DEMOCRACY

49-ാമത് ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് ചുമതലയേൽക്കും

വെബ് ഡെസ്ക്

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ഇന്ന് ചുമതലയേൽക്കും . ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ പിന്‍ഗാമിയായാണ് രാജ്യത്തിന്റെ 49-ാമത്തെ ചീഫ് ജസ്റ്റിസായി യു യു ലളിത് ചുമതലയേൽക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. 74 ദിവസമാണ് പദവിയില്‍ ജസ്റ്റിസ് യു യു ലളിതിന്റെ കാലാവധി. നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും.

അഭിഭാഷകവൃത്തിയിലിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്. അങ്ങനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെയാളാണ് ജസ്റ്റിസ് ലളിത്. എസ് എം സിക്രിയാണ് ആദ്യത്തെയാൾ. ഓഗസ്റ്റ് 29നാകും ലളിത് ജോലിയിൽ പ്രവേശിക്കുക.

ചുമതലയിൽ കുറഞ്ഞകാലം മാത്രമേ പ്രവർത്തിക്കൂ എങ്കിലും സുപ്രീംകോടതി പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റം വരുത്താനാണ് ജസ്റ്റിസ് യു യു ലളിത് ലക്ഷ്യമിടുന്നത്. സുപ്രീംകോടതിയിൽ വർഷം മുഴുവൻ ഒരു ഭരണഘടനാ ബെഞ്ച് പ്രവർത്തിക്കുമെന്ന് ജസ്റ്റിസ് യു യു ലളിത് പറഞ്ഞു. കേസ് ലിസ്റ്റിങ് നടപടികൾ കൂടുതൽ സുതാര്യമാക്കും. മുൻകൂർ ലിസ്റ്റിങിനായി ബന്ധപ്പെട്ട ബെഞ്ചുകൾക്ക് മുമ്പാകെ ജാമ്യാപേക്ഷകൾ ഉൾപ്പെടെയുള്ള അടിയന്തര കാര്യങ്ങൾ പരാമർശിക്കാൻ അഭിഭാഷകരെ അനുവദിക്കുന്നതിന് കൃത്യമായ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ബാർ അസോസിയേഷനുമായി ഈ വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും നിയുക്ത ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എം വി രമണയുടെ വിരമിക്കൽ ചടങ്ങിലാണ് ജസ്റ്റിസ് യു യു ലളിത് മനസ് തുറന്നത്.

1957 നവംബര്‍ 9 ന് മഹാരാഷ്ട്രയില്‍ ജനിച്ച യു യു ലളിത്. 1983 ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ബോംബെ ഹൈക്കോടതിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചശേഷം പ്രവര്‍ത്തനം ഡല്‍ഹിയിലേക്ക് മാറ്റി. 2004 ലാണ് സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനാകുന്നത്. 2ജി സ്‌പെട്രം കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചിരുന്ന യുയു ലളിത് മുത്തലാഖ്, പദ്മനാഭസ്വാമി ക്ഷേത്രം കേസുകളില്‍ നിര്‍ണായക വിധി പുറപ്പെടുവിച്ച ബെഞ്ചിന്റെ ഭാഗമായിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്