DEMOCRACY

വ്യാജന്മാരെ പുറത്തുകൊണ്ടുവന്ന ഫേസ്ബുക്ക് ജീവനക്കാരി സോഫി ഴാങ്ങിനെ ബിജെപി ഭയക്കുന്നത് എന്തിന്?

വിസില്‍ ബ്ലോവര്‍ സോഫി ഴാങ്ങിനെ പാര്‍ലമെന്ററി ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ അനുവദിക്കാതെ മങ്ങലേല്‍ക്കുന്ന ഇന്ത്യന്‍ ജനാധിപത്യം

വെബ് ഡെസ്ക്

രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യാജ അക്കൗണ്ടുകള്‍ തുറന്നു കാട്ടി ഇന്ത്യയിലെ ഭരണമുന്നണി - ഫേസ്ബുക്ക് രഹസ്യ കൂട്ടുകെട്ടിന്റെ വിവരങ്ങള്‍ 2021ല്‍ തെളിവുസഹിതം പുറത്തുവിട്ടയാളാണ് ഫേസ്ബുക്ക് മുൻ ഡാറ്റാ റിസര്‍ച്ചറായ സോഫി ഴാങ്. ഇന്ത്യയിൽ ബിജെപി വ്യാജ വിലാസങ്ങൾ വഴി പ്രചാരണങ്ങൾ നടത്തുന്നുവെന്നും ഇതിനു തെളിവുണ്ടെന്നും ഇവർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അവരുടെ മൊഴിയെടുക്കാൻ ശശി തരൂർ അധ്യക്ഷനായ ഐടി പാർലമെൻ്ററി സമിതി തീരുമാനിച്ചെങ്കിലും സ്പീക്കറുടെ ഇടപെടലിനെ തുടർന്ന് അവർക്ക് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ കഴിഞ്ഞില്ല. ബിജെപി ഭരിക്കുമ്പോൾ തനിക്ക് മൊഴി നൽകാനാകുമെന്ന് വിചാരിക്കുന്നില്ലെന്ന് സോഫി ഴാങ് പറഞ്ഞു.

കമ്പനിയിലെ ഡാറ്റ റിസര്‍ച്ചറായ സോഫിയുടെ വെളിപ്പെടുത്തല്‍ ഒതുക്കാൻ ഫേസ്ബുക്ക് തന്നെ ശ്രമിച്ചിരുന്നു. അതിനെ തുടർന്നാണ് ഫേസ്ബുക്കിൽനിന്ന് രാജിവെച്ചത്.

വ്യാജ അക്കൌണ്ടുകൾ സംബന്ധിച്ച ആരോപണങ്ങളെ ബിജെപി പാടെ തള്ളിയെങ്കിലും ജനാധിപത്യ സംവിധാനത്തിന് മുന്നില്‍ തെളിവുകള്‍ നല്‍കാന്‍ ഒരുക്കമാണെന്ന നിലപാടിലായിരുന്നു സോഫി. ഇതേതുടർന്നാണ് പാർലമെൻ്ററി സമിതിക്ക് മുന്നിൽ ഹാജരാക്കാൻ ശ്രമം ഉണ്ടായത്. എന്നാൽ വിദേശപൗരന്മാര്‍ക്ക് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകാനാകില്ലെന്നാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിലപാട്.

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയില്‍ രാഷ്ട്രീയ വ്യവഹാരങ്ങളുടെ പ്രധാന മാധ്യമമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ സ്വാര്‍ഥലാഭത്തിനായി, മതസ്പര്‍ധയുണ്ടാക്കുന്നതോ ആധികാരികമല്ലാത്തതോ ആയ വിവരങ്ങള്‍ പലപ്പോഴും ഫേസ്ബുക്ക് വഴി പ്രചരിക്കപ്പെടുന്നുവെന്ന ആരോപണം ലോക വ്യാപകമായി തന്നെ ഉണ്ട്.

