ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ നിര്‍ണായക പങ്കാണ് രാജ്യത്തെ നിയമ നിര്‍മാണസഭകള്‍ക്കുള്ളത്. നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിനും, നിലവിലുള്ളവ ഭേദഗതി വരുത്തുന്നതിനും പിന്‍വലിക്കുന്നതിനും അധികാരമുള്ള സ്ഥാപനത്തെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയില്‍ കേന്ദ്ര തലത്തില്‍ ലോക്‌സഭയും രാജ്യസഭയും ഉള്‍പ്പെട്ട പാര്‍ലമെന്റും സംസ്ഥാന തലത്തില്‍ സംസ്ഥാന നിയമ സഭകള്‍ക്കും ആണ് ഈ അധികാരമുളളത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ നടന്ന ഇത്തവണത്തെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ചര്‍ച്ചയാവുന്നത് എംപി മാര്‍ക്ക് എതിരായ അച്ചടക്ക നടപടിയുടെ പേരില്‍ കൂടിയാണ്. ലോക്‌സഭയിലും രാജ്യസഭയിലും ഇതുവരെ ഇരുപത് എംപിമാരെയാണ് വിവിധ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സഭാധ്യക്ഷന്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്.
നവംബര്‍ 29ന്, ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ 12 പ്രതിപക്ഷ അംഗങ്ങളെ രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു
പാര്‍ലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളത്തിലും ഇത്തരത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് എതിരെ നടപടിയുണ്ടായിരുന്നു. നവംബര്‍ 29ന്, ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ 12 പ്രതിപക്ഷ അംഗങ്ങളെ രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പെരുമാറ്റദൂഷ്യം, അവഹേളനം, അക്രമാസക്തമായ പെരുമാറ്റം, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ബോധപൂര്‍വമായ ആക്രമണം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെന്‍ഷന്‍. പ്രതിപക്ഷത്തെ അംഗങ്ങള്‍ക്ക് എതിരെ ഇത്തരത്തില്‍ തുടര്‍ച്ചയായി നടപടിയെടുക്കുന്നതിലൂടെ പാര്‍ലമെന്റിനെ ഒരു ഇരുണ്ട അറയാക്കി മാറ്റുന്നുവെന്ന ആക്ഷേപവും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
വിവാദങ്ങള്‍ ഉയരുമ്പോഴും ചര്‍ച്ചയാവുന്ന മറ്റൊന്നാണ് അച്ചടക്കത്തിന്റെ പേരില്‍ എംപിമാര്‍ക്കെതിരെ നീങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍. തെരഞ്ഞെടുപ്പിലൂടെ ജന പ്രതിനിധികളാവുന്ന നിയമസഭയിലും ലോക് സഭയിലും ഇതിനുള്ള നടപടിക്രമങ്ങള്‍ ഒന്നാണ്. എന്നാല്‍ പാര്‍ലമെന്റിന്റെ സ്ഥിരം സഭയായ രാജ്യ സഭയില്‍ ഇത്തരം നടപടി ക്രമങ്ങള്‍ക്ക് ചെറിയ ചില വ്യത്യാസങ്ങളുണ്ട്.
സഭകളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുകയെന്നത് പ്രിസൈഡിങ് ഓഫീസർമാരായ ലോക്സഭാ സ്‌പീക്കറുടെയും രാജ്യസഭാ ചെയർമാന്റെയും ചുമതല
എംപിമാരുടെ സസ്പെന്‍ഷന്‍ ചുമതല
നിയമ നിര്‍മാണ സഭകളെ നിയന്ത്രിക്കുന്ന വ്യക്തിയാണ് സ്പീക്കര്‍. ലോക്‌സഭയിലും, നിയമ സഭയിലും നിയമസഭാ സാമാജികര്‍ ചേര്‍ന്നു തിരഞ്ഞെടുക്കുന്ന സ്പീക്കര്‍ ആണ് സഭയുടെ അധ്യക്ഷന്‍. സ്പീക്കറെ സഹായിക്കാന്‍ ഡെപ്യൂട്ടി സ്പീക്കറെയും അംഗങ്ങള്‍ തിരഞ്ഞെടുക്കുന്നു. എന്നാല്‍ രാജ്യ സഭയില്‍ ഉപരാഷ്ട്രപതിയാണ് സഭ നിയന്ത്രിക്കുക.
സഭകളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുകയെന്നത് പ്രിസൈഡിങ് ഓഫീസർമാരായ ലോക്സഭാ സ്‌പീക്കറുടെയും രാജ്യസഭാ ചെയർമാന്റെയും ചുമതലയാണ്. നടപടിക്രമങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന എംപിമാരോട് സഭയിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെടാനുള്ള അധികാരം പ്രിസൈഡിങ് ഓഫീസർമാർക്കുണ്ട്.
സസ്പെന്‍ഷന്‍ പരാമര്‍ശിക്കുന്ന ചട്ടങ്ങള്‍
സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടത്തിന്റെയും 373-ാം വകുപ്പ് ,
ഏതെങ്കിലും അംഗത്തിന്റെ പെരുമാറ്റം ക്രമരഹിതമാണെന്ന് സ്പീക്കർക്ക് അഭിപ്രായമുണ്ടെങ്കിൽ, ആ അംഗത്തോട് ഉടൻ തന്നെ സഭയിൽ നിന്ന് വിട്ടുനിൽക്കാൻ നിർദ്ദേശിക്കാം. പിൻമാറാനുള്ള ഉത്തരവ് ലഭിച്ചാൽ അംഗം ഉടൻ തന്നെ സഭയിൽ നിന്നും വിട്ടുനിൽക്കാൻ ബാധ്യസ്ഥനാണ്. അന്നേ ദിവസം അംഗം സഭയിലുണ്ടാകാൻ പാടില്ല.
