റെനിൽ വിക്രമസിം​ഗെ ശ്രീലങ്കയുടെ പ്രസിഡന്റ്  
DEMOCRACY

പ്രതിസന്ധിയില്‍ രക്ഷകവേഷം; വിക്രമസിം​ഗെ ശ്രീലങ്കൻ പ്രസിഡന്റാകുമ്പോൾ

വിക്രമസിംഗെയുടെയും യുഎന്‍പിയുടെയും രാഷ്ട്രീയ പ്രസക്തി അസ്തമിച്ചെന്ന് ലോകം വിലയിരുത്തുന്ന നാളിലാണ് വിക്രമസിം​ഗെ പ്രസിഡന്‍റ് പദത്തിലെത്തുന്നത്

ശിൽപ ദിനേശ്

“ഈ ബഹുമതിക്ക് ഞാൻ പാർലമെന്റിന് നന്ദി പറയുന്നു.” പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം പാർലമെന്റ് സെക്രട്ടറി ജനറൽ പ്രഖ്യാപിച്ചതിനു പിന്നാലെ, റെനില്‍ വിക്രമസിംഗെയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. 225 അംഗ നിയമസഭയിൽ 134 വോട്ടുകൾ നേടിയാണ് 73 കാരനായ വിക്രമസിം​ഗെ ശ്രീലങ്കയുടെ പ്രസിഡന്റ് പദവിയിലേക്കെത്തിയത്. അഭിഭാഷകനായി തുടങ്ങി, പിന്നീട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ വിക്രമസിംഗെയുടെ അധികാരത്തിലേക്കുള്ള ഉയർച്ച ഏറെ ശ്രദ്ധേയമാണ്. അഞ്ച് തവണ പ്രധാനമന്ത്രിയായി. എന്നാൽ ഒരു തവണ പോലും കാലാവധി പൂർത്തിയാക്കാൻ വിക്രമസിം​ഗെയ്ക്ക് സാധിച്ചിട്ടില്ലെന്നതാണ് ചരിത്രം. വിക്രമസിംഗെയുടെയും യുഎന്‍പിയുടെയും രാഷ്ട്രീയ പ്രസക്തി അസ്തമിച്ചെന്ന് ലോകം വിലയിരുത്തുന്ന നാളിലാണ് ദ്വീപുരാജ്യത്തെ പ്രധാനമന്ത്രിയായും പിന്നാലെ പ്രസിഡന്‍റ് പദവിയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്.

കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ശ്രീലങ്കൻ രാഷ്ട്രീയ ചരിത്രത്തിൽ വിക്രമസിം​ഗെയെ പോലെ ശക്തരായ നേതാക്കൾ ചുരുക്കമാണ്. 1972ൽ ശ്രീലങ്കയിലെ സുപ്രീം കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത വിക്രമസിം​ഗെ അഞ്ചു വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 1977ലായിരുന്നു രാഷ്ട്രീയ പ്രവേശം. അതേവര്‍ഷം തന്നെ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രമുഖരായ രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും കുടുംബത്തിൽ ജനിച്ച വിക്രമസിംഗെയെ അമ്മാവനും അന്നത്തെ രാഷ്ട്രപതിയുമായിരുന്ന ജയവർദ്ധനെ 1978ൽ വിദേശകാര്യ ഉപമന്ത്രിയാക്കി. 1978ൽ പുതിയ ഭരണഘടനയിലൂടെ ശ്രീലങ്കയിൽ എക്‌സിക്യൂട്ടീവ് പ്രസിഡൻസി സമ്പ്രദായം കൊണ്ടുവന്നത് ജെ ആർ ജയവർദ്ധനെയായിരുന്നു. തുടർന്ന് യുവജനകാര്യ-തൊഴിൽ മന്ത്രിയായി ക്യാബിനറ്റിലേക്ക് നിയമിച്ചു. പിന്നീട് വിദ്യാഭ്യാസ വകുപ്പും നൽകി. അന്ന് 29 വയസുകാരനായ വിക്രമസിംഗെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു.

1993ലാണ് വിക്രമസിംഗെ ആദ്യമായി ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്. അന്നത്തെ പ്രസിഡന്റ് രണസിംഗെ പ്രേമദാസ എല്‍ടിടി ബോംബാക്രമണത്തില്‍ വധിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു വിക്രമസിംഗെ പ്രധാനമന്ത്രിയാകുന്നത്.

