മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലക്നൗ ജില്ലാക്കോടതി വീണ്ടും മാറ്റി. അടുത്ത മാസം 10-ന് കേസ് പരിഗണിക്കും. യുപി പോലീസ് ചുമത്തിയ യുഎപിഎ കേസില്‍ കഴിഞ്ഞ മാസം 12-ന് സുപ്രീംകോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചനം സാധ്യമാകൂ. സെപ്റ്റംബർ ഒന്പതിനാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാന്‍ സിദ്ദീഖ് കാപ്പനും സംഘവും എത്തിയിരുന്നു. ഈ സമയത്ത് കാപ്പന്റെ അക്കൗണ്ടിലേക്ക് 45,000 രൂപ എത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡിയുടെ കേസ്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ കാപ്പനായില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാഥ്‌റസില്‍ കലാപം സൃഷ്ടിക്കാന്‍ സംഘടനയില്‍ നിന്ന് പണം സ്വീകരിച്ചെന്നുമാണ് ആരോപണം.
രണ്ട് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ച സിദ്ദീഖ് കാപ്പനെതിരെ യുഎപിഎ ചുമത്താന്‍ കൃത്യമായ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസില്‍ ജാമ്യം അനുവദിച്ചത്. നിരോധനത്തിന് മുന്‍പായി രാജ്യത്തെ പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷഫീഖ് പായേതിനെതിരായ ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഹാഥ്‌റസ് കേസും പരാമര്‍ശിച്ചിരുന്നു. ഹാഥ്‌റസില്‍ കലാപമുണ്ടാക്കാന്‍ പോപുലര്‍ ഫ്രണ്ട് നിയോഗിച്ചത് സിദ്ദീഖ് കാപ്പനെയാണെന്നാണ് ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹാഥ്‌റസ് സംഭവം റിപ്പോർട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഹാഥ്റസ് കേസിന്റെ പശ്ചാത്തലത്തിൽ കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദ്ദം തകർക്കാനും ശ്രമിച്ചുവെന്നാരോപിച്ച് യുഎപിഎ പ്രകാരം കേസെടുത്ത് ജയിലിലാക്കുകയായിരുന്നു. തുടർന്നാണ് ഇഡിയും കേസെടുത്തത്.