രാഷ്ട്രീയ സ്വാധീനമുള്ള അക്കൗണ്ടുകളാണ് ഇതിന് പിന്നിലെങ്കില്‍ അക്കൗണ്ട് പൂട്ടല്‍ അടക്കമുള്ള നടപടികളിലേക്ക് ഫേസ്ബുക്ക് കടക്കാറില്ലെന്ന് സോഫി ഴാങ് ആരോപിക്കുന്നു. തെറ്റായ പ്രചരണങ്ങള്‍ കണ്ടെത്തി മാത്രമെ മുന്നോട്ട് പോകാറുള്ളൂവെന്ന് ഫേസ്ബുക്ക് അവകാശപ്പെടുമ്പോഴാണ് തെളിവ് സഹിതം വിശദാംശങ്ങള്‍ സോഫി പുറത്തുവിട്ടത്.

ബിജെപി എം പി വിനോദ് സോങ്കറുടെ വ്യാജ അക്കൗണ്ടുകളായിരുന്നു അതില്‍ ഒന്ന്. ബിജെപിയുടെ മറ്റ് വ്യാജ അക്കൗണ്ടുകളുടേയും കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി അക്കൗണ്ടുകളുടേയും വിശദാംശങ്ങളും തൻ്റെ പക്കലുണ്ടെന്ന് അവർ അവകാശപ്പെടുന്നു.

സോഫിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ പഞ്ചാബിലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടേയും ആം ആദ്മി നേതാക്കളുടേയും വ്യാജ അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഫേസ്ബുക്ക് പൂട്ടി. പക്ഷെ ബിജെപി എംപിയുടേയോ അണികളുടേയോ അക്കൗണ്ടുകള്‍ക്ക് നേരെ നടപടിയുണ്ടായില്ല. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ബിജെപി ഐടി സെല്ലിന്റെ പങ്കും ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലിന്റെ വിശദാംശങ്ങളും ഉണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്. ഇത് പങ്കുവയ്ക്കാന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ അവര്‍ അനുമതി ആവശ്യപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞു.

വിദേശപൗരന്മാരെ ഇന്ത്യന്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ അനുവദിക്കില്ലെന്നാണ് ഓം ബിര്‍ളയുടെ നിലപാട്

സോഫി ഴാങിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഐ ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ശേഷം കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ചെയര്‍മാനായി കമ്മിറ്റി പിന്നീട് പുനഃസംഘടിപ്പിച്ചു. സോഫി ഴാങിനെ മൊഴി നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ 2021 നവംബറില്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇതിലാണ് തീരുമാനമെടുക്കാതെ സ്പീക്കർ വൈകിക്കുന്നത്.

വിദേശപൗരന്മാരെ ഇന്ത്യന്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ അനുവദിക്കില്ലെന്നാണ് ഓം ബിര്‍ളയുടെ നിലപാട്. മുന്‍പ് വിദേശ പൗരന്മാര്‍ ഹാജരായിട്ടുണ്ടെങ്കില്‍ അത് സ്പീക്കര്‍മാരുടെ വിവേചനാധികാരമാണെന്നും ഗുരുതരമായ ആരോപണങ്ങളിലോ വിഷയങ്ങളിലോ മാത്രമെ വിദേശപൗരന്മാരെ ഹാജാരാകാന്‍ അനുവദിക്കാവൂ എന്നുമാണ് ഓം ബിര്‍ള വിശദീകരിക്കുന്നത്.

ലോക്‌സഭാ നടപടിക്രമങ്ങളില്‍ റൂള്‍ 230 പ്രകാരം വ്യക്തികളെ വിളിപ്പിക്കാനുള്ള ഐടി പാര്‍ലമെന്ററി കമ്മിറ്റിയുടെ അധികാരപരിധിയില്‍ പൗരത്വം തടസമല്ല. എന്നാല്‍ റൂള്‍ 280 പ്രകാരം സ്പീക്കര്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അനുമതിയുണ്ട്. ചട്ടം (57) 1 പ്രകാരം കമ്മിറ്റിക്ക് വിദഗ്ധരില്‍ നിന്നോ കക്ഷികളില്‍ നിന്നോ തെളിവുകള്‍ സ്വീകരിക്കാം. സ്വദേശികള്‍, വിദേശപൗരന്മാര്‍ എന്ന വ്യത്യാസം ഇവിടെയില്ല. 2019 ഫെബ്രുവരിയില്‍ ബിജെപി നേതാവ് അനുരാഗ് താക്കൂര്‍ അധ്യക്ഷനായ ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അമേരിക്കന്‍ പൗരനായ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ജാക്ക് ഡോര്‍സി ഹാജരായില്ലെങ്കിലും ട്വിറ്റര്‍ ഉദ്യോഗസ്ഥനായ കോളിന്‍ ക്രോവെല്‍ അന്ന് മൊഴി നല്‍കാനായി എത്തിയിരുന്നു. 1987ല്‍ ബൊഫോഴ്‌സ് കേസ് അന്വേഷിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയും ഇത്തരത്തില്‍ വിദേശപൗരന്മാരെ മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയിരുന്നു. ഭരണഘടന പ്രകാരം സംയുക്ത പാര്‍ലമെന്ററി സമിതിക്കും സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കും ഇക്കാര്യത്തില്‍ ഒരേ അധികാരമാണുള്ളത്.

