കൃത്യമായ ഒരു കാരണം ലഭിക്കാത്തിടത്തോളം രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകുന്ന കാര്യം പരിഗണിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവിയുടെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന് സൂചിപ്പിക്കുന്ന കൃത്യമായ ഉദാഹരണങ്ങൾ നൽകാൻ കോടതി ആവശ്യപ്പെട്ടു. അർഹതയുള്ള സാഹചര്യത്തിൽ പദവി നിഷേധിക്കപ്പെട്ടാൽ നിങ്ങൾക്ക് അത് ചോദ്യം ചെയ്യാം. അല്ലാത്തപക്ഷം ഇങ്ങനെ ഒരു പ്രശ്നം ഇല്ലെന്ന് മാത്രമേ കരുതാനാകൂ എന്നും കോടതി നിരീക്ഷിച്ചു.
ഹിന്ദുക്കൾ ഭൂരിപക്ഷമല്ലാത്ത സംസ്ഥാനങ്ങളിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കവെ ജസ്റ്റിസുമാരായ യു.യു. ലളിത്, എസ്. രവീന്ദ്ര ഭട്ട്, സുധാൻഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.
മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി തുടങ്ങിയ മതത്തിൽപ്പെട്ടവരെ ദേശീയടിസ്ഥാനത്തിൽ ന്യൂനപക്ഷമായി പ്രഖ്യാപിച്ച 1993ലെ കേന്ദ്രസർക്കാരിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്താണ് പൊതുതാൽപര്യ ഹർജി. ജില്ലാതലത്തിൽ ന്യൂനപക്ഷങ്ങളെ തിരിച്ചറിയാൻ കോടതി ഉത്തരവുകൾ വേണമെന്നും മതപ്രഭാഷകനായ ദേവകിനന്ദൻ താക്കൂർ നൽകിയ ഹർജിയിൽ പറയുന്നു.
ജമ്മു കശ്മീർ, മിസോറാം, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, ലക്ഷദ്വീപ്, മണിപ്പൂർ, പഞ്ചാബ് എന്നിവിടങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷങ്ങളാണെന്നും എന്നാൽ മുസ്ലീം, ക്രിസ്ത്യൻ, പാഴ്സി, സിഖ്, ബുദ്ധ, ജൈനൻ എന്നിവരെ മാത്രമാണ് കേന്ദ്രം ഇതുവരെ ന്യൂനപക്ഷമായി പ്രഖ്യാപിച്ചിട്ടുള്ളതെന്നും ഹർജിയിൽ പറയുന്നു.
ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നിഷേധിക്കപ്പെട്ടതായി വ്യക്തമായ തെളിവുണ്ടെങ്കില്‍ പരിഗണിക്കാമെന്നും അതു ലഭിക്കാത്തിടത്തോളം കേസ് പരിഗണിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി
മിസോറാമിലോ കാശ്മീരിലോ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നിഷേധിക്കപ്പെട്ടതായി വ്യക്തമായ ഒരു കേസ് ഉണ്ടെങ്കിൽ പരിഗണിക്കാമെന്നും കൃത്യമായ ഒരു കാരണം ലഭിക്കാത്തിടത്തോളം കേസ് പരിഗണിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഉദാഹരണമായി മറാഠി സംസാരിക്കുന്ന ആളുകൾ മഹാരാഷ്ട്രയ്ക്ക് പുറത്തുള്ള ന്യൂനപക്ഷ സമുദായമായിരിക്കുമെന്നും മഹാരാഷ്ട്രയിൽ കന്നഡ സംസാരിക്കുന്ന ആളുകൾ ന്യൂനപക്ഷമാണെന്നും കോടതി നിരീക്ഷിച്ചു.
ഒരു സമുദായത്തിന് ന്യൂനപക്ഷ ടാഗ് നൽകുന്നതിന് സർക്കാർ എന്തെങ്കിലും വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ടോ എന്ന് ബെഞ്ച് ചോദിച്ചു. സംസ്ഥാന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഒരു സമുദായത്തിന്റെ മതപരവും ഭാഷാപരവുമായ ന്യൂനപക്ഷ പദവി സംസ്ഥാനാടിസ്ഥാനത്തിൽ തീരുമാനിക്കണമെന്നത് നേരത്തെ തീർപ്പാക്കിയ നിലപാടാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഏതെങ്കിലും ഹിന്ദു വിദ്യാഭ്യാസ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി നിഷേധിക്കപ്പെട്ടതിന്റെ വ്യക്തമായ ഉദാഹരണങ്ങളും എൻസിഎ റിപ്പോർട്ടും സമർപ്പിക്കാൻ കോടതി ഹർജിക്കാരനോട് ആവശ്യപ്പെട്ടു.
ഹിന്ദുക്കളുടെ ജനസംഖ്യ മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് കുറവുള്ള ചില സംസ്ഥാനങ്ങളെ പരാമർശിച്ച ഹർജിക്കാരൻ അവർക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരിക്കാനും ആർട്ടിക്കിൾ 29-30 പ്രകാരം അവരെ ന്യൂനപക്ഷ സമുദായമായി കണക്കാക്കണമെന്ന് അപേക്ഷിച്ചു. ഏതെങ്കിലും ഹിന്ദു വിദ്യാഭ്യാസ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി നിഷേധിക്കപ്പെട്ടതിന്റെ വ്യക്തമായ ഉദാഹരണങ്ങളും എൻസിഎ റിപ്പോർട്ടും സമർപ്പിക്കാൻ കോടതി ഹർജിക്കാരനോട് ആവശ്യപ്പെട്ടു.
ഹർജിക്കാരൻ ഉന്നയിക്കുന്ന യഥാർത്ഥ പ്രശ്നം എന്താണെന്ന് വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് ഈ വിഷയം ഏതെങ്കിലും തരത്തിൽ ഹർജിക്കാരനെ ബാധിച്ചിട്ടുണ്ടോയെന്നും നിയമ നിർമാണത്തെ വെല്ലുവിളിക്കുകയാണോ എന്നും ചോദിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ വ്യക്തമായ റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.