അടുത്ത 25 വര്‍ഷം രാജ്യത്തിന്റെ വികസനത്തിന് അതിപ്രധാനമായ കാലഘട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047 വരെയുള്ള രാജ്യത്തിന്റെ മുന്നോട്ടുപോക്കിനായി അഞ്ച് പ്രതിജ്ഞകള്‍ പ്രധാനമന്ത്രി മുന്നോട്ട് വച്ചു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും അടിമത്ത മനോഭാവത്തില്‍ നിന്നും ഇന്ത്യ പൂര്‍ണമായും മോചിക്കപ്പെടണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി മുന്നോട്ട് വച്ച അഞ്ച് പ്രതിജ്ഞകള്‍
വികസിത ഭാരതം
അടിമത്ത മനോഭാവത്തില്‍ നിന്നുള്ള പൂര്‍ണ മോചനം
പാരമ്പര്യത്തിലും പൈതൃകത്തിലും അഭിമാനിക്കുക
ഐക്യവും അഖണ്ഡതയും
പൗരധര്‍മം പാലിക്കല്‍
ഓരോ ഇന്ത്യക്കാരനും മാതൃഭാഷയില്‍ അഭിമാനിക്കണം. വിദേശസംസ്കാരം തേടിപോകേണ്ടതില്ല. മണ്ണിനോട് ചേര്‍ന്ന് നിന്നാല്‍ ഉയരങ്ങള്‍ കീഴടക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക മുന്നേറ്റത്തിന് അച്ചടക്കം പ്രധാനമാണെന്നും സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ അന്തസ് കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പൗരധര്‍മം പാലിച്ച് മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.