എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. കോണ്‍ഗ്രസ് നേതാക്കളായ ജയാ ഠാക്കൂര്‍,രണ്‍ദീപ് സിങ് സുര്‍ജെവാല,തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മാഹുവ മൊയീത്ര എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.സഞ്ജയ് മിശ്രയുടെ ഡയറക്ടര്‍ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിക്കൊണ്ട് 2021 നവംബറില്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് ഹര്‍ജി.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ആക്ടില്‍ വരുത്തിയ ഭേദഗതികളുടെ നിയമ സാധുത ഹര്‍ജിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തു. ഡയറക്ടറുടെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടാന്‍ സാധിക്കുന്ന തരത്തിലുള്ള ഈ ഭേദഗതിയാണ് സഞ്ജയ്‌യുടെ കാലാവധി നീട്ടാന്‍ സർക്കാരിനെ സഹായിച്ചത്.
ഭേദഗതി ചോദ്യം ചെയ്ത് കോടതിയിലെത്തുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെ നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്.
2018 ലാണ് സഞ്ജയ് കുമാര്‍ മിശ്ര ഇ ഡി ഡയറക്ടറായി നിയമിതനാകുന്നത്. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. കാലാവധി നവംബര്‍ 2020 ല്‍ അവസാനിച്ചിരുന്നു. 2020 മെയ് മാസം മിശ്രക്ക് അറുപത് വയസ് കഴിഞ്ഞിരുന്നു. എന്നാല്‍ മിശ്രയുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി നീട്ടി കൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ 2020 നവംബറില്‍ പുറത്തിറക്കി.
ഈ ഉത്തരവ് ചോദ്യം ചെയ്ത് കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ കാലാവധി നീട്ടാവൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 2021 നവംബറിന് ശേഷം സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ നീട്ടിയ കാലാവധി അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ, ഡയറക്ടറുടെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടാന്‍ സാധിക്കുന്ന തരത്തില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ നിയമം ഭേദഗതി ചെയ്യുകയായിരുന്നു. ഈ ഭേദഗതിയ്ക്കെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്ർജി നൽകിയിരിക്കുന്നത് .നിശ്ചിത കാലാവധിയിലേക്ക് ഡയറക്ടറെ നിയമിക്കുക എന്നതാണ് അന്വേഷണ ഏജന്‍സിയുടെ സ്വാതന്ത്രത്തിന്റെ സൂചികയെന്നും കാലാവധി നീട്ടുന്നതിലൂടെ അത് നഷ്ടമാവുകയാണെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എ എം സിങ്‌വി വാദിച്ചു.
മിശ്ര ഡയറക്ടര്‍ സ്ഥാനത്ത് നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും ഇനിയും ഒരു വര്‍ഷം കൂടി കാലാവധി നീളാന്‍ സാധ്യതയുണ്ടെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണന്‍ പറഞ്ഞു. ഇ ഡി ഡയറക്ടറുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള ബെഞ്ചിന്റെ ചോദ്യത്തിന് തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ചീഫ് ജസ്റ്റിസ് പോലെയുള്ള അധികാരികളെ ഉള്‍പ്പെടുത്തിയില്ലെന്നും അദ്ദേഹം മറുപടി നല്‍കി.