2020ലാണ് സോഫി ഴാങിനെ കുറിച്ച് ലോകം കേള്‍ക്കുന്നത്. ഫേസ്ബുക്കിലെ ഡാറ്റ റിസര്‍ച്ചറായ അവര്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഫേസ്ബുക്ക് രാഷ്ട്രീയലാഭത്തിനായി ഉപയോഗപ്പെടുത്തുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. ഇന്ത്യയില്‍ അത് മുന്‍പ് സൂചിപ്പിച്ചത് പോലെ പ്രധാനമായും ഭരണകക്ഷിയായ ബിജെപിക്കെതിരായ വെളിപ്പെടുത്തലായിരുന്നു. ഫേസ്ബുക്ക് വാഗ്ദാനം ചെയ്ത പിരിഞ്ഞുപോകല്‍ പാക്കേജ് നിരസിച്ചാണ് സോഫി തെളിവുകള്‍ പുറത്തുവിട്ടത്. തന്റെ പക്കലുള്ള വിവരങ്ങള്‍ പൊതു ഇടത്തില്‍ എത്തിക്കുന്നതില്‍ തിരിച്ചടിയാകരുതെന്ന നിര്‍ബന്ധമാണ് ഫേസ്ബുക്കിന്റെ പാക്കേജ് നിരസിക്കുന്നതിലേക്ക് സോഫിയെ നയിച്ചത്. 2021 ഒക്ടോബറില്‍ ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഫെയ്‌സ്ബുക്ക് ദുരുപയോഗത്തെ പറ്റി സോഫി ഴാങ് മൊഴി നല്‍കിയിരുന്നു. യുഎസ് കോണ്‍ഗ്രസ് സെനറ്റ് കമ്മിറ്റിക്ക് മുന്നില്‍ സോഫിയുടെ സഹപ്രവര്‍ത്തകന്‍ ഫ്രാന്‍സെസ് ഹോഗനും മൊഴി നല്‍കിയിരുന്നു.

പാര്‍ലമെന്ററി സമിതിയുടെ അധികാരം ചോദ്യം ചെയ്യുന്നത് ജനാധിപത്യ സ്വഭാവം അട്ടിമറിക്കലാണ്‌

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ അനുമതിയോടെ ഐ ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്‍പാകെ വിവരങ്ങള്‍ കൈമാറാനാകുമെന്ന പ്രതീക്ഷ തനിക്ക് ഇല്ലെന്ന് സോഫി ഴാങ് പറയുന്നു. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം രാജ്യത്തിനുണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കാന്‍ ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി തന്നെ തീരുമാനിച്ചിരിക്കെ അനുമതി നല്‍കാത്ത സ്പീക്കറുടെ നിലപാട് ചോദ്യം ചെയ്യപ്പെടുകയാണ്. പാര്‍ലമെന്റിന് ഒന്നാകെ ചര്‍ച്ച ചെയ്യാന്‍ സമയം കണ്ടെത്താനാകാത്ത വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാനുള്ള പാര്‍ലമെന്ററി സമിതിയുടെ അധികാരം ചോദ്യം ചെയ്യുന്നത് ജനാധിപത്യ സ്വഭാവം അട്ടിമറിക്കല്‍ കൂടിയാണ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ സോഫി ഴാങ്ങിന്റെ വെളിപ്പെടുത്തലുകള്‍ക്ക്‌ വലിയ വാര്‍ത്താപ്രാധാന്യം നൽകിയിട്ടില്ല.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം