വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് ഭിന്ന വിധിയാണ് പുറപ്പെടുവിച്ചത്. നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധി ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരിവെച്ചപ്പോള്‍ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ എതിര്‍ നിലപാടെടുത്തു. തുടര്‍ച്ചയായി 10 ദിവസം വാദം കേട്ടാണ് രണ്ടംഗ ബെഞ്ച് വിഷയത്തില്‍ വിധി പുറപ്പെടുവിച്ചത്.
രാവിലെ 10.30 നാണ് നിര്‍ണായക വിധി പ്രസ്താവിക്കാന്‍ കോടതി ചേര്‍ന്നത്. അഭിപ്രായങ്ങളില്‍ ഭിന്നതയുണ്ടെന്ന് പറഞ്ഞ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ആദ്യം തന്‌റെ നിലപാട് വ്യക്തമാക്കി. കര്‍ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള 26 ഹര്‍ജികളും തള്ളുന്നതാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി. ഹിജാബ് ഇസ്ലാംമതവിശ്വാസത്തിന്‌റെ അനിവാര്യ ഘടകമല്ലെന്ന ഹൈക്കോടതി ഉത്തരവ് അദ്ദേഹം ശരിവെച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം ശരിവെയ്ക്കുന്നതാണ് വിധി.
''എന്‌റെ ഉത്തരവില്‍ ഹര്‍ജികള്‍ക്കെതിരെ 11 ചോദ്യങ്ങളുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം നല്‍കിയിട്ടുണ്ട്. ഇവയെല്ലാം ഹര്‍ജികള്‍ക്ക് എതിരാണ്. അതിനാല്‍ എല്ലാ ഹര്‍ജികളും തള്ളുകയാണ്.'' വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു. വിധി പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ വിശദവിവരങ്ങൾ ലഭ്യമാകൂ.
മാര്‍ച്ച് 15-നാണ് ഹിജാബ് നിരോധനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്നായിരുന്നു കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം, ഹര്‍ജി നല്‍കിയവരുടെ മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് മൂന്നുമാസം മുന്‍പാണ് വിവിധ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. ഈ അപ്പീലുകൾ തള്ളുവെന്നാണ് ഹേമന്ത് ഗുപ്ത പറഞ്ഞത്.