ചട്ടം 374
374 (1) സ്പീക്കർക്ക്, ആവശ്യമെന്ന് തോന്നുകയാണെങ്കിൽ, ചെയറിന്റെ അധികാരത്തെ അവഗണിക്കുകയോ സഭയുടെ നിയമങ്ങൾ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്ന അംഗത്തിന്റെ പേരെടുത്ത് പരാമർശിക്കാം.
374 (2) സ്പീക്കർ ഒരംഗത്തെ അങ്ങനെ നാമകരണം ചെയ്‌താൽ, ആ അംഗത്തെ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിൽ സഭയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഉടനടി സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാം. എന്നാൽ, മറ്റൊരു പ്രമേയം അവതരിപ്പിക്കുമ്പോൾ, ആ അംഗത്തിന്റെ സസ്പെൻഷൻ അവസാനിപ്പിക്കാനും സഭയ്ക്ക് തീരുമാനിക്കാം.
374 (3) സസ്‌പെൻഡ് ചെയ്യപ്പെട്ട ഒരു അംഗം ഉടൻ തന്നെ സഭ വിട്ട് പോകേണ്ടതാണ്.
374 A - ( 2001 ഡിസംബർ 5-ന് റൂൾ ബുക്കിൽ ഉൾപ്പെടുത്തിയ ചട്ടമാണ്)
നിയമ നിര്‍മാണസഭകളിലെ അച്ചടക്കം ഉറപ്പിക്കുന്നതിന് സ്പീക്കറുടെ അധികാരം വര്‍ധിപ്പിക്കുന്നതുമായിരുന്നു 374 A കൊണ്ട് ഉദ്ദേശിച്ചത്.
ഇതുപ്രകാരം, തുടർച്ചയായി മുദ്രാവാക്യം മുഴക്കിയോ അല്ലാതെയോ സഭയുടെ പ്രവർത്തനം തടസപ്പെടുത്തുകയോ സഭാചട്ടങ്ങൾ ദുരുപയോഗം ചെയ്യുകയോ ആണെങ്കിൽ ആ അംഗത്തെ സ്പീക്കർ നാമകരണം ചെയ്യുന്നത്തോടെ സഭയിൽ നിന്ന് സ്വാഭാവികമായി സസ്പെൻഡ് ചെയ്യാം.
തുടർച്ചയായി അഞ്ച് സിറ്റിംഗുകളിലേക്കോ അല്ലെങ്കിൽ സെഷന്റെ ശേഷിക്കുന്ന സമയത്തേക്കോ, രണ്ടിൽ ഏതാണോ കുറവ് അത്രയും സമയമായിരിക്കും സസ്പെന്ഷന്റെ കാലാവധി. എന്നാൽ സഭയ്ക്ക് അത്തരം സസ്പെൻഷൻ അവസാനിപ്പിക്കാൻ വേണ്ടി എപ്പോൾ വേണമെങ്കിലും ഒരു പ്രമേയം അവതരിപ്പിക്കാം.
374 A (2) പ്രകാരം സ്പീക്കർ സസ്‌പെൻഷൻ പ്രഖ്യാപിച്ചാൽ, അംഗം ഉടൻ തന്നെ സഭയുടെ പരിധിയിൽ നിന്ന് പിന്മാറണം.
ലോക്‌സഭയിലെ സ്പീക്കറെപ്പോലെ, രാജ്യസഭാ ചെയർമാനും അതിന്റെ റൂൾ ബുക്കിലെ റൂൾ നമ്പർ 255 പ്രകാരം "ഏതെങ്കിലും അംഗത്തിന്റെ പെരുമാറ്റം ക്രമരഹിതമാണെന്ന് അഭിപ്രായമുടെങ്കിൽ ഉടൻ തന്നെ അംഗത്തോട് സഭയിൽ നിന്ന് പിന്മാറാൻ നിർദ്ദേശിക്കാൻ" അധികാരമുണ്ട്.
സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയെന്നത് കടുത്ത ശിക്ഷ നടപടിയാണെങ്കിലും അസാധാരണമല്ല. സമീപ വർഷങ്ങളിൽ ഇത്തരം നടപടികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. 2019 മുതല്‍ എല്ലാ സഭ സമ്മേളനങ്ങളിലും സസ്‌പെൻഷൻ നടപടികൾ സാധാരണമായിരുന്നു.
ജൂലൈ 18ന് ആരംഭിച്ച വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം മുതൽ പ്രതിപക്ഷം പുതിയ ലോക്സഭാ ചട്ടങ്ങൾക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു. ചൊവ്വാഴ്ച, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് ആവശ്യപ്പെട്ടിട്ടും അംഗങ്ങൾ പ്രതിഷേധം അവസാനിപ്പിച്ചില്ല. ഇതെ തുടർന്ന് ഹരിവംശ് അവരെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം കൊണ്ടുവരാൻ ആവശ്യപ്പെട്ടു.
പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ പത്ത് എംപിമാർക്കെതിരെ 'അപമര്യാത' യോടെ പെരുമാറി എന്ന് ചൂണ്ടിക്കാട്ടി സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചു. ഹരിവംശ് പ്രമേയം വോട്ടിനിട്ട് പാസാക്കുകയുമായിരുന്നു. 19 പ്രതിപക്ഷ അംഗങ്ങളുടെ പേരുകൾ വായിക്കുകയും ചെയ്തതോടെ സസ്പെന്‍ഷന്‍ നിലവില്‍ വരുകയും ചെയ്തു.