വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയ്ക്കായിരുന്നു 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അസം സാക്ഷ്യം വഹിച്ചത്. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയവരെന്നും വിദേശികളെന്നും ആരോപിച്ചായിരുന്നു ആയിരങ്ങള്‍ കൊലചെയ്യപ്പെട്ടത്. ആറു മണിക്കൂര്‍ കൊണ്ട് 1800 ലധികം മനുഷ്യരെ കൊന്ന് തള്ളിയ, ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ഗീയ ആക്രമണങ്ങളിലൊന്നായ നെല്ലി കൂട്ടക്കൊലയ്ക്ക് ഇന്ന് നാല്‍പതാണ്ട് തികയുകയാണ്.
കുടിയേറ്റ വിരുദ്ധതയില്‍ ഊന്നിയുള്ള ദേശീയത ബോധമായിരുന്നു അസമില്‍ നിലനിന്നിരുന്നത്
അസമിലെ മുസ്ലിം വിരുദ്ധതയ്ക്ക് കൊളോണിയല്‍ കാലത്തേക്ക് നീളുന്ന പഴക്കമുണ്ട്. അക്കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് കിഴക്കന്‍ ബംഗാളില്‍നിന്നും മറ്റും കൂട്ടത്തോടെ തൊഴിലാളികളെ തേയില തോട്ടങ്ങളില്‍ പണിയെടുക്കാന്‍ അസമില്‍ എത്തിച്ചിരുന്നത്. അവരില്‍ ബഹുഭൂരിപക്ഷവും ദരിദ്രരായ മുസ്ലിങ്ങളായിരുന്നു. പതിറ്റാണ്ടുകള്‍ അവിടെ ജീവിച്ചെങ്കിലും അസമിലെ ഭൂരിപക്ഷ സമുദായത്തിലെ ഒരു വിഭാഗം വംശീയ മുന്‍വിധികളോടെയായിരുന്നു ആ വിഭാഗങ്ങളോട് പെരുമാറിയിരുന്നത്. നിരന്തര സംഘര്‍ഷത്തിനുള്ള ഈ സാധ്യതകള്‍ മുന്‍ നിര്‍ത്തിയാണ് മതവിദ്വേഷത്തിന്റെ വിത്തുകള്‍ മുളപ്പിക്കാന്‍ അനുയോജ്യമായ മണ്ണായി അസമിനെ സംഘ്പരിവാര്‍ പരുവപ്പെടുത്തിയെടുത്തത്.
കുടിയേറ്റ വിരുദ്ധതയില്‍ ഊന്നിയുള്ള ദേശീയത ബോധമായിരുന്നു അസമില്‍ നിലനിന്നിരുന്നത്. അസമിലേക്ക് തദ്ദേശീയരെക്കാള്‍ കൂടുതല്‍ സമ്പത്തും ഭൂമിയും കുടിയേറിയവര്‍ നേടിയെടുത്തുവെന്ന ആരോപണമായിരുന്നു കുടിയേറ്റ വിരുദ്ധതയില്‍ പ്രധാനം. ഈ കാലയളവിലാണ് അസമിന്റെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ച ഓള്‍ അസം സ്റ്റുഡന്റസ് യൂണിയന്‍ (അസം ഗണ പരിഷത്) രൂപീകരിക്കപ്പെടുന്നത്. 1967 ല്‍ രുപീകരിക്കപ്പെട്ട പാര്‍ട്ടി പിന്നീട് കുടിയേറ്റ വിരുദ്ധതയുടെ മുന്നണി പോരാളികളായി.
