ജാര്‍ഖണ്ഡിലെ ഭരണകക്ഷി എംഎല്‍എമാര്‍ ബസ്സില്‍ 
DEMOCRACY

ജാര്‍ഖണ്ഡില്‍ അട്ടിമറി സാധ്യത? ഹേമന്ത് സോറനും കോണ്‍ഗ്രസും എംഎല്‍എമാരെ മാറ്റുന്നു

കൂറുമാറ്റ സാധ്യത മുന്നില്‍ കണ്ടാണ് നീക്കം

വെബ് ഡെസ്ക്

മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാ അംഗത്വം റദ്ദാക്കപ്പെടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജാര്‍ഖണ്ഡില്‍ ഭരണകക്ഷി എംഎല്‍എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. അട്ടിമറി സാധ്യത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. ഹേമന്ത് സോറന്‌റെ പാര്‍ട്ടിയായ ജെഎംഎമ്മും സഖ്യ കക്ഷിയായ കോണ്‍ഗ്രസും എംഎല്‍എമാരെ റാഞ്ചിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഖുന്തിയിലേക്ക് മാറ്റുന്നതായാണ് സൂചന. മുഖ്യമന്ത്രിയും ഭരണകക്ഷി എംഎല്‍എമാരും ലത്രാതു ഡാം സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

പശ്ചിമബംഗാളിലേക്കോ കോണ്‍ഗ്രസ് അധികാരത്തിലുള്ള ചത്തീസ്ഗഢിലേക്കോ എംഎല്‍എമാരെ കൊണ്ടുപോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹേമന്ത് സോറന്‌റെ വസതിയില്‍ നിര്‍ണായക യോഗം ചേര്‍ന്നതിന് ശേഷമാണ് എംഎല്‍എമാരെ മാറ്റിയത്. ലഗേജുകളുമായാണ് എംഎല്‍എമാര്‍ ഹേമന്ത് സോറന്‍ വിളിച്ച യോഗത്തിന് എത്തിയത്. ഭരണമുന്നണി എംഎല്‍എമാര്‍ക്കിടയില്‍ വിമത ഭീഷണി നിലനില്‍ക്കുന്നതിനാലാണ് നടപടി. ഭൂരിപക്ഷം നഷ്ടപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണെങ്കിലും കൂറുമാറ്റ സാധ്യത മുന്നില്‍കണ്ടാണ് രാഷ്ട്രീയ നീക്കം.

രാഷ്ട്രീയമായി എതിരിടാന്‍ കഴിയാത്തതിനാല്‍ ബിജെപി ഭരണഘടനാ സ്ഥാനങ്ങളും സ്ഥാപനങ്ങളും ദുരുപയോഗം ചെയ്യുകയാണെന്ന് ഹേമന്ത് സോറന്‍ ആരോപിച്ചു. ജനങ്ങളാണ് തന്നെ തിരഞ്ഞെടുത്തതെന്നും അവര്‍ക്കായുള്ള പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സഖ്യം തുടരുമെന്നും ഹേമന്ത് സോറനെ അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസും വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ ഹേമന്ത് സോറന്‍ തയ്യാറാകണമെന്ന നിലപാടാണ് ബിജെപിയുടേത്.

81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ ഭരണസഖ്യത്തിന് 49 എംഎല്‍എമാരാണുള്ളത്. ഏറ്റവും വലിയ കക്ഷിയായ ജെഎംഎമ്മിന് 30 എംഎല്‍എമാരും കോണ്‍ഗ്രസിന് 18 എംഎല്‍എമാരും ആര്‍ജെഡിയുടെ ഒരു അംഗവുമാണുള്ളത്. മുഖ്യ പ്രതിപക്ഷമായ ബിജെപിക്ക് 26 എംഎല്‍എമാരുണ്ട്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