ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. പ്രതികളെ വിട്ടയച്ചത് നിയമാനുസൃതമാണോ എന്നാണ് കോടതിയുടെ ചോദ്യം. വ്യക്തമായ ആലോചന നടത്തിയാണോ പ്രതികളായ 11 പേരെയും വിട്ടയച്ചതെന്ന കാര്യം പരിശോധിക്കും. 11 പേരെയും കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ഗുജറാത്ത് സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടിയ കോടതി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി. ഓഗസ്റ്റ് 16നാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികള്‍ ജയില്‍ മോചിതരായത്. ഇവരെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ 19കാരി ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും, കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തതാണ് കേസ്.
2008-ല്‍ കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2017 ല്‍ മുംബൈ ഹൈക്കോടതി വിധി ശരിവെയ്ക്കുകയും ചെയ്തു.
15 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളിലൊരാള്‍ മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിനായി പ്രത്യേക സമിതിയെ നിയമിക്കുകയും ചെയ്തു. വര്‍ഷങ്ങളായി ജയില്‍ വാസം അനുഭവിക്കുന്നതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ. ഇതേത്തുടര്‍ന്നാണ് മോചന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്.
2019 ല്‍ സുപ്രീം കോടതി ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം നഷ്ടപരിഹാര തുകയായി നല്‍കണമെന്ന് ഗുജറാത്ത് സര്‍ക്കാറിനോട് ഉത്തരവിട്ടിരുന്നു.