DEMOCRACY

മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ പ്രൊഫ. ജി എൻ സായിബാബ കുറ്റവിമുക്തൻ

വെബ് ഡെസ്ക്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിൽ കഴിയുന്ന ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റേതാണ് ഉത്തരവ്. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കേസിൽ ഏഴ് വർഷത്തോളമായി ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു പ്രൊഫ. ജിഎൻ സായിബാബ. പ്രൊഫ. ജിഎൻ സായിബാബയടക്കം അഞ്ച് പേരെയും കുറ്റവിമുക്തരാക്കിയ കോടതി , ഇവരെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.

മുൻ മാധ്യമപ്രവർത്തകൻ പ്രശാന്ത് റാഹി, വിജയ് ടിർക്കി, മഹേഷ് ടിർക്കി, ഹേം മിശ്ര എന്നിവരാണ് കേസിൽ നേരത്തെ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ കുറ്റവിമുക്തരായത്. ഇവർക്കൊപ്പം ജയിലിലായിരുന്ന പാണ്ടു പോരെ നരോത്തെ ഈ വർഷം ഓഗസ്റ്റിൽ മരിച്ചിരുന്നു. 2014 ലാണ് പ്രഫ. ജിഎൻ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 12 ബി, യുഎപിഎയിലെ 13, 18, 20, 38, 39 വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള ബന്ധമാണ് കേസിനാധാരം. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട സംഘടനയാണ് ഇത്.

2017 ൽ ഗഡ്ച്ചിറോളി സെഷൻസ് കോടതി ഇവരെ കുറ്റക്കാരെന്ന് വിധിച്ചു. മഹേഷ് ടിർക്കി ഒഴികെയുള്ളവർക്കെല്ലാം ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. വിചാരണാ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിലാണ് കേസിലെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസ് രോഹിത് ദിയോ, അനിൽ പൻസാരെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നിലവിൽ നാഗ്പുർ സെൻട്രൽ ജയിലിലാണ് ഇവർ കഴിയുന്നത്. മറ്റേതെങ്കിലും കേസുകളിൽ പ്രതികളല്ലെങ്കിൽ എല്ലാവരെയും ഉടൻ ജയിൽ മോചിതരാക്കണമെന്നാണ് കോടതി നിർദേശം. സായിബാബയെ കേസില്‍ കുടുക്കിയതാണെന്നും ഏഴ് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞതോടെ ആരോഗ്യം മോശമായെന്നും കൈകാലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹത്തിന്‌റെ ഭാര്യ വസന്ത കുമാരി പ്രതികരിച്ചു. ജയില്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്നും അവര്‍ പറഞ്ഞു.

ശരീരത്തിന്റെ ഭൂരിഭാഗവും തളർന്ന 55കാരനായ സായിബാബ വർഷങ്ങളായി വീൽചെയറിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പോളിയോ പക്ഷാഘാത ബാധിതനായിരുന്ന അദ്ദേഹം ആരോഗ്യ കാരണങ്ങളാൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ അപേക്ഷ നൽകിയിരുന്നു. വൃക്ക - സുഷുമ്‌നാ നാഡി സംബന്ധമായ പ്രശ്‌നങ്ങൾ ഉൾപ്പെടെ ഒന്നിലധികം രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വന്നിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?