മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റിന്റെ കേസിലെ ജാമ്യാപേക്ഷ ലക്‌നൗ കോടതി ഇന്ന് പരിഗണിക്കും. സെപ്റ്റംബര്‍ 19ന് പരിഗണിക്കേണ്ടിയിരുന്ന കേസ് മാറ്റി വെക്കുകയായിരുന്നു. കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് കാപ്പനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ 12ന് യുഎപിഎ കേസില്‍ സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ കാപ്പന് ജയില്‍ മോചിതനാകാന്‍ സാധിക്കു.
കാപ്പന്റെ അക്കൗണ്ടിലേക്ക് എത്തിയ 45,000 രൂപ ചൂണ്ടിക്കാട്ടിയാണ് ഇഡിയുടെ കേസ്.
കാപ്പന്റെ അക്കൗണ്ടിലേക്ക് എത്തിയ 45,000 രൂപ ചൂണ്ടിക്കാട്ടിയാണ് ഇഡിയുടെ കേസ്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ കാപ്പനായില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാഥ്‌റസില്‍ കലാപം സൃഷ്ടിക്കാന്‍ സംഘടനയില്‍ നിന്ന് പണം സ്വീകരിച്ചെന്നുമാണ് ആരോപണം.
മൂന്ന് ദിവസത്തിനുള്ളില്‍ പ്രാദേശിക കോടതിയില്‍ ഹാജരാക്കി ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് വിചാരണ കോടതിയില്‍ ഹാജരാക്കിയ കാപ്പനോട് ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യവും അതേ തുകയുടെ വ്യക്തിഗത ബോണ്ടും നല്‍കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരോദ് മിശ്ര നിര്‍ദ്ദേശിച്ചിരുന്നു. ന്യൂഡല്‍ഹിയിലെ ജംഗ്പുര അധികാരപരിധി ആറാഴ്ചത്തേക്ക് വിട്ടു പോകരുതെന്നും സുപ്രീംകോടതി ചുമത്തിയ വ്യവസ്ഥകള്‍ ലംഘിക്കില്ലെന്ന് ഉറപ്പുനല്‍കാനും സെഷന്‍സ് ജഡ്ജി പറഞ്ഞു. അതേസമയം കേസിന്റെ സെന്‍സിറ്റീവ് സ്വഭാവം കണക്കിലെടുത്ത്, ജാമ്യം നില്‍ക്കാന്‍ ആളുകള്‍ മടിക്കുന്നതായി കാപ്പന്റെ അഭിഭാഷകന്‍ മുഹമ്മദ് ദാനിഷ് പറഞ്ഞിരുന്നു.
യുപിയിലെ ഹാഥ്‌റസില്‍ നടന്ന ദളിത് പെണ്‍കുട്ടിയുടെ ബലാത്സംഗ- കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവേയാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. കേസില്‍ രണ്ട് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ച കാപ്പന്റെ കേസില്‍ യുഎപിഎ ചുമത്താന്‍ കൃത്യമായ കാരണമില്ലെന്ന് ചൂണ്ടികാട്ടിയാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്.