ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ അസാധാരണ ഭരണ പ്രതിസന്ധിയിലാണ് സംസ്ഥാനം. ഓര്‍ഡിനന്‍സ് പുതുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഇതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കിയിട്ടില്ല. ഓര്‍ഡിനന്‍സ് പുതുക്കുന്നതിന്റെ കാരണം മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് വിശദീകരിക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. അനുനയിപ്പിക്കാന്‍ ആയില്ലെങ്കില്‍ ഓര്‍ഡിനന്‍സിന് മുന്‍പുള്ള നിയമം സംസ്ഥാനത്ത് നിലവില്‍ വരും. ആറ് നിയമങ്ങളാണ് ഇങ്ങനെ ഭേദഗതിക്ക് മുന്‍പള്ള നിലയിലേക്ക് മാറുക.
നിയമസഭയില്‍ ബില്‍ കൊണ്ടുവരാതെ ഓര്‍ഡിനന്‍സ് ഇറക്കുന്നതിനോടുള്ള വിയോജിപ്പാണ് ഗവര്‍ണര്‍ ഔദ്യോഗികമായി ഉന്നയിക്കുന്നത്
സര്‍ക്കാരുമായി പല വിഷയങ്ങളില്‍ തുറന്ന പോരിന് ഇറങ്ങിയ ഗവര്‍ണറെ ഇത്തവണ പ്രകോപിപ്പിച്ചത് സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണ്. നിയമസഭയില്‍ ബില്‍ കൊണ്ടുവരാതെ ഓര്‍ഡിനന്‍സ് ഇറക്കുന്നതിനോടുള്ള വിയോജിപ്പാണ് ഗവര്‍ണര്‍ ഔദ്യോഗികമായി ഉന്നയിക്കുന്നത്. നിലവില്‍ ഡല്‍ഹിയിലുള്ള ഗവര്‍ണറെ അനുനയിപ്പാക്കാനായില്ലെങ്കില്‍ 11 ഓര്‍ഡിനന്‍സുകളാണ് റദ്ദാവുക. ഇതില്‍ പ്രധാനം കേരളാ ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സാണ്. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ഓര്‍ഡിനന്‍സാണ് ഇത്. ആദ്യ ഘട്ടത്തിലും ഈ ഓര്‍ഡിന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി നേരിട്ടെത്തിയാണ് വിശദീകരണം നല്‍കിയത്.
കാലാവധി പൂര്‍ത്തിയാകുന്ന ഓര്‍ഡിനന്‍സുകള്‍
*ലോകായുക്ത നിയമഭേദഗതി
*കേരള മാരിടൈം ബോര്‍ഡ് ഭേദഗതി
*തദ്ദേശഭരണ പൊതുസര്‍വീസ്
*കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി
*കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചു നല്‍കലും
*വ്യവസായ ഏകജാലക ബോര്‍ഡും വ്യവസായ ടൗണ്‍ഷിപ് വികസനവും
*കേരള പൊതുമേഖലാ നിയമന ബോര്‍ഡ്
*കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ്
*കേരള ജ്വല്ലറി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി
*ലൈവ് സ്റ്റോക് ആന്‍ഡ് പൗള്‍ട്രി ഫീഡ് ആന്‍ഡ് മിനറല്‍ മിക്‌സ്ചര്‍
പ്രതിസന്ധി എന്ത്?
ഓര്‍ഡിനന്‍സിന് മുന്‍പുള്ള നിയമസ്ഥിതി പുനഃ സ്ഥാപിക്കപ്പെടുമെന്നതാണ് ഉടലെടുത്തിരിക്കുന്ന പ്രധാന പ്രതിസന്ധി. ലോകായുക്ത പോലെ ഭേദഗതി വരുത്തിയ നിയമങ്ങളെയാണ് ഇത് കാര്യമായി ബാധിക്കുക. നിലവിലെ കേസിലടക്കം പഴയനിയമം ബാധകമാകും. പുതിയ നിയമം ഭാവിയില്‍ കൊണ്ടുവന്നാലും ഓര്‍ഡിന്‍സ് റദ്ദായ കാലത്തേക്ക് പ്രാബല്യം ലഭിക്കുന്നവിധത്തില്‍ വ്യവസ്ഥ ഉള്‍പ്പെടുത്തേണ്ടിവരും.
വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിശ്ചയിക്കുന്നതടക്കമുള്ള ഭേദഗതി ഇതിലുണ്ട്
സര്‍വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നീക്കം സര്‍ക്കാര്‍ ആരംഭിച്ചതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിശ്ചയിക്കുന്നതടക്കമുള്ള ഭേദഗതി ഇതിലുണ്ട്. കേരളാ സര്‍വകലാശാല വിസി നിയമനത്തിന് മുന്‍പ് ചട്ടം ഭേദഗതി ചെയ്യാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഇത് മുന്‍കൂട്ടി കണ്ട ഗവര്‍ണര്‍ നിലവിലെ ചട്ടപ്രകാരം സെര്‍ച്ച് കമ്മിറ്റിയെ നിയമിച്ചു.