1989ൽ പ്രസിഡന്റ് പ്രേമദാസയുടെ കീഴിൽ സഭാ നേതാവായി. വ്യവസായ, ശാസ്ത്ര, സാങ്കേതിക മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1993ലാണ് വിക്രമസിംഗെ ആദ്യമായി ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്. അന്നത്തെ പ്രസിഡന്റ് രണസിംഗെ പ്രേമദാസ എല്‍ടിടി ബോംബാക്രമണത്തില്‍ വധിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു വിക്രമസിംഗെ പ്രധാനമന്ത്രിയാകുന്നത്. പക്ഷേ, ഒരു വര്‍ഷത്തിലധികം അദ്ദേഹത്തിന് ആ പദവിയില്‍ ഇരിക്കാന്‍ കഴിഞ്ഞില്ല. 1994ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഎൻപി, പീപ്പിൾസ് അലയൻസ് പാർട്ടിയോട് പരാജയപ്പെടുകയും ചന്ദ്രിക കുമാരതും​ഗ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. 1994ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ഗാമിനി ദിസനായകെ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്, വിക്രമസിംഗെ പ്രതിപക്ഷ നേതാവായി. 1994 മുതൽ യുണൈറ്റഡ് നാഷണല്‍ പാർട്ടിയുടെ അധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം. പാര്‍ട്ടി നേതാക്കളുടെ കൊലപാതകങ്ങളെ തുടർന്നായിരുന്നു വിക്രമസിംഗെ യുഎന്‍പി നേതൃസ്ഥാനത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.

ആദ്യ പ്രധാനമന്ത്രി സ്ഥാനം ലഭിച്ച് എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിക്രമസിംഗെ വീണ്ടും ആ പദവിയിലേക്ക് എത്തിയത്. 2001ലെ തെര‍ഞ്ഞെടുപ്പിൽ വിജയിച്ച് വിക്രമസിംഗെ ശ്രീലങ്കയുടെ പതിനേഴാമത്തെ പ്രധാനമന്ത്രിയായി. ശ്രീലങ്കന്‍ രാഷ്ട്രീയത്തിലും ജനങ്ങള്‍ക്കിടയിലും ഒരു സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രാജ്യത്തെ കരകയറ്റിയ സാമ്പത്തിക മാനേജ്‌മെന്റ് വൈദഗ്ധ്യമാണ് വിക്രമസിംഗെയ്ക്ക് നേട്ടമായത്. എങ്കിലും പ്രസിഡന്റുമായുള്ള തര്‍ക്കം മൂലം പ്രധാനമന്ത്രി പദത്തില്‍ കലാവധി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ വന്നു. 2004 തെരഞ്ഞെടുപ്പിൽ അധികാരം തിരികെ പിടിക്കാനും കഴിഞ്ഞില്ല. അതോടെ, 2015 വരെ വിക്രമസിം​ഗെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടർന്നു.

2020 ഓഗസ്റ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ വിക്രമസിംഗെയ്ക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള വോട്ടുകൾ പോലും ലഭിച്ചിരുന്നില്ല. തുടര്‍ന്ന്, യുഎന്‍പിയുടെ നാഷണൽ ലിസ്റ്റ് എംപിയായാണ് വിക്രമസിം​ഗെ പാർലമെന്റിൽ പ്രവേശിക്കുന്നത്.

2015ല്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സയുടെ തെരഞ്ഞെടുപ്പ് പരാജയം വിക്രമസിംഗെയ്ക്ക് വീണ്ടും അവസരം കൊണ്ടുവന്നു. ഐക്യ സ്ഥാനാര്‍ഥിയായി വിക്രമസിംഗയെ പ്രതിപക്ഷ കക്ഷികള്‍ മുന്നില്‍ നിര്‍ത്തയതോടെ മൂന്നാം വട്ടവും അദ്ദേഹം പ്രധാനമന്ത്രി കസേരയിലെത്തി. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ തിരിച്ചടിയായി. സെന്‍ട്രല്‍ ബാങ്ക് ബോണ്ട് കുംഭകോണം വിക്രമസിംഗയയുടെ പ്രതിശ്ചായ തകര്‍ത്തു. അതോടെ, 2018ല്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന വിക്രമസിംഗെ സര്‍ക്കാരിനെ പിരിച്ചുവിട്ടു. പകരം, മഹിന്ദ രാജപക്‌സയെ പ്രധാനമന്ത്രിയായി അവരോധിച്ചു. ഇത് ഭരണഘടന പ്രതിസന്ധിക്കു തന്നെ കാരണമായതോടെ, രണ്ട് മാസത്തിനിപ്പുറം വിക്രമസിംഗെ പ്രധാനമന്ത്രി പദത്തില്‍ തിരിച്ചെത്തി. എന്നാല്‍, 2019ൽ ഈസ്റ്റർ ദിനത്തിൽ കൊളംബോയിലുണ്ടായ ഭീകരാക്രമണത്തിൽ, സര്‍ക്കാരിനെതിരെ ജനരോഷം രൂക്ഷമായതോടെ, വിക്രമസിംഗെ പദവിയൊഴിഞ്ഞു. പിന്നീട് 2020 ഓഗസ്റ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ വിക്രമസിംഗെയ്ക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള വോട്ടുകൾ പോലും ലഭിച്ചിരുന്നില്ല. തുടര്‍ന്ന്, യുഎന്‍പിയുടെ നാഷണൽ ലിസ്റ്റ് എംപിയായാണ് വിക്രമസിം​ഗെ പാർലമെന്റിൽ പ്രവേശിക്കുന്നത്.

2022ലും അപ്രതീക്ഷിതമായാണ് വിക്രമസിംഗെ പ്രധാനമന്ത്രി പദത്തിലെത്തിയത്. സമാനകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ജനകീയ പ്രക്ഷോഭം നേരിടാനാകാതെ, മഹിന്ദ രജപക്സെ സ്ഥാനമൊഴിഞ്ഞതോടെ, പ്രസിഡന്റ് ഗോതബായ രജപക്‌സെ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഗോതബായയും രാജ്യം വിട്ടതിനുപിന്നാലെ, വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റു. പിന്നീട് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. നാല് പതിറ്റാണ്ടോളമായി നീളുന്ന രാഷ്ട്രീയ ജീവിതത്തില്‍, രണ്ട് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് വിക്രമസിംഗെ മത്സരിച്ചിരുന്നു. എന്നാല്‍ പരാജയമായിരുന്നു ഫലം. 1999ല്‍ ചന്ദ്രിക കുമാരതുംഗയോടും 2005ല്‍ മഹിന്ദ രാജപക്‌സെയോടുമായിരുന്നു തോല്‍വി.

രജപക്സെ കുടുംബവുമായുള്ള ബന്ധം

രജപക്‌സെ കുടുംബത്തിന് ആധിപത്യമുള്ള ശ്രീലങ്ക പൊതുജന പെരമുനയിൽ (എസ്‌എൽപിപി) നിന്നുള്ള അം​ഗങ്ങളുടെ പിന്തുണയിലാണ് വിക്രമസിം​ഗെ പാർലമെന്റിൽ വിജയം നേടിയത്. രാഷ്ട്രീയമായി എതിർചേരിയിൽ ആയിരുന്നെങ്കിലും, വ്യക്തിപരമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ് രജപക്സെകളും വിക്രമസിം​ഗെയും. പ്രധാനന്ത്രിയായിരിക്കെ, മനുഷ്യാവകാശങ്ങളും അഴിമതി ആരോപണങ്ങളും ഉൾപ്പെടെ രജപക്‌സെ കുടുംബത്തിനെതിരായ ഒന്നിലധികം അന്വേഷണങ്ങൾ സ്തംഭിപ്പിച്ചതിന് വിക്രമസിം​ഗെ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. പ്രോസിക്യൂഷൻ നടപടികൾ നേരിടുന്നതിൽ നിന്ന് രജപക്‌സെ കുടുംബത്തെ സംരക്ഷിച്ചുവെന്നായിരുന്നു ആരോപണം. മാത്രമല്ല, അഴിമതിക്കാരായ പഴയ സർക്കാർ ഉദ്യോ​ഗസ്ഥരുമായുള്ള വിക്രമസിം​ഗെയുടെ ബന്ധവും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

വിവിധ സർക്കാർ പദവികളിലെ അനുഭവപരിചയവും സാമ്പത്തിക-പാശ്ചാത്യ മേഖലകളിൽ അദ്ദേഹത്തിനുള്ള തന്ത്രപരമായ കഴിവും 'കൗശലക്കാരനായ കുറുക്കൻ' എന്ന വിളിപ്പേരും നേടി കൊടുത്തിട്ടുണ്ട്.

സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് വിക്രമസിം​ഗെ പ്രസിഡന്റ് പദത്തിലെത്തുന്നത്. ഗോതബയ രജപക്‌സെയുടെ പ്രത്യേക താൽപര്യവും അതിനു പിന്നിലുണ്ട്. നയതന്ത്ര, അന്തർദേശീയ കാര്യങ്ങളിൽ വിപുലമായ അനുഭവപരിചയമുള്ള വ്യക്തിയാണ് വിക്രമസിം​ഗെ. വിവിധ സർക്കാർ പദവികളിലെ അനുഭവപരിചയവും സാമ്പത്തിക-പാശ്ചാത്യ മേഖലകളിൽ അദ്ദേഹത്തിനുള്ള തന്ത്രപരമായ കഴിവും 'കൗശലക്കാരനായ കുറുക്കൻ' എന്ന വിളിപ്പേരും നേടി കൊടുത്തിട്ടുണ്ട്. ഭരണനാളുകളിൽ ഐഎംഎഫ് ഉൾപ്പെടെ രാജ്യാന്തര സമൂഹങ്ങളുമായി ഇടപഴകിയ അനുഭവപരിചയമുണ്ട്. ഏഷ്യൻ ഭീമൻമാരായ ചൈനയുമായും ഇന്ത്യയുമായും നല്ല ബന്ധവും സ്ഥാപിച്ചിട്ടുണ്ട്. ഇതൊക്കെ ദ്വീപുരാജ്യത്തിന്റെ നല്ല നാളേയ്ക്കായുള്ള പ്രതീക്ഷകളെ പുനരുജ്ജീവിപ്പിക്കുമെന്നാണ് പൊതു വിലയിരുത്തൽ. അതേസമയം, ജനങ്ങളിൽ ഒരു വിഭാ​ഗം വിക്രമസിം​ഗെയെ അം​ഗീകരിക്കാൻ തയ്യാറായിട്ടില്ല. അവരുടെ വിശ്വാസം നേടിയെടുത്തുകൊണ്ട് ശ്രീലങ്കയെ മുന്നോട്ടുനയിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് വിക്രമസിം​ഗെയ്ക്കുള്ളത്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്