DEMOCRACY

സുബൈറിനെ വിട്ടയക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ, പുതിയ ആരോപണവുമായി പൊലീസ്

വെബ് ഡെസ്ക്

പ്രമുഖ ഫാക്ട് ചെക്കിങ് സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ പുതിയ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പൊലീസ്. പാകിസ്ഥാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്ന് സുബൈര്‍ പണം സ്വീകരിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍ വാദിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 120 ബി (ഗൂഢാലോചന), സെക്ഷന്‍ 201 (തെളിവ് നശിപ്പിക്കല്‍), ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ടിലെ 35-ാം വകുപ്പ് എന്നിവ സുബൈറിന് മേല്‍ പുതുതായി ചുമത്തിയിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജൂണ്‍ 27-നാണ് സുബൈര്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതി സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അതേസമയം സുബൈറിനെ അടിയന്തരമായി മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ മേഖലകളിൽ നിന്നുള്ള നൂറിലധികം പൗരപ്രമുഖര്‍ കോടതിക്ക് കത്തയച്ചു. എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആകര്‍ പട്ടേല്‍, ദളിത് വനിതാ ആക്ടിവിസ്റ്റ് പ്രിയങ്ക, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ അജിത് സാഹി, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ അര്‍ജുന്‍ ഷിയോറാന്‍, ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമന്‍സ് അസോസിയേഷന്റെ കവിതാ കൃഷ്ണന്‍, കര്‍വാന്‍-ഇ-മൊഹബത്തിന്റെ നടാഷ ഭാദ്വാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കത്തയച്ചത്. വസ്തുതകള്‍ പരിശോധിച്ച് വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പുറത്തുകൊണ്ടുവരികയെന്ന മാധ്യമ ധര്‍മം നിര്‍വഹിച്ചതിന്റെ പേരിലാണ് സുബൈര്‍ വേട്ടയാടപ്പെടുന്നതെന്ന് കത്തില്‍ പറയുന്നു.

Mohammed Zubair

കംപ്യൂട്ടര്‍ എഞ്ചിനീയര്‍ ആയിരുന്ന സുബൈര്‍ 2017 ലാണ് പ്രതീക് സിന്‍ഹയുമായി ചേര്‍ന്ന് 'ആള്‍ട്ട് ന്യൂസ്' എന്ന ഫാക്ട് ചെക്കിങ് വെബ്‌സൈറ്റ് ആരംഭിക്കുന്നത്. വ്യാജ വാര്‍ത്തകളും തെറ്റായ പ്രചരണങ്ങളും കണ്ടെത്തി അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്ന സ്ഥാപനം വളരെ വേഗമാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. സാമൂഹിക മാധ്യമങ്ങളിലെ നാല്പതോളം ഹാന്‍ഡിലുകളുടെ ഒരു ലിസ്റ്റ് അവര്‍ പുറത്തുവിട്ടിരുന്നു. അടുത്തിടെ, ഓസ്ലോയിലെ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായുള്ള വാര്‍ഷിക ഷോര്‍ട്ട്ലിസ്റ്റില്‍ പ്രതീക് സിന്‍ഹയെയും സുബൈറിനെയും ഉള്‍പ്പെടുത്തിയിരുന്നു.

Pratik Sinha

സുബൈറിനെതിരെ കേസെടുക്കുന്നത് ഇതാദ്യമല്ല, 2021 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓണ്‍ലൈന്‍ വഴി പീഡിപ്പിച്ചുവെന്നാരോപിച്ച് ന്യൂ ഡല്‍ഹിയിലും ചത്തിസ്ഗഡിലും സുബൈറിനെതിരെ കേസ് എടുത്തിരുന്നു. മുസ്ലീങ്ങളെ ആക്രമിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്ത തീവ്ര വലതുപക്ഷ ഹിന്ദു നേതാക്കളായ മഹന്ത് ബജ്റംഗ് മുനി, യതി നരസിംഹാനന്ദ്, സ്വാമി ആനന്ദ് സ്വരൂപ് എന്നിവരെ ട്വിറ്ററിലൂടെ 'വിദ്വേഷികള്‍' എന്ന് വിളിച്ചതിന് 2022 ജൂണില്‍ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരുന്നു

മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചക നിന്ദ പരാമര്‍ശം പുറത്തുകൊണ്ടുവന്നതും സുബൈറായിരുന്നു. ഇത് കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും ഏറെ തലവേദനയാണ് സൃഷ്ടിച്ചത്. അന്താരാഷ്ട്ര തലത്തില്‍നിന്നു തന്നെ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിവാദ പരാമര്‍ശം കാരണമായി. അതിനു പിന്നാലെയാണ് നാല് വര്‍ഷം മുമ്പുള്ള ഒരു ട്വീറ്റിന്റെ പേരില്‍ സുബൈറിന്റെ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഹനുമാന്‍ ഭക്ത് എന്ന പേരിലുള്ള ഒരു അജ്ഞാത ട്വിറ്റര് അക്കൗണ്ടില്‍ നിന്നുള്ള പരാതിയുടെ പുറത്തായിരുന്നു ഡല്‍ഹി പോലീസിന്റെ നടപടി. ഒരു ഫോളോവര്‍ മാത്രമുണ്ടായിരുന്ന അക്കൗണ്ട് ഒക്ടോബറിലാണ് നിലവില്‍ വന്നത്. അറസ്റ്റിന് ശേഷം അക്കൗണ്ട് നിര്‍ജീവമായി.

ഹനുമാന്‍ ഭക്ത് (@balajikijaiin) എന്ന പേരിലുള്ള അജ്ഞാത ട്വിറ്റര്‍ അക്കൗണ്ട് ഒക്ടോബര്‍ 2021നാണ് നിലവില്‍ വന്നത്. ആകെ ഒരു ഫൊളോവര്‍ മാത്രമുള്ള ഈ അക്കൗണ്ടിൽനിന്നാണ് പരാതി വന്നതെന്ന കാര്യം ദുരൂഹമാണ്. എന്നാല്‍ പരാതി തന്നയാള്‍ 'അജ്ഞാതനല്ല' എന്ന് സുബൈറിന്റെ റിമാന്‍ഡ് ഹിയറിംഗിനിടെ കോടതിയില്‍ പോലീസ് പറയുന്നു
കത്തില്‍ പറയുന്നു

നൂപുര്‍ ശര്‍മയുടെ വിവാദ പരാമർശമടങ്ങുന്ന വിഡിയോ പുറത്തുവിട്ടതിനെ തുടര്‍ന്ന് തനിക്കും തന്റെ കുടുംബത്തിനുമെതിരെയുള്ള ഭീഷണികള്‍ വര്‍ധിച്ചുവെന്നും ഇത്തവണ ഭീഷണികള്‍ 'ഗുരുതരവും യഥാര്‍ത്ഥവും' ആണെന്നും സുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അറസ്റ്റിലായതിന് ശേഷം #arrestzubair പോലുള്ള ഹാഷ്ടാഗുകളും ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരുന്നു. തന്റെ പേരും തൊഴിലുമാണ് തന്നെ വേട്ടയാടുന്നതിന് കാരണമെന്നും സുബൈര്‍ പറയുന്നു.

സുബൈറിന്റെ അറസ്റ്റ് രാജ്യത്തിനകത്തും നിന്നും പുറത്തും നിന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പൗരന്മാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും, മാധ്യമ പ്രവര്‍ത്തര്‍ക്ക് ഭയം കൂടാതെ അഭിപ്രായ പ്രകടനങ്ങള്‍ നടത്താനുള്ള സാഹചര്യവും രാജ്യത്ത് ഉണ്ടാകണമെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറിക് പ്രതികരിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