നെല്ലി കുൂട്ടക്കൊല രാജ്യത്തിന്റെ ഓര്‍മ്മകളില്‍ ഇല്ലെങ്കിലും, അസാമിലെ ഇപ്പോഴും തുടരുന്ന വിഭാഗീയ രാഷ്ട്രീയത്തില്‍ അതിന്റെ പ്രതിഫലനമുണ്ട്
1979ലെ മംഗല്‍ദോയ് മണ്ഡലത്തില്‍ നടക്കാനിരുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വോട്ടര്‍പട്ടികയില്‍ എഴുപത്തിനായിരത്തോളം പേര്‍ വ്യാജ വോട്ടര്‍മാരാണെന്ന പരാതി ഉയര്‍ന്നു. അതില്‍ നാല്പത്തിനായിരത്തിലധികം വ്യാജ വോട്ടര്‍മാരുണ്ടെന്ന് അന്നത്തെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞതോടെ കുടിയേറ്റക്കാര്‍ക്കെതിരെ വലിയ തോതില്‍ സമരം പൊട്ടിപ്പുറപ്പെട്ടു. കുടിയേറ്റ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും അടിതെറ്റിയതോടെ അസമില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഓള്‍ അസം സ്റ്റുഡന്റസ് യൂണിയന്‍ നേതാക്കളായ പ്രഫുല്ലകുമാര്‍ മൊഹന്ത, ഭൃഗുകുമാര്‍ ഫുക്കാന്‍ എന്നിവരായിരുന്നു പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്..
ബംഗാളില്‍ നിന്ന് വന്ന മുസ്ലിങ്ങളെയും ഹിന്ദുക്കളെയും എല്ലാം ശത്രുപക്ഷത്ത് നിര്‍ത്തുന്നതായിരുന്നു സമരത്തിന്റെ ആകെത്തുക. സാമൂഹിക ബഹിഷ്‌കരണവും കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണങ്ങളും നിത്യസംഭവങ്ങളായി.
അസമിലേക്ക് തൊഴിലിനായി എത്തിയവരെ സ്ഥിരതാമസക്കാരായി പരിഗണിക്കുകയാണെങ്കില്‍ ഇതിന് ഏത് കാലം മുതല്‍, എന്നൊരു സമയം നിശ്ചയിക്കുമെന്നതും ഒരു തര്‍ക്ക വിഷയമായി. അസം സമൂഹം തദ്ദേശീയരെന്നും കുടിയേറ്റക്കാരെന്നും വിഭജിക്കപ്പെടുകയായിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നോക്കുകുത്തിയായി നിന്നത് ഈ വേര്‍തിരിവിന് ആക്കം കൂട്ടി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ടര്‍പട്ടിക പുതുക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുത്തെങ്കിലും പ്രക്ഷോഭക്കാര്‍ക്ക് അത് സമ്മതമായിരുന്നില്ല. എന്നാല്‍ കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്ന ഇന്ദിര ഗാന്ധി സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്നതോടെ പ്രശ്‌നങ്ങള്‍ വീണ്ടും വഷളായി.
ബന്ദ്, ഉപരോധങ്ങള്‍, രാത്രികാലങ്ങളില്‍ വൈദ്യുതി അണച്ച്‌കൊണ്ടുള്ള സമര രീതികളെല്ലാം ഓള്‍ അസം സ്റ്റുഡന്റസ് യൂണിയന്റെ നേതൃത്വത്തില്‍ അരങ്ങേറി. സംസ്ഥാനത്ത് നാല്പത് ലക്ഷത്തോളം കുടിയേറ്റക്കാര്‍ ഉണ്ടെന്ന് വരെ അസം സ്റ്റുഡന്റസ് യൂണിയന്‍ പറഞ്ഞു. അവരെയെല്ലാം പുറത്താക്കി അസമിനെയും അസം വംശജരെയും സംരക്ഷിക്കണമെന്ന് അവര്‍ പ്രഖ്യാപിച്ചു. ബംഗാളില്‍ നിന്ന് വന്ന മുസ്ലിങ്ങളെയും ഹിന്ദുക്കളെയും എല്ലാം ശത്രുപക്ഷത്ത് നിര്‍ത്തുന്നതായിരുന്നു സമരത്തിന്റെ ആകെത്തുക. സാമൂഹ്യ ബഹിഷ്‌കരണവും കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണങ്ങളും നിത്യസംഭവങ്ങളായി.
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്ന ഇന്ദിരാ ഗാന്ധി തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ഇത് പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമാക്കി. പാലങ്ങളും റോഡുകളും തകര്‍ക്കപ്പെട്ടു. തിരഞ്ഞെടുപ്പ് സാമഗ്രഗികള്‍ കൊണ്ടുപോകുന്ന വന്ധികള്‍ ആക്രമിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് ഡ്യൂട്ടികളില്‍ സഹകരിക്കില്ലെന്ന് സര്‍ക്കാര്‍ ജീവനക്കാരില്‍ പലരും നിലപാടെടുത്തു. 1983 ജനുവരി ഏഴിനും ഫെബ്രുവരി 21 നും ഇടയിലായിരുന്നു തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. നെല്ലി ഉള്‍പ്പെടുന്ന പല പ്രദേശങ്ങളിലും തിരഞ്ഞെടുപ്പ് വിരുദ്ധ ഗ്രൂപ്പുകള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഹ്വനം ചെയ്തു. വോട്ട് രേഖപ്പെടുത്താന്‍ തയ്യാറാകുന്നവരെ സാമൂഹികമായി ബഹിഷ്‌കരിക്കുമെന്ന് വരെ പ്രഖ്യാപനമുണ്ടായി. സ്ഥിതിഗതികള്‍ വളരെയധികം രൂക്ഷമാകുകയായിരുന്നു
ഇതിനിടയിലാണ് വോട്ടെടുപ്പിനെതിരെ നിലപാടെടുത്തിരുന്ന ലാലുങ് ഗോത്രത്തില്‍ പെട്ട അഞ്ച് കുട്ടികളെ നെല്ലിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അതോടെ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. വിഭാഗീയ പ്രചാരണങ്ങള്‍ക്ക് ശക്തി കൂടി. ഒടുവില്‍ ഫെബ്രുവരി 18ന് രാവിലെ എട്ടു മണിയോടെ ലാലുങ്, തിവാ, മികിര്‍ ഗോത്രത്തില്‍ പെട്ടവരും ഒരു വിഭാഗം ഹിന്ദുക്കളും അടങ്ങുന്ന സായുധ സംഘം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് മാര്‍ച്ച് ചെയ്തു.
അലിസിംങ്ക, കുലപതാര്‍ ബസുന്ദരി, ഇന്ദ്രുമുരി, മുലധരി, ബോര്‍ബോരി, നെല്ലി എന്നിവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആറു മണിക്കൂറോളമാണ് ആക്രമണം നീണ്ടു നിന്നത്. ഔദ്യോഗിക രേഖകള്‍ പ്രകാരം 1800 ലധികവും അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 3,000ത്തിലധികം പേരും കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. സംഭവുമായി ബന്ധപ്പെട്ട് 688 എഫ് ഐ ആറുകള്‍ രജിസ്റ്റർ ചെയ്യപ്പെട്ടെങ്കിലും ഇരുന്നൂറില്‍പരം കുറ്റപത്രം മാത്രമേ തയ്യാറാക്കപ്പെട്ടിട്ടുള്ളു.
പിന്നീട് സംഭവത്തെ പറ്റി അന്വേഷിക്കാന്‍ തിവാരി കമ്മീഷനെ നിയോഗിച്ചു. 1984ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെങ്കിലും റിപ്പോർട്ട് ഇതുവരെയും നിയമസഭയില്‍ വെച്ചിട്ടില്ല. ക്രിമിനല്‍ കേസുകളില്‍ നടപടി ആവശ്യപ്പെട്ട് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ പിന്നീട് പലപ്പോഴും അധികൃതരെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. 2007ല്‍ ഖൈറുദീനെന്ന വ്യക്തി സമാനാവശ്യം ഉന്നയിച്ച് ഗുവാഹത്തി കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
നെല്ലി കൂട്ടക്കൊല രാജ്യത്തിന്റെ ഓര്‍മകളില്‍ ഇല്ലെങ്കിലും, അസമിലെ ഇപ്പോഴും തുടരുന്ന വിഭാഗീയ രാഷ്ട്രീയത്തില്‍ അതിന്റെ പ്രതിഫലനമുണ്ട്. പൗരത്വ പ്രശ്‌നമായും അഭയാര്‍ത്ഥി വിഷയമായും ഇപ്പോഴും പിടിമുറുക്കിയിട്ടുള്ള വര്‍ഗീയ രാഷ്ട്രീയത്തിലും എല്ലാം നെല്ലി കൂട്ടക്കൊലയിലേക്ക് നയിച്ച വംശീയ രാഷ്ട്രീയത്തിന്റെ സ്വാധീനമുണ്ട്.