നിതീഷ് കുമാർ 
DEMOCRACY

രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തില്ല; നിതീഷ് കുമാര്‍ ഉടക്കിൽ തന്നെ; പ്രതികരിക്കാതെ ബിജെപി

10 ദിവസത്തിനിടെ വിട്ടുനിൽക്കുന്ന മൂന്നാമത്തെ ചടങ്ങ്

വെബ് ഡെസ്ക്

ബിജെപിയുമായുള്ള ഭിന്നത മറനീക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ദ്രൗപദി മുര്‍മുവിന്റെ സത്യപതിജ്ഞാ ചടങ്ങില്‍ നിതീഷ് കുമാര്‍ പങ്കെടുത്തില്ല. പത്ത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ബിജെപിയുമായോ കേന്ദ്ര സര്‍ക്കാരുമായോ ബന്ധപ്പെട്ട പ്രധാന പരിപാടിയില്‍ നിന്ന് നിതീഷ് കുമാര്‍ വിട്ടുനില്‍ക്കുന്നത്. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയെ തീരുമാനിച്ച് രാഷ്ട്രീയ നേട്ടം ലക്ഷ്യമിടുന്ന ബിജെപിക്ക് ശക്തമായ സന്ദേശം നല്‍കുകയാണ് ചടങ്ങില്‍ പങ്കെടുക്കാതെ നിതീഷ് കുമാര്‍.

അമിത് ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലും പ്രധാനമന്ത്രിയൊരുക്കിയ യാത്രയയപ്പ് വിരുന്നിലും പങ്കെടുത്തില്ല

ജൂലൈ 17 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നിതീഷ് പ്രതിനിധിയെ അയക്കുകയായിരുന്നു. ദേശീയ പതാക സംബന്ധിച്ച ചര്‍ച്ചയില്‍ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ തര്‍കിഷോര്‍ പ്രസാദാണ് പങ്കെടുത്തത്. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രിയൊരുക്കിയ യാത്രയയപ്പ് വിരുന്നിലും നിതീഷ് പങ്കെടുത്തില്ല. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഏഴ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമെന്നതായിരുന്നു കാരണമായി പറഞ്ഞത്. എന്നാല്‍ നാല് മണിയോടെ ചടങ്ങ് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗം ചൂണ്ടിക്കാട്ടിയാണ് നിതീഷിന്റെ പിന്മാറ്റം.

വിജയ് കുമാർ സിൻഹ, ബിഹാർ നിയമസഭാ സ്പീക്കർ

ബിഹാര്‍ നിയമസഭയുടെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിലേക്ക് ക്ഷണിക്കാത്തതാണ് നിതീഷ് കുമാറിന് പെട്ടെന്നുള്ള പ്രകോപനം. പ്രധാനമന്ത്രിയായതിന് ശേഷം ബിഹാര്‍ നിയമസഭയില്‍ നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യ ചടങ്ങായിരുന്നു ഇത്. സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയാണ് പ്രധാനമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. മുഖ്യമന്ത്രിയും സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്‌നത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സുവനീറില്‍ മുഖ്യമന്ത്രിയുടെ ചിത്രം വെച്ചില്ലെന്ന് മാത്രമല്ല, സമാപന പ്രസംഗത്തില്‍ നിതീഷ് കുമാറിന്റെ പേരു പോലും സ്പീക്കര്‍ പറഞ്ഞില്ല.

സ്പീക്കറെ മാറ്റണമെന്നും സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി നേതാക്കള്‍ പരസ്യ പ്രതികരണം നടത്തുന്നത് ഒഴിവാക്കണമെന്നുമുള്ള ആവശ്യമാണ് പ്രശ്‌ന പരിഹാരത്തിന് നിതീഷ് കുമാര്‍ മുന്നോട്ട് വെയ്ക്കുന്നത്. ഇതിനോട് പ്രതികരിക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല.

സഞ്ജയ് ജെയ്സ്വാൾ, ബിജെപി ബിഹാർ ഘടകം അധ്യക്ഷൻ

ബിജെപി- ജെഡിയു തര്‍ക്കം

2020 നിയമസഭാ തിരഞ്ഞെടുപ്പില്‍ 75 സീറ്റുമായി ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 74 സീറ്റുമായി ബിജെപി രണ്ടാമതും 43 സീറ്റുമായി ജെഡിയു മൂന്നാമതുമായി. കൂടുതല്‍ സീറ്റ് നേടിയിട്ടും മുഖ്യമന്ത്രി പദം നിതീഷ്‌ കുമാറിന് നല്‍കാനുള്ള അമിത് ഷായുടെ തീരുമാനം മുന്നണിക്കുള്ളില്‍ അതൃപ്തിക്ക് കാരണമായി.

ഭരണ വിഷയങ്ങളില്‍ പോലും പരസ്യമായി പരസ്പരം പഴിചാരുന്ന സമീപനം ബിഹാറില്‍ ഇപ്പോള്‍ തുടര്‍ക്കഥയാണ്. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്ത രീതിയ്‌ക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജെയ്‌സ്വാള്‍ പരസ്യ പ്രതികരണം നടത്തി. മുന്നണിയുടെ ഭാഗമായി സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നത് ശരിയായ പ്രവണതയല്ലെന്ന നിലപാട് ജെഡിയുവും വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