക്കാമെന്ന ഉറപ്പും വഴി ഗവര്‍ണറെ അനുനയിപ്പിക്കാമെന്ന സര്‍ക്കാര്‍ പ്രതീക്ഷയും ഇതോടെ പൊലിഞ്ഞു. പോരിന്റെ ക്ലൈമാക്‌സില്‍ വഴങ്ങി പിന്മാറുന്ന പതിവ് രീതിയല്ല ഇത്തവണ എന്ന വ്യക്തമാക്കുന്നതായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടശേഷം വീണ്ടും സഭാ സമ്മേളനം ചേര്‍ന്നപ്പോള്‍ പകരം ബില്‍ അവതരിപ്പിക്കാത്തതിലാണ് ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തി. വീണ്ടും ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ നടപടിക്കൊപ്പം വി.സി നിയമനത്തില്‍ തന്റെ അധികാരം കവരാനുള്ള സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് കൂടി മനസ്സിലാക്കിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ വഴങ്ങാതിരിക്കുന്നത്.
വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യാനുള്ള ഓര്‍ഡിനന്‍സ് അവസാന ഘട്ടത്തിലായിരുന്നു. തന്റെ അധികാരം എങ്ങനെ ഇല്ലാതാക്കാനാകുമെന്ന ചോദ്യവുമായാണ് ഓര്‍ഡിനന്‍സിനെ കുറിച്ച് നേരിട്ട് പറയാതെ എതിര്‍പ്പ് ഗവര്‍ണര്‍ പരസ്യമാക്കുന്നത്. ഗവര്‍ണര്‍ ഉറച്ചുനില്‍ക്കുന്നതോടെ പഴയ ലോകായുക്ത നിയമമടക്കം പ്രാബല്യത്തിലാകും. ഇതോടെ ലോകായുക്തയുടെ പരിഗണനയിലുള്ള ഫണ്ട് വകമാറ്റത്തില്‍ മുഖ്യമന്ത്രിക്കെതിരായ കേസ് വീണ്ടും നിര്‍ണായകമാകും. അതിനിടെ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തില്‍ കണ്ണൂര്‍ വി.സിക്കെതിരെ കടുത്ത നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങുമെന്നും സൂചനയുണ്ട്. ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണത്തിന് വിസി നല്‍കുന്ന മറുപടി അനുസരിച്ചായിരിക്കും തുടര്‍ നീക്കം.
അസാധുവായെങ്കിലും ഗവര്‍ണറെ അനുനയിപ്പിച്ച് മുന്‍കാല പ്രാബല്യത്തില്‍ പുതിയ ഓര്‍ഡിനന്‍സുകള്‍ ഇറക്കാമെന്ന പ്രതീക്ഷ സര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. അതിനാല്‍ ഗവര്‍ണറെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നീക്കം വേണ്ടെന്നാണ് സിപിഎമ്മിന്റെയും നിലപാട്. പ്രത്യേക സഭാ സമ്മേളനം വിളിക്കണമെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയതായാണ് വിവരം. 12ന് കേരളത്തില്‍ തിരിച്ചെത്തുന്ന ഗവര്‍ണറെ നേരിട്ടുകണ്ട് മുഖ്യമന്ത്രി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തേക്കുമെന്നാണ് വിവരം.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 213 സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നാണ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തല്‍. ലോകായുക്ത നിയമ ഭേദഗതിയില്‍ ഒരു കാരണവശാലും ഒപ്പിടരുതെന്നാണ് സതീശന്‍ ആവശ്യപ്പെട്ടത്.