പൗരത്വം നമ്മുടെ ജന്മാവകാശമാണ്. ഒരു രാജ്യത്ത് ജനിക്കുന്ന, അവിടെ ജീവിക്കുന്ന ഓരോരുത്തരുടെയും അവകാശം. പൗരത്വനിയമഭേദഗതിക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത് ആ അവകാശസംരക്ഷണത്തിനായിരുന്നു. ഒരിടവേളയ്ക്ക് ശേഷം പൗരത്വത്തെക്കുറിച്ച് ഗൗരവമുള്ള ചർച്ചകൾ വീണ്ടും ഉയർത്തുകയാണ് ഇള പോപ്പറ്റ്. 66 വയസ്സുള്ള ഇള കഴിഞ്ഞ 56 വർഷമായി ഇന്ത്യയിലുണ്ട്. പക്ഷേ ഇന്നും ഇന്ത്യന്‍ പൗരത്വമില്ല.
പൗരത്വത്തിനുള്ള അപേക്ഷ നിരസിച്ച 2019 ഡിസംബര്‍ 31 ലെ കളക്ടറുടെ ഓര്‍ഡര്‍ റദ്ദാക്കി തനിക്ക് പൗരത്വം നല്‍കണമെന്ന ആവശ്യവുമായി ഇള കഴിഞ്ഞ ദിവസവും ബോംബെ ഹൈക്കോടതിയിലെത്തി. ജസ്റ്റിസുമാരായ സഞ്ജയ് ഗംഗാപൂര്‍വാലയും ശ്രീറാം മോദക്കുമാണ് ഹര്‍ജി പരിഗണിച്ചത്. വാദം കേട്ട കോടതി ഇളയ്ക്ക് ആധാര്‍,പാന്‍,ഇലക്ഷന്‍ കാര്‍ഡ് എന്നിവ അനുവദിച്ചെങ്കിലും പൗരത്വം എന്നത് ഇന്നും ഒരു വിദൂര സ്വപനമായി അവശേഷിക്കുകയാണ്.
ഇളയുടെ മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജരാണ്.1955 ല്‍ ഉഗാണ്ടയിലെ കമുലിയിലാണ് ഇള ജനിച്ചത്. 1966 ഫെബ്രുവരി 15ന് അവള്‍ക്ക് 10 വയസ്സുള്ളപ്പോഴാണ് ഇളയും സഹോദരനും അവരുടെ അമ്മയുടെ പാസ്‌പോര്‍ട്ടില്‍ ഇന്ത്യയില്‍ പ്രവേശിച്ചത്. 1977 ല്‍ ജതിന്‍ പോപറ്റ് എന്ന ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ച ഇള കുടുംബത്തോടൊപ്പം വർഷങ്ങളായി മുംബൈയിലെ അന്ധേരിയില്‍ താമസിക്കുകയാണ്. ഇളയുടെ ഭര്‍ത്താവും മക്കളും പേരക്കുട്ടികളും എല്ലാം ഇന്ത്യന്‍ പൗരന്മാരാണ്.
ഇള മൂന്ന് തവണ പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചു.എന്നാല്‍ ഓരോ തവണയും അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. 2019 ല്‍ മാത്രമാണ് അതിനായി ആദ്യം ഇന്ത്യന്‍ പൗരത്വം നേടണമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയത്. ഇതനുസരിച്ച് 2019 മാര്‍ച്ചില്‍ ഇള പൗരത്വത്തിന് കലക്ടര്‍ക്ക് അപേക്ഷ നല്‍കി.എന്നാല്‍ കൃത്യമായ വിസയും പാസ്‌പോര്‍ട്ടും ഇല്ലാത്ത ഇള 1955 ലെ ഇന്ത്യന്‍ പൗരത്വ വ്യവസ്ഥ പാലിക്കുന്നില്ലെന്ന കാരണത്താല്‍ കലക്ടര്‍ അപേക്ഷ നിരസിക്കുകയായിരുന്നു.
'ഇന്ത്യയില്‍ നിന്ന് വിവാഹം കഴിച്ച,ഇന്ത്യയില്‍ ഏഴു വര്‍ഷത്തിലധികമായി താമസമുള്ള പൗരന്‍മാര്‍ക്ക് പൗരത്വം നേടാനുള്ള അവകാശമുണ്ട്'
വിവാഹശേഷം തനിക്ക് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുണ്ടെന്ന് ഇള കോടതിക്കു മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. പൗരത്വ നിയമമനുസരിച്ച് 'ഇന്ത്യയില്‍ നിന്ന് വിവാഹം കഴിച്ച,ഇന്ത്യയില്‍ ഏഴു വര്‍ഷത്തിലധികമായി താമസമുള്ള പൗരന്‍മാര്‍ക്ക് പൗരത്വം നേടാനുള്ള അവകാശമുണ്ട്'. എന്നാല്‍ 1966 മുതല്‍ തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിക്കുന്ന ഇളയുടെ അപേക്ഷ സ്വീകരിക്കപ്പെട്ടില്ല.
1966 മുതല്‍ കൃത്യമായ രേഖകള്‍ ഇല്ലാതെയാണ് അവര്‍ രാജ്യത്ത് താമസിക്കുന്നതെന്നും, പൗരത്വ അപേക്ഷ പരിഗണിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പാലിക്കണമെന്നും, രേഖകള്‍ ഇല്ലാത്തതിനാല്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അവരുടെ പൗരത്വ അപേക്ഷ നിരസിച്ചതായും ഹർജി പരിഗണിക്കവേ കേന്ദ്രസര്‍ക്കാർ കോടതിയെ അറിയിച്ചു. ഇള നേരത്തെ തന്നെ ഉഗാണ്ടന്‍ എംബസിയെ സമീപിക്കേണ്ടതായിരുന്നു എന്നും കൃത്യമായ വിസ ഉണ്ടായാല്‍ മാത്രമെ പൗരത്വം ലഭിക്കുകയുള്ളു എന്നുമാണ് അധികൃതരുടെ നിലപാട്
പൗരത്വ നിയമം
ഭാരതത്തിന് സ്വന്തമായൊരു ഭരണഘടന നിലവില്‍ വന്നതിനു ശേഷം 1955 ലുണ്ടായ നിയമമാണിത്. ഇന്ത്യയില്‍ ഒരു വ്യക്തിക്ക് പൗരത്വം ലഭിക്കുന്നതിനെപ്പറ്റിയും നിലനിര്‍ത്തുന്നതിനെപ്പറ്റിയുമൊക്കെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ നിയമപ്രകാരം ഇന്ത്യന്‍ പൗരനായിരിക്കുന്ന ഒരു വ്യക്തിക്ക് മറ്റൊരു രാജ്യത്തെയും പൗരനായിരിക്കാന്‍ കഴിയില്ല.
1955 ലെ പൗരത്വ നിയമത്തില്‍ ഏതൊക്കെ വിഭാഗത്തില്‍പ്പെട്ടവര്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കുമെന്ന് അതില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. വിദേശികള്‍ക്ക് എങ്ങനെ പൗരത്വം നേടാമെന്നും വിശദീകരിക്കുന്നു.1950 ജനുവരി 26 -നും 1992 ഡിസംബര്‍ 10 -നുമിടയില്‍ ഇന്ത്യക്ക് പുറത്താണെങ്കിലും, അച്ഛന്‍ ഇന്ത്യന്‍ പൗരനാണെങ്കില്‍ മക്കളും താനേ ഇന്ത്യന്‍ പൗരന്മാരാകും. 1992 ഡിസംബര്‍ 10 -ന് ശേഷമാണ് ജനനമെങ്കില്‍, ജനന സമയത്ത് മാതാപിതാക്കളില്‍ ആരെങ്കിലുമൊരാള്‍ ഇന്ത്യന്‍ പൗരനായിരിക്കണം എന്ന് വ്യവസ്ഥയുണ്ട്.
2004 ഡിസംബര്‍ 3 -നു ശേഷം വന്ന ഒരു മാറ്റം, വിദേശത്ത് ജനിക്കുന്ന കുഞ്ഞിന്റെ രജിസ്ട്രേഷന്‍ ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ആ രാജ്യത്തെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ നടത്തിയിരിക്കണം എന്നതാണ്. അങ്ങനെ ചെയ്തിട്ടില്ല എങ്കില്‍, കുടുംബത്തിന് ഇന്ത്യന്‍ ഗവണ്‍മെന്റില്‍ നിന്ന് രജിസ്‌ട്രേഷന് പ്രത്യേകം അനുമതി നേടേണ്ടി വരും.
1955 ലെ പൗരത്വ നിയമത്തിന്റെ അഞ്ചാം വകുപ്പ് പ്രകാരം, താഴെ പറയും വിധം ഇന്ത്യന്‍ പൗരത്വം അനുവദിച്ചു നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതിയുണ്ട്;
ഇന്ത്യന്‍ പൗരന്മാരെ വിവാഹം ചെയ്യുകയും ഏഴു വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിക്കുകയും ചെയ്യുന്ന വിദേശികള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പൗരത്വം നേടാം
പൗരത്വത്തിനു അപേക്ഷിക്കുന്നതിനു തൊട്ടുമുമ്പ് ഏഴു വര്‍ഷമായി താമസമുള്ള, അപേക്ഷിക്കുന്നതിനു തൊട്ടുമുമ്പുള്ള ഒരു വര്‍ഷം തുടര്‍ച്ചയായ താമസവും, അതിനു മുമ്പുള്ള എട്ടു വര്‍ഷത്തില്‍ ആറുവര്‍ഷവും താമസമുള്ള വിദേശികള്‍ക്ക് പൗരത്വം ലഭിക്കും.
വിദേശികള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റിനോട് കൃത്യമായ രേഖകള്‍ നല്‍കി പൗരത്വത്തിന് അപേക്ഷിക്കാം
ഏതെങ്കിലും ഭൂപ്രദേശം ഇന്ത്യയോട് ചേര്‍ക്കുകയാണെങ്കില്‍ അവിടെ ജീവിക്കുന്നവര്‍ സ്വാഭാവികമായും ഇന്ത്യന്‍ പൗരന്മാരാകുന്നു.
അഞ്ചുവര്‍ഷമായി ഇന്ത്യയിലെ ഒരു വിദേശ പൗരനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും രജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് ഒരു വര്‍ഷക്കാലം ഇന്ത്യയില്‍ താമസിക്കുന്നതുമായ പൂര്‍ണ്ണ പ്രായവും ശേഷിയുമുള്ള ഒരു വ്യക്തിക്കും പൗരത്വം ലഭിക്കും.
പൗരത്വം റദ്ദാക്കപ്പെടുന്നത് എങ്ങനെ?
മറ്റൊരു രാജ്യത്ത് പൗരത്വം നേടിയാല്‍ ഒരാളുടെ ഇന്ത്യന്‍ പൗരത്വം നഷ്ടമാകാം
ആര്‍ക്കും സ്വമേധയാ പൗരത്വം ഉപേക്ഷിക്കാം.
നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ചില സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിന് ഒരു പൗരന്റെ പൗരത്വം നിഷേധിക്കാം
2019 ഡിസംബര്‍ 11 ന് രാജ്യസഭ പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കിയപ്പോള്‍ രാജ്യത്താകമാനം പ്രതിഷേധം കൊടുമ്പിരി കൊണ്ടു. പൗരത്വമെന്ന അവകാശം എത്ര പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കിക്കൊണ്ടായിരുന്നു ആ പ്രതിഷേധം മുഴുവന്‍. ഒരാളുടെ പോലും പൗരത്വം നഷ്ടപ്പെടരുതെന്ന ചിന്തയിലാണ് അന്ന് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. എന്നാല്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയില്‍ ചിലവഴിച്ചിട്ടും ഇളയ്ക്ക് ഇന്നും സ്വന്തം പൗരത്വം ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ല.പത്താം വയസ്സുമുതല്‍ ഇന്ത്യയില്‍ ജീവിക്കുന്ന ഇള കാത്തിരിക്കുകയാണ്, മുഴുവനായും ഒരു ഇന്ത്യക്കാരിയാകാന്‍