കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് വിചിത്ര വാദവുമായി ഗോവ മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്. ദൈവത്തോട് ചോദിച്ചെന്നും ബിജെപിയില്‍ ചേരാന്‍ ദൈവം സമ്മതിച്ചെന്നുമാണ് കാമത്ത് പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്ത കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്. കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്തിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ് വിട്ടു എന്ന ചോദ്യത്തിനാണ് കാമത്ത് പുതിയ ന്യായീകരണം നല്‍കിയത്.
താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്നും കോണ്‍ഗ്രസ് വിടില്ലെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിജ്ഞ എടുത്തു എന്നത് സത്യമാണെന്നും ദിഗംബര്‍ കാമത്ത് പറഞ്ഞു. അതേ ക്ഷേത്രങ്ങളില്‍ വീണ്ടും പോയി. എന്താണ് ചെയ്യേണ്ടതെന്ന് ദൈവത്തോട് ചോദിച്ചു. നിങ്ങൾക്ക് നല്ലതായി വരുന്നത് ചെയ്യൂ എന്ന് ദൈവം പറഞ്ഞു- ദിഗംബര്‍ കാമത്ത് വിശദീകരിച്ചു.
ഗോവ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഫെബ്രുവരിയിലാണ് കൂറുമാറില്ലെന്ന് വോട്ടര്‍മാരെയും നേതൃത്വത്തെയും ബോധ്യപ്പെടുത്താനായി രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ എംഎല്‍എമാര്‍ പ്രതിജ്ഞ എടുത്തത്. ഹിന്ദു-ക്രിസ്ത്യന്‍- മുസ്ലീം ആരാധനാലയങ്ങളില്‍ പോയായിരുന്നു പ്രതിജ്ഞ. 2017 ല്‍ ഗോവയില്‍ 40 ല്‍ 17 സീറ്റും കോണ്‍ഗ്രസ് നേടിയെങ്കിലും 13 സീറ്റ് നേടിയ ബിജെപി ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ അധികാരം പിടിച്ചെടുത്തിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറുകയായിരുന്നു. 2019 ലെ ഈ അവസ്ഥ ഉണ്ടാവാതിരിക്കാനാണ് ബിജെപിയിലേക്ക് കൂറുമാറില്ലെന്ന പ്രതിജ്ഞ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ എടുത്തത്.
കൂറുമാറ്റങ്ങളെ 'ജനാധിപത്യത്തിന്റെ മരണം'എന്ന് ഒരുകാലത്ത് വിശേഷിപ്പിച്ച ദിഗംബര്‍ കാമത്താണ് ഇപ്പോള്‍ ദൈവത്തെ കൂട്ടുപിടിച്ച് മറുകണ്ടം ചാടിയത്.
തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് ഒരു ദിവസം മുന്‍പ് കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഒരു റിസോര്‍ട്ടില്‍ നിര്‍ത്തി. എന്നാല്‍ ഫലം ബിജെപിക്ക് അനുകൂലമായിരുന്നു. 11 എംഎല്‍എമാരാണ് കോണ്‍ഗ്രസിന് ഉണ്ടായത്. ഇതില്‍ എട്ട് പേര്‍ ഇന്ന് ബിജെപിയിലേക്ക് ചേക്കേറി. കോണ്‍ഗ്രസില്‍ അട്ടിമറി സാധ്യതയെന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ഉദ്ദേശ്യമില്ലെന്നായിരുന്നു അന്ന് കാമത്ത് പ്രതികരിച്ചത്. കൂറുമാറ്റങ്ങളെ 'ജനാധിപത്യത്തിന്റെ മരണം'എന്ന് ഒരുകാലത്ത് വിശേഷിപ്പിച്ച ദിഗംബര്‍ കാമത്താണ് ഇപ്പോള്‍ ദൈവത്തെ കൂട്ടുപിടിച്ച് മറുകണ്ടം ചാടിയത്.
രാഹുല്‍ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര'യുടെ ഇടയില്‍ നടന്ന കൂട്ട കൂറുമാറ്റം കോണ്‍ഗ്രസിന് വലിയ നാണക്കേടാവുകയാണ്. ആദ്യം സ്വന്തം പാര്‍ട്ടിയെ ഒരുമിപ്പിക്കൂ എന്ന പരിഹാസവുമായി ബിജെപി രംഗത്തെത്തിക്കഴിഞ്ഞു.