ഡല്‍ഹി കലാപത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസില്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് മൃദുല്‍, രജനീഷ് ഭട്‌നാഗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ജാമ്യം നിഷേധിച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്ത് ഖാലിദ് നൽകിയ അപ്പീലിൽ കഴിഞ്ഞ മാസം വാദം പൂർത്തിയായിരുന്നു.
ഡല്‍ഹി ജാമിയ ഏരിയയിലെ പ്രതിഷേധങ്ങളുടെയും വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2019 ഡിസംബറിലും 2020 ഫെബ്രുവരിയിലും അരങ്ങേറിയ കലാപങ്ങളുടെയും ആസൂത്രകരെന്ന് ആരോപിച്ചാണ് ജെഎന്‍യു വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. തീവ്രവാദ വിരുദ്ധ നിയമം, യുഎപിഎ തുടങ്ങിയ കര്‍ശനമായ കുറ്റങ്ങളാണ് ഉമര്‍ ഖാലിദിനെതിരെ എഫ്‌ഐആറിലുള്ളത്.
2020 ഫെബ്രുവരിയില്‍ അമരാവതിയില്‍ ഖാലിദ് നടത്തിയ പ്രസംഗം 'വളരെ കണക്കുകൂട്ടിയ ഒന്നായിരുന്നു' എന്ന് ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. ബാബറി മസ്ജിദ്, മുത്തലാഖ്, കശ്മീര്‍, മുസ്ലീങ്ങളെ അടിച്ചമര്‍ത്തല്‍, എന്‍ആര്‍സി, സിഎഎ തുടങ്ങി നിരവധി വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രസംഗത്തിനെതിരെ പ്രോസിക്യൂഷന്‍ നിലപാടെടുത്തത്.
അതേസമയം, നിയമത്തിനെതിരായ പ്രതിഷേധം മാത്രമാണ് നടത്തിയതെന്നായിരുന്നു ഖാലിദിന്റെ അഭിഭാഷകന്‍ വാദിച്ചത്. സമാധാനപരമായ പ്രതിഷേധത്തിനപ്പുറം അക്രമത്തിന് ആഹ്വാനം ചെയ്തതിന് തെളിവുകളില്ല. മറ്റുള്ള ആരോപണങ്ങള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഖാലിദിന്റെ അഭിഭാഷകന്‍ വാദിച്ചത്.