ബിഹാര്‍ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ, കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്ര അന്വേഷണ ഏജന്‍സികളെയും പരിഹസിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ഇ ഡി, ആദായനികുതി വകുപ്പ്, സിബിഐ എന്നീ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയായിരുന്നു വിമര്‍ശനം. കേന്ദ്ര ഏജൻസികൾ ബിജെപി പാർട്ടി സെല്ലായാണ് പ്രവർത്തിക്കുന്നത്. പട്നയിലെ തന്റെ വസതിയില്‍ ഓഫീസ് തുറക്കുന്നതില്‍ എതിര്‍പ്പില്ലെന്നും, ആവശ്യമുള്ള കാലത്തോളം റെയ്ഡ് നടത്തൂവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ബിജെപി രാഷ്ട്രീയ പ്രതികാരത്തിനായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു
പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തുന്ന പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം. എതിര്‍സ്വരം അടിച്ചമര്‍ത്താന്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നതായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണമാണ് തേജ്വസി യാദവും ആവര്‍ത്തിച്ചത്. ''എന്റെ വീട്ടിൽ ഓഫീസ് തുറക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ക്ഷണിക്കുകയാണ്. ദയവായി ഇ ഡി, സിബിഐ, ആദായനികുതി വകുപ്പ് എന്നിവർ എന്റെ വീട്ടിലേക്ക് വരൂ. ആവശ്യമുള്ള കാലത്തോളം നിങ്ങൾക്കവിടെ കഴിയാം. എന്തിനാണ് നിങ്ങൾ പോയിട്ട് രണ്ടുമാസം കഴിഞ്ഞിട്ട് പിന്നെയും വരുന്നത്? അവിടെ തന്നെ തുടരൂ, അതല്ലേ സൗകര്യപ്രദം'' -എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ തേജസ്വി യാദവ് ചോദിച്ചു.
രാഷ്ട്രീയ പ്രതികാരത്തിനായി ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് തേജസ്വി യാദവ് പറഞ്ഞു. ഏജൻസി അന്വേഷണത്തോടൊന്നും യാതൊരു എതിർപ്പുമില്ല. തനിക്കെതിരെ എന്തുവേണമെങ്കിലും അവർക്ക് അന്വേഷിക്കാം. വീട്ടിൽ അവർക്ക് ഓഫീസ് തുറക്കാം. എന്നിട്ടും അവർക്ക് സമാധാനം ആകുന്നില്ലെങ്കിൽ തനിക്കെന്തു ചെയ്യാൻ കഴിയും?
ബിഹാർ ഉപമുഖ്യമന്ത്രിയായുള്ള 18 മാസത്തിനിടെ, ഒരു അഴിമതി കേസുപോലും തനിക്കെതിരെ വന്നിട്ടില്ല. ആർജെഡിക്ക് 18 മന്ത്രിമാരുണ്ട്. അവരിലൊരാൾപോലും ഏതെങ്കിലും തരത്തിലുള്ള അഴിമതി കേസിൽ ഉൾപ്പെട്ടിട്ടില്ല. സിബിഐ, ഇഡി, ആദായ നികുതി എന്നിങ്ങനെ ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്തുന്നതാണ് ബിജെപിയുടെ പ്രവർത്തനരീതി. ഏതെങ്കിലും നേതാവ് കുതിരക്കച്ചവടത്തിന് തയ്യാറായാൽ, റേറ്റ് ഉറപ്പിച്ച് വാങ്ങും.
2024ല്‍ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും മികച്ച വ്യക്തി നിതീഷ് കുമാറാണോ എന്ന ചോദ്യത്തിന്, നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് നിതീഷിന് ആയിക്കൂടാ? എന്നായിരുന്നു തേജസ്വി യാദവിന്റെ മറുചോദ്യം. നിതീഷിന് അതിനുള്ള അനുഭവപരിചയമുണ്ട്. അദ്ദേഹം ഒരു കേന്ദ്രമന്ത്രിയായിരുന്നു. അദ്ദേഹത്തിന് ഭരണ പരിചയവും സാമൂഹിക പരിചയവുമുണ്ടെന്ന് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു.
ബിഹാറിലെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തോടെ, ഗ്രാമങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാനായി. ആരോഗ്യം, വൈദ്യുതി, വിദ്യാഭ്യാസം, തൊഴില്‍, തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നിയമസഭയില്‍ വിശ്വാസവോട്ട് നേടിക്കഴിഞ്ഞാല്‍, സംസ്ഥാനത്ത് എല്ലാവര്‍ക്കും ജോലി ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുമായി ഇടഞ്ഞ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച നിതീഷ് കുമാര്‍, ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് നേതൃത്വത്തിലാണ് പുതിയ സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചത്. അതിനു പിന്നാലെയാണ്, മുഖ്യമന്ത്രിയായി നിതീഷും ഉപമുഖ്യമന്ത്രിയായി തേജസ്വിയും